ശാലിനി പറഞ്ഞത്
തൃശൂരിൽ നെല്ലങ്കരയിലെ റോയി ചേട്ടന്റെ വീടുപണിക്കാലം. ഒപ്പം മോഹനേട്ടനും സുന്ദരമാമ്മനും. രാവും പകലും പണി. പണി മാറ്റി നഗരത്തിലെ ബാറിൽ പൂട്ടാൻ നേരം ഒന്നര പെഗ്ഗിന്റെ ലഹരി. ചോറ് അടുപ്പത്ത് തീ പൂട്ടി ബാറിലേക്ക് പാഞ്ഞു.
സാംസ്കാരിക നഗരം എനിക്കൊരിക്കലും ഭാഷയും സാഹിത്യവുമായി ചേർന്നു പോയിട്ടില്ല. ഹിത്യഅക്കാദമിയുടെ മുന്നിലൂടെ പണിക്കിടയിൽ ചോറുണ്ണാനും ചായകുടിക്കാനും. സ്ക്രൂ, ആണി, വിജാഗിരി, ഫെവിക്കോൾ, നെറ്റ്, വലിപ്പ്, വീൽ അങ്ങിനെയങ്ങിനെ പണിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാനും ബൈക്കിൽ പാഞ്ഞു. അക്കാദമി പടിക്കൽ ഗഹനമായി ചിന്തിച്ച് ആകാശം നോക്കി നിൽക്കുന്ന വലിയ വലിയ ബുദ്ധിരാക്ഷസരെ പലവട്ടം കണ്ടു. പണിയെടുക്കുമ്പോൾ പിന്നെ പണി മാത്രം' കവിതയില്ല' വായനയില്ല, ഭാഷയുടെ കുറുകലില്ല, തലക്കകത്ത് മരങ്ങളുടെ അളവു മാത്രമാകും. ഡിസൈനുകൾ തലകുത്തി മറിയും, വിശ്രമമുണ്ടാകില്ല, ഉറക്കമുണ്ടാകില്ല, ഏറ്റെടുത്ത പണി തീരും വരെ അതങ്ങിനെ തുടരും.ആ വലിയ വീടിന്റെ പണി കഴിഞ്ഞ് നാടു പിടിച്ച് സ്വസ്ഥമായിരിക്കുമ്പോൾ നെല്ലങ്കരയിൽ നിന്ന് റോയ് ചേട്ടൻ വീണ്ടും വിളിച്ചു. " വീടിന്റെ എയർ ഹോൾ നെറ്റ് വച്ച് അടക്കണം കൊതുക് ശല്യം ഭയങ്കരം "
ഞാനും മാമ്മനും പുറപ്പെട്ടു. നെറ്റും റീപ്പറും വാങ്ങി. പണി തുടങ്ങി .പെട്ടെന്ന് തീർത്താൽ പെട്ടെന്ന് പോകാം. പോകും വഴി ആർ സി പാർക്കിൽ കേറി ഒന്നു തണുപ്പിക്കാം. ഞാൻ മാമ്മന് സൂചന കൊടുത്തു. മാമ്മൻ താഴെനിലയിൽ. ഞാൻ മുകളിലെ നിലയിൽ.
കോണിയും വച്ച് അതിലിരുന്ന് നെറ്റ് ഉറപ്പിക്കുന്നതിനടക്ക് ഒന്ന് ഇളകിയിരുന്നതാണ്.
കോണി കോണിയുടെ വഴിക്കും ഞാൻ എന്റെ വഴിക്കും. കൈ കുത്തി വാർപ്പിൽ അലച്ച് വീണു. എന്റെ നിലവിളി കേട്ടു മാമ്മനും മറ്റ് പണിക്കാരും മുകളിലേക്ക് പാഞ്ഞെത്തി. കൈപ്പടം എല്ലൊടിഞ്ഞ് മടങ്ങി നിൽക്കുന്നു.
അസഹ്യമായ വേദന. അവിടെ തന്നെയുള്ള കുഞ്ഞ് പെട്ടിഓട്ടോയിൽ കിടത്തി ആശുപത്രിയിലേക്ക്.
നിലവിളിച്ച് വണ്ടിയിൽ മലർന്ന് കിടക്കവേ നഗരത്തിലെ ആകാശം കണ്ടു. പറവകളെ കണ്ടു. പള്ളികളിലെ കുരിശ് കണ്ടു.
ജൂബിലി ആശുപത്രിയിലേക്കുള്ള ആ യാത്രയാകണം കവിതയിൽ ഉറച്ച് നിൽക്കാൻ എന്നെ തോന്നിപ്പിച്ചതെന്ന് തോന്നുന്നു. അസഹ്യ വേദനയാൽ പുളയുമ്പോൾ വണ്ടിയിൽ തൊട്ടരികിൽ ഇരുന്ന് ഒരു അജ്ഞാത മനുഷ്യൻ എന്നെ തലോടി സാരമില്ല ഇതൊക്കെ ഇപ്പൊ മാറും എന്നൊക്കെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. ഒരിക്കലും മറക്കാത്ത കൂടു വണ്ടിയിൽ ഞാൻ കണ്ട നഗരമേ ...
അങ്ങിനെ മൂന്ന് മാസം ലോക്ക് ഡൗൺ. പണിയെടുക്കാതെയിരുന്ന് കയ്യും കാലും തരിച്ചു. സ്റ്റാർട്ടാകാതെയിരുന്ന് ബൈക്ക് അസ്വസ്ഥമായി. വായിക്കാനും എഴുതാനും തോന്നിയില്ല. കമ്പിയിട്ട ഇടത്തേ കൈപ്പടത്തിലേക്ക് ഇടക്കിടക്ക്നോക്കി ഇനിയീ കൈയ്യിൽ ഉളിപിടിക്കാൻ പറ്റില്ലേ എന്നാലോചിച്ച് സന്ദേഹപ്പെട്ടു. ഒന്നും തിന്നാനും കുടിക്കാനും തോന്നിയില്ല. ഡിപ്രഷന്റെ വേലിയേറ്റങ്ങൾ.
ഒരു വൈകുന്നേരം കൈയ്യിൽ അമ്പത് രൂപ വച്ചു തന്നിട്ട് 'പോയി ഒരു കുപ്പി കള്ളെങ്കിലും കുടിച്ച് വരൂ' എന്നു ശാലിനി പറഞ്ഞു...
തുടരും...