വിശേഷ പരമ്പര
ഗർദ്ദഭ കഥകൾ - ഫെബ്രുവരി 30
- Details
- Written by: Thirumeni P S
- Category: Featured serial
- Hits: 4876
Article Index
ഫെബ്രുവരി 30
"ലോകത്തെ ഭയപ്പാടിലാക്കിയ കോവിഡ് പൂർണമായും ഇതാ തുടച്ചു നീക്കപ്പെടാൻ പോകുന്നു. ഇരുട്ടിനുമേൽ ഇതാ ശാശ്വതമായ പ്രകാശം പുലരാൻ പോകുന്നു. ലോകത്തെ ബാധിച്ച രോഗത്തിനു ഇതാ നിതാന്തമായ ശാന്തി
വിശ്വാസികൾക്ക് അദ്ദേഹം ഉറപ്പുകൊടുത്തു. അദ്ദേഹം ഇപ്രകാരം തുടർന്നു. "വിശ്വസികളെ നിങ്ങൾ രക്ഷപ്പെടും. എന്റെ വാക്കിൽ നിങ്ങൾ വിശ്വസിക്കുവിൻ. പ്രാർഥനയുടെ ശക്തി അപാരമാണ്. ലോകത്തെ വിറപ്പിക്കുന്ന കോവിഡ് മഹാമാരിയെ ഞാൻ പ്രാർത്ഥനയുടെ ശക്തിയാൽ തുടച്ചു നീക്കും. തുടച്ചു നീക്കും. ഞാൻ നടത്താനിരിക്കുന്ന ധ്യാനത്തിൽ കൊറോണ വൈറസ് ഉരുകി, ഉരുകി, ഉരുകി ഇല്ലാതെയാകും. ലോകത്തു നിത്യമായ സമാധാനം പുലരും."പാസ്റ്റർ കുറുക്കൻ കൈകൾ ഉയർത്തി ആകാശത്തേക്കു നോക്കി പ്രാർഥിച്ചു. വിശ്വാസികളായ ഗർദ്ദഭങ്ങൾ കുറുക്കന്റെ പ്രാർഥനയുടെ താളത്തിൽ ഭ്രാന്തമായ ആവേശത്തോടെ തുള്ളിച്ചാടി. ഭക്തിയുടെ പാരമ്യതയിൽ അവരുടെ സമ്പാദ്യമായ കോഴികളെ പാസ്റ്റർ കുറുക്കന്റെ സമക്ഷം സമർപ്പിച്ചു. പാസ്റ്റർ കുറുക്കൻ തന്റെ മുന്നിൽ വന്നു ചേർന്ന കോഴികളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തിയ ശേഷം ഇപ്രകാരം മൊഴിഞ്ഞു, "നിങ്ങളിൽ അവൻ സംപ്രീതനായിരിക്കുന്നു. നിങ്ങൾക്കു സമാധാനം."
പിരിഞ്ഞു പോകുന്ന നേരം ഒരു വിശ്വാസി ഗർദ്ദഭം പാസ്റ്റർ കുറുക്കനോടു ചോദിച്ചു.
"പാസ്റ്ററെ, അങ്ങയുടെ ധ്യാനം എന്നാണു സംഭവിക്കുന്നത്?"
അതിനു മറുപടിയായി പാസ്റ്റർ കുറുക്കൻ ഇപ്രകാരം അരുളിച്ചെയ്തു,
"ഫെബ്രുവരി മുപ്പതാം തീയതി."