mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(ഷൈലാ ബാബു)

മരണത്തിന്നതിരുകൾ

താണ്ടുവാനാവാതെ,

എത്തിടുന്നിന്നേതോ

ശ്യാമതീരങ്ങളിൽ!

ഹരിതാഭ തിങ്ങിടും

ഭാസുര പ്രകൃതിയിൽ

ഇലയനക്കങ്ങളും

നിശ്ചലമായിതോ!

 

ഇരുളിൻ വലകളാൽ

മൂടുന്നു ദിക്കുകൾ

ഇമകളും പൂട്ടിയി-

ന്നാത്മം വിതുമ്പുന്നു!

 

ഈ ലോകവീഥിയിൽ

നെട്ടോട്ടമോടി ഞാൻ,

നേടിയതത്രയും

ശൂന്യത മാത്രമായ്!

 

മോക്ഷ രാജ്യത്തിന്റെ

താക്കോൽ മറന്നിട്ടു,

വ്യാകുല മോഹത്തിൽ 

കുരുങ്ങിക്കിടക്കുന്നു!

 

ശാന്തിതൻ ദൂതുകൾ

കേട്ടതില്ലൊട്ടുമേ;

സുരഭില മോഹന-

മായയ്ക്കടിമയായ്!

 

നിമിഷസുഖങ്ങളിൽ 

നിർവൃതി പൂണ്ടങ്ങു-

നിത്യദുഃഖത്തിന്റെ

വാതിലടച്ചു ഞാൻ!

 

ധവളപ്പുടവയിൽ

കറ വീണതറിയാതെ;

നഷ്ട സ്വപ്നങ്ങളിൽ

ആലോലമാടി ഞാൻ!

 

ഭക്തിമാർഗങ്ങളിൽ

ചങ്ങലപ്പൂട്ടിട്ടു;

ആതപത്തളികയി-

ലാതങ്കമുണ്ടു ഞാൻ!

 

ധാവനം ചെയ്തില്ലെൻ

മാലിന്യക്കൂമ്പാരം;

പരിവർത്തനത്തിന്റെ

പാത തെളിഞ്ഞില്ല!

 

ശാശ്വത ഭൂവിലെ-

പാതയോരങ്ങളിൽ

ശങ്കിച്ചു നിൽക്കുന്നു,

കടലാസു പുഷ്പമായ്!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ