കൊഴിഞ്ഞുവീണ മുടിയിഴകളോരോന്നും കരിനിഴൽ വീഴ്ത്തിയ മനസ്സിനോട് നീ പറഞ്ഞോളൂ.
മാതൃത്വത്തിന് വേണ്ടി നീ ബലിയർപ്പിച്ച പൂക്കളാണ് അവയെന്ന്.
ചാടി തള്ളിയ വയർ നിന്നിലെ ആത്മവിശ്വാസം കെടുത്തുമ്പോൾ പറയുക -
നിന്റെ ഹൃദയതാള താരാട്ടിൻ ഈണം മീട്ടിയ തൊട്ടിലായിരുന്നു അതെന്ന്.
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾ നിന്റെ ആകാരഭംഗി നഷ്ടപ്പെടുത്തിയത്-
മാധുര്യമേറും അമ്മിഞ്ഞപ്പാലിൻ പാലാഴി കടഞ്ഞപ്പോൾ അല്ലെ.
ചീർത്തു വീർത്ത മെയ്യ് നിന്നിൽ വിഷാദരോഗം ഉണർത്തിയെങ്കിലും-
അമ്മയെന്ന ശ്രേഷ്ഠ പദവി തന്ന് നിന്നെ അലങ്കരിച്ചില്ലേ.
മാതൃത്വത്തിന് വേണ്ടി നീ ത്യജിച്ചത് ഒക്കെയും നിന്റെ മടിത്തട്ടിലെ-
കുഞ്ഞിനെ കാണുമ്പോൾ അലിഞ്ഞില്ലാതാവുന്നില്ലേ.
അതെ
നിന്നിലെ രൂപമാറ്റം സ്ത്രീയെ പരിപൂർണ്ണയാക്കിയ-
മഹത്തായ പ്രകൃതി സൗന്ദര്യത്തിൻ മൂർത്തീഭാവമായ മാതൃത്വമല്ലോ