(ഷൈലാ ബാബു)
ഓർമയിലിളകിടു-
മിളംതെന്നലായരികിൽ,
ശിശിരത്തിലലിയുന്ന
മലർപ്പൊടിയായി നീ!
കുളിരുള്ള സന്ധ്യയിൽ
താലപ്പൊലിയുമായ്
ശീതളപ്പൊയ്കയിൽ
വാസന്തലതികകൾ!
പാഴ്മരക്കൊമ്പിലെ
കൊഴിയുമിലകളായ്
കരിയിലക്കാറ്റിലടിയു-
ന്നെൻ കനവുകൾ!
മഞ്ഞിൻ കണങ്ങളെ
തഴുകിത്തലോടുന്ന,
ചെമ്പനീർപ്പൂവായ്
വിരിഞ്ഞിരുന്നെങ്കിലോ!
തേങ്ങലായുള്ളത്തിൽ
നീറുന്ന നൊമ്പരം,
മൂടുന്നു നനവുള്ള
ശിശിരച്ചിറകിനാൽ!
കദനത്തിൻ ഗീതിക-
ളെത്രയോ മൂളി ഞാൻ,
ഉറങ്ങാതെയുണർന്നിടും
വിരഹത്തിൻ രാവുകൾ!
അറിയാതെയിത്രമേ-
ലെന്തിനോ വേണ്ടി
അകലാതെയകലുന്നു
ശിശിരമേഘങ്ങളായ്!
പൊഴിയാൻ വിതുമ്പിടും
കുസുമപ്രരോദനം
അറിയുന്നു ഞാനുമീ,
വേർപാടിൻ വേളയിൽ!
നമ്രശിരസ്കരാ-
യമ്പിളിത്താരകൾ,
ആശംസ നേരുന്നു
നിറമിഴിയോടതാ...
മറവിലൊളിക്കു-
ന്നിരുളിൻ വലയങ്ങൾ,
വിഷാദസ്വരങ്ങളായ്
പുലരിത്തുടിപ്പുകൾ!
നഷ്ടവസന്തത്തിൻ
മാരിവിൽ വർണങ്ങൾ
ഹൃദയശ്രീകോവിലിൽ
മായാമയൂരമായ്..!