mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(T N Vijayan)

കൊട്ടിയടയ്ക്കപ്പെട്ട

സ്ഫടിക ജാലകത്തിനു പുറത്തു കൂടി

മഞ്ഞ മരണം പതുങ്ങി നടക്കുന്നതും,

കഴുത്തിൽ കടിച്ചെടുത്തൊന്നു കുടഞ്ഞ്

പൂച്ച എലിയെ കൊണ്ടുപോകും പോലെ,

അടുത്ത മുറിയിലെ

നക്ഷത്ര കണ്ണുകളുള്ള

പ്രകാശത്തിന്റെ പെൺകുഞ്ഞിനെ

വിദൂരമാമേതോ

അജ്ഞാത ദ്വീപിലേക്കവൻ

കവർന്നു കടത്തി

കൊണ്ടു പോകുന്നതും,

മുഖാവരണത്തിനുള്ളിലൊരു

വിതുമ്പലുറഞ്ഞു

ശ്വാസം മുട്ടിക്കുന്നതും,

പട്ടു കൈലേസിനാലവൾ തീർത്ത 'ചേക്കൂട്ടിപ്പാവ'

നിലം പറ്റി കിടന്നു മരിക്കുന്നതും

ഇന്നത്തെയീ ചുട്ട പകലിലല്ലോ!

ജ്വരമൂർച്ഛയാൽ തപിക്കുന്നു മുറിയ്ക്കകം,

ആർത്തലയ്ക്കുന്നു ചുറ്റും

പനിക്കുന്ന വെയിലിന്റെ 

മഹാ പീതസാഗരം.

താക്കോൽ പഴുതിലൂടിറ്റു വീഴുന്ന

ഒരു തുള്ളി കാഴ്ചയിൽ

തെളിയുന്നു;

ശിരസ്സിൽ തീയേന്തി അലറിയകലുന്നൊരാംബുലൻസിന്റെ

പരാക്രമ ജീവവേഗങ്ങൾ...

മൃതമുടലുകൾ വിടർന്നുയരുന്ന

പുണ്യ ജലസ്ഥലികൾ ...

പട്ടട വെളിച്ചമണയാത്ത

ശ്മശാന ഭൂമികകൾ...

ചരക്കു തീവണ്ടിയുടെ

ദ്രുതതാളത്തിനൊപ്പം

ഭാരതപാളങ്ങളിൽ

അരങ്ങേറും കബന്ധനടനം.

അറവുശാലകളിലേ -

യ്ക്കാട്ടിത്തെളിയ്ക്കപ്പെടും

ഇരുകാലി മാടുകളുടെ

അണമുറിയാത്ത ഘോഷയാത്ര.

മരണത്തിന്റെ സഞ്ചാരവഴിയിലും

മതവൈരമൂട്ടി വളർത്തുന്നകലഹങ്ങൾ.

അകലെയെവിടെയോ ഒരശ്വത്ഥം

വിഷവായു

തിന്നു മരിച്ചു കൊണ്ടിരിക്കുന്നു.

മുറിഞ്ഞു പോയൊരു യാത്രയുടെ

മുറിവേറ്റ കവിതയായ് ഞാനും...

കരുണയുടെ ഒരാലിലയെവിടെ?

ഈ പ്രളയ വാരിധിയിൽ

നാളെയുടെ കാൽ വിരലുണ്ടു ശയിക്കുവാൻ...

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ