mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

2 സി.ഐ.ഡി മോങ്കി


ഈ സമയം സി.ഐ.ഡി മോങ്കിയും മണ്ടോയുടെ പട്ടിയെ അന്വേഷിച്ച് ഇറങ്ങിക്കഴിഞ്ഞിരുന്നു. കുരങ്ങന്റെ തലയുള്ള വാനാണ് മോങ്കിയുടെ വാഹനം. പട്ടിയെ മോങ്കിക്ക് പേടിയായതിനാല്‍ ഒരു പട്ടി പിടിത്തക്കാരനേയും കൂട്ടിയാണ് അയാളുടെ യാത്ര. അതാ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിനുള്ളില്‍ ഒരു പട്ടി.

അത് വിന്റോ ഗ്ലാസില്‍ തല ചേര്‍ത്ത് പുറത്തേയ്ക്ക് നോക്കി കുരയ്ക്കുന്നു. അതു കണ്ട് മോങ്കി വാന്‍ നിര്‍ത്തി. പാവം പട്ടി അതിന്റെ ഭാഷയില്‍ രക്ഷിക്കാന്‍ പറയുന്നതായിരിക്കും. മോങ്കി ആ പട്ടിയെ സൂക്ഷിച്ചു നോക്കി. മണ്ടോയുടെ പട്ടിയുടെ അടയാളങ്ങളുമായി അതിനു ചേര്‍ച്ചയുണ്ട്. മോങ്കിയും പട്ടിപിടിത്തക്കാരനും വാനില്‍ നിന്നിറങ്ങി ആ കാറിനടുത്തെത്തി. ചുറ്റും നോക്കി, ആരും കാണുന്നില്ല എന്നു ഉറപ്പുവരുത്തിയശേഷം മോഷ്ടാക്കളെപ്പോലെ, ആയുധം ഉപയോഗിച്ച് വിന്റോ ഗ്ലാസ് താഴ്ത്തി. സ്‌പ്രേ അടിച്ച് പട്ടിയെ മയക്കി. പിന്നെ വളരെ വേഗം പട്ടിയെ വാനിലാക്കി മുന്നോട്ടു കുതിച്ചു.

മുന്‍പില്‍ കയറി വാനിനെ തടഞ്ഞു നിര്‍ത്തി. വാനിലെ പട്ടിയെ കണ്ട് ഇന്‍സ്‌പെക്ടര്‍ മോങ്കിയോട് ചോദിച്ചു. 'ഈ പട്ടി ആരുടേതാണ്?'

'ഒരു കാറില്‍ നിന്ന് പിടിച്ചതാണ്.' -മോങ്കി

'എന്തിന്?' -ഇന്‍സ്‌പെക്ടര്‍

'മോഷ്ടിച്ച പട്ടിയാണ്.' -മോങ്കി

'കുറ്റം സമ്മതിച്ചല്ലോ. എന്നാല്‍ ജീപ്പില്‍ കയറ്.' -ഇന്‍സ്‌പെക്ടര്‍

'ഞാന്‍ സി.ഐ.ഡി മോങ്കിയാണ്.' -മോങ്കി

'ആദ്യമായാണ് സി.ഐ.ഡിയായ ഒരു മങ്കിയെ കാണുന്നത്. അതും ഒരു മോഷണക്കേസില്‍.'-ഇന്‍സ്‌പെക്ടര്‍

'പട്ടിയുടെ ഓണറായ മണ്ടോ പറഞ്ഞിട്ടാണ് മോഷണം പോയ ഈ പട്ടിയെ ഞാന്‍ പിടിച്ചത്.'-മോങ്കി

'ഈ പട്ടിയുടെ ഓണര്‍ മണ്ടനും മഠയനുമൊന്നുമല്ല. ഡയാന എന്നൊരു സ്ത്രീയാണ്. അവര്‍ കാര്‍ പാര്‍ക്ക് ചെയ്ത് പര്‍ച്ചേസിനു പോയപ്പോഴാണ് നിങ്ങള്‍ പട്ടിയെ മോഷ്ടിച്ചത്.' -ഇന്‍സ്‌പെക്ടര്‍

റോഡിലൂടെ നടന്നുവരുകയായിരുന്ന വിക്രമാക്രമന്മാര്‍ കാണുന്നത് മോങ്കിയേയും കൂട്ടാളിയേയും പോലീസ് കൊണ്ടുപോകുന്നതാണ്.

'അതാ മോങ്കി' -അക്രം.

'അവനും പട്ടിയെ പിടിക്കാനിറങ്ങിയതാവും.'-വിക്രം.

'പക്ഷേ പട്ടിയെ പിടിക്കുന്നതിനുമുമ്പ് പോലീസ് അവനെ പിടിച്ചെന്നാ തോന്നുന്നത്.'-അക്രം.

റോഡ് സൈഡിലെ ചവറുകൂനയ്ക്കടുത്ത് ഒരു പട്ടി നില്‍ക്കുന്നത്കണ്ട് അക്രം വിക്രമിനെ വിളിച്ചു കാണിച്ചു.

'മണ്ടോ പറഞ്ഞ ലക്ഷണങ്ങളൊക്കെ അതിന് ഉണ്ടോന്നു നോക്കണം.'-വിക്രം നിര്‍ദ്ദേശിച്ചു.

'ഉണ്ട്. കറുത്ത നിറം. വാലിന് ആവശ്യത്തിനു വളവുമുണ്ട്.' -അക്രം

'ബെല്‍റ്റ് കെട്ടിയിട്ടില്ലല്ലോ.' -വിക്രം

'ശരിയാ പാന്റുമില്ല, ബെല്‍റ്റുമില്ല.' -അക്രം

'ഇംഗ്ലീഷ് മനസ്സിലാകുമോന്നു നോക്കാം' -വിക്രം

'മനസ്സിലാകും. കണ്ടില്ലേ, ഇംഗ്ലീഷ് പത്രമാണ് കടിക്കുന്നത്.' -അക്രം

'അങ്ങനെയൊന്നും മനസ്സിലാക്കാന്‍ പറ്റില്ല.' -വിക്രം

'എന്നാല്‍ അവന്‍ കുരയ്ക്കട്ടെ. അപ്പോള്‍ നോക്കാം. അല്ലെങ്കില്‍ ഞാനിപ്പോള്‍ ടെസ്റ്റുചെയ്യാം.' അക്രം പാര്‍സല്‍ വാങ്ങിയ ഫുഡ് പാക്കറ്റ് കറക്കിക്കൊണ്ട് ആ പട്ടിയ്ക്കരികിലേക്കു ചെന്നു.

'ഹലോ- ഗുഡ് മോണിംഗ് ഷെപ്പീ' -അക്രം

അതുകേട്ട് പട്ടി തിരിഞ്ഞു അക്രമിനെ നോക്കി.

'കം-കം ഹിയര്‍' -അക്രം

പട്ടി അക്രമിനടുത്തേയ്ക്കു വരുന്നതു കണ്ട് വിക്രം പറഞ്ഞു. 'വാ നമുക്ക് നടക്കാം. ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ പിടിക്കാം.'

സി.ഐ.ഡി മാര്‍ നടന്നപ്പോള്‍ പട്ടിയും പിറകേ നടന്നു.

'കം-കമ്മെടാ-സ്പീഡില്‍ കമ്മെടാ-' എന്നൊക്കെ അക്രം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വിക്രം വിളിച്ചു പറഞ്ഞു. 'ഇനി പിടിച്ചോ-'

പക്ഷേ അക്രം പിടിക്കുന്നതിനുമുമ്പ് പട്ടി പിടിച്ചു കഴിഞ്ഞു. പട്ടി ചാടി അക്രമിന്റെ കൈയിലിരുന്ന പൊതിയില്‍ ഒറ്റ കടി. അതും കൊണ്ട് ഒറ്റ ഓട്ടം.

'അയ്യോ - എന്റെ ചിക്കനും ചപ്പാത്തിയും പോയേ-' അക്രം നിലവിളിച്ചുകൊണ്ട് റോഡുവക്കിലിരുന്നു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ