mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒന്ന് 

ഇത് ഒരു പാർട്ടിയുടെ കഥയാണ്. ആ ജനസേവക് പാർട്ടിയുടെ ഈ കഥ തുടങ്ങുന്നത് രാവിലെ നടുറോഡിലാണ്.

ഗുണ്ടകൾ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന വേഷവിധാനങ്ങളുമായി മാർട്ടിനും രങ്കനും റോഡിൽ നിൽക്കുന്നു. രങ്കൻ്റെ കയ്യിലിരിക്കുന്ന കത്തിയുടെയും മാർട്ടിൻറെ കയ്യിൽ ഇരിക്കുന്ന രസീത് ബുക്കിൻ്റെയും ക്ലോസ് ഷോട്ട്. ഒരു കാർ വരുന്നതു കണ്ട കത്തി പിടിച്ച കൈ കാണിച്ച് രങ്കൻ കാർ തടയുന്നു .

മാർട്ടിൻ കാറിൻ്റെ അടുത്തുചെന്നു. "ഒരായിരം രൂപ എടുക്ക്."

കാറുകാരന് കാര്യം മനസ്സിലായില്ല."എന്തിന്?"

"പാർട്ടി ആപ്പീസ് കണ്ടില്ലേ?"

കാറുകാരൻ റോഡ് സൈഡിൽ ഉള്ള പാർട്ടി ഓഫീസിലേക്ക് നോക്കുന്നു. 

അവിടെ " ജനസേവക് പാർട്ടി (J. S. P) ബ്രാഞ്ച് ഓഫീസ് " എന്ന ബോർഡ്.

"പാർട്ടിയുടെ ഫണ്ട് പിരിവാണ് ." -മാർട്ടിൻ ധൃതികൂട്ടി. 

"പണ്ടായാലും ഇപ്പഴായാലും എൻറെ കയ്യിൽ 1000 ഒന്നുമില്ല. " കാറുകാരൻ തൻ്റെ അവസ്ഥ അറിയിച്ചു. എന്നാൽ 500 എടുക്കെന്നായി മാർട്ടിൻ. ബാക്കി തിരികെ വരുമ്പോ തന്നാ മതി. 

"വേഗം കൊടുക്ക് ." - ഭീഷണിയുമായി രങ്കനും ഒപ്പം നിന്നു.

അയാൾ 500 രൂപ കൊടുത്തു. മാർട്ടിൻ രസീത് എഴുതാനായി പേരു ചോദിച്ചു.

"രസീത് ഒന്നും വേണ്ട. എന്നെ അങ്ങ് വിട്ടാ മതി."

അയാൾ കാറുമായി നീങ്ങിക്കഴിഞ്ഞു .

വീണ്ടും ഒരു കാർ വരുന്നു .രങ്കൻ  കത്തിയുമായി തയ്യാറായി. 

"അതു നമ്മുടെ പ്രസിഡൻ്റിൻ്റെ കാർ ആണെന്ന് തോന്നുന്നു. " - മാർട്ടിൻ കാറിൻ്റെ നമ്പർ നോക്കിപ്പറഞ്ഞു.

പാർട്ടിയോഫീസിന് മുമ്പിൽ ആ കാർ നിന്നു. കാറിൽ നിന്ന് പാർട്ടി പ്രസിഡൻറ് ഭൈരവനും ഡ്രൈവർ കുട്ടനും പുറത്തിറങ്ങി.

"എന്താ രങ്കാ , എന്താ പരിപാടി ?" - ഭൈരവൻ

"നമ്മുടെ ഫണ്ട് പിരിവിനായി ഇറങ്ങിയതാണ്. " -രങ്കൻ

"ഈ കത്തിയും കൊണ്ടോ? "

"അല്ല -അതൊരു ശീലമായിപ്പോയി. "

മാർട്ടിനാണ് ബാക്കി പറഞ്ഞത്: 

''ഇപ്പോ ആളുകളൊക്കെ കള്ളം പഠിച്ചുപോയി പ്രസിഡൻ്റേ. വെറുതെ ചോദിച്ചാൽ ഒന്നും പിരിവ് തരൂല്ല ."

"എന്നാലും ഇത് പാർട്ടി പിരിവ് അല്ലേ? ഗുണ്ടാ പിരിവ് അല്ലല്ലോ." 

"ഇപ്പോൾ ഞങ്ങൾക്ക് പാർട്ടി ഗുണ്ടകൾ എന്ന പേര് മാത്രമേയുള്ളൂ. വർക്ക് ഒന്നുമില്ലല്ലോ."

"ഒന്നു പതുക്കെ പറ. ഗുണ്ടായിസത്തെ എതിർക്കുന്ന പാർട്ടിയാ നമ്മുടേത്.അതുകൊണ്ടാണ് ഞാൻ നിങ്ങളെ പാണ്ട എന്ന വിളിക്കുന്നത്. " 

"അയ്യേ  അങ്ങനെ നമ്മളെ കൊച്ചാക്കല്ലേ പ്രസിഡൻ്റേ."

"കൊച്ചാക്കിയതല്ല. പാർട്ടി ഗുണ്ട എന്നത്ചുരുക്കി വിളിച്ചതാണ്. പാണ്ട. അപ്പോൾ ഗുണ്ട യാണെന്ന് മറ്റുള്ളവർ അറിയുകയുമില്ല."

"അതുവേണ്ട പ്രസിഡൻ്റേ.ഇന്നലെ ഞാൻ ചെറുക്കൻറെ പുസ്തകത്തിൽ ഒരു പാണ്ടയുടെ പടം കണ്ടു .വകതിരിവില്ലാത്ത ഒരു ജന്തു."

 വകതിരിവ് നിങ്ങൾക്കും ഇല്ലല്ലോ എന്നാണ് ഭൈരവന് തോന്നിയത്.

 

"ഞങ്ങൾക്ക് വർക്ക് വേണം പ്രസിഡൻ്റേ." - രങ്കൻ തങ്ങളുടെ ആവശ്യം അറിയിച്ചു.

"വർക്കില്ലാത്തതു കൊണ്ട് ഞങ്ങളെ ആരും മൈൻഡു ചെയ്യുന്നില്ല ." - മാർട്ടിൻ പിൻതാങ്ങി.

ഭൈരവൻ രങ്കൻ്റെ തോളിൽ തട്ടി.

"വർക്ക് താനെ വരും. ജില്ലാ സമ്മേളനം വരികയില്ലേ. തയ്യാറായിരുന്നോ….എന്താ നിൻറെ കഴുത്തിൽ ഒരു ഒട്ടിപ്പ്? 

രങ്കൻ്റെ കഴുത്തിന് പിന്നിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു.

ചോദ്യം കേട്ട് രങ്കൻ ഒന്നു ചമ്മി. "അത് കത്തികൊണ്ട് പുറം ചൊറിഞ്ഞതാ. "മാർട്ടിൻ വാ പൊത്തി ചിരിച്ചു. അതു കണ്ട് ഭൈരവൻ മാർട്ടിനോട് :- "താൻ പുറം ചൊറിഞ്ഞില്ലേ? "

"ഞാൻ അത്തരം മണ്ടത്തരം ഒന്നും കാണിക്കാറില്ല ."

രങ്കനു ചിരി വന്നു."മണ്ടത്തരം അല്ലാത്ത ഒരു കെട്ടാണ്  ആ കാലിൽ കാണുന്നത്. "

മാർട്ടിൻറെ കാൽപാദത്തിൽ തുണി കൊണ്ട് ഒരു കെട്ട്. 

"അതെന്തുപറ്റി?" - ഭൈരവൻ

മാർട്ടിൻ  ചമ്മലോടെ പറഞ്ഞു: "പോലീസിനെ കണ്ട് കത്തി താഴെ ഇട്ടതാണ്."

"അതു നന്നായി.. ങാ -വേറെ വർക്ക് ഒന്നും ഇല്ലെങ്കിൽ പ്രസിഡണ്ടിന് ആഞ്ഞു രണ്ടു മുദ്രാവാക്യം വിളിക്ക്...ഒരു ഉന്മേഷം വരട്ടെ."

ആ വർക്ക് ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ മുദ്രാവാക്യം വിളിക്കുന്നു. 

"പ്രസിഡൻ്റ് ഭൈരവൻ സിന്ദാബാദ്" 

രങ്കനും കുട്ടനും ഏറ്റുവിളിക്കുന്നു.

"ഭൈരവൻ ഭൈരവൻ ഭൈരവൻ സിന്ദാബാദ്"

പാർട്ടിഓഫീസിനകത്തുന്നു നിന്നും പാലൻ, അസീസ്, തുടങ്ങിയവർ ശബ്ദം കേട്ട് പുറത്തേക്ക് വരുന്നു. 

മാർട്ടിൻ ശബ്ദം കൂട്ടി: '' നമ്മുടെ ഓമന നേതാവേ - " 

"മതി മതി. ഓമനേ അതിനിടയിൽ കൊണ്ടുവരേണ്ട. 

ശരി, നിങ്ങൾ പോയി ആ കോയേരെ ഹോട്ടലിൽ നിന്നും വല്ലതും വാങ്ങി കഴിച്ചോ. "

ഭൈരവൻ്റെ നിർദ്ദേശം കേട്ടപ്പോൾ രങ്കനു സംശയം: "പൈസ കൊടുക്കണ്ടേ?" 

"വേണ്ട. ഒരു രസീത് എഴുതി കൊടുത്താ മതി. " - ഭൈരവൻ

"എന്നാ വാ - " 

മാർട്ടിനും  രങ്കനും പോകുന്നു. 

ഭൈരവൻ മറ്റുള്ളവരോടായി ചോദിച്ചു :Iഇങ്ങനെ നിന്നാ മതിയോ - ജില്ലാ സമ്മേളനം ഇങ്ങെത്തി. കാര്യങ്ങൾ നമുക്ക് ഉഷാർ ആക്കണ്ടേ?" 

"അല്ല പ്രസിഡൻ്റേ, ഇത്തവണത്തെ സമ്മേളനത്തിലെങ്കിലും സ്ഥാനങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവുമോ?" -പാലൻ

"നിങ്ങളൊക്കെ ജില്ലാ ഭാരവാഹികൾ ആയാലല്ലേ ഞങ്ങൾക്കൊക്കെ ഈ ബ്രാഞ്ചിൽ എന്തെങ്കിലും സ്ഥാനങ്ങൾ കിട്ടൂ." - അസീസ്

"ഞാനാരോടും എനിക്കുവേണ്ടി ഒരു സ്ഥാനവും ആവശ്യപ്പെടാറില്ല. പാർട്ടി എന്താണോ തരുന്നത് അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും. അത്ര തന്നെ "-ഭൈരവൻ 

"ഞങ്ങളൊക്കെ വന്നിട്ട് കുറെ കാലമായില്ലേ? അണിയെന്നും പറഞ്ഞു നടന്ന് നടന്ന്തുരുമ്പെടുത്തു തുടങ്ങി. " - സണ്ണി

"തുരുമ്പെടുക്കാൻ ആണി അല്ലല്ലോ, അണി അല്ലേ?" - ഭൈരവൻ 

"രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. " - സണ്ണി

"നിങ്ങൾക്ക് സ്ഥാനക്കയറ്റം ഇല്ല എന്ന് മാത്രം പറയരുത്. " - ഭൈരവൻ 

"എന്തു കയറ്റം? " -പാലൻ

"നിന്നെ കഴിഞ്ഞ വർഷം ജില്ലാ സമ്മേളനത്തിന് പ്രതിനിധിയായി ടൗൺഹാളിലേക്ക് അയച്ചില്ലേ? ഇത്തവണ സംസ്ഥാന സമ്മേളനത്തിനു പ്രതിനിധിയായി തിരുവനന്തപുരത്തേക്ക് അയക്കും. " - ഭൈരവൻ

"അവിടെ പോയിരുന്നു കയ്യടിക്കാൻ അല്ലേ?" -പാലൻ

"കയ്യടിച്ചാൽ മാത്രം പോര. നമ്മുടെ സമുന്നതരായ നേതാക്കൾ പറയുന്നത് കാത് തുറന്നു കേൾക്കണം. എങ്കിലേ നിങ്ങൾക്ക് നാടിൻറെ മുന്നണിപ്പോരാളികൾ ആകാൻ കഴിയൂ. " - ഭൈരവൻ

"പാലന് അങ്ങനെ തിരുവനന്തപുരത്തേക്ക് പോവാം. എൻറെ കാര്യം പ്രസിഡണ്ട് ഒന്നും പറഞ്ഞില്ല. " - അസീസ്

"നിനക്കും സ്ഥാനക്കയറ്റം ഉണ്ട്. മുമ്പ് പഞ്ചായത്ത് പ്രസിഡൻറ്റിനെ ഹാരം ഇട്ട് സ്വീകരിച്ചത് നീയല്ലേ?" - ഭൈരവൻ 

"അതു രണ്ടുവർഷം മുമ്പ് ." - അസീസ്

"ഇത്തവണ കുറെ കൂടെ ഉയർന്ന പദവി തരാം. സമ്മേളനത്തിന് എം.എൽ.എ. വരുമ്പോൾ എം.എൽ.എ.യെ ഹാരം ഇട്ട് സ്വീകരിക്കേണ്ട ചുമതല നിനക്കാണ്."- അസീസ് 

"വെറും ഹാരം ഇടക്കം മാത്രമേ ഉള്ളോ? " - അസീസ്

"അങ്ങനെയാണ് ജനപ്രതിനിധികളുമായി വ്യക്തി ബന്ധം സ്ഥാപിക്കുന്നത്. ആ ബന്ധം ഭാവിയിൽ നിനക്ക് ഗുണം ചെയ്യും." -ഭൈരവൻ 

 

സണ്ണി, പാർടി ഓഫീസിനകത്തു നിന്നും വരുന്നു. കൈ ഒടിഞ്ഞതിനാൽ കഴുത്തിൽ കൂടി കെട്ടി സപ്പോർട്ട് ചെയ്തിരിക്കുന്നു. അതു കണ്ട് പ്രസിഡൻ്റിൻറ്റെ കുശലാന്വേഷണം:  

"ങാ - സണ്ണീ, നിൻ്റെ കൈ ശരിയായില്ലേ?"

"എങ്ങനെ ശരിയാവാൻ? ഇനിയും ഒന്നു രണ്ടു മാസമെങ്കിലും എടുക്കും." - സണ്ണി

"രണ്ടു മാസമെടുക്കുവോ?" - ഭൈരവൻ

"എടുക്കും. രണ്ടു പൊട്ടലുണ്ട്. പോലീസ് വളഞ്ഞിട്ട് തല്ലിയതല്ലേ?" - സണ്ണി

"എന്നാലും നിന്നെപ്പറ്റി എല്ലാരും അറിഞ്ഞല്ലോ. കളക്ടറേറ്റു മാർച്ചിലുണ്ടായ സംഘർഷത്തിൽ അടി കൊണ്ട് സണ്ണി ആശുപത്രിയിലായി എന്ന് സംസ്ഥാന നേതാക്കൾ വരെ അറിഞ്ഞു. "_ ഭൈരവൻ

"അതു കൊണ്ട് എനിക്കെന്തു പ്രയോജനം?" - സണ്ണി

"അടുത്ത തവണ നിനക്കു സ്ഥാനക്കയറ്റം ഉണ്ട്. " - ഭൈരവൻ

"എന്തു കയറ്റം? " - സണ്ണി

"അടുത്ത തവണത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ നീയാണ് നമ്മുടെ പ്രതിനിധി. " - ഭൈരവൻ

"ഓ- ഓ- ഇനി തലസ്ഥാനത്തെ പോലീസിൻ്റെ അടികൂടി കൊള്ളാൻ അല്ലേ? എനിക്കാ സ്ഥാനക്കയറ്റം വേണ്ട. " - സണ്ണി

"വേണ്ടെങ്കിൽ വേണ്ട. എന്നാലും പാർട്ടി നിന്നെ പരിഗണിക്കുന്നില്ലെന്ന പരാതി വേണ്ട. നിനക്ക് മറ്റൊരു സ്ഥാനക്കയറ്റം തരാം." - ഭൈരവൻ

"അതെന്തു കയറ്റം?" - സണ്ണി

"കഴിഞ്ഞ സമ്മേളനത്തിന് കാൽനട പ്രചാരണ ജാഥ യുടെ പതാകവാഹകൻ ആയിരുന്നില്ലേ നീ." - ഭൈരവൻ 

"ആ- അന്ന് നടന്നു നടന്നു തളന്നു." - സണ്ണി

"ഇത്തവണ നിനക്കു സ്ഥാനകയറ്റം ഉണ്ട്. നടന്നു തളരണ്ട. വാഹന ജാഥയുടെ പതാകവാഹകൻ നീയാണ്."- ഭൈരവൻ 

ആ പദവി സണ്ണിക്കും ബോധിച്ചു.

"പിന്നെ ഇങ്ങനെ നിന്നാ പോരാ. ഇതിനകത്തിരിക്കുന്ന പോസ്റ്ററും ബാനറുമൊക്കെ രണ്ടുദിവസത്തിനകം തീർക്കണം." - ഭൈരവൻ

"എല്ലാരും കൂടെ ഇറങ്ങിയാൽ രണ്ടു ദിവസത്തെ കാര്യമേ ഉള്ളൂ. " -പാലൻ

"പറഞ്ഞാൽ പോര കാര്യം നടക്കണം."

പ്രസിഡൻറ് ഓഫീസിനകത്തേക്ക് നടന്നു.

(തുടരും)


രണ്ട്

പാർട്ടി പ്രസിഡൻറ് ഭൈരവൻറെ വീട്. 

അടുക്കളയിൽ ഭൈരവൻ്റെ ഭാര്യ കുസുമം പച്ച മാങ്ങ അരിഞ്ഞു കൊണ്ടിരിക്കുന്നു. മകൻ ചിത്രൻ അമ്മയുടെ അടുത്തിരുന്ന് പുസ്തകം വായിക്കുകയും അരിഞ്ഞിടുന്ന മാങ്ങ ഇടയ്ക്ക് എടുത്ത് തിന്നുകയും ചെയ്യുന്നു. 


"എടാ - നിൻ്റെ അച്ഛൻ വന്നില്ലേ?" 

"അച്ഛൻ കാൽനട പ്രചരണത്തിലാണ് ."

ഭൈരവൻ  നടക്കുകയാണ്. അതിനിടയിൽ ചില മുദ്രാവാക്യങ്ങൾ വിളിക്കുന്നുമുണ്ട്.

"J. S. P. സിന്ദാബാദ് "

"ജനസേവക് പാർട്ടി സിന്ദാബാദ് " 

"ജില്ലാ സമ്മേളനം സിന്ദാബാദ് " 

"കാൽനടജാഥ സിന്ദാബാദ് "


ഭൈരവൻ നടക്കുന്നത് റോഡിലല്ല.വീടിൻറെ വരാന്തയിൽ വച്ചിരിക്കുന്ന  TREAD MILL-ലാണ്. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചുള്ള കാൽനടയാണ്. ഇതറിയാതെ അടുക്കളയിൽ കുസുമം ചിത്രനോട് ചോദിച്ചു: "അച്ഛൻറെ കാൽ നടയിൽ കൂടെ ആരെങ്കിലും ഒക്കെ ഉണ്ടോ? അതോ ഒറ്റയ്ക്കേ ഉള്ളോ?"

"റോഡിനിരുവശവും നല്ല പിന്തുണയുണ്ട്. "-ചിത്രൻ

TREAD MILL-ൻ്റെ ഇരുവശവും ഉണങ്ങാനായി വിരിച്ചിരിക്കുന്ന ജട്ടി, ബനിയൻ, നിക്കർ ,പാൻറ് തുടങ്ങിയവയെയാണ് ചിത്രൻ ഉദ്ദേശിച്ചത്.

പച്ച മാങ്ങ കഴിഞ്ഞ് കുസുമം ഇപ്പോൾ ചക്കപ്പഴത്തിനു മുമ്പിലാണ്."ചക്കപ്പഴം " ഒരു ടി.വി.സീരിയലാണ്. ചിത്രൻറ്റെ പുസ്തകവായന ഇപ്പോൾ ഹാളിൽ നടന്നുകൊണ്ടാണ്. 

TREAD MILL-ലെ നടത്തം കഴിഞ്ഞ് ഭൈരവൻ ഹാളിേക്ക് വന്നു .അയാൾ രണ്ടു പേരോടുമായി പറഞ്ഞു:

"ഈ ഞായറാഴ്ച പാർട്ടിയുടെ കുടുംബസംഗമം ആണ്. എല്ലാവരും പങ്കെടുക്കണം. "

"എപ്പഴാണ്? "- കുസുമം

"ഉച്ചകഴിഞ്ഞ് മൂന്നുമണി ". - ഭൈരവൻ

"എനിക്ക് കുടുംബ സംഗമത്തിനെക്കാൾ പ്രധാനം കുടുംബവിളക്കാണ്."- കുസുമം

"അതെന്താണ്?"- ഭൈരവൻ

"അതൊരു സീരിയലാണ്".-ചിത്രൻ

''ഓ- ആ വിളക്കാണോ? അതിനു മുമ്പ് ഇങ്ങെത്താം. എടാ - നീയും വരണം ,കേട്ടോ ".- ഭൈരവൻ

"ഞാനില്ല, എനിക്ക് തിങ്കളാഴ്ച  ഒരു ടെസ്റ്റ് ആണ്. അതിന് പഠിക്കണം ".-ചിത്രൻ

"എടാ കുടുംബ സംഗമത്തിന് വന്നാലും പൊതു കാര്യങ്ങൾ കുറെയൊക്കെ മനസ്സിലാക്കാൻ പറ്റും ".-  ഭൈരവൻ

 

"അവിടെ രാഷ്ട്രീയവും മറ്റ് പാർട്ടിക്കാരെ കുറ്റം പറച്ചിലും അല്ലേ? എനിക്ക് രാഷ്ട്രീയ പ്രസംഗം കേൾക്കുന്നതേ അലർജിയാണ്.  സമയം കളയാൻ ഒരു ഏർപ്പാടുകൾ. "-ചിത്രൻ

''പാർട്ടി പ്രസിഡൻ്റിൻ്റെ മോൻ തന്നെ ഇത് പറയണം."- ഭൈരവൻ നേരെ കുളിമുറിയിലേക്കു പോയി.

 (തുടരും)


മൂന്ന്

 

പാർട്ടി പ്രവർത്തകർ റോഡിനു കുറുകെ ജില്ലാ സമ്മേളനത്തിൻ്റെ ബാനർ വലിച്ചു കെട്ടുന്നു. പാലൻ, അസീസ്, ഒടിഞ്ഞ കൈയുമായ് സണ്ണി, വിജയൻ തുടങ്ങിയവരെല്ലാം ഉണ്ട്. 


ചിത്രൻ സ്കൂട്ടറിൽ വരുന്നു. ബാനർ കെട്ടുന്നതിനാൽ സ്കൂട്ടറിന് മുന്നോട്ടുപോകാൻ ആകുന്നില്ല.  അയാൾ സ്കൂട്ടർ നിർത്തി അല്പനേരം കാത്തു. പിന്നെ അക്ഷമനായി ചോദിച്ചു:

"നിങ്ങൾ എന്താ ഈ കാണിക്കുന്നത്? ഇങ്ങനെ തടസ്സം ഉണ്ടാക്കിയാൽ വാഹനങ്ങൾക്ക് റോഡിലൂടെ പോകണ്ടേ? "

"ങാ - വാഹനങ്ങളൊക്കെ കുറച്ചുസമയം വെയിറ്റ് ചെയ്തിട്ട് പോയാ മതി. "--പാലൻ

"അത് നിങ്ങളാണോ തീരുമാനിക്കുന്നത് ?"-ചിത്രൻ

"ഇപ്പോ  ഞങ്ങള് തന്നെയാണ് തീരുമാനിക്കുന്നത്. " -അസീസ്,

"ഹോ - ഈ പാർട്ടിക്കാരെ കൊണ്ട് വഴിനടക്കാൻ നിവർത്തി യില്ലാതായിട്ടുണ്ട്. നാടു നന്നാക്കാൻ ആണെന്നാണ് പ്രസംഗം..എന്നാൽ ചെയ്യുന്നത് മുഴുവൻ ഇതുപോലുള്ള ശല്യങ്ങളും "-ചിത്രൻ.

"എടാ മതി മതി നിർത്ത്". --പാലൻ

''ഇനിയിപ്പോ എനിക്ക് സംസാരിക്കാനും നിങ്ങളുടെ അനുവാദം വേണോ?"-ചിത്രൻ

"ങാ -ചിലപ്പൊ വേണ്ടിവരും " -അസീസ്,

"ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണ് നിങ്ങളൊക്കെ എന്തു തോന്ന്യാസവും കാണിക്കുന്നത് " - ചിത്രൻ. 

"ഇവൻ നമ്മുടെ കൈക്ക് ജോലി ഉണ്ടാക്കുന്ന ലക്ഷണമാണ്. "-അസീസ്,

''ഓ- പിന്നെ.ധൈര്യമുണ്ടെങ്കിൽ ദേഹത്തു തൊട്ടു നോക്ക് ".-ചിത്രൻ 

''തൊട്ടാ നീ എന്ത് ചെയ്യും?" 

 

പാലനും അസീസും ചിത്രൻറ്റെ നേർക്ക് വരുന്നു. അപ്പോൾ സണ്ണി ഇടയ്ക്ക് കയറി. "നില്ല്. നിങ്ങൾക്ക് ആളിനെ മനസ്സിലായില്ലേ ?ഇവൻ നമ്മുടെ പ്രസിഡൻ്റിൻ്റെ മോനാണ് " 

"ങാഹാ-എന്നിട്ടാണോ ഇത്ര അഹങ്കാരം?" -അസീസ്,

"അവന് രാഷ്ട്രീയക്കാർ എന്ന് കേട്ടാലേ  പുച്ഛമാണ്. " -സണ്ണി

"ആ പുച്ഛം ആദ്യം അവൻ്റെ അച്ഛനോട് കാണിക്കട്ടെ- ". -പാലൻ

''ഓ- അതു ഞാൻ കാണിച്ചളാം. നിങ്ങൾ ആദ്യം വഴിമാറ്. "-ചിത്രൻ

ബാനർ ഉയർത്തി കഴിഞ്ഞപ്പോൾ  ചിത്രൻ അരിശത്തോടെ സ്കൂട്ടർ ഓടിച്ചു പോയി. തൊട്ടുപിന്നാലെ പ്രസിഡൻറ്റിൻ്റെ കാർ വന്നു നിന്നു. അതിൽനിന്ന് ഭൈരവൻ പുറത്തിറങ്ങി. 

"പ്രസിഡണ്ടിനെ കാര്യം ഞങ്ങൾ ഇപ്പോൾ പറഞ്ഞതേയുള്ളൂ." --പാലൻ

''എന്തിന്?" - ഭൈരവൻ

"പ്രസിഡൻ്റിൻറെ മോൻ ഇപ്പോൾ ഇതുവഴി വന്നിരുന്നു. റോഡിൽ തടസ്സം ഉണ്ടായത് അവന് പിടിച്ചില്ല." - അസീസ്,

 "ചെറുക്കൻ ചൊറിഞ്ഞോണ്ടു വന്നതാണ്. പ്രസിഡൻ്റിൻറെ മോൻ ആയതുകൊണ്ട് ഞങ്ങള് വെറുതെ വിട്ടെന്നേയുള്ളൂ.- "-പാലൻ

"പണ്ടേ ഞാൻ അവനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. " - ഭൈരവൻ

"അതെന്തിന്? "--പാലൻ

"ഞാൻ അവനെ കൂടി രാഷ്ട്രീയത്തിൽ ഇറക്കിയാൽ ഞാൻ മക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് എല്ലാവരും പരാതി പറയും. അതു കൊണ്ടാണ്.അവൻ അവൻറെ കാര്യം നോക്കട്ടെ. അതാ നല്ലത്. " - ഭൈരവൻ

"എന്നാലും നമ്മുടെ പാർട്ടി പ്രസിഡൻറ്റിൻറ്റെ മോൻ തന്നെ നമ്മുടെപാർട്ടിയെ കുറ്റം പറഞ്ഞു നടക്കുന്നത് ശരിയല്ലല്ലോ. പ്രസിഡൻറ് മുൻകൈയെടുത്ത് അവനെ കൂടി പാർട്ടിയിലേക്ക് കൊണ്ടുവരണം. "-സണ്ണി

"അത് ശരിയാ. പോസ്റ്ററൊട്ടിക്കുന്നതിൻറ്റേയും ബാനർ കെട്ടുന്നതിൻറ്റേയും സമരം വിളിക്കുന്നതിൻറ്റേ യുമൊക്കെ പ്രയാസം അവനും കൂടി അറിയട്ടെ. "-അസീസ്,

"നിങ്ങളുടെയൊക്കെ അഭിപ്രായം അങ്ങനെയാണെങ്കിൽ അവനെ ഞാൻ നിർബന്ധിച്ചു നമ്മുടെ പാർട്ടിയിലേക്ക് കൊണ്ടുവരാം. " - ഭൈരവൻ

''അവനും വരട്ടെ, അടുത്ത സെക്രട്ടറിയേറ്റ് മാർച്ചിന് നമുക്ക് അവനെ തന്നെ പറഞ്ഞയയ്ക്കാം."-പാലൻ

"ആ-  പ്രസിഡൻ്റേ, ജില്ലാ കമ്മിറ്റിക്ക് പോയിട്ട് എന്തൊക്കെ വിശേഷം ?"-അസീസ്,

"ആ- ഒരു വിശേഷമുണ്ട്. എന്നെ അടുത്ത സമ്മേളനത്തിൽ ജില്ലാ ഭാരവാഹി ആക്കാൻ തീരുമാനിച്ചു. " - ഭൈരവൻ

"ഓ- അത് നല്ല കാര്യം ആണല്ലോ. -- പുതിയ ജില്ലാ ഭാരവാഹിക്ക് ഞങ്ങളുടെ എല്ലാം അഭിനന്ദനങ്ങൾ അഡ്വാൻസായി അറിയിക്കുന്നു. "-സണ്ണി

"അപ്പോൾ ഇവിടെ പുതിയ ബ്രാഞ്ച് പ്രസിഡൻറ്റിനെ തെരഞ്ഞെടുക്കണമല്ലോ".-അസീസ്, 

"വേണം. " - ഭൈരവൻ

"പോലീസിൻറെ അടികൊണ്ട് കൈയൊടിഞ്ഞവർക്ക് മുൻഗണന കിട്ടുമായിരിക്കും. "-സണ്ണി

"ഹർത്താലിന് നാട്ടുകാരുടെ തെറി വിളി കേട്ട വർക്കും മുൻഗണന കിട്ടണം." -പാലൻ

"പ്രവർത്തനമികവു നോക്കിയാൽ ഏറ്റവും കൂടുതൽ സമരത്തിൽ പങ്കെടുത്തിട്ടുള്ളത് ഞാനാണ്. " -അസീസ്,

"അതിനെക്കുറിച്ച് നിങ്ങളിപ്പോൾ തർക്കിക്കേണ്ട. പ്രവർത്തനത്തിൻ്റെ നാനാ വശങ്ങൾ പരിശോധിച്ച ശേഷം മേൽ കമ്മറ്റിയാണ് ഭാരവാഹികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. അത് അടുത്ത ബ്രാഞ്ച് സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയും ചെയ്യും.  അതുവരെ കാത്തിരിക്കൂ. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ഈ ബാനറുകൾ കെട്ടി തീർക്കുക എന്നതാണ്. ആ ജോലി നടക്കട്ടെ. നടക്കട്ടെ."

അതു കേട്ട് ഓരോരുത്തരും മനക്കോട്ടകൾ കെട്ടിപ്പൊക്കി ബ്രാഞ്ചുസമ്മേളനത്തെ കാത്തിരുന്നു.

(തുടരും)


നാല് 

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിനം സമാഗതമായി. ഉത്സവപ്രതീതിയോടെ പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു. പതാക ഉയർത്തൽ, എം.എൽ.എ.യുടെ ഉദ്ഘാടനം, നേതാക്കളുടെ പ്രസംഗങ്ങൾ... ഒക്കെ കഴിഞ്ഞ് തളർന്നവർക്ക് ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി നൽകി വീണ്ടും ഉന്മേഷം വരുത്തി.


 ഉച്ചയ്ക്കുശേഷം അംഗങ്ങളുടെ യോഗം ആരംഭിച്ചു.റിപ്പോർട്ട്, കണക്ക്, ചർച്ച, കൈയിട്ടടിച്ച് പാസാക്കൽ എല്ലാം കഴിഞ്ഞ് ഉദ്വോഗജനകമായ തെരഞ്ഞെടുപ്പിൻ്റെ സമയമായി.

വേദിയിൽ പ്രസിഡൻറ്  ഭൈരവൻ, സെക്രട്ടറി വിജയൻ എന്നിവർ. അതിനുപിന്നിലായി ബ്ലാക്ക് ക്യാറ്റ്സ് എന്നപോലെ മാർട്ടിനും രങ്കനും നിൽപ്പുണ്ട്, സദസിൽ പാലൻ, അസീസ്, സണ്ണി, തുടങ്ങിയ അംഗങ്ങൾ എല്ലാവരുമുണ്ട്. ഏറ്റവും പിന്നിലായി ഒറ്റപ്പെട്ട് -ചിത്രൻ ഇരിക്കുന്നു.  മാർട്ടിൻ ഭൈരവൻറെ അടുത്തുവന്ന് പതുക്കെ - "പ്രസിഡൻറ്റേ,കഴിഞ്ഞ ഇലക്ഷനിലെ കുത്തുകേസ് - വിചാരണ അടുത്തയാഴ്ച യാണ്. "

"ഞാൻ വക്കീലിനെ വിളിക്കാം". - ഭൈരവൻ

"മറക്കാതെ വിളിക്കണം. 

അല്ലെങ്കിൽ ഞാൻ അകത്തു പോകും"- മാർട്ടിൻ

"അകത്തു പോയാലും നീ പേടിക്കണ്ട.നിൻറ്റെ കുടുംബം ഞാൻ നോക്കിക്കൊള്ളാം"-.  ഭൈരവൻ

"അതാ എൻറ്റെ പേടി ".- മാർട്ടിൻ 

പുറത്ത് ഒരു കാർ വന്നു നിന്നു. 

കാറിൻ്റെ മുൻപിലത്തെ സീറ്റിൽ നിന്നും സുഗുണൻ പുറത്തിറങ്ങി, പിൻസീറ്റ് ഡോർ തുറന്നു പിടിക്കുന്നു. പിൻസീറ്റിൽ നിന്നും ബ്രാഞ്ച് തെരഞ്ഞെടുപ്പിൻറ്റെ ചാർജ് വഹിക്കുന്ന മേൽ കമ്മറ്റി മാഡം  പുറത്തിറങ്ങുന്നു. സുഗുണൻ മുൻപിൽ നടന്ന് മാഡത്തിന് വഴിയൊരുക്കുന്നു. 

"പ്ലീസ് വഴി മാറൂ …

മേഡം  ഈസ് കമിംഗ് …

 ഡോണ്ട് ഡച്ച്,,ഡോണ്ട് ഡച്ച്…

ഒന്ന് ബഹുമാനിക്കൂ  പ്ലീസ്…" 

എന്നൊക്കെ പറഞ്ഞുകൊണ്ട് സുഗുണൻ, മേഡത്തെ 

ഓഫീസിനകത്തേക്ക് കൊണ്ടു പോകുന്നു. 

 

മേഡം, വേദിയിലെ കസേരയിൽ ഇരുന്നു കഴിഞ്ഞ ശേഷം സുഗുണൻ ആ കസേരയുടെ പിന്നിലായി നിൽക്കുന്നു. 

രങ്കൻ, സുഗുണനെ ചൂണ്ടി മാർട്ടിനോടു പതുക്കെ പറഞ്ഞു:

"അത് നമ്മുടെ ആളാ. മേൽ കമ്മറ്റി ഗുണ്ടയാണ് "

"പോടാ-അത് മേഡത്തിൻ്റെ ഹസ്ബൻഡ് ആണ് ." - മാർട്ടിൻ

"ആണോ? അതാണ് ഒരു ഗുണ്ടയുടെ ലുക്കില്ലാത്തത്. ഹസ്ബൻറ്റെന്നും പറയൂല, ഗുണ്ടയെന്നും പറയൂല. വെറും ഒരുണ്ട !"-രങ്കൻ 

മാഡം നിർദ്ദേശിച്ചപ്പോൾ സുഗുണൻ സദസിനു മുന്നിലുള്ള കസേരയിൽ പോയിരുന്നു.

 

 ഭൈരവൻ എഴുന്നേറ്റു.

"മേൽക്കമ്മറ്റിയിൽ നിന്ന് നാം കാത്തിരുന്ന സീനാമേഡം ഇവിടെ എത്തിയിട്ടുണ്ട്. 

അടുത്ത രണ്ടു വർഷക്കാലം ഈ ബ്രാഞ്ചിനെ നയിക്കേണ്ട ഭാരവാഹികളുടെ ലിസ്റ്റ് മേൽകമ്മറ്റി ചർച്ച ചെയ്തു തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായ ആ ലിസ്റ്റ് ഇവിടെ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനു വേണ്ടിയാണ് മേഡം  ഇവിടെ എത്തിയിരിക്കുന്നത്. അതിനായി ഞാൻ മേഡത്തെ ആദരപൂർവ്വം ക്ഷണിക്കുന്നു. "

മാഡം എഴുന്നേറ്റ് എല്ലാവരെയും വണങ്ങി. പിന്നെ സാരി ശരിയാക്കിയ ശേഷം സംസാരിച്ചു തുടങ്ങി:

''പ്രിയമുള്ള ബ്രാഞ്ച് പ്രവർത്തകരേ, മേൽ കമ്മിറ്റി തയ്യാറാക്കിയ പുതിയ ബ്രാഞ്ച് ഭാരവാഹികളുടെ ലിസ്റ്റ് ഞാൻ അവതരിപ്പിക്കുന്നു. നിലവിലുള്ള കമ്മറ്റി അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിക്കും സ്ഥാനമാറ്റം ഇല്ല. അവർ അതേപടി തുടരുന്നതാണ്. ബ്രാഞ്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രമാണ് പുതിയൊരാൾ വരുന്നത്. 

അയാളുടെ പേര് ഞാൻ വായിക്കാം.

ബി. ചിത്രഭൈരവൻ

ചിത്ര മന്ദിരം.''

അതു കേട്ട് പാലൻ വിളിച്ചു ചോദിച്ചു: "അത് നമ്മുടെ പ്രസിഡണ്ടിൻ്റെ മോനല്ലേ? "

ഭൈരവൻ തന്നെയാണ് അതിനു മറുപടി നൽകിയത്:

''കുടുംബം അല്ല വ്യക്തിയാണ് പ്രധാനം."

''എന്നാപ്പിന്നെ പ്രസിഡൻറ് കുടുംബത്തിൽ പോകാതെ പാർട്ടി ഓഫീസിൽ തന്നെ കെടന്നാ പോരേ ?" - അസീസ്

ആ ചർച്ചയ്ക്കിടയിൽ സീനാമേഡം കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു: "ക്ഷമിക്കണം ,എനിക്ക് പാർട്ടിയുടെ ഒരു  അപ്പർ മീറ്റിംഗ് ഉണ്ട്. അതിനാൽ ഞാൻ ഇറങ്ങുകയാണ്. നിങ്ങൾ ഈ ലിസ്റ്റ് കൈയടിച്ച് പാസാക്കണം എന്നാണ് എനിക്കു പറയാനുള്ളത് ."

ആരും കൈയടിക്കാത്തതിനാൽ ഭൈരവൻ തന്നെ കൈയടി തുടങ്ങി വിട്ടു.. വിജയനും ചിത്രനും അതേറ്റു പിടിച്ചു.,ഭൈരവൻ്റെ കണ്ണുരുട്ടൽ കണ്ട് മറ്റു ചിലരും ഒന്നു രണ്ടടി അടിച്ചു. കൈയടിക്ക് ശക്തി പോരെന്ന് മനസിലായ ഭൈരവൻ പാർട്ടി ഗുണ്ടകളായ മാർട്ടിനെയും രങ്കനെയും നോക്കി 1000 രൂപ എന്ന് ആംഗ്യം കാണിച്ചു.ആ പ്രലോഭനത്തിൽ വീണ അവർ നിർത്താതെ അടി തുടങ്ങി. അങ്ങനെ പുതിയ ലിസ്റ്റ് പാസായതായി ഭാവിച്ച് മാഡം വേദിയിൽ നിന്നിറങ്ങി.

 

സുഗുണൻ വീണ്ടും മുമ്പിലേക്ക് വന്ന് മേഡത്തിന് വഴിയൊരുക്കി പുറത്തേക്ക് കൊണ്ടുപോകുന്നു.

-ചിത്രൻ നാടകീയമായി ചാടി  എണീറ്റ് മുദ്രാവാക്യം മുഴക്കുന്നു: :--

"J. S. P. സിന്ദാബാദ് "

ആരും ഏറ്റു വിളിക്കുന്നില്ല .

അതുകണ്ട്  ഭൈരവനും വിജയനും മാത്രം ഏറ്റു വിളിക്കുന്നു .

"J. S. P.സിന്ദാബാദ് "

"സീനാമാഡം സിന്ദാബാദ് " 

"സീനാ മാഡം സിന്ദാബാദ് " 

"ശ്രീ  ഭൈരവൻ സിന്ദാബാദ് " 

"ശ്രീ  ഭൈരവൻ സിന്ദാബാദ് " 

"സെക്രട്ടറി വിജയൻ സിന്ദാബാദ് "

"സെക്രട്ടറി വിജയൻ സിന്ദാബാദ്"

അപ്പോൾ വിജയൻ ഇതു കൂടി ചേർത്തു:

"പ്രസിഡൻറ് ചിത്രൻ സിന്ദാബാദ്"

"പ്രസിഡൻറ് ചിത്രൻ സിന്ദാബാദ്"

ഭൈരവൻ്റെ നിർദ്ദേശമനുസരിച്ച് ചിത്രൻ വേദിയിലേക്ക് വന്ന് അദ്ധ്യക്ഷൻറ്റെ കസേരയിൽ ഇരിക്കുന്നു.

 

"പ്രസിഡൻ്റേ, ഇതു വല്ലാത്ത ചതിയായിപ്പോയി. " - സണ്ണി

"പാർട്ടിയെ കുറ്റം പറഞ്ഞു കൊണ്ട് നടന്നവൻ ഇപ്പോൾ പാർട്ടി പ്രസിഡൻറ്.  അണിയെന്നും ആണിയെന്നും ഒക്കെ പറഞ്ഞ് പാർട്ടിയുടെ പുറകെ നടന്ന നമ്മളൊക്കെ വെറും കാഴ്ചക്കാര്. "-പാലൻ

"ഇതുപോലുള്ള പോസ്റ്റുകളിൽ നിയമിക്കുമ്പോൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയും അറിവും കൂടി നോക്കേണ്ടിവരും. അല്ലാതെ പാർട്ടി പ്രവർത്തകൻ എന്നതു മാത്രമല്ല മാനദണ്ഡം… നിങ്ങൾ കാര്യങ്ങൾ മനസിലാക്ക് ."- ഭൈരവൻ

"ഞങ്ങക്കെല്ലാം മനസിലായി പ്രസിഡൻറ്റേ, ഇനിയിപ്പോ നിങ്ങടെ കള്ള ന്യായമൊന്നും ഞങ്ങക്കു കേക്കണ്ട." - അസീസ്

"നെടുനീളത്തിന് പ്രസംഗിക്കും...പ്രവൃത്തിക്കുന്നത് അതിന് നേരെ വിപരീതവും." - സണ്ണി

"അടിയെല്ലാം ചെണ്ടയ്ക്ക്,പണമെല്ലാം മാരാർക്ക്,എന്നു പറഞ്ഞ പോലെയായി. "- പാലൻ

വിജയൻ എഴുന്നേറ്റ്  :- "സൈലൻസ്."

ബാക്കി പറഞ്ഞത് ഭൈരവനാണ്:

"എല്ലാവരും അച്ചടക്കം പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്,.

നിങ്ങളിൽ ഓരോരുത്തർക്കും യോജിച്ച സ്ഥാനങ്ങൾ വരുമ്പോൾ തീർച്ചയായും പാർട്ടി നിങ്ങളെ  പരിഗണിക്കുന്നതാണ് എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. .ദീർഘിപ്പിക്കുന്നില്ല, എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഈ യോഗം പിരിച്ചു വിട്ടതായി അറിയിക്കുന്നു."

പാലു പിരിഞ്ഞതുപോലെ കൊത്തും വെള്ളവുമായാണ് അന്ന് യോഗം പിരിഞ്ഞത്.

 (തുടരും)


അഞ്ച്

മെയിൻ റോഡിനിരുവശവുമുള്ള മതിലുകളിൽ .രങ്കനും മാർട്ടിനും    പോസ്റ്ററുകൾ ഒട്ടിക്കുന്നു. സമീപത്ത് കാറുമായി ഭൈരവൻ.


"നോട്ടീസ് കൊടുക്കണം, അനോൺസ്മെൻറ് നടത്തണം,  എന്തെല്ലാം ജോലികൾ ഉണ്ട്. ബാക്കിയുള്ളവരെയൊന്നും ഇതുവരെ കാണുന്നില്ലല്ലോ". - ഭൈരവൻ

 ഭൈരവൻ മൊബൈലിൽ ചിലരെയൊക്കെ വിളിച്ചു നോക്കുന്നു. പിന്നെ ദൂരേക്ക് നോക്കി  :- '' അതാ - മൂന്നുപേരും അതാ വരുന്നു." 

സണ്ണിയും  പാലനും അസീസും നടന്നുവരുന്നു. 

അവർ ഭൈരവനെ കണ്ടെങ്കിലും അയാളെ ശ്രദ്ധിക്കാതെ റോഡിൻറെ മറുവശത്തുകൂടി നടക്കുന്നു.

"എടാ -പാലാ- നിങ്ങൾ എങ്ങോട്ട് പോകുന്നു? "- ഭൈരവൻ

അവർ നിന്നു.

"പ്രസിഡൻറ് ഇന്നലെ പറഞ്ഞത് കേട്ടപ്പോഴാണ്  ഞങ്ങൾക്ക് ബോധം വന്നത്. -പാലൻ

ഞാൻ എന്തു പറഞ്ഞു? - ഭൈരവൻ

‘’ഓരോരോ സ്ഥാനം കിട്ടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയും അറിവും വേണം എന്നു പറഞ്ഞില്ലേ?’’- അസീസ്,

‘’അപ്പോഴാണ് നമുക്ക് മനസ്സിലായത് പാർട്ടീരെ അണിയെന്നും പറഞ്ഞു നടന്നിട്ട് കാര്യമില്ല, നാലക്ഷരം പഠിച്ചാലേ രക്ഷപ്പെടാൻ പറ്റൂവെന്ന്. ‘’ - സണ്ണി

‘’ഞങ്ങൾ  പി. എസ്. സി. യുടെ കോച്ചിംഗ് സെൻററിൽ ഒരു വർഷത്തെ കോഴ്സിന് ചേർന്നു ‘’.-പാലൻ

‘’നിങ്ങൾ ഇവിടത്തെ കാര്യങ്ങള് ഇങ്ങനെ പാതി വഴിയിൽ ഇട്ടിട്ടു പോയാലെങ്ങനെ?’’- ഭൈരവൻ

''അച്ഛൻപ്രസിഡണ്ടും മോൻ പ്രസിഡൻറ്റും സെക്രട്ടറിയും പിന്നെ, ദാ - ഇവരും ഒക്കെ ഉണ്ടല്ലോ. ബാക്കി കാര്യങ്ങൾ നിങ്ങളങ്ങു നോക്കിയാൽ മതി." -പാലൻ

"പിന്നെ, ഒരു വർഷത്തേക്ക് ഒരു ലീവ് ലെറ്റർ എഴുതി ഞങ്ങൾ പാർട്ടി ഓഫീസിൽ കൊടുത്തിട്ടുണ്ട്. " -അസീസ്,

"അപ്പോൾ, ഇനി ഒരു വർഷം കഴിഞ്ഞ് കാണാം പ്രസിഡൻ്റേ ".-സണ്ണി

അവർ മൂന്നു പേരും നടക്കുന്നു 

ഭൈരവൻ രങ്കൻ്റെ അടുത്തുവന്ന് - " രങ്കാ, ഒരു വർക്കുണ്ട്." 

"എന്തു വർക്ക്? "- രങ്കൻ 

"ഇവന്മാർക്ക് പി. എസ്. സി. ജോലി കിട്ടരുത്. അതിന് ഇവമ്മാരെ ഏതെങ്കിലും കള്ള കേസിൽ കുടുക്കണം." - ഭൈരവൻ

രങ്കൻ ദേഷ്യം വന്നു കത്തിയെടുത്ത്  ചൂണ്ടി-

 "ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഒരുമാതിരി തന്തയില്ലാത്ത പരിപാടി ഞങ്ങളോട് പറയരുത്. കൂടെ നിൽക്കുന്നവനെ ചതിക്കാൻ ഞങ്ങളെ കിട്ടൂല. ഒരു മറ്റേടത്തെ പ്രസിഡൻറ്."

അതു കേട്ട്ഭൈരവൻ പിന്മാറി.

 

മുന്നോട്ടു നടക്കുന്നതിനിടയിൽ സണ്ണി അരിശത്തോടെ പറഞ്ഞു - "ഇയാൾ ഭൈരവനല്ല, കാലഭൈരവനാണ്. "

പാലൻ അതിനെ പിന്താങ്ങി: "അതു ശരിയാ. കാലഭൈരവൻ്റെ വാഹനമറിയില്ലേ? ആ വാഹനമാണ് നമ്മളെപ്പോലുള്ള പ്രവർത്തകർ."

‘’വാഹനമെന്താണെന്ന് പറ?"

"നായ "

അസീസ്,മതിലിൽ ഒട്ടിച്ചിരിക്കുന്ന ഒരു പോസ്റ്ററിലേക്ക് കൈ ചൂണ്ടി.

"അതാ അത് നോക്ക്."

കോവിഡിൻ്റെ ഒരു പരസ്യത്തിനു മുകളിലാണ് ആ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. പോസ്റ്ററിൽ ഭൈരവൻറെ ഫോട്ടോയുണ്ട്. രണ്ടു പോസ്റ്ററും ചേർത്ത് ഇങ്ങനെ വായിക്കാം :

“ഭൈരവൻ നയിക്കുന്ന വാഹനജാഥ. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.”

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ