എഴുത്തുകാരനായ സഖറിയാവെ ഞങ്ങളോടു ക്ഷമിക്കാതിരിക്കുക! അങ്ങയുടെ ഒരു പ്രസംഗം കുറച്ചു നാളുകൾക്കു മുൻപ് വളരെആളുകൾ സോഷ്യൽ മീഡിയ വഴി കേൾക്കുകയും പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ശരാശരി മലായളി, തങ്ങൾ തെരഞ്ഞുവിട്ട രാഷ്ട്രീയ നേതാക്കന്മാരെ കാണുമ്പോൾ അന്തം വിടുന്നതിന്റെയും, അവന്റെ മുന്നിൽ ഓച്ഛാനിനിച്ചു നിൽക്കുന്നതിന്റെയും ചിത്രം അതിലുടെ അങ്ങു അവതരിപ്പിച്ചു.
നമ്മുടെ ജനാധിപത്യത്തിൽ ജനത്തിന് തീരെ വിലയില്ലാത്ത പോകുന്നത് ഇത്തരത്തിലുള്ള മലയാളിയുടെ പോഴത്തരം കൊണ്ടാണെന്നു അങ്ങു പറഞ്ഞു. പോഴത്തരം അഭംഗുരമായി വിദേശത്തും തുടരുന്നു എന്നു ഖേദപൂർവ്വം അങ്ങയെ അറിയിച്ചു കൊള്ളുന്നു.
2018 ഗ്രീഷ്മ കാലത്തു യുകെയിൽ മലയാളികളുടെ വലിയ രണ്ടു പൊതു പരിപാടികൾ നടന്നു. അത് സംഘടിപ്പിച്ചതു മുഴുവൻ യൂകെയിലുള്ള മലയാളികളാണ്. എങ്കിലും അവസാനം സ്റ്റേജിൽ കയറി കയ്യടി വാങ്ങിക്കൊണ്ടു പോകാൻ നാട്ടിൽ നിന്നും ചില സുന്ദരന്മാർ വന്നിരുന്നു. അവരുടെ ഗീർവാണങ്ങൾ പൊരിവെയിലിൽ നിന്നു കേട്ടു മലയാളികൾ പുളകിതരായി. അവരെ എന്തിനാണ് ഇങ്ങനെ ഇവിടെ കെട്ടി എഴുന്നള്ളിക്കുന്നത്? കൂടെ നിന്നു സെൽഫി എടുത്തു പൊങ്ങച്ചം കാട്ടാൻ തക്ക വിലകുറഞ്ഞ 'കഴുതകളായ മലയാളി പൊതുജനം' അവിടെയും ഉണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കെട്ടി എഴുന്നള്ളിപ്പുകൾ സ്ഥിരമായി നടക്കുമായിരുന്നു. ഇപ്പോഴിതാ സായിപ്പിന്റെ രാജ്യത്തും അതാവർത്തിക്കുന്നു. ഒന്നുമില്ലെങ്കിൽ നിനക്കൊക്കെ സായിപ്പിനെ കണ്ടു പഠിച്ചൂടെ? കേരളത്തെക്കാളും, ഇന്ത്യയെക്കാളും ജനാധിപത്യത്തിനു മൂല്യമുള്ള യുകെയിൽ ഉള്ള മലയാളികൾ എന്തുകൊണ്ട് അവിടെയുള്ള ജനാധിപത്യ സമ്പ്രദായങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നില്ല. ഏതു രാജ്യത്തേക്കാണെങ്കിലും, മലയാളി കുടികയറുമ്പോൾ, ചുമന്നു കൊണ്ടുപോകുന്ന ഭാണ്ഡത്തിൽ, നാട്ടിലെ രാഷ്ട്രീയ മത വിധേയത്വവും, അമിത വിശ്വാസവും, അന്ധവിശ്വാസവും, പോഴത്തരങ്ങളും കൊണ്ടുപോകുന്നു. സക്കറിയാവെ അവരോടു ഒരിക്കലും ക്ഷമിക്കാതിരിക്കുക!
ചോദ്യം: "ജനാധിപത്യത്തിൽ ആരാണു ചൂഷകർ?"
ഉത്തരം: "രാഷ്ട്രീയ നേതാക്കൾ"