(Satheesh Kumar)
കാലത്തു തന്നെ ചിത്രഗുപ്തന്റെ ചാടിത്തുള്ളിയുള്ള വരവിൽ എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് കാലനു തോന്നാതിരുന്നില്ല. മൊബൈൽ മാറ്റിവെച്ചു വേഗം തന്നെ തലേന്നു നോക്കാൻ ചിത്രഗുപ്തൻ തന്ന അഗ്രസന്ധാനി പുസ്തകം എടുത്തു തുറന്നു വച്ച് മുടിഞ്ഞ തിരക്കുള്ളവനായി അഭിനയിച്ചു.
"കാലാ, ഇന്നലെ ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആയോ?" ചിത്രൻ കാലനോട് ചോദിച്ചു.
"എന്റെ പൊന്നു ബ്രോ ഈ സമയം നീ കൂടി ഇങ്ങനെ തുടങ്ങിയാൽ ഞാൻ ദേ ഞാൻ വല്ല ഫ്യൂരിഡാനും വാങ്ങി കഴിച്ചു ആത്മഹത്യ ചെയ്യേണ്ടി വരും.", കാലൻ ദയനീയമായി ചിത്രഗുപ്തനെ നോക്കി.
"നിങ്ങള് ചത്താൽ എനിക്കൊരു കുന്തോം ഇല്ല. ദേ ഞാനൊന്നൂടെ പറയാം, ഇന്നു രാവിലെ തന്നെ എന്റെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഞാൻ എന്റെ രാജികത്തു നൽകും. അല്ലങ്കിൽ മര്യാദക്ക്, കണക്കും ലിസ്റ്റും ഉണ്ടാക്കാൻ കുറച്ചു ബംഗാളികളെ ഉടനെ നിയമിക്കണം. പിന്നെ ശമ്പളം കൂട്ടി നൽകണം. കൂടാതെ ആ രാവണനോടു ചോദിച്ചു അങ്ങേരുടെ പുഷ്പകവിമാനം വാടകക്ക് എടുക്കണം. കുളമ്പുരോഗം വന്ന നിങ്ങളുടെ പോത്തിന്റെ പുറത്ത് അള്ളിപ്പിടിച്ചിരിന്നുള്ള യാത്ര ഞാൻ മടുത്തു. ഈ കൊറോണ വന്നതിനു ശേഷം ലോകത്താകമാനം ഓടിയോടി എന്റെ ഊപ്പാട് വന്നു. അപ്പോൾ വേഗം ഇതിനൊക്കെ ഒരു തീരുമാനം ആക്കിയേ, ഇല്ലങ്കിൽ എന്റെ തനി കൊണം കാലൻ അറിയും." ചിത്രൻ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞിട്ട് ഫ്രിഡ്ജ് തുറന്നു ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്തു മട മടാന്നു കുടിച്ചു.
"എന്റെ ചിത്രേ നീ ഒന്നടങ്ങു. ശമ്പളം കൂട്ടി തരാം, ബംഗാളികളെയും നിയമിക്കാം. പക്ഷെ വിമാനത്തിന്റെ കാര്യം, അത് കൊച്ചാട്ടനോട് എനിക്ക് ചോദിക്കേണ്ടി വരും. ഇന്നലെ രാത്രി അങ്ങേരെ വിളിച്ചപ്പോൾ എങ്ങുനിന്നോ വാറ്റും അടിച്ചിട്ട് മുടിഞ്ഞ ഡാൻസ് ആണവിടെ എന്നാണ് പാർവതി കൊച്ചമ്മ പറഞ്ഞത്. എന്തായാലും ഞാനൊന്ന് വിളിക്കട്ടെ." ഇതുപറഞ്ഞിട്ട് കാലൻ തന്റെ മൊബൈൽ എടുത്തു ശിവൻ കൊച്ചാട്ടന്റെ നമ്പർ ഡയൽ ചെയ്തു.
അങ്ങേത്തലക്കൽ പാർവതി ആണ് ഫോൺ എടുത്തത് "കൊച്ചമ്മേ ഇത് ഞാനാ കാലൻ. കൊച്ചാട്ടൻ ഇല്ലേ അവിടെ?"എന്റെ കാലാ അങ്ങേര് മുരുകന്റെയും ഗണപതിയുടെയും ഒപ്പം ലുഡോ കളിക്കുവാ. ഞാൻ ഫോൺ കൊണ്ടുക്കൊടുക്കാം."
"ങ്ഹാ എന്നാടാ ഉവ്വേ രാവിലെ തന്നെ ഒരു ഫോൺ കോൾ " ശിവൻ തന്റെ മുഖത്തിന് നേരെ പത്തിയും വിരിച്ച് ഇരുന്ന പാമ്പിനെ സൈഡിലേക്ക് ആക്കിയിട്ട് ചോദിച്ചു.
"കൊച്ചാട്ടാ ഇന്നലെയും ഞാൻ വിളിച്ചാരുന്നു നിങ്ങളെ. അപ്പോൾ നിങ്ങള് വാറ്റ് അടിച്ചിട്ട് ഡാൻസ് ആണെന്ന് പറഞ്ഞു. ദേ ഇവിടെ ആകെ പ്രശ്നമാണ്, ചിത്രഗുപ്തൻ ഇനി മുതൽ ജോലിക്ക് വരില്ലെന്ന്. ഈ കൊറോണ ആയതിനു ശേഷം ദിവസവും ആയിരക്കണക്കിന് എണ്ണത്തെയാണ് കെട്ടി വലിച്ചോണ്ട് വരേണ്ടുന്നത്. പോത്തിനാണെങ്കിൽ പഴയ പോലെ ആവുന്നില്ല. പിന്നെ കുളമ്പ് രോഗവും ഉണ്ട്. ലോകം മൊത്തം കറങ്ങണം എങ്കിൽ വിമാനം വേണ്ടി വരും. രാവണനോട് ചോദിച്ചിട്ട് ആ പുഷ്പക വിമാനം ഒന്ന് വാടകക്ക് എടുത്താലോ?" കാലൻ ചോദിച്ചു
"ആ ബെസ്റ്റ്. എടാ ഉവ്വേ പുഷ്പക വിമാനം എൻജിൻ പണിക്ക് കേറ്റിയേക്കുവാ. രാവണൻ അല്ലേ ആള്, കഴിഞ്ഞ ആഴ്ച സണ്ണി ലിയോണിനെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി പോയെന്നോ ഏതോ പട്ടാളക്കാർ വെടിവെച്ചു ഇട്ടന്നോ ഒക്കെ പറയുന്നത് കെട്ടു. ഞാൻ വേണമെങ്കിൽ സുബ്രഹ്മണ്യന്റെ മയിലിനെ ഒന്ന് ഏർപ്പാട് ആക്കിത്തരാം. അത് മതിയാകുമോ?. മയിലിനു വല്ലതും തിന്നാൻ കൊടുത്താൽ മതി അവൻ പറന്നോളും." വീണ്ടും മുഖത്തിനു നേരെ പത്തിയുമായി വന്ന പാമ്പിനെ സൈഡിലേക്ക് ആക്കിക്കൊണ്ട് ശിവൻ പറഞ്ഞു.
"ഓ മയിലിനു ഇടക്ക് ഇടക്ക് റസ്റ്റ് വേണമല്ലോ കൂടുതൽ ദൂരം അവനു പറ്റില്ല. പസഫിക് സമുദ്രത്തിനു കുറുകെ പൊയ്ക്കൊണ്ട് ഇരിക്കുമ്പോൾ റസ്റ്റ് എടുക്കണം എന്ന് പറഞ്ഞു താഴെ ഇറങ്ങിയാൽ, കടൽ വെള്ളം കുടിച്ചു ശ്വാസകോശത്തിൽ കേറി ഞങ്ങളെ തെക്കോട്ട് എടുക്കത്തെ ഒള്ളൂ. കൊച്ചാട്ടൻ വേറെ വല്ലതും പറ". കാലൻ പറഞ്ഞു.
"ങ്ഹാ എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ്. ഉഗ്രൻ ഒരു ഐറ്റം ഉണ്ട്. മ്മടെ ലുട്ടാപ്പി ആയാലോ. അവനാണെങ്കിൽ എന്നും ഓരോ OPR പൈന്റ് വാങ്ങി കൊടുത്താൽ മതി. ലോകത്തിന്റെ ഏത് കോണിലും കൊണ്ട് എത്തിച്ചോളും നിങ്ങളെ.", വീണ്ടും പാമ്പിനെ സൈഡിൽ ആക്കിക്കൊണ്ട് ശിവൻ പറഞ്ഞു.
"അതു കൊള്ളാം കൊച്ചാട്ടാ. ലുട്ടാപ്പി പൊളിക്കും. എനിക്ക് മ്മടെ പോത്തു തന്നെ മതി. ഇത് ചിത്രക്ക് ആണ്. പിന്നേ ഇനി എന്റെയൊരു പേർസണൽ മാറ്റർ ഉണ്ട്. എന്റെ പേരിൽ ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാട്ടിൽ ഒക്കെ എന്തു പോക്രിത്തരം കാണിച്ചാലും, കാലൻ, കാലമാടൻ, മുതുകാലൻ എന്നൊക്കയാണ് എല്ലാവരും പറയുന്നത്. അതൊക്കെ കേട്ടു തുമ്മി തുമ്മി ഊപ്പാട് വരുവാണ്. എന്റെ പേര് K ALAN (കെ അലൻ ) എന്നാക്കിയാലോ?. അതാകുമ്പോൾ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഒരു ഗെറ്റപ്പ് ഒക്കെ ഉണ്ട്", കാലൻ വീണ്ടും പറഞ്ഞു.
"ഈ ചെക്കന്റെ ഒരു കാര്യം. ആ നിന്റെ ഇഷ്ടം പോലെ ചെയ്യൂ " എന്നു പറഞ്ഞു ശിവൻ ഫോൺ താഴെവച്ചിട്ട് പാമ്പിനോട് അലറി.
"നിന്നോട് പണ്ടേ ഞാൻ പറയുന്നതാ ഫോൺ ചെയ്യുമ്പോൾ മുഖത്തിന്റെ നേരെ പത്തിയും വിരിച്ചോണ്ട് വന്നു നിൽക്കരുതെന്നു. ദേ എനിക്ക് ദേഷ്യം വന്നാൽ വാലിൽ പിടിച്ചു ഭിത്തിയിൽ അടിച്ചു കളയും ഞാൻ പറഞ്ഞേക്കാം.
പാമ്പിന് സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആയി. " അങ്ങുന്ന് മാസ്‌ക്കോ വെക്കുന്നില്ല, ഞാൻ പത്തി വിരിച്ചു നിന്ന് മാസ്കിന്റെ പണി ചെയ്യുവല്ലാരുന്നോ. അങ്ങേക്ക് വല്ല കൊറോണയും വന്നാൽ പിന്നെ ഞങ്ങൾ വഴിയാധാരം ആകത്തെ ഒള്ളൂ." പാമ്പ് വികാരാധീരനായി കരഞ്ഞുകൊണ്ട് പറഞ്ഞു.
"ഐ ആം ദി സോറി അളിയാ. ഐ ആം ദി സോറി. അറിഞ്ഞില്ല ഞാൻ നിന്നെ" എന്നു പറഞ്ഞു കൊണ്ട് ശിവൻ പാമ്പിനെ ആശ്വസിപ്പിച്ചു.
"ചിത്രാ നീ വേഗം തന്നെ ലുട്ടാപ്പിയെ കണ്ടു കാര്യങ്ങൾ അവനെ അറിയിക്കണം. ഹയർ ഹെഡ് ക്വാർട്ടറിൽ നിന്നുള്ള ഓർഡർ ആണെന്ന് പറയണം അവനോട്. വേണ്ടിവന്നാൽ ഈ കൊറോണ സീസൺ കഴിഞ്ഞാലും ചിലപ്പോൾ അവനെ സ്ഥിരം ആക്കാനുള്ള സാധ്യത ഉണ്ടെന്നും പറയണം. കൂടാതെ നാട്ടിൽ നിന്ന് കുറച്ചു എരുമകളെ വല്ല അസുഖവും വരുത്തി കൊന്ന് ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം. പോത്തിന് ഒരു ഉന്മേഷക്കുറവ് ഉണ്ട് കുറച്ചു നാളായി. കുറച്ചു എരുമകളെ കൂടെ കിട്ടിയാൽ അവനൊന്നു ഉഷാറാകും.പിന്നെ വരുന്ന വഴിക്ക് കുറച്ചു എള്ളിൻ പിണ്ണാക്ക് കൂടി വാങ്ങിയേരെ. കുറച്ചു നാളായി അവൻ പറയുന്നു എള്ളിൻ പിണ്ണാക്ക് വേണമെന്ന്." കാലൻ ചിത്രയോട് പറഞ്ഞു.
അങ്ങനെ ചിത്രഗുപ്തൻ ലുട്ടാപ്പിയെ കാണാനായി പോത്തിന്റെ മുകളിൽ കേറി യാത്രയായി. ബീവറേജ് പൂട്ടിയതിനാൽ വിക്രമന്റെയും, മുത്തുവിന്റെയും വാറ്റ് കേന്ദ്രത്തിൽ നിന്നും നടയടിയും കഴിഞ്ഞു വരുകയായിരുന്നു ലുട്ടാപ്പി. അപ്പോഴാണ് വഴിയരികിൽ ചിത്രഗുപ്തനെ കണ്ടത്.
"ലുട്ടാപ്പീ നിന്നെയും നിന്റെ കുന്തത്തെയും കൊണ്ടുപോകാനാണ് ഞാൻ വന്നിരിക്കുന്നത് " ചിത്രഗുപ്തൻ പറഞ്ഞു
"കൊണ്ടുപോകാനോ എങ്ങോട്ട്. അതിനു നിങ്ങൾ ആരാണ് " ലുട്ടാപ്പി തിരിച്ചു ചോദിച്ചു.
"ഹഹഹഹ ഞാനാണ് ചിത്രഗുപ്തൻ ".
ലുട്ടാപ്പിയുടെ നെഞ്ചിലൂടെ ഒരു വാരിക്കുന്തം പാഞ്ഞു. കൊമ്പുകൾ ടവർ പോലെ ആയി.
"എന്റെ ഗുപ്തൻ അണ്ണാ ഞാൻ എന്തുവേണേലും ചെയ്യാം എന്നെ കൊണ്ടുപോകരുത്. ഞാനിപ്പോൾ കള്ളത്തരങ്ങൾ ഒക്കെ നിർത്തി നല്ലവനായി ജീവിക്കുകയാണ് " ലുട്ടാപ്പി ചിത്രയുടെ കാലിൽ വീണു പറഞ്ഞു.
"എടാ കൊച്ചേ നീ പേടിക്കാതെ നിന്നെ കൊല്ലാനൊന്നും വന്നതല്ല. അതിന് കാലൻ അണ്ണനാണ് വരുന്നത്" ചിത്രഗുപ്തൻ ലുട്ടാപ്പിയെ സമാധാനിപ്പിച്ചു. എന്നിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞു കേൾപ്പിച്ചു.
ശ്വാസം നേരെ വീണ ലുട്ടാപ്പി ദീർഘനിശ്വാസം വിട്ടു. "ശിവൻ കൊച്ചാട്ടൻ പറഞ്ഞാൽ പിന്നെ എങ്ങനെ വേണ്ടന്നു പറയും. അണ്ണൻ പേടിക്കേണ്ട ഞാൻ കട്ടക്ക് നിന്നോളാം കൂടെ."
"എങ്കിൽ പിന്നെ ഈ സന്തോഷത്തിന് നമുക്ക് രണ്ടെണ്ണം അടിച്ചാലോ. വിക്രമന്റെ വാറ്റ് കേന്ദ്രത്തിൽ പറപ്പൻ വാറ്റ് ഉണ്ട്." ലുട്ടാപ്പി ചിത്രഗുപ്തനോട് പറഞ്ഞു.
"അതിനെന്താ ആയിക്കോട്ടെ", എന്നുപറഞ്ഞു ചിത്രഗുപ്തനും ലുട്ടാപ്പിയും വാറ്റ് കേന്ദ്രം ലക്ഷ്യമാക്കി പാഞ്ഞു. പോത്തിനെ പുല്ലുതിന്നാനും വിട്ടു. വാറ്റും താറാമുട്ട പുഴുങ്ങിയതും കഴിച്ചു സെറ്റായി ലുട്ടാപ്പിയും ചിത്രഗുപ്തനും തിരിച്ചെത്തിയപ്പോൾ ഒരാൾക്കൂട്ടം. പോത്തിന്റെ അമറലും കേൾക്കുന്നുണ്ട്. എത്തിയപ്പോൾ കണ്ട കാഴ്ച ചിത്രഗുപ്തനെ ഞെട്ടിച്ചു കളഞ്ഞു. നാലഞ്ച് തടിമാടന്മാർ പോത്തിനെ ഒരു മരത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്ന രീതിയിൽ കയർ വെച്ച് കെട്ടുന്നു. ഒരുത്തൻ കുറച്ചു വെള്ളം കൈകളിൽ ആക്കി പോത്തിന്റെ ചെവിയിൽ ഒഴിച്ചു. എന്നിട്ട് "നിന്നെ ഞങ്ങൾ തട്ടിയെക്കട്ടെ എന്നൊരു ചോദ്യം" ചെവിക്കുള്ളിൽ വെള്ളം വീണ പോത്ത്, അത് കളയാനായി തല കുലുക്കി.
"ഇവന് സമ്മതം ആണ്. ദേ തല ആട്ടുന്നു. ഇപ്പോൾ തന്നെ കാച്ചിയെരെ എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ ഉഗ്രൻ ഒരു കത്തിയുമായി വരുന്നു.
ചിത്രഗുപ്തൻ അഞ്ചുപേരെയും സൂക്ഷ്മമായി ഒന്ന് നോക്കി. ഇറച്ചി വെട്ടുകാരൻ കൊച്ചുതോമ, കൂടെ അസിസ്റ്റന്റ് ലാസർ കുഞ്ഞ്. എന്നും ബീഫ് മാത്രം കഴിക്കുന്ന വെട്ടിക്കുന്നിൽ കുഞ്ഞവുസേപ്പ്, റിട്ടയർ പോലീസ് കാരൻ വറീത് പിന്നെ നാട്ടിലെ പ്രധാന ബ്ലേഡ് ആയ കാരക്കുന്നേൽ വർക്കിച്ചൻ.
എല്ലാവർക്കും ഇനിയും സമയമുണ്ട് കുഴീലോട്ട് വീഴാൻ. പക്ഷെ പോത്തിനെ രക്ഷിച്ചേ പറ്റൂ.
തല്ക്കാലം കൊച്ചുതോമക്ക് ഒരു അറ്റാക്ക് വരുത്തി ഒരു കളി നടത്തി നോക്കാം. കത്തിയുമായി പോത്തിനെ വെട്ടാൻ തുനിഞ്ഞ കൊച്ചുതോമ ഉഗ്രനൊരു അലർച്ചയും പാസാക്കി നെഞ്ചും തടവി മുന്നോട്ട് വീണു. ഇതുകണ്ട് ഞെട്ടിത്തരിച്ചുപോയി നാലുപേരും.
"തോമാച്ചായന് കൊറോണയാണേ " അസിസ്റ്റന്റ് ലാസർ കുഞ്ഞ് അലറി. ഇതു കേട്ടതും ബാക്കി മൂവരും ഞെട്ടിത്തരിച്ചു പുറകോട്ട് മറിഞ്ഞു. ഈ വെപ്രാളത്തിനിടയിൽ ചിത്രഗുപ്തൻ പോത്തിനെ അഴിച്ചു മാറ്റി.
SI മിന്നൽ ശശിയുടെ ശക്തമായ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് ടീമാണ് തോമാച്ചനെ ഹോസ്പിറ്റലിൽ ആക്കിയത്. കൂടെ ഉണ്ടായിരുന്ന എല്ലാവരെയും ക്വാറെന്റീനിൽ ആക്കി . കൊറോണ കാലത്ത് കൂട്ടം കൂടിയെന്ന പേരിൽ കേസും രെജിസ്റ്റർ ചെയ്തു. ഇതെല്ലാം കണ്ട് ചിരിച്ചു ബോധം പോയ ചിത്രഗുപ്തനും ലുട്ടാപ്പിയും പോത്തുമായി കാലന്റെ കൊട്ടാരത്തിൽ എത്തി.
തുടരും.....
ഭാഗം 2
കുന്തത്തിൽ കയറി ലുട്ടാപ്പിയും ചിത്രഗുപ്തനും പോത്തും കാലന്റെ കൊട്ടാരത്തിൽ എത്തി. പോത്തിന് കാടിയും കൊടുത്ത് മേയുവാൻ പറമ്പിലേക്ക് വിട്ടിട്ട് ചിത്രൻ ലുട്ടാപ്പിയുമായി കാലന്റെ ഓഫീസിൽ ചെന്നു.
"കട്ടപ്പനയിൽ നിന്ന് ആള് കേറിയോ " കാലന്റെ മുറിയിൽ നിന്നൊരു ശബ്ദം. ചിത്രഗുപ്തൻ ലുട്ടാപ്പിയെ ഒന്ന് തടഞ്ഞു. എന്നിട്ട് തന്റെ മെമ്മറി ഒന്ന് അനലൈസ് ചെയ്തു. പനി വന്നപ്പോൾ കൊറോണ ആണെന്ന് പറഞ്ഞു നാട്ടുകാർ എല്ലാം കൂടെ പേടിപ്പിച്ചു ഹാർട്ട് അറ്റാക്ക് ആക്കി കൊന്ന കുഴിയൻ പറമ്പിൽ നാരായണൻ. തേൻ വരിക്ക പറിക്കാൻ പ്ലാവിൽ കയറി, പാമ്പിനെ കണ്ടു പേടിച്ചു പാമ്പിനൊപ്പം അന്യായമായ ഒരു ഹൈജമ്പ് ചാടി അറഞ്ഞു തല്ലി വീണ് വീരചരമം പ്രാപിച്ച മരം വെട്ടുകാരൻ ജോസ്. പോലീസിന്റെ ഡ്രോൺ കണ്ട് പ്രാണ രക്ഷാർദ്ധം ഓടി നാനൂറ് മീറ്റർ വെറും നാല്പത് സെക്കന്റിൽ താണ്ടി അവസാനം പൊട്ടക്കിണറ്റിൽ വീണ് ഇഹലോകവാസം വെടിഞ്ഞ വാറ്റുകാരൻ സുധാകരൻ. ഇങ്ങനെ മൂന്നുപേർ ആയിരുന്നു കട്ടപ്പനയുടെ അഭിമാനം കാത്തവർ. പിന്നെ ഇങ്ങേര് ഇതാരുടെ കാര്യമാണ് ചോദിക്കുന്നത്. ചിത്രനൊരു സംശയം.
ആ എന്തെങ്കിലും ആകട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ചിത്രൻ ഓഫീസിലേക്ക് കടന്നു.
"വരണം, വരണം മിസ്റ്റർ ലുട്ടാപ്പി " കാലൻ ലുട്ടാപ്പിയെ സ്വാഗതം ചെയ്തു. തന്നെക്കാൾ വലിയ കൊമ്പുള്ള ഒരുത്തനെ ആദ്യമായി കണ്ട അതിശയത്തിൽ ആയിരുന്നു ലുട്ടാപ്പി.
"എന്നടാ ഉവ്വേ ഇവിടെ എന്നും ബീഫ് ആണോ, ഇവിടുത്തെ ഇറച്ചി വെട്ടുകാരന്റെ ഊപ്പാട് വരുമല്ലോ " ഭിത്തിയിൽ ഉള്ള പോത്തിന്റെ തലകൾ നോക്കിക്കൊണ്ട് ലുട്ടാപ്പി ചോദിച്ചു.
"എടാ കൊച്ചേ, അത് കാലന്റെ ഹെൽമറ്റ് ആണ്" ചിത്രൻ പറഞ്ഞു.
"പൊളിച്ചു ബ്രോ. നാട്ടിൽ ഒക്കെ ഇതുപോലെ ഒരെണ്ണം ഞാൻ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്തായാലും ഒരെണ്ണം എനിക്കും വേണം " ലുട്ടാപ്പി തന്റെ ആവിശ്യം അറിയിച്ചു.
"ഒന്നോ പത്തോ എടുത്തോ നീയെന്റെ മുത്തല്ലേ ചക്കരേ." എന്നുപറഞ്ഞു കാലൻ ലുട്ടാപ്പിയുടെ കുഞ്ഞിക്കൊമ്പിൽ തടവി.
"ഉം തടവൽ ഒക്കെ ഒന്ന് മാറിനിന്നുമതി കൊറോണയാ കൊറോണ. കാലനായാലും വന്നാൽ ഊപ്പാട് വരുത്തേ ഒള്ളൂ", ലുട്ടാപ്പിയുടെ ഡയലോഗ് കേട്ട് കാലൻ ഒന്ന് ഞെട്ടി പുറകോട്ട് മാറി.
"അല്ല കാലാ ഈ കട്ടപ്പനയിൽ നിന്ന് ആള് കേറിയോ എന്ന് ചോദിക്കുന്നതു കേട്ടു. അവിടെ പെൻഡിങ് ഒന്നുമില്ലല്ലോ?.... പിന്നെ ആരുടെ കാര്യമാണ്?". ചിത്രൻ ചോദിച്ചു.
"ഓ അതോ, അത് ഞാനൊരു Tik tok ചെയ്തതല്ലേ ചിത്രേ. ദേ പത്തു മിനിറ്റ് കൊണ്ട് അഞ്ഞൂറ് ലൈക്ക് ആയി" ഇതു പറഞ്ഞു കാലൻ തന്റെ ഐ ഫോൺ എടുത്തു.
"കുരു. കൊണ്ടുപോകാനക്കൊണ്ട് ഒന്ന് പോ കാലാ. കട്ടപ്പനയിലെ കണക്കെടുത്തു എന്റെ ഇടപാട് തീർന്നു. ഇങ്ങേരുടെ ഒരു Tiktok."
"പിന്നെ ലുട്ടാപ്പി വേറൊരു കാര്യം. യൂറോപ്പിലും, അമേരിക്കൻ നാടുകളിലും ഒക്കെ നീ ജട്ടി ഇടാതെ പോയാലും ആരും ഒന്നും പറയില്ല. പക്ഷെ വടക്കേ ഇന്ത്യയിലും അതുപോലെ ഗൾഫ് നാടുകളിലും ജട്ടിയും ഇട്ടോണ്ട് പോയാൽ അവന്മാര് നിന്നെ റോക്കറ്റിൽ കെട്ടിവെച്ചു ചൊവ്വയിൽ അയച്ചു കളയും. ഇത്രയൊക്കെ പ്രായം ആയില്ലേ ഇനി വല്ല ജീൻസോ മറ്റോ ഇട്ടോണ്ട് വേണം പോകാൻ.", കാലൻ ഇത്രയും പറഞ്ഞിട്ട് ഞാൻ പറഞ്ഞത് ശെരിയല്ലേ ചിത്രാ എന്ന് ചോദിക്കുന്നതുപോലെ ചിത്രനെ നോക്കി. ചിത്രൻ തലയാട്ടി.
"ദേ നിനക്ക് ചേരുമോ എന്ന് നോക്കിക്കേ, കഴിഞ്ഞ വർഷം ഓണാഘോഷത്തിന് നസീറും ജയനും ഉമറും എല്ലാം കൂടെ നാടകം കളിച്ചപ്പോൾ വാങ്ങിയ ഡ്രസ്സ് ആണ്", എന്നു പറഞ്ഞു കാലൻ അലമാരയിൽ നിന്നും ഒരു കവർ എടുത്തു ലുട്ടാപ്പിക്ക് നേരെ നീട്ടി. ലുട്ടാപ്പി കവർ തുറന്നു നോക്കി. പഴയ ബെൽബോട്ടം മോഡൽ കുറച്ചു പാന്റുകളും, പാള പോലെ കോളർ വെച്ച ഏതാനും ഷർട്ട് കളും.
"എന്നെടാ ഉവ്വേ എന്നതാ ഇത്. ഈ പാന്റും ഇട്ടോണ്ട് ഞാൻ കുന്തം പറപ്പിച്ചാൽ വല്ല ടവറിലും പാന്റ് കുരുങ്ങി ചിത്രനും ഞാനും എല്ലാം ടവറിൽ ഇരിക്കത്തെ ഒള്ളൂ. കൊറോണയുടെ കൂടെ ഇനി നിപ്പ കൂടി പരത്താൻ വന്ന പുതിയ തരം വവ്വാൽ ആണെന്ന് പറഞ്ഞു നാട്ടുകാർ കേറി കൈവെച്ചു കളയും. തല്ക്കാലം ഇന്ന് ഒരു ബെർമുഡ വച്ചു അഡ്ജസ്റ്റ് ചെയ്യാം." പിന്നീട് ലുട്ടാപ്പിയുടെ കൂടെ കുന്തത്തിൽ കയറി ഇരിക്കുന്ന നാലഞ്ച് ഫോട്ടോസ് എടുത്തു കാലൻ തന്റെ ഫേസ്ബുക് പേജായ K Alan..... ലേക്ക് "റോക്കിങ് വിത്ത് ലുട്ടാപ്പി " എന്ന ക്യാപ്ഷ്യനോടെ അപ്‌ലോഡ് ചെയ്തു.
കുറച്ചു നേരത്തിനു ശേഷം ചിത്രഗുപ്തന്റെ പുതിയ ബംഗാളി അസിസ്റ്റന്റുമാർ ലിസ്റ്റുമായി എത്തി. ചിത്രൻ ലിസ്റ്റ് നോക്കി. വടക്കേ ഇന്ത്യക്കാണ് ആദ്യം പോകേണ്ടത്.
"ലുട്ടാപ്പി കുന്തം റെഡിയാക്കിക്കോ, കാലാ ഞങ്ങൾ പോകുന്നു" നിങ്ങള് പിന്നാലെ പോരെ എന്ന് അലറിക്കൊണ്ട് ചിത്രൻ തന്റെ മാസ്ക് എടുത്തു മോന്തക്ക് ഫിറ്റ് ചെയ്തു. സൂപ്പർ സോണിക്കിനെക്കാൾ വേഗതയിൽ ചിത്രഗുപ്തനും ലുട്ടാപ്പിയും വടക്കേ ഇന്ത്യയിൽ എത്തിച്ചേർന്നു. ചിത്രഗുപ്തൻ ആൾക്കാരുടെ വീടുകളിലേക്ക് പോയനേരം ലുട്ടാപ്പി ഒരു ബീഡിക്ക് തീയും കൊടുത്ത് വലിച്ചു പുകയും വിട്ടു നിൽക്കുമ്പോഴാണ് ഒരാൾ അടുത്തുവന്നത്. "എവിടെയോ കണ്ട നല്ല പരിചയം. മായാവിയുടെ ആരെങ്കിലും ആണോ " അടുത്തുവന്നയാൾ ചോദിച്ചു.
"മായാവിയുടെ കുഞ്ഞമ്മേടെ മോനാ, പക്ഷെ ഇപ്പോൾ വല്യ ബന്ധമൊന്നും ഇല്ല. ആരാ മനസിലായില്ല " ലുട്ടാപ്പി സംശയം പ്രകടിപ്പിച്ചു
"നീ ലുട്ടാപ്പി അല്ലേടാ. കൊച്ചു കള്ളാ നീ ആളങ്ങു വലുതായല്ലോ. എന്നെ മനസിലായില്ലേ ഞാൻ ലൊട്ടു ലൊടുക്ക് ആണ് " ലൊട്ടു അങ്കിൾ ..... ലുട്ടാപ്പിയുടെ കണ്ണുകൾ തിളങ്ങി.
"അങ്കിൾ ഇപ്പോൾ എവിടെ ആണ്. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ ഗുൽഗുലുമാൽ. പുള്ളിക്കാരൻ എവിടെ ഇപ്പോൾ ?"
"ഞങ്ങൾക്ക് ISRO യിൽ ജോലി കിട്ടി. ഗുലുമാൽ ഒരു ഇംഗ്ലീഷ് കാരിയെ കെട്ടി, ഇപ്പോൾ വിദേശത്ത് ആണ്. ആട്ടെ ഡാകിനിയും, കുട്ടൂസനും, വിക്രമനും ഒക്കെ എന്തു ചെയ്യുന്നു ഇപ്പോൾ?"
"ഓ മന്ത്രവാദവും കൂടോത്രവും ഒക്കെ രണ്ടാളും നിർത്തി. ഇപ്പോൾ തൊഴിലുറപ്പിനു പോവാ. വിക്രമനും മുത്തുവും തട്ടുകട നടത്തുക ആയിരുന്നു. കൊറോണ ആയതിനു ശേഷം അവരും നിങ്ങളെപ്പോലെ പരീക്ഷണ നിരീക്ഷണങ്ങളിൽ ആണ് ഇപ്പോൾ"
"ങ്‌ഹേ അതെന്താടാ പുതിയ പരീക്ഷണം " ലൊട്ടുവിന് ആകാംക്ഷ"
"വേറൊന്നുമല്ല കള്ള വാറ്റ്"
"ആ ബെസ്റ്റ്. നാട്ടിൽ നിന്ന് പോന്നതിൽ പിന്നെ നല്ല ഒരു വാറ്റ് പോലും അടിച്ച കാലം മറന്നു..ആാാ " ലൊട്ടുലൊടുക്ക് ഒരു ദീർഘനിശ്വാസം വിട്ടു.
"അല്ല മ്മടെ മായാവിയും പിള്ളേരുമൊ?"
"മായാവി ഇപ്പോഴും പഴയ പണി തന്നെ. പിള്ളേർക്ക് ലിഫ്റ്റ് കൊടുക്കുന്ന പണി. ഇടക്ക് സ്പൈഡർ മാന്റെ കൂടെ കുറേനാൾ വിദേശത്ത് ആയിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്."
ഫോൺ നമ്പർ ഉം കൈമാറി fb യിൽ ഫ്രണ്ടും ആയ ശേഷം ലൊട്ടുലൊടുക്ക് പോയി. അപ്പോഴേക്കും കാലനും എത്തിച്ചേർന്നു.
"എന്താ കാലാ നിങ്ങൾ ഇത്രയ്ക്കു ലേറ്റ് ആയത്" ലുട്ടാപ്പി ചോദിച്ചു.
"എന്നാടാ ഉവ്വേ എന്തോ പറയാനാ ഞാൻ എപ്പോഴേ എത്തിയതായിരുന്നു. പോത്തിനെ ഒരു മരത്തിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിട്ട് ഞാൻ ഒന്ന് മൂത്രം ഒഴിക്കാനായി പോയതായിരുന്നു. ഏതോ എരണം കെട്ടവന്മാർ പറഞ്ഞില്ലേ ഗോമൂത്രം കുടിച്ചാൽ കൊറോണ ഇല്ലാതാകുമെന്ന്. പോത്തിനാണെങ്കിൽ പഞ്ചസാരയുടെ അസുഖം ഉള്ളതിനാൽ എപ്പോഴും മൂത്രം ഒഴിക്കും. ഞാൻ വന്നു നോക്കുമ്പോൾ പോത്തിന്റെ പുറകിൽ ഒരു നീണ്ട ലൈൻ. ആൾക്കാർ എല്ലാം കൂടെ പാത്രങ്ങളുമായി നിൽക്കുവാ. അവനാണെങ്കിൽ ഈ ബഹളം കണ്ട് കുന്തളിച്ചോണ്ട് ഒരു ചാട്ടം, പിന്നവിടെ നടന്നതെന്താ... ജെല്ലിക്കെട്ട് അല്ലാരുന്നോ ജെല്ലിക്കെട്ട്. അവസാനം പിടുത്തം കിട്ടി. ജോലി രാജിവെക്കും എന്നുപറഞ്ഞു ഭീഷണിപ്പെടുത്തിയേക്കുവാ. ഇന്നലെ എങ്ങാണ്ട് ആരോ ബീഫ് ആക്കാൻ നോക്കിയത്രേ, ഇന്ന് മൂത്രത്തിനും ഇട്ട് ഓടിച്ചു. എന്നു പറഞ്ഞു കരച്ചിൽ ആയിരുന്നു. ന്റെ ലുട്ടാപ്പി നീയൊക്കെ കരുതും കാലന്റെ പണി സൂപ്പർ ആണെന്ന്. ഇപ്പോൾ മനസിലായില്ലേ ഊപ്പാട് വരുന്ന പണി ആണെന്ന്".
"അലൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു." ലുട്ടാപ്പി പറഞ്ഞു.
"തൃപ്തിയായെടാ, തൃപ്തിയായി. ആദ്യമായി ഒരാൾ എന്നെ അലൻ എന്ന് വിളിച്ചു" കാലൻ ലുട്ടാപ്പിയെ സ്നേഹത്തോടെ നോക്കി. അപ്പോഴേക്കും ചിത്രഗുപ്തൻ എത്തി.
"കാലാ, ഓഫീസ് മിക്കവാറും അമേരിക്കയിലോ യൂറോപ്പിലോ ആക്കേണ്ടി വരും. അവിടെ ഒക്കെയാണ് കൂടുതൽ പേര് മരിക്കുന്നത്. ഇവിടുത്തെ കാര്യങ്ങൾ ബംഗാളികൾ നോക്കിക്കൊള്ളും. വേഗം റെഡിയായിക്കോ പറക്കാൻ." കുറച്ചു ഹാൻസ് എടുത്തു ഞെരുടി ചുണ്ടിനടിയിൽ വച്ചുകൊണ്ട് ചിത്രഗുപ്തൻ പറഞ്ഞു.
കാലൻ തന്റെ ഫോൺ എടുത്തു ശിവൻ കൊച്ചാട്ടനെ വിളിച്ചു. ഓൾഡ് മങ്കിന്റെ ഒരു ഫുള്ളും അടിച്ചു, പറപ്പൻ ഒരു സംഘനൃത്തവും കഴിഞ്ഞു പൊടിയരിക്കഞ്ഞിയും മാങ്ങാ അച്ചാറും കഴിച്ച് ശിവൻ വിശ്രമിക്കുമ്പോഴാണ് കാലന്റെ ഫോൺ.
"ആ അലൻ ബ്രോ പറഞ്ഞോളൂ, ലുട്ടാപ്പി വന്ന കാര്യം ഒക്കെ ബ്രോയുടെ fb പേജിലൂടെ അറിഞ്ഞു. വേറെന്താ വിശേഷം " ശിവൻ ചോദിച്ചു
"കൊച്ചാട്ടാ ഈ കൊറോണ കഴിയുന്നവരെ ഓഫീസ് അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ ഷിഫ്റ്റ് ചെയ്യണമെന്ന് എല്ലാവരുടെയും ഒരു അഭിപ്രായം. ഇവിടെ പിന്നെ അസുഖം കുറവല്ലേ, തന്നെയുമല്ല അത്യാവശ്യം പണികൾ ഒക്കെ ബംഗാളികൾ ചെയ്യുന്നുമുണ്ട്."
"ആ നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ. പോക്കുവരവിന് അതാണ് എളുപ്പം എങ്കിൽ ആയിക്കോട്ടെ." എന്നുപറഞ്ഞു ശിവൻ തന്റെ മുന്നിൽ വന്നു കട്ട കലിപ്പിൽ നിൽക്കുന്ന ഗണപതിയെ തല ഉയർത്തി നോക്കി.
"ദേ അച്ഛാ പാമ്പിനെ വളർത്തുകയാണെങ്കിൽ അടക്കവും ഒതുക്കവും ഉള്ളവനെപ്പോലെ വളർത്തണം ഇല്ലങ്കിൽ ഞാൻ വാവയെ വിളിക്കും പറഞ്ഞേക്കാം " ഗണപതി കലിപ്പിലാണ്.
"എന്താടാ കാര്യം അത് പറ."
"അച്ഛന്റെ പാമ്പ് എന്റെ എലിയെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്, അടിച്ചു ഞാൻ പപ്പടം ആക്കിക്കളയും കുന്ത്രാണ്ടത്തിനെ പറഞ്ഞേക്കാം..." ഗണപതി കലിപ്പോടെ പറഞ്ഞു.
"സത്യം പറയെടാ നേരാണോ ഇവൻ പറയുന്നത് " ശിവൻ പാമ്പിന്റ വാലിൽ പിടിച്ചോണ്ട് ചോദിച്ചു
" അത് പിന്നെ എന്നെ മുരുകന്റെ മയിൽ എന്നെ കൊത്താൻ ഇട്ട് ഓടിച്ചതാ. ഞാൻ പ്രാണരക്ഷാർധം ഇഴഞ്ഞു ചെന്ന് കേറിയിടത്തു എലി ഇരുന്നു ചോറുണ്ണുകയായിരിന്നു. എന്നെ കണ്ടപ്പോൾ അത് വിചാരിച്ചു ഞാൻ പീഡിപ്പിക്കാൻ ചെല്ലുകയാണെന്ന്. അതാണ് സംഭവിച്ചത് " പാമ്പ് വിഷമത്തോടെ പറഞ്ഞു.
"പോട്ടെടാ ഉവ്വേ സാരമില്ല." ശിവൻ പാമ്പിന്റ പത്തിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"ദൈവമേ കൈലാസത്തിനു തീയിട്ടിട്ട് ഞാനും അതിൽ ചാടി ചത്തുകളയും ഈ മാരണങ്ങളെ കൊണ്ട് " ശിവൻ മനസ്സിൽ സങ്കടത്തോടെ പറഞ്ഞു.
ശിവന്റെ അനുമതി കിട്ടിക്കഴിഞ്ഞ കാലൻ "പറപ്പിച്ചു വിട്ടോടാ ലുട്ടാപ്പി " എന്ന് പറഞ്ഞുകൊണ്ട് ചിത്രഗുപ്തനെ കൂട്ടി ലുട്ടാപ്പിയുടെ കുന്തത്തിൽ പോത്തുമായി അമേരിക്കയിലേക്ക് യാത്രയായി.
"അലൻ ബ്രോ, നിങ്ങൾ ഈ ആൾക്കാരെ കൊല്ലാൻ നടക്കുന്ന സമയം കൊണ്ട് ഈ കൊറോണ വൈറസിനെ കൊന്നുകൂടെ അപ്പോൾ പിന്നെ ഈ വാരിപ്പെറുക്കിയുള്ള പറക്കൽ ഒഴിവാക്കാമല്ലോ?" ലുട്ടാപ്പി തന്റെ സംശയം പ്രകടിപ്പിച്ചു.
"മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത കുരുപ്പിനെ കൊല്ലാൻ ചെന്നിട്ട് വേണം ഞങ്ങൾക്ക് കൂടി അസുഖം വന്ന് ഞങ്ങളും മൃദംഗം അടിക്കാൻ "
"നീ മിണ്ടാതെ ഇരുന്നു കുന്തം ഓടിച്ചേ ലുട്ടാപ്പി" കാലൻ ലുട്ടാപ്പിയോട് പറഞ്ഞു."
അങ്ങനെ പുതിയ ഉത്തരവാദിത്തങ്ങളും അതിലേറെ കഷ്ടപ്പാടുകളും പേറി കാലനും സംഘവും വാഷിംഗ്ടണിൽ എത്തി. അല്ല വാഷിംഗ്ടൺ ജംഗ്ഷനിൽ...
അടുത്ത പാർട്ട് കൊറോണക്ക് ശേഷം...