mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രണ്ട്

പാർട്ടി പ്രസിഡൻറ് ഭൈരവൻറെ വീട്. 

അടുക്കളയിൽ ഭൈരവൻ്റെ ഭാര്യ കുസുമം പച്ച മാങ്ങ അരിഞ്ഞു കൊണ്ടിരിക്കുന്നു. മകൻ ചിത്രൻ അമ്മയുടെ അടുത്തിരുന്ന് പുസ്തകം വായിക്കുകയും അരിഞ്ഞിടുന്ന മാങ്ങ ഇടയ്ക്ക് എടുത്ത് തിന്നുകയും ചെയ്യുന്നു. 

"എടാ - നിൻ്റെ അച്ഛൻ വന്നില്ലേ?" 

"അച്ഛൻ കാൽനട പ്രചരണത്തിലാണ് ."

ഭൈരവൻ  നടക്കുകയാണ്. അതിനിടയിൽ ചില മുദ്രാവാക്യങ്ങൾ വിളിക്കുന്നുമുണ്ട്.

"J. S. P. സിന്ദാബാദ് "

"ജനസേവക് പാർട്ടി സിന്ദാബാദ് " 

"ജില്ലാ സമ്മേളനം സിന്ദാബാദ് " 

"കാൽനടജാഥ സിന്ദാബാദ് "


ഭൈരവൻ നടക്കുന്നത് റോഡിലല്ല.വീടിൻറെ വരാന്തയിൽ വച്ചിരിക്കുന്ന  TREAD MILL-ലാണ്. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചുള്ള കാൽനടയാണ്. ഇതറിയാതെ അടുക്കളയിൽ കുസുമം ചിത്രനോട് ചോദിച്ചു: "അച്ഛൻറെ കാൽ നടയിൽ കൂടെ ആരെങ്കിലും ഒക്കെ ഉണ്ടോ? അതോ ഒറ്റയ്ക്കേ ഉള്ളോ?"

"റോഡിനിരുവശവും നല്ല പിന്തുണയുണ്ട്. "-ചിത്രൻ

TREAD MILL-ൻ്റെ ഇരുവശവും ഉണങ്ങാനായി വിരിച്ചിരിക്കുന്ന ജട്ടി, ബനിയൻ, നിക്കർ ,പാൻറ് തുടങ്ങിയവയെയാണ് ചിത്രൻ ഉദ്ദേശിച്ചത്.

പച്ച മാങ്ങ കഴിഞ്ഞ് കുസുമം ഇപ്പോൾ ചക്കപ്പഴത്തിനു മുമ്പിലാണ്."ചക്കപ്പഴം " ഒരു ടി.വി.സീരിയലാണ്. ചിത്രൻറ്റെ പുസ്തകവായന ഇപ്പോൾ ഹാളിൽ നടന്നുകൊണ്ടാണ്. 

TREAD MILL-ലെ നടത്തം കഴിഞ്ഞ് ഭൈരവൻ ഹാളിേക്ക് വന്നു .അയാൾ രണ്ടു പേരോടുമായി പറഞ്ഞു:

"ഈ ഞായറാഴ്ച പാർട്ടിയുടെ കുടുംബസംഗമം ആണ്. എല്ലാവരും പങ്കെടുക്കണം. "

"എപ്പഴാണ്? "- കുസുമം

"ഉച്ചകഴിഞ്ഞ് മൂന്നുമണി ". - ഭൈരവൻ

"എനിക്ക് കുടുംബ സംഗമത്തിനെക്കാൾ പ്രധാനം കുടുംബവിളക്കാണ്."- കുസുമം

"അതെന്താണ്?"- ഭൈരവൻ

"അതൊരു സീരിയലാണ്".-ചിത്രൻ

''ഓ- ആ വിളക്കാണോ? അതിനു മുമ്പ് ഇങ്ങെത്താം. എടാ - നീയും വരണം ,കേട്ടോ ".- ഭൈരവൻ

"ഞാനില്ല, എനിക്ക് തിങ്കളാഴ്ച  ഒരു ടെസ്റ്റ് ആണ്. അതിന് പഠിക്കണം ".-ചിത്രൻ

"എടാ കുടുംബ സംഗമത്തിന് വന്നാലും പൊതു കാര്യങ്ങൾ കുറെയൊക്കെ മനസ്സിലാക്കാൻ പറ്റും ".-  ഭൈരവൻ

 

"അവിടെ രാഷ്ട്രീയവും മറ്റ് പാർട്ടിക്കാരെ കുറ്റം പറച്ചിലും അല്ലേ? എനിക്ക് രാഷ്ട്രീയ പ്രസംഗം കേൾക്കുന്നതേ അലർജിയാണ്.  സമയം കളയാൻ ഒരു ഏർപ്പാടുകൾ. "-ചിത്രൻ

''പാർട്ടി പ്രസിഡൻ്റിൻ്റെ മോൻ തന്നെ ഇത് പറയണം."- ഭൈരവൻ നേരെ കുളിമുറിയിലേക്കു പോയി.

 (തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ