mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നാല് 

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിനം സമാഗതമായി. ഉത്സവപ്രതീതിയോടെ പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു. പതാക ഉയർത്തൽ, എം.എൽ.എ.യുടെ ഉദ്ഘാടനം, നേതാക്കളുടെ പ്രസംഗങ്ങൾ... ഒക്കെ കഴിഞ്ഞ് തളർന്നവർക്ക് ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി നൽകി വീണ്ടും ഉന്മേഷം വരുത്തി.

 ഉച്ചയ്ക്കുശേഷം അംഗങ്ങളുടെ യോഗം ആരംഭിച്ചു.റിപ്പോർട്ട്, കണക്ക്, ചർച്ച, കൈയിട്ടടിച്ച് പാസാക്കൽ എല്ലാം കഴിഞ്ഞ് ഉദ്വോഗജനകമായ തെരഞ്ഞെടുപ്പിൻ്റെ സമയമായി.

വേദിയിൽ പ്രസിഡൻറ്  ഭൈരവൻ, സെക്രട്ടറി വിജയൻ എന്നിവർ. അതിനുപിന്നിലായി ബ്ലാക്ക് ക്യാറ്റ്സ് എന്നപോലെ മാർട്ടിനും രങ്കനും നിൽപ്പുണ്ട്, സദസിൽ പാലൻ, അസീസ്, സണ്ണി, തുടങ്ങിയ അംഗങ്ങൾ എല്ലാവരുമുണ്ട്. ഏറ്റവും പിന്നിലായി ഒറ്റപ്പെട്ട് -ചിത്രൻ ഇരിക്കുന്നു.  മാർട്ടിൻ ഭൈരവൻറെ അടുത്തുവന്ന് പതുക്കെ - "പ്രസിഡൻറ്റേ,കഴിഞ്ഞ ഇലക്ഷനിലെ കുത്തുകേസ് - വിചാരണ അടുത്തയാഴ്ച യാണ്. "

"ഞാൻ വക്കീലിനെ വിളിക്കാം". - ഭൈരവൻ

"മറക്കാതെ വിളിക്കണം. 

അല്ലെങ്കിൽ ഞാൻ അകത്തു പോകും"- മാർട്ടിൻ

"അകത്തു പോയാലും നീ പേടിക്കണ്ട.നിൻറ്റെ കുടുംബം ഞാൻ നോക്കിക്കൊള്ളാം"-.  ഭൈരവൻ

"അതാ എൻറ്റെ പേടി ".- മാർട്ടിൻ 

പുറത്ത് ഒരു കാർ വന്നു നിന്നു. 

കാറിൻ്റെ മുൻപിലത്തെ സീറ്റിൽ നിന്നും സുഗുണൻ പുറത്തിറങ്ങി, പിൻസീറ്റ് ഡോർ തുറന്നു പിടിക്കുന്നു. പിൻസീറ്റിൽ നിന്നും ബ്രാഞ്ച് തെരഞ്ഞെടുപ്പിൻറ്റെ ചാർജ് വഹിക്കുന്ന മേൽ കമ്മറ്റി മാഡം  പുറത്തിറങ്ങുന്നു. സുഗുണൻ മുൻപിൽ നടന്ന് മാഡത്തിന് വഴിയൊരുക്കുന്നു. 

"പ്ലീസ് വഴി മാറൂ …

മേഡം  ഈസ് കമിംഗ് …

 ഡോണ്ട് ഡച്ച്,,ഡോണ്ട് ഡച്ച്…

ഒന്ന് ബഹുമാനിക്കൂ  പ്ലീസ്…" 

എന്നൊക്കെ പറഞ്ഞുകൊണ്ട് സുഗുണൻ, മേഡത്തെ 

ഓഫീസിനകത്തേക്ക് കൊണ്ടു പോകുന്നു. 

 

മേഡം, വേദിയിലെ കസേരയിൽ ഇരുന്നു കഴിഞ്ഞ ശേഷം സുഗുണൻ ആ കസേരയുടെ പിന്നിലായി നിൽക്കുന്നു. 

രങ്കൻ, സുഗുണനെ ചൂണ്ടി മാർട്ടിനോടു പതുക്കെ പറഞ്ഞു:

"അത് നമ്മുടെ ആളാ. മേൽ കമ്മറ്റി ഗുണ്ടയാണ് "

"പോടാ-അത് മേഡത്തിൻ്റെ ഹസ്ബൻഡ് ആണ് ." - മാർട്ടിൻ

"ആണോ? അതാണ് ഒരു ഗുണ്ടയുടെ ലുക്കില്ലാത്തത്. ഹസ്ബൻറ്റെന്നും പറയൂല, ഗുണ്ടയെന്നും പറയൂല. വെറും ഒരുണ്ട !"-രങ്കൻ 

മാഡം നിർദ്ദേശിച്ചപ്പോൾ സുഗുണൻ സദസിനു മുന്നിലുള്ള കസേരയിൽ പോയിരുന്നു.

 

 ഭൈരവൻ എഴുന്നേറ്റു.

"മേൽക്കമ്മറ്റിയിൽ നിന്ന് നാം കാത്തിരുന്ന സീനാമേഡം ഇവിടെ എത്തിയിട്ടുണ്ട്. 

അടുത്ത രണ്ടു വർഷക്കാലം ഈ ബ്രാഞ്ചിനെ നയിക്കേണ്ട ഭാരവാഹികളുടെ ലിസ്റ്റ് മേൽകമ്മറ്റി ചർച്ച ചെയ്തു തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗികമായ ആ ലിസ്റ്റ് ഇവിടെ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനു വേണ്ടിയാണ് മേഡം  ഇവിടെ എത്തിയിരിക്കുന്നത്. അതിനായി ഞാൻ മേഡത്തെ ആദരപൂർവ്വം ക്ഷണിക്കുന്നു. "

മാഡം എഴുന്നേറ്റ് എല്ലാവരെയും വണങ്ങി. പിന്നെ സാരി ശരിയാക്കിയ ശേഷം സംസാരിച്ചു തുടങ്ങി:

''പ്രിയമുള്ള ബ്രാഞ്ച് പ്രവർത്തകരേ, മേൽ കമ്മിറ്റി തയ്യാറാക്കിയ പുതിയ ബ്രാഞ്ച് ഭാരവാഹികളുടെ ലിസ്റ്റ് ഞാൻ അവതരിപ്പിക്കുന്നു. നിലവിലുള്ള കമ്മറ്റി അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിക്കും സ്ഥാനമാറ്റം ഇല്ല. അവർ അതേപടി തുടരുന്നതാണ്. ബ്രാഞ്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രമാണ് പുതിയൊരാൾ വരുന്നത്. 

അയാളുടെ പേര് ഞാൻ വായിക്കാം.

ബി. ചിത്രഭൈരവൻ

ചിത്ര മന്ദിരം.''

അതു കേട്ട് പാലൻ വിളിച്ചു ചോദിച്ചു: "അത് നമ്മുടെ പ്രസിഡണ്ടിൻ്റെ മോനല്ലേ? "

ഭൈരവൻ തന്നെയാണ് അതിനു മറുപടി നൽകിയത്:

''കുടുംബം അല്ല വ്യക്തിയാണ് പ്രധാനം."

''എന്നാപ്പിന്നെ പ്രസിഡൻറ് കുടുംബത്തിൽ പോകാതെ പാർട്ടി ഓഫീസിൽ തന്നെ കെടന്നാ പോരേ ?" - അസീസ്

ആ ചർച്ചയ്ക്കിടയിൽ സീനാമേഡം കൈ ഉയർത്തിക്കൊണ്ടു പറഞ്ഞു: "ക്ഷമിക്കണം ,എനിക്ക് പാർട്ടിയുടെ ഒരു  അപ്പർ മീറ്റിംഗ് ഉണ്ട്. അതിനാൽ ഞാൻ ഇറങ്ങുകയാണ്. നിങ്ങൾ ഈ ലിസ്റ്റ് കൈയടിച്ച് പാസാക്കണം എന്നാണ് എനിക്കു പറയാനുള്ളത് ."

ആരും കൈയടിക്കാത്തതിനാൽ ഭൈരവൻ തന്നെ കൈയടി തുടങ്ങി വിട്ടു.. വിജയനും ചിത്രനും അതേറ്റു പിടിച്ചു.,ഭൈരവൻ്റെ കണ്ണുരുട്ടൽ കണ്ട് മറ്റു ചിലരും ഒന്നു രണ്ടടി അടിച്ചു. കൈയടിക്ക് ശക്തി പോരെന്ന് മനസിലായ ഭൈരവൻ പാർട്ടി ഗുണ്ടകളായ മാർട്ടിനെയും രങ്കനെയും നോക്കി 1000 രൂപ എന്ന് ആംഗ്യം കാണിച്ചു.ആ പ്രലോഭനത്തിൽ വീണ അവർ നിർത്താതെ അടി തുടങ്ങി. അങ്ങനെ പുതിയ ലിസ്റ്റ് പാസായതായി ഭാവിച്ച് മാഡം വേദിയിൽ നിന്നിറങ്ങി.

 

സുഗുണൻ വീണ്ടും മുമ്പിലേക്ക് വന്ന് മേഡത്തിന് വഴിയൊരുക്കി പുറത്തേക്ക് കൊണ്ടുപോകുന്നു.

-ചിത്രൻ നാടകീയമായി ചാടി  എണീറ്റ് മുദ്രാവാക്യം മുഴക്കുന്നു: :--

"J. S. P. സിന്ദാബാദ് "

ആരും ഏറ്റു വിളിക്കുന്നില്ല .

അതുകണ്ട്  ഭൈരവനും വിജയനും മാത്രം ഏറ്റു വിളിക്കുന്നു .

"J. S. P.സിന്ദാബാദ് "

"സീനാമാഡം സിന്ദാബാദ് " 

"സീനാ മാഡം സിന്ദാബാദ് " 

"ശ്രീ  ഭൈരവൻ സിന്ദാബാദ് " 

"ശ്രീ  ഭൈരവൻ സിന്ദാബാദ് " 

"സെക്രട്ടറി വിജയൻ സിന്ദാബാദ് "

"സെക്രട്ടറി വിജയൻ സിന്ദാബാദ്"

അപ്പോൾ വിജയൻ ഇതു കൂടി ചേർത്തു:

"പ്രസിഡൻറ് ചിത്രൻ സിന്ദാബാദ്"

"പ്രസിഡൻറ് ചിത്രൻ സിന്ദാബാദ്"

ഭൈരവൻ്റെ നിർദ്ദേശമനുസരിച്ച് ചിത്രൻ വേദിയിലേക്ക് വന്ന് അദ്ധ്യക്ഷൻറ്റെ കസേരയിൽ ഇരിക്കുന്നു.

 

"പ്രസിഡൻ്റേ, ഇതു വല്ലാത്ത ചതിയായിപ്പോയി. " - സണ്ണി

"പാർട്ടിയെ കുറ്റം പറഞ്ഞു കൊണ്ട് നടന്നവൻ ഇപ്പോൾ പാർട്ടി പ്രസിഡൻറ്.  അണിയെന്നും ആണിയെന്നും ഒക്കെ പറഞ്ഞ് പാർട്ടിയുടെ പുറകെ നടന്ന നമ്മളൊക്കെ വെറും കാഴ്ചക്കാര്. "-പാലൻ

"ഇതുപോലുള്ള പോസ്റ്റുകളിൽ നിയമിക്കുമ്പോൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയും അറിവും കൂടി നോക്കേണ്ടിവരും. അല്ലാതെ പാർട്ടി പ്രവർത്തകൻ എന്നതു മാത്രമല്ല മാനദണ്ഡം… നിങ്ങൾ കാര്യങ്ങൾ മനസിലാക്ക് ."- ഭൈരവൻ

"ഞങ്ങക്കെല്ലാം മനസിലായി പ്രസിഡൻറ്റേ, ഇനിയിപ്പോ നിങ്ങടെ കള്ള ന്യായമൊന്നും ഞങ്ങക്കു കേക്കണ്ട." - അസീസ്

"നെടുനീളത്തിന് പ്രസംഗിക്കും...പ്രവൃത്തിക്കുന്നത് അതിന് നേരെ വിപരീതവും." - സണ്ണി

"അടിയെല്ലാം ചെണ്ടയ്ക്ക്,പണമെല്ലാം മാരാർക്ക്,എന്നു പറഞ്ഞ പോലെയായി. "- പാലൻ

വിജയൻ എഴുന്നേറ്റ്  :- "സൈലൻസ്."

ബാക്കി പറഞ്ഞത് ഭൈരവനാണ്:

"എല്ലാവരും അച്ചടക്കം പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്,.

നിങ്ങളിൽ ഓരോരുത്തർക്കും യോജിച്ച സ്ഥാനങ്ങൾ വരുമ്പോൾ തീർച്ചയായും പാർട്ടി നിങ്ങളെ  പരിഗണിക്കുന്നതാണ് എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. .ദീർഘിപ്പിക്കുന്നില്ല, എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഈ യോഗം പിരിച്ചു വിട്ടതായി അറിയിക്കുന്നു."

പാലു പിരിഞ്ഞതുപോലെ കൊത്തും വെള്ളവുമായാണ് അന്ന് യോഗം പിരിഞ്ഞത്.

 (തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ