mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു പുതിയ സുഹൃത്ത്

അക്രമിന് ആകെ ഒരു മാറ്റം.  കുറ്റാന്വേഷണത്തിന് മുമ്പുണ്ടായിരുന്ന താല്പര്യം ഇപ്പോഴില്ല.  കൂടുതല്‍ നേരവും കമ്പ്യൂട്ടറിനു മുന്നില്‍, അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍.  എന്താ ഇതിനു കാരണം? അക്രമിനു സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ഉണ്ട്.  സി.ഐ.ഡി അക്രം.  പണ്ടേ എടുത്തതാണ്. 

അക്കൗണ്ട് തുടങ്ങി എന്നല്ലാതെ ഇതുവരെ അയാള്‍ മീഡിയയില്‍ ആക്ടീവ് അല്ലായിരുന്നു.  എന്നാല്‍ ഈ അടുത്ത കാലത്ത് തന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ അതിലേയ്ക്ക് നാലഞ്ചു ഫ്രെന്‍ഡ് റിക്വസ്റ്റ് വന്നു കിടക്കുന്നു.  അക്കൂട്ടത്തില്‍ പരിചയമുള്ളവരും പരിചയമില്ലാത്തവരുമുണ്ട്.  പക്ഷേ കൗതുകമുണര്‍ത്തിയത് 'ഫോക്‌സര്‍' എന്നൊരാളാണ്.  ഫോക്‌സും മനുഷ്യനും ചേര്‍ന്ന മുഖമാണ് അയാള്‍ക്ക്.  അക്രം എല്ലാ റിക്വസ്റ്റും അക്‌സെപ്റ്റ് ചെയ്തു.

അതിനു ശേഷം ഫോക്‌സര്‍ തുടര്‍ച്ചയായി മെസേജ് അയയ്ക്കാന്‍ തുടങ്ങി.  ഒരു നല്ല സുഹൃത്തിനെപ്പോലെ അയാളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും അക്രമിന്റെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തുകൊണ്ടിരുന്നു.

            'എന്താണ് ജോലി?'

            'എന്തൊക്കെയാണ് ഹോബികള്‍'

            'വീട്ടില്‍ ആരൊക്കെയുണ്ട്?'

            അക്രം ഈ വിവരങ്ങളൊക്കെ പങ്കുവച്ചു കഴിഞ്ഞപ്പോള്‍ ഫോക്‌സര്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങി.

            'താങ്കളുടെ തൊഴില്‍ മേഖലയില്‍ വജയം കൈവരിക്കാനാവുന്നുണ്ടോ?'

            'ഇല്ല എന്നു ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ?'

            'താങ്കളുടെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്നതു സത്യമല്ലേ?'

            'താങ്കള്‍ ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന നിലയില്‍ മറ്റുള്ളവര്‍ താങ്കളെ കളിയാക്കാറില്ലേ?'

            ഇത്തരം ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് അക്രമിന്റെ മനസ്സ് അയാള്‍ വായിച്ചെടുക്കാന്‍ തുടങ്ങി.  ഒടുവില്‍ ഫോക്‌സര്‍ പ്രധാന പോയിന്റിലേയ്ക്ക് വന്നു.

            'ഞാന്‍ പറയുന്നു, താങ്കള്‍ വളരെയേറെ കഴിവുകളുള്ള വ്യക്തിയാണെന്ന്.  ആ കഴിവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രകടമാക്കി താങ്കള്‍ക്ക് തലയുയര്‍ത്തി നില്‍ക്കേണ്ടേ? താനാരാണെന്ന് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കേണ്ടേ? ജീവിതത്തില്‍ താങ്കള്‍ക്കും വിജയം കൈവരിക്കേണ്ടേ?'

            അക്രം ആവേശഭരിതനായി മറുപടി അയച്ചു. 'വേണം, വേണം.'

            'ഓക്കെ ഞാന്‍ താങ്കളെ സഹായിക്കാം.  താങ്കളെപ്പോലെ അപകര്‍ഷബോധം - അതായത് മോശക്കാരനാണെന്നുള്ള തോന്നല്‍ ഉള്ളവര്‍ക്കുവേണ്ടി ഞങ്ങള്‍ ഒരു ഗ്രൂപ്പു തുടങ്ങിയിട്ടുണ്ട്.  യെല്ലോഫിഷ്  എന്നാണതിന്റെ പേര്.  അതൊരു സീക്രട്ട് ഗ്രൂപ്പാണ്.  ഗ്രൂപ്പിന്റെ വിവരം പരസ്യമായാല്‍ എല്ലാവരും അതില്‍ അംഗമാകാന്‍ വരും.  അതുകൊണ്ടാണ് രഹസ്യമാക്കിവച്ചിരിക്കുന്നത്.  നമ്മള്‍ ഇത്രയും അടുത്ത സുഹൃത്തുക്കളായ സ്ഥിതിക്ക് ഞാന്‍ താങ്കളെ 'യെല്ലോഫിഷില്‍' അംഗമായി ചേര്‍ക്കുകയാണ്.  ഞാന്‍ ഗ്രൂപ്പിന്റെ ലിങ്ക് അയച്ചുതരാം.  ആ ലിങ്കിലൂടെ താങ്കള്‍ക്ക് ഗ്രൂപ്പില്‍ പ്രവേശിക്കാം.  ഞാന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.  താങ്കളുടെ ജീവിത വിജയത്തിനായുള്ള ഗ്രൂപ്പാണ്.  അതുകൊണ്ട് അതിന്റെ വിവരങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കണം.'-ഫോക്‌സര്‍ കാര്യങ്ങള്‍ വിശദമാക്കി.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ