Article Index

(Remya Ratheesh)

ഭാഗം ഒന്ന്

ഉറക്കെയുള്ള  ശബ്ദം കാതിൽ വന്നലച്ചപ്പോൾ ആണ് ഗാഢമായി വസുധയിൽ അലിഞ്ഞു ചേർന്ന ഉറക്കം വഴിമാറിയത്. മടിച്ച് മടിച്ച് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

അടുത്ത വീട്ടിലെ കാളിയമ്മയോട് മഴയെ ശകാരിച്ചുകൊണ്ട് അമ്മ എന്തൊക്കെയോ പറയുകയാണ് എങ്ങനെ പറയാതിരിക്കും, രാത്രിയിലത്തെ പെയ്ത്തിൽ മുറ്റമാകെ വൃത്തികേടായി കിടക്കുകയാണ്‌. അതിൻ്റെ അവശിഷ്ടമെന്നോണം അവിടവിടമായി ചളി വെള്ളവും, റബ്ബറിൻ്റെ ഇലകളും! മുറ്റത്ത് ചൂല് കാണിച്ചിട്ട് തന്നെ ദിവസങ്ങളായി. മഴവെള്ളത്തോടൊപ്പം ആലിംഗനത്തിൽ ചേർന്നിരിക്കുന്ന അളിഞ്ഞു തുടങ്ങിയ ഇലകൾ അതിൻ്റെ അസ്ഥിപഞ്ജരം കാട്ടിത്തുടങ്ങിയിരുന്നു.

വേലിക്കരികിൽ പടർന്നു പന്തലിച്ച കറിവേപ്പിൽ നിന്നും കൈപ്പിടിയിലൊതുങ്ങുന്ന അത്രയും അടർത്തിയെടുത്ത് കാളിയമ്മയുടെ കൈയിൽ വെച്ച് കൊടുത്ത് പിന്തിരിയുമ്പോഴാണ് യശോദാമ്മയുടെ ശ്രദ്ധ അവൾക്കരികിലെത്തിയത്.

"ഓഹ് തമ്പുരാട്ടി എഴ്ന്നേറ്റോ?"
അവളുടെ മുഖത്ത് ഒരു വളിച്ച ചിരി മിന്നി മറഞ്ഞു.
"ഇളിച്ചോണ്ട് നിക്കാതെ പോയി പല്ല് തേച്ച് കുളിച്ച് വാ പെണ്ണേ!"

അല്ലെങ്കിലും അവർ എപ്പൊഴും അങ്ങനെ തന്നെ, അവളെ കാണുന്ന സമയത്തൊക്കെ ശകാരവും, കുറ്റപ്പെടുത്തലും. തിരിച്ചൊന്നും പറയാത്തത് അമ്മയാണെന്ന വിചാരം കൊണ്ടാണ്. പകരം മുഖം വീർപ്പിച്ച് നടക്കും. അത് ഒന്നൂടെ പ്രാവർത്തികമാക്കുന്ന വിധത്തിൽ നിറുകയിൽ കെട്ടിവെച്ച കാർകൂന്തലിന് സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് തുളസിയും, ചെമ്പരത്തിയും ഇട്ട് കാച്ചിയ വെളിച്ചെണ്ണയുമായി അടുക്കള പുറത്തെ ഇറങ്കല്ലിൽ പോയിരുന്ന് മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നപ്പോഴാണ് കാളിയമ്മയുടെ ഭർത്താവ് ചോമൻ്റെ കൂടെ അച്ഛൻ  വരുന്നത് അവൾ കണ്ടത്. തെയ്യത്തിരക്ക് ഇല്ലാത്തപ്പോഴൊക്കെ ചോമനമ്മാവൻ അച്ഛനൊപ്പം കാണും.

ചോമനെ അമ്മാവാന്ന് വിളിക്കുന്നതിന് ഗംഗാധരൻ നായർ അവളെ കണക്കിന് ശകാരിക്കും. "കണ്ട പണിക്കൻമാരെയെല്ലാം അമ്മാവാ, വല്യച്ഛാ ന്ന് ഒക്കെ വിളിച്ച് ബന്ധുക്കളാക്ക്. അവസാനം എല്ലാം കൂടെ അടുക്കളേൽ ആയിരിക്കും പറഞ്ഞില്ലെന്ന് വേണ്ട." പക്ഷെ അവളുടെ കണ്ണിൽ എല്ലാരും ഒരുപോലെ തന്നെ. അച്ഛനെ പേടിച്ച് അവൾ വിളി മാറ്റാറും ഇല്ല.
ചെണ്ട കൊട്ടുന്ന കാര്യത്തിൽ ചോമനെ കവച്ച് വെക്കാൻ ആ ദേശത്ത് വേറെയാരും ഇല്ലെന്ന് വേണമെങ്കിൽ പറയാം. വസുധക്ക് എന്തുകൊണ്ടൊ അവരോടൊക്കെ വല്ലാത്ത ആരാധനയാണ്.

നാട്ടിലെ പ്രമാണിക്ക് തുല്യമാണ് വസുധയുടെ അച്ഛൻ ഗംഗാധരൻ നായർ. ഒരു പാട് വയൽകൃഷിയും, റബ്ബറും, കന്നുകാലികളുമൊക്കെയായി ആഢ്യത്തരത്തിൻ്റെ ആൾരൂപം എന്ന് വേണമെങ്കിൽ പറയാം. ജാതിയിൽ താഴെ ഉള്ളവരോടെല്ലാം മുത്തച്ഛൻ ഉള്ള കാലത്തേ ഉള്ള പരമപുച്ഛം അവളുടെ അച്ഛനും പാരമ്പര്യ സ്വത്തു പോലെ കാത്തു സൂക്ഷിക്കുന്നു. പക്ഷെ താഴ്ന്ന ജാതിക്കാരനായ ചോമനെ  വല്ല്യ കാര്യമാണ്. എങ്കിലും തൊടിക്ക് ഇപ്പുറത്തേക്ക് ചോമനെ കടക്കാൻ അദ്ദേഹത്തിൻ്റെ ആത്മാഭിമാനം ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് മാത്രം. അമ്മ; യശോദയാണെങ്കിൽ അയാളുടെ നിഴലായി കൂടിയതിനു ശേഷം സ്വയം അടുക്കളക്കാരിയായി മാറിയ ഒരു നാരീജന്മം.

എല്ലാവരും ചേർന്നുള്ള കൂട്ടുകുടുംബത്തിൽ അവർക്ക് മക്കളായി ഒമ്പത് പേരാണ്; ആറ് പെണ്ണും മൂന്ന് ആണും. ആൺ പിള്ളേരും അവരുടെ മക്കളും, അമ്മാവൻമാരും  അമ്മായിമാരും എല്ലാവരും ഒന്നിച്ചാണ് താമസിക്കുന്നത്. അതു കൊണ്ട് നേരം പുലർന്നാൽ അന്തി ആവണതുവരെ സമയം പോകാൻ എവിടെയും പോകണ്ട. വസുധക്ക് കൂട്ടിനാണെങ്കിൽ പലവയസ്സിലുള്ള കുട്ടികളും ഉണ്ട്. എന്നും അവരോടൊപ്പമുള്ള കളി കണ്ട് യശോദാമ്മ മാത്രം വഴക്ക് ഉണ്ടാക്കും. ബാക്കിയുള്ളവർ അങ്ങനെയല്ല എല്ലാവർക്കും സ്നേഹവും പരിഗണനയും ആണ്. ഒന്നിനും ഒരു കുറവും ഇല്ല. പക്ഷേ വേണ്ടുന്ന ഒന്ന് മാത്രം കിട്ടയിട്ടില്ല അവൾക്ക് വിദ്യാഭ്യാസം. കരഞ്ഞ് നിലവിളിച്ച് വാശിപ്പുറത്ത് പേര് എഴുതി പഠിക്കാൻ വേണ്ടി മാത്രം രണ്ടാം ക്ലാസ് വരെ പറഞ്ഞയച്ചു. പിന്നെ അതും നിർത്തിച്ചു. എങ്കിലും കിട്ടുന്ന പുസ്തകമൊക്കെ ഉള്ളിലുള്ള അറിവുവെച്ച് അടുക്കി പെറുക്കി വായിക്കും.

പെങ്കുട്ട്യേൾ പഠിക്കേണ്ടതില്ലെന്നാണ് ഗംഗാധരൻ്റെ നിയമം. അയാളോട് എതിർ വാക്ക് പറയാൻ ആർക്കും ധൈര്യമില്ല. അടുക്കള പണി നന്നായി അറിഞ്ഞാൽ മതിയത്രേ... അതിന് വസുവിൻ്റെ അമ്മയുടെ കാര്യം തന്നെ  തെളിവാണ്. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസായതാണെന്ന് ഇടക്കിടെ പറയും. എന്നിട്ടും അവരുടെ ഗതി ഇങ്ങനെ ആണെങ്കിൽ പഠിക്കണമെന്ന അവളുടെ ആഗ്രഹമെങ്ങനെ ഉച്ഛസ്ഥായിൽ എത്തും.

"വസൂ... ഇരുന്ന് കിനാവ് കാണ്വോയിന്ന്. അച്ഛൻ വെര്ന്ന്ണ്ട്. വെറ്തെ വായില് ഉള്ളത് കേക്കണ്ട" അമ്മയുടെ സ്വരം അവളെ ഇരിപ്പിൽ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചു. എന്നിട്ടും പല്ലുതേപ്പിന് ഒരു പാട് സമയമെടുത്തു. കുറച്ചു നേരം ശാന്തത കൈവരിച്ച മഴ പിന്നെയും ആർത്തലച്ച് വന്നു. ആ മഴവെള്ളത്തിൽ അമ്മാവൻമാരുടെ മക്കൾ ചാടി തുള്ളുന്നു. കണ്ടു നിന്നപ്പോൾ  അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പതിയെ കാലും മനസ്സും അവർക്കൊപ്പം എത്തി. ആർത്തു മറിയുന്നതിനിടക്കാണ് പുറംമേനിയെ തഴുകി കൊണ്ട് ഒരു വിറകു കൊള്ളി പറന്ന് പോയത്. അമ്മ! വരാന്തയിൽ നിന്നും എടുത്ത് എറിഞ്ഞതാണ്.

"മിഴിച്ച് നിക്കാതെ ആ വെറകും കൊള്ളീം കൊണ്ട് ഇങ്ങ് വാടീ... പത്ത് പതിനഞ്ച് വയസ്സായി എന്നിട്ടും ഇളളാ കള്ളി മാറീല" അമ്മയുടെ വായ് തോരണി ആസ്വദിച്ചു കൊണ്ട് വിറകുമായി അടുത്തേക്ക് ചെന്നു. ഇത്തിരി അകലം പാലിച്ച് വിറകു കൊടുത്തു. അടി കിട്ടാതിരിക്കാനുള്ള അടവാണ് ആ അകലം. എന്നിട്ടും അവർക്ക് ഉന്നം തെറ്റിയില്ല.നടുപുറത്ത് തന്നെ ഒരെണ്ണം കൊടുത്തു. പുറവും തടവി കുളിമുറിയിലേക്ക് നടക്കുമ്പോൾ റേഡിയോവിൽ നിന്ന് എപ്പൊഴോ കേട്ട ലളിതഗാനത്തിൻ്റെ വരികൾ ചുണ്ടിൽ വിരിഞ്ഞു.

''ആ ഇനി അവിടെ കെടന്ന് ഗാനമേള നടത്താതെ പെട്ടെന്ന് ഇങ്ങ് ഇറങ്ങിക്കോണം" പിറകെ തന്നെ യശോദാമ്മയുടെ സ്വരവും എത്തി. 
ശ്ശോ; ഈ അമ്മ ഒരു തരത്തിലും വെറുതെ വിടുന്നില്ലല്ലോ എന്ന് മനസ്സിൽ ചിന്തിച്ചു. ബാത്റൂമിലെ ദർപ്പണത്തിൽ നോക്കി കുറച്ചിട നിന്ന് അവളിലെ ഐശ്വര്യ റോയിയെ ഒക്കെ ആസ്വദിച്ചു. തണുത്ത വെള്ളം കോരിയെടുത്ത് നഗ്നമേനിയിലേക്ക് വിരൽ കൊണ്ട് തെറുപ്പിച്ച് കുളിരു മാറ്റിയതിനു ശേഷം ആസ്വദിച്ച് ധാരപോലെ ബാക്കി വെള്ളം കോരിയൊഴിക്കുന്നതിനിടയിൽ തുറിച്ച കണ്ണുകളോടെ ഒരു ഗൗളി അവളെത്തന്നെ നോക്കുന്നു. അറിയാതെ ഉള്ളിലൊരു നാണം തളിരിടുകയും കൈകൾ മാറിനു മുകളിലേക്ക് പിണക്കുകയും ചെയ്തു. അത് കുറച്ചു നേരം കൂടി രംഗം വീക്ഷിച്ച് അതിൻ്റെ പാട്ടിന് പോയി. അപ്പോഴേക്കും വാതിലിന് തട്ടുന്ന ഒച്ചയും കേട്ടു. വിസ്തരിച്ചൊന്ന് കുളിക്കാനും വിടില്ല എന്നു മുറുമുറുത്തു കൊണ്ട് പെട്ടെന്ന് ഇറങ്ങുമെന്ന് മറുപടി കൊടുത്തുകൊണ്ട് വീണ്ടും ആസ്വദിച്ച് കുളിച്ചു.

രാവിലത്തെ വയറു നിറപ്പൊക്കെ കഴിഞ്ഞതിനു വെറുതെ ഇരിക്കുമ്പോഴാണ് ഇടവഴിയിലൂടെ ഏതോ പാർട്ടിക്കാരുടെ ജാഥ പോകുന്നത് കണ്ടത്. ജാഥ  ഒരു ആവേശമാണ് അവൾക്ക്. തൊണ്ട പൊട്ടുമാറുള്ള മുദ്രാവാക്യങ്ങൾ ഉള്ളിൽ ആവേശത്തിരയുണർത്തി. പെട്ടെന്നാണ് ഓർത്തത് ഇന്ന് ശനിയാഴ്ചയാണല്ലോ എന്ന്. ഇരുപുറവും അമ്മയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മർക്കടൻ്റെ ശരത്തോടെ  തിണ്ണയിൽ നിന്ന് മുറ്റത്തേക്കൊരു ചാട്ടം വെച്ചു കൊടുത്ത് ഇടവഴിയിലേക്ക് കുതിച്ചു. സീമയുടെ വീട് ലക്ഷ്യം വെച്ചു. സ്കൂളിലെ വിശേഷങ്ങൾ വളളിപുള്ളി തെറ്റാതെ അവൾ പറയുന്നത് കേൾക്കാൻ തന്നെ വല്ലാത്ത രസമാണ്. അവളുടെ സുന്ദരമായ വർത്തമാനങ്ങളിൽ നിന്നും 'പഠിക്കണം' എന്ന ഉൽക്കടമായ ആഗ്രഹം ഉള്ളിൽ വാനോളം ഉയർന്നത് അവളുടെ സ്കൂൾ വിശേഷങ്ങൾ കേട്ടാണ്.

വഴിയിലേക്ക് തല നീട്ടി നിൽക്കുന്ന    തളിർത്തു തുടങ്ങിയ തൈല പുല്ലിൻ്റെ കതിരിൽ നിന്നും  ഒരു കഷ്ണം പൊട്ടിച്ച് വായിലിട്ട് ചവച്ച് അരച്ച് നീര് ഇറക്കുമ്പോഴാണ് പിന്നിൽ നിന്നും വിളി കേട്ടത്. ചോമൻ്റെ മോള് ചീത! സീമയുടെ വീട്ടിലേക്ക് തന്നെ, ഇനി ഒരാൾ കൂടി വരാനുണ്ട് രുക്കു, അവളും അവിടെ എത്തും. അവർ നാൽവർ സംഘത്തിന് കൂട്ടായി രണ്ട് ആൺ ശിങ്കിടികളായി ചീതയുടെ ആങ്ങള സുബ്ബു,  കാശിനാഥൻ അവൻ വസുധയുടെ മച്ചുനൻ ആണ്. ഇതിൽ വിദ്യ അഭ്യസിക്കാൻ പോകുന്നത് സീമ പെണ്ണ് മാത്രമാണ്. അതു കൊണ്ട് അവളാണ് അവരുടെ നേതാവ്.

ആറ്റിനടുത്തായി ഒരു കളപ്പുരയുണ്ട്. അതിനു മുന്നിലൂടെയുളള മൺപാത പോകുന്നത് ടൗണിലേക്കാണ്. ഷീറ്റ് കൊണ്ടു പോകാൻ വരുന്ന ജീപ്പോ, ചെങ്കല്ല് കൊണ്ടു പോകുന്ന ചെറിയ ടിപ്പറോ ഒക്കെയാണ് അതിലെ പോകുന്നത്. റബ്ബർഷീറ്റൊക്കെ പുകയിടുന്നത് ആ കളപ്പുരയിൽ ആണ്. ഉണങ്ങാത്ത ഷീറ്റിന് പുകയിട്ടു കൊടുത്താൽ പിന്നെ ഒന്നോ രണ്ടോ ആഴ്ച അവിടേക്ക് ഒരു മാനാ മനുഷ്യൻ വരില്ല. ആ ധൈര്യത്തിലാണ് അവിടെ തന്നെ ഒത്തുകൂടാൻ അവർ തീരുമാനമെടുത്തതും. വരുമ്പോൾ എല്ലാവരും എന്തെങ്കിലുമൊക്കെ തിന്നാൻ കൊണ്ടുവരും. മിക്കവാറും ദിവസങ്ങളിൽ അവരിൽ ആരെങ്കിലും ആയിരിക്കും കൊണ്ടുവരിക. വസുധ വരുന്നത് തന്നെ ഒളിച്ചും പാത്തും ആണ്. ഇവരോടൊന്നും കൂട്ടുകൂടി നടക്കരുതെന്നാണ് അന്ത്യശാസനം. ആര് കേൾക്കുന്നു. അമ്മോൻ്റെ വീട്ടിലേക്കെന്നും പറഞ്ഞാണ് പലപ്പോഴും അവൾ പുറത്ത് ചാടുന്നത്. കാശി ഒപ്പമുള്ളതുകൊണ്ട് അധികം സംശയിക്കില്ല. അങ്ങനെയുള്ള അവൾക്കെവിടുന്നാ കൊറിക്കാനുള്ളത് കിട്ടുക. അവര് കൊണ്ടുവരുന്നത് പങ്കിട്ട് എടുത്ത് അതും കൊറിച്ചങ്ങനെ സൊറയുടെ മാല കെട്ട് അഴിക്കുന്നതിൽ അവർ ആനന്ദം കൊണ്ടു.

ചീതമ്മയോട് ബഡായി ഒക്കെ വിട്ട് മുന്നോട്ട് നടക്കുമ്പോഴാണ് വസുധ  കാളിയമ്മയെ കണ്ടത് പൈക്കളെ മേയ്ക്കുകയാണ്.  ചീതയോടൊപ്പം കണ്ട കാര്യം പൊടിപ്പും, തൊങ്ങലും വെച്ചാണ് യശോദാമ്മയോട് വിളമ്പുക. അതുകൊണ്ട് ചീതമ്മയുടെ മറപറ്റിയാണ് അവൾ മുന്നോട്ട് നടന്നത്. സീമയുടെ വീട്ടിൽ പോയി അവളെയും കൂട്ടി കളപ്പുരയിലേക്ക് നടക്കുമ്പോൾ ദൂരെ നിന്നും കാശിയുടെയും സുബ്ബുവിൻ്റെയും ചൂളമടി കേട്ടു. അപ്പോഴേക്കും വാനം മറന്നു പോയ മാരി വീണ്ടും തിരിച്ചെത്തി. കളപ്പുര ലക്ഷ്യമാക്കി കുതിച്ചപ്പോഴേക്കും മഴ അവരെ ആലിംഗനം ചെയ്യാൻ തുടങ്ങിയിരുന്നു. അംഗലാവണ്യങ്ങൾ പുറത്തു വെളിവാകുന്ന തരത്തിൽ ബ്ലൗസ് ദേഹത്തോട് ഒട്ടി തുടങ്ങിയിരുന്നു. അത് കണ്ട് വിഷമം തോന്നിയപോലെ സുബ്ബുവും, കാശിയും അരയിൽ ചുറ്റിയ തോർത്തെടുത്ത് അവർക്കുനേരെ എറിഞ്ഞു കൊടുത്തു. രണ്ടു പേരും തോർത്തും കൊണ്ട് വരുന്നതിന് പ്രത്യേക ലക്ഷ്യമുണ്ട്. തിരിച്ചു പോകുന്ന സമയം ആറ്റിലിറങ്ങി ചേറുമീനിനെ തോർത്തു വിരിച്ച് പിടിക്കും മുഴുത്തതിനെയാണ് കിട്ടുന്നതെങ്കിൽ ആരും കാണാതെ കവുങ്ങും തോട്ടത്തിൽ വെച്ച് ചുട്ടു തിന്നും.

മഴത്തുള്ളികൾ ചെറിയ ശില്ക്കാരത്തോടെ മേൽക്കൂര വിരിച്ച കളപ്പുരയുടെ ഷീറ്റിനു മേൽ പതിക്കുന്ന ശബ്ദം നിശബ്ദതയെ ഭേദിക്കുന്നുണ്ടായിരുന്നു. ചീത കൊണ്ടുവന്ന ഫാഷൻ ഫ്രൂട്ട് തോട് ഇളക്കി കഴിക്കുമ്പോഴാണ് ആറ്റിനപ്പുറത്തേക്കുള്ള കൈതക്കാട്ടിലേക്ക് നൂണുപോകുന്ന മനുഷ്യ രൂപത്തെ അവൾ കണ്ടത്. കണ്ണുകൾ കൊണ്ട് ഒപ്പമുള്ളവർക്ക് അവളാ കാഴ്ച കാട്ടികൊടുത്തു. ചീതയുടെ മുഖത്ത് ചിരി വിടർന്നു.
"അതെൻ്റെ അപ്പയാടി... പച്ചില തേടി പോകുന്നതാ''

ചോമന് പച്ചമരുന്നിനെ കുറിച്ചൊക്കെ നന്നായിട്ട് അറിയാം. അത്യാവശ്യം വൈദ്യ പണിയും ഉണ്ട്. ഓരോ പച്ചിലകളും പറിച്ച് മണത്ത് നോക്കി ഓരോന്നിൻ്റെയും ഉപയോഗത്തെ കുറിച്ചും അച്ഛനോട് പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്. ഇവർക്ക് ഇതൊക്കെ എങ്ങനെ അറിയാമെന്ന് അത്ഭുതം കൊണ്ടിട്ടുണ്ട്. ചില സിദ്ധികൾ ജന്മനാ ഉള്ളതായിരിക്കും.
എന്ന അമ്മൂമ്മയുടെ വാക്കുകൾ അവളുടെ മനസ്സിൽ തികട്ടി.

വല്ലം നിറയെ പച്ചമരുന്നിൻ്റെ വേരുകൾ അറുത്ത് തിരികെ ഇറങ്ങുകയായിരുന്നു ചോമൻ. അപ്പോൾ സുബ്ബുവും, കാശിയും തോർത്തു വിരിച്ച് പരൽ മീനുകളെ പിടിക്കുകയായിരുന്നു. ആറ്റിലേക്ക് ചാഞ്ഞിരിക്കുന്ന കണ്ടൽമരത്തിൻ്റെ തടിച്ച ശാഖയിലിരുന്ന് പെമ്പിള്ളേര് നാലുപേരും എന്തോ തിന്നുകൊണ്ട് ചിരിക്കുന്നു. അവരുടെ കൂട്ടത്തിൽ വസുധയെ കൂടി കണ്ടപ്പോൾ അയാളുടെ മനം നിറഞ്ഞു. ജാതിക്കും, മതത്തിനും എതിരെ ഒട്ടേറെ സമരങ്ങൾ നടന്നിട്ടും എന്താ കാര്യം. ഗംഗാധരൻ നായരുടെ മനസ്സിൽ മാത്രം ഇതേ വരെ വെളിച്ചം വീശിയിട്ടില്ല. ഏതായാലും വസുധ മോള് അതിനൊരു മാറ്റം വരുത്തുമെന്നാ തോന്നുന്നത്. മനസ്സിൽ ചിന്തിച്ചു കൊണ്ട് മടിക്കുത്തിൽ തിരുകിയ പഴങ്കൊട്ടക്കയുടെ പൊതി അയാൾ ചീതക്ക് നേരെ എറിഞ്ഞു കൊടുത്തു. പിന്നെ മഴ കൊണ്ട് പനി വരുത്തിവെക്കേണ്ട എന്ന സൂചന എല്ലാവർക്കും നൽകി ദൂരേക്ക് നടന്നു നീങ്ങി.

തുടരും...

Add comment

Submit