mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

കുന്തത്തിൽ കയറി ലുട്ടാപ്പിയും ചിത്രഗുപ്തനും പോത്തും കാലന്റെ കൊട്ടാരത്തിൽ എത്തി. പോത്തിന് കാടിയും കൊടുത്ത് മേയുവാൻ പറമ്പിലേക്ക് വിട്ടിട്ട് ചിത്രൻ ലുട്ടാപ്പിയുമായി കാലന്റെ ഓഫീസിൽ ചെന്നു.


"കട്ടപ്പനയിൽ നിന്ന് ആള് കേറിയോ " കാലന്റെ മുറിയിൽ നിന്നൊരു ശബ്ദം. ചിത്രഗുപ്തൻ ലുട്ടാപ്പിയെ ഒന്ന് തടഞ്ഞു. എന്നിട്ട് തന്റെ മെമ്മറി ഒന്ന് അനലൈസ് ചെയ്തു. പനി വന്നപ്പോൾ കൊറോണ ആണെന്ന് പറഞ്ഞു നാട്ടുകാർ എല്ലാം കൂടെ പേടിപ്പിച്ചു ഹാർട്ട് അറ്റാക്ക് ആക്കി കൊന്ന കുഴിയൻ പറമ്പിൽ നാരായണൻ. തേൻ വരിക്ക പറിക്കാൻ പ്ലാവിൽ കയറി, പാമ്പിനെ കണ്ടു പേടിച്ചു പാമ്പിനൊപ്പം അന്യായമായ ഒരു ഹൈജമ്പ് ചാടി അറഞ്ഞു തല്ലി വീണ് വീരചരമം പ്രാപിച്ച മരം വെട്ടുകാരൻ ജോസ്. പോലീസിന്റെ ഡ്രോൺ കണ്ട് പ്രാണ രക്ഷാർദ്ധം ഓടി നാനൂറ് മീറ്റർ വെറും നാല്പത് സെക്കന്റിൽ താണ്ടി അവസാനം പൊട്ടക്കിണറ്റിൽ വീണ് ഇഹലോകവാസം വെടിഞ്ഞ വാറ്റുകാരൻ സുധാകരൻ. ഇങ്ങനെ മൂന്നുപേർ ആയിരുന്നു കട്ടപ്പനയുടെ അഭിമാനം കാത്തവർ. പിന്നെ ഇങ്ങേര് ഇതാരുടെ കാര്യമാണ് ചോദിക്കുന്നത്. ചിത്രനൊരു സംശയം.
ആ എന്തെങ്കിലും ആകട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ചിത്രൻ ഓഫീസിലേക്ക് കടന്നു.

"വരണം, വരണം മിസ്റ്റർ ലുട്ടാപ്പി " കാലൻ ലുട്ടാപ്പിയെ സ്വാഗതം ചെയ്തു. തന്നെക്കാൾ വലിയ കൊമ്പുള്ള ഒരുത്തനെ ആദ്യമായി കണ്ട അതിശയത്തിൽ ആയിരുന്നു ലുട്ടാപ്പി.

"എന്നടാ ഉവ്വേ ഇവിടെ എന്നും ബീഫ് ആണോ, ഇവിടുത്തെ ഇറച്ചി വെട്ടുകാരന്റെ ഊപ്പാട് വരുമല്ലോ " ഭിത്തിയിൽ ഉള്ള പോത്തിന്റെ തലകൾ നോക്കിക്കൊണ്ട് ലുട്ടാപ്പി ചോദിച്ചു.

"എടാ കൊച്ചേ, അത് കാലന്റെ ഹെൽമറ്റ് ആണ്" ചിത്രൻ പറഞ്ഞു.

"പൊളിച്ചു ബ്രോ. നാട്ടിൽ ഒക്കെ ഇതുപോലെ ഒരെണ്ണം ഞാൻ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്തായാലും ഒരെണ്ണം എനിക്കും വേണം " ലുട്ടാപ്പി തന്റെ ആവിശ്യം അറിയിച്ചു.

"ഒന്നോ പത്തോ എടുത്തോ നീയെന്റെ മുത്തല്ലേ ചക്കരേ." എന്നുപറഞ്ഞു കാലൻ ലുട്ടാപ്പിയുടെ കുഞ്ഞിക്കൊമ്പിൽ തടവി.

"ഉം തടവൽ ഒക്കെ ഒന്ന് മാറിനിന്നുമതി കൊറോണയാ കൊറോണ. കാലനായാലും വന്നാൽ ഊപ്പാട് വരുത്തേ ഒള്ളൂ", ലുട്ടാപ്പിയുടെ ഡയലോഗ് കേട്ട് കാലൻ ഒന്ന് ഞെട്ടി പുറകോട്ട് മാറി.

"അല്ല കാലാ ഈ കട്ടപ്പനയിൽ നിന്ന് ആള് കേറിയോ എന്ന് ചോദിക്കുന്നതു കേട്ടു. അവിടെ പെൻഡിങ് ഒന്നുമില്ലല്ലോ?.... പിന്നെ ആരുടെ കാര്യമാണ്?". ചിത്രൻ ചോദിച്ചു.

"ഓ അതോ, അത് ഞാനൊരു Tik tok ചെയ്തതല്ലേ ചിത്രേ. ദേ പത്തു മിനിറ്റ് കൊണ്ട് അഞ്ഞൂറ് ലൈക്ക് ആയി" ഇതു പറഞ്ഞു കാലൻ തന്റെ ഐ ഫോൺ എടുത്തു.

"കുരു. കൊണ്ടുപോകാനക്കൊണ്ട്‌ ഒന്ന് പോ കാലാ. കട്ടപ്പനയിലെ കണക്കെടുത്തു എന്റെ ഇടപാട് തീർന്നു. ഇങ്ങേരുടെ ഒരു Tiktok."

"പിന്നെ ലുട്ടാപ്പി വേറൊരു കാര്യം. യൂറോപ്പിലും, അമേരിക്കൻ നാടുകളിലും ഒക്കെ നീ ജട്ടി ഇടാതെ പോയാലും ആരും ഒന്നും പറയില്ല. പക്ഷെ വടക്കേ ഇന്ത്യയിലും അതുപോലെ ഗൾഫ് നാടുകളിലും ജട്ടിയും ഇട്ടോണ്ട് പോയാൽ അവന്മാര് നിന്നെ റോക്കറ്റിൽ കെട്ടിവെച്ചു ചൊവ്വയിൽ അയച്ചു കളയും. ഇത്രയൊക്കെ പ്രായം ആയില്ലേ ഇനി വല്ല ജീൻസോ മറ്റോ ഇട്ടോണ്ട് വേണം പോകാൻ.", കാലൻ ഇത്രയും പറഞ്ഞിട്ട് ഞാൻ പറഞ്ഞത് ശെരിയല്ലേ ചിത്രാ എന്ന് ചോദിക്കുന്നതുപോലെ ചിത്രനെ നോക്കി. ചിത്രൻ തലയാട്ടി.

"ദേ നിനക്ക് ചേരുമോ എന്ന് നോക്കിക്കേ, കഴിഞ്ഞ വർഷം ഓണാഘോഷത്തിന് നസീറും ജയനും ഉമറും എല്ലാം കൂടെ നാടകം കളിച്ചപ്പോൾ വാങ്ങിയ ഡ്രസ്സ്‌ ആണ്", എന്നു പറഞ്ഞു കാലൻ അലമാരയിൽ നിന്നും ഒരു കവർ എടുത്തു ലുട്ടാപ്പിക്ക് നേരെ നീട്ടി. ലുട്ടാപ്പി കവർ തുറന്നു നോക്കി. പഴയ ബെൽബോട്ടം മോഡൽ കുറച്ചു പാന്റുകളും, പാള പോലെ കോളർ വെച്ച ഏതാനും ഷർട്ട്‌ കളും.

"എന്നെടാ ഉവ്വേ എന്നതാ ഇത്. ഈ പാന്റും ഇട്ടോണ്ട് ഞാൻ കുന്തം പറപ്പിച്ചാൽ വല്ല ടവറിലും പാന്റ് കുരുങ്ങി ചിത്രനും ഞാനും എല്ലാം ടവറിൽ ഇരിക്കത്തെ ഒള്ളൂ. കൊറോണയുടെ കൂടെ ഇനി നിപ്പ കൂടി പരത്താൻ വന്ന പുതിയ തരം വവ്വാൽ ആണെന്ന് പറഞ്ഞു നാട്ടുകാർ കേറി കൈവെച്ചു കളയും. തല്ക്കാലം ഇന്ന് ഒരു ബെർമുഡ വച്ചു അഡ്ജസ്റ്റ് ചെയ്യാം." പിന്നീട് ലുട്ടാപ്പിയുടെ കൂടെ കുന്തത്തിൽ കയറി ഇരിക്കുന്ന നാലഞ്ച് ഫോട്ടോസ് എടുത്തു കാലൻ തന്റെ ഫേസ്ബുക് പേജായ K Alan..... ലേക്ക് "റോക്കിങ് വിത്ത്‌ ലുട്ടാപ്പി " എന്ന ക്യാപ്ഷ്യനോടെ അപ്‌ലോഡ് ചെയ്തു.

കുറച്ചു നേരത്തിനു ശേഷം ചിത്രഗുപ്തന്റെ പുതിയ ബംഗാളി അസിസ്റ്റന്റുമാർ ലിസ്റ്റുമായി എത്തി. ചിത്രൻ ലിസ്റ്റ് നോക്കി. വടക്കേ ഇന്ത്യക്കാണ് ആദ്യം പോകേണ്ടത്.

"ലുട്ടാപ്പി കുന്തം റെഡിയാക്കിക്കോ, കാലാ ഞങ്ങൾ പോകുന്നു" നിങ്ങള് പിന്നാലെ പോരെ എന്ന് അലറിക്കൊണ്ട് ചിത്രൻ തന്റെ മാസ്ക് എടുത്തു മോന്തക്ക് ഫിറ്റ് ചെയ്തു. സൂപ്പർ സോണിക്കിനെക്കാൾ വേഗതയിൽ ചിത്രഗുപ്തനും ലുട്ടാപ്പിയും വടക്കേ ഇന്ത്യയിൽ എത്തിച്ചേർന്നു. ചിത്രഗുപ്തൻ ആൾക്കാരുടെ വീടുകളിലേക്ക് പോയനേരം ലുട്ടാപ്പി ഒരു ബീഡിക്ക് തീയും കൊടുത്ത് വലിച്ചു പുകയും വിട്ടു നിൽക്കുമ്പോഴാണ് ഒരാൾ അടുത്തുവന്നത്. "എവിടെയോ കണ്ട നല്ല പരിചയം. മായാവിയുടെ ആരെങ്കിലും ആണോ " അടുത്തുവന്നയാൾ ചോദിച്ചു.

"മായാവിയുടെ കുഞ്ഞമ്മേടെ മോനാ, പക്ഷെ ഇപ്പോൾ വല്യ ബന്ധമൊന്നും ഇല്ല. ആരാ മനസിലായില്ല " ലുട്ടാപ്പി സംശയം പ്രകടിപ്പിച്ചു
"നീ ലുട്ടാപ്പി അല്ലേടാ. കൊച്ചു കള്ളാ നീ ആളങ്ങു വലുതായല്ലോ. എന്നെ മനസിലായില്ലേ ഞാൻ ലൊട്ടു ലൊടുക്ക് ആണ് " ലൊട്ടു അങ്കിൾ ..... ലുട്ടാപ്പിയുടെ കണ്ണുകൾ തിളങ്ങി.

"അങ്കിൾ ഇപ്പോൾ എവിടെ ആണ്. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നല്ലോ ഗുൽഗുലുമാൽ. പുള്ളിക്കാരൻ എവിടെ ഇപ്പോൾ ?"

"ഞങ്ങൾക്ക് ISRO യിൽ ജോലി കിട്ടി. ഗുലുമാൽ ഒരു ഇംഗ്ലീഷ് കാരിയെ കെട്ടി, ഇപ്പോൾ വിദേശത്ത് ആണ്. ആട്ടെ ഡാകിനിയും, കുട്ടൂസനും, വിക്രമനും ഒക്കെ എന്തു ചെയ്യുന്നു ഇപ്പോൾ?"

"ഓ മന്ത്രവാദവും കൂടോത്രവും ഒക്കെ രണ്ടാളും നിർത്തി. ഇപ്പോൾ തൊഴിലുറപ്പിനു പോവാ. വിക്രമനും മുത്തുവും തട്ടുകട നടത്തുക ആയിരുന്നു. കൊറോണ ആയതിനു ശേഷം അവരും നിങ്ങളെപ്പോലെ പരീക്ഷണ നിരീക്ഷണങ്ങളിൽ ആണ് ഇപ്പോൾ"

"ങ്‌ഹേ അതെന്താടാ പുതിയ പരീക്ഷണം " ലൊട്ടുവിന് ആകാംക്ഷ"

"വേറൊന്നുമല്ല കള്ള വാറ്റ്"

"ആ ബെസ്റ്റ്. നാട്ടിൽ നിന്ന് പോന്നതിൽ പിന്നെ നല്ല ഒരു വാറ്റ് പോലും അടിച്ച കാലം മറന്നു..ആാാ " ലൊട്ടുലൊടുക്ക് ഒരു ദീർഘനിശ്വാസം വിട്ടു.

"അല്ല മ്മടെ മായാവിയും പിള്ളേരുമൊ?"

"മായാവി ഇപ്പോഴും പഴയ പണി തന്നെ. പിള്ളേർക്ക് ലിഫ്റ്റ് കൊടുക്കുന്ന പണി. ഇടക്ക് സ്പൈഡർ മാന്റെ കൂടെ കുറേനാൾ വിദേശത്ത് ആയിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്."

ഫോൺ നമ്പർ ഉം കൈമാറി fb യിൽ ഫ്രണ്ടും ആയ ശേഷം ലൊട്ടുലൊടുക്ക് പോയി. അപ്പോഴേക്കും കാലനും എത്തിച്ചേർന്നു.

"എന്താ കാലാ നിങ്ങൾ ഇത്രയ്ക്കു ലേറ്റ് ആയത്" ലുട്ടാപ്പി ചോദിച്ചു.
"എന്നാടാ ഉവ്വേ എന്തോ പറയാനാ ഞാൻ എപ്പോഴേ എത്തിയതായിരുന്നു. പോത്തിനെ ഒരു മരത്തിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിട്ട് ഞാൻ ഒന്ന് മൂത്രം ഒഴിക്കാനായി പോയതായിരുന്നു. ഏതോ എരണം കെട്ടവന്മാർ പറഞ്ഞില്ലേ ഗോമൂത്രം കുടിച്ചാൽ കൊറോണ ഇല്ലാതാകുമെന്ന്. പോത്തിനാണെങ്കിൽ പഞ്ചസാരയുടെ അസുഖം ഉള്ളതിനാൽ എപ്പോഴും മൂത്രം ഒഴിക്കും. ഞാൻ വന്നു നോക്കുമ്പോൾ പോത്തിന്റെ പുറകിൽ ഒരു നീണ്ട ലൈൻ. ആൾക്കാർ എല്ലാം കൂടെ പാത്രങ്ങളുമായി നിൽക്കുവാ. അവനാണെങ്കിൽ ഈ ബഹളം കണ്ട് കുന്തളിച്ചോണ്ട് ഒരു ചാട്ടം, പിന്നവിടെ നടന്നതെന്താ... ജെല്ലിക്കെട്ട് അല്ലാരുന്നോ ജെല്ലിക്കെട്ട്. അവസാനം പിടുത്തം കിട്ടി. ജോലി രാജിവെക്കും എന്നുപറഞ്ഞു ഭീഷണിപ്പെടുത്തിയേക്കുവാ. ഇന്നലെ എങ്ങാണ്ട് ആരോ ബീഫ് ആക്കാൻ നോക്കിയത്രേ, ഇന്ന് മൂത്രത്തിനും ഇട്ട് ഓടിച്ചു. എന്നു പറഞ്ഞു കരച്ചിൽ ആയിരുന്നു. ന്റെ ലുട്ടാപ്പി നീയൊക്കെ കരുതും കാലന്റെ പണി സൂപ്പർ ആണെന്ന്. ഇപ്പോൾ മനസിലായില്ലേ ഊപ്പാട് വരുന്ന പണി ആണെന്ന്".

"അലൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു." ലുട്ടാപ്പി പറഞ്ഞു.

"തൃപ്തിയായെടാ, തൃപ്തിയായി. ആദ്യമായി ഒരാൾ എന്നെ അലൻ എന്ന് വിളിച്ചു" കാലൻ ലുട്ടാപ്പിയെ സ്നേഹത്തോടെ നോക്കി. അപ്പോഴേക്കും ചിത്രഗുപ്തൻ എത്തി.

"കാലാ, ഓഫീസ് മിക്കവാറും അമേരിക്കയിലോ യൂറോപ്പിലോ ആക്കേണ്ടി വരും. അവിടെ ഒക്കെയാണ് കൂടുതൽ പേര് മരിക്കുന്നത്. ഇവിടുത്തെ കാര്യങ്ങൾ ബംഗാളികൾ നോക്കിക്കൊള്ളും. വേഗം റെഡിയായിക്കോ പറക്കാൻ." കുറച്ചു ഹാൻസ് എടുത്തു ഞെരുടി ചുണ്ടിനടിയിൽ വച്ചുകൊണ്ട് ചിത്രഗുപ്തൻ പറഞ്ഞു.

കാലൻ തന്റെ ഫോൺ എടുത്തു ശിവൻ കൊച്ചാട്ടനെ വിളിച്ചു. ഓൾഡ് മങ്കിന്റെ ഒരു ഫുള്ളും അടിച്ചു, പറപ്പൻ ഒരു സംഘനൃത്തവും കഴിഞ്ഞു പൊടിയരിക്കഞ്ഞിയും മാങ്ങാ അച്ചാറും കഴിച്ച് ശിവൻ വിശ്രമിക്കുമ്പോഴാണ് കാലന്റെ ഫോൺ.

"ആ അലൻ ബ്രോ പറഞ്ഞോളൂ, ലുട്ടാപ്പി വന്ന കാര്യം ഒക്കെ ബ്രോയുടെ fb പേജിലൂടെ അറിഞ്ഞു. വേറെന്താ വിശേഷം " ശിവൻ ചോദിച്ചു
"കൊച്ചാട്ടാ ഈ കൊറോണ കഴിയുന്നവരെ ഓഫീസ് അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ ഷിഫ്റ്റ്‌ ചെയ്യണമെന്ന് എല്ലാവരുടെയും ഒരു അഭിപ്രായം. ഇവിടെ പിന്നെ അസുഖം കുറവല്ലേ, തന്നെയുമല്ല അത്യാവശ്യം പണികൾ ഒക്കെ ബംഗാളികൾ ചെയ്യുന്നുമുണ്ട്."

"ആ നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ. പോക്കുവരവിന് അതാണ് എളുപ്പം എങ്കിൽ ആയിക്കോട്ടെ." എന്നുപറഞ്ഞു ശിവൻ തന്റെ മുന്നിൽ വന്നു കട്ട കലിപ്പിൽ നിൽക്കുന്ന ഗണപതിയെ തല ഉയർത്തി നോക്കി.

"ദേ അച്ഛാ പാമ്പിനെ വളർത്തുകയാണെങ്കിൽ അടക്കവും ഒതുക്കവും ഉള്ളവനെപ്പോലെ വളർത്തണം ഇല്ലങ്കിൽ ഞാൻ വാവയെ വിളിക്കും പറഞ്ഞേക്കാം " ഗണപതി കലിപ്പിലാണ്.

"എന്താടാ കാര്യം അത് പറ."

"അച്ഛന്റെ പാമ്പ് എന്റെ എലിയെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്, അടിച്ചു ഞാൻ പപ്പടം ആക്കിക്കളയും കുന്ത്രാണ്ടത്തിനെ പറഞ്ഞേക്കാം..." ഗണപതി കലിപ്പോടെ പറഞ്ഞു.

"സത്യം പറയെടാ നേരാണോ ഇവൻ പറയുന്നത് " ശിവൻ പാമ്പിന്റ വാലിൽ പിടിച്ചോണ്ട് ചോദിച്ചു
" അത് പിന്നെ എന്നെ മുരുകന്റെ മയിൽ എന്നെ കൊത്താൻ ഇട്ട് ഓടിച്ചതാ. ഞാൻ പ്രാണരക്ഷാർധം ഇഴഞ്ഞു ചെന്ന് കേറിയിടത്തു എലി ഇരുന്നു ചോറുണ്ണുകയായിരിന്നു. എന്നെ കണ്ടപ്പോൾ അത് വിചാരിച്ചു ഞാൻ പീഡിപ്പിക്കാൻ ചെല്ലുകയാണെന്ന്. അതാണ് സംഭവിച്ചത് " പാമ്പ് വിഷമത്തോടെ പറഞ്ഞു.

"പോട്ടെടാ ഉവ്വേ സാരമില്ല." ശിവൻ പാമ്പിന്റ പത്തിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

"ദൈവമേ കൈലാസത്തിനു തീയിട്ടിട്ട് ഞാനും അതിൽ ചാടി ചത്തുകളയും ഈ മാരണങ്ങളെ കൊണ്ട് " ശിവൻ മനസ്സിൽ സങ്കടത്തോടെ പറഞ്ഞു.

ശിവന്റെ അനുമതി കിട്ടിക്കഴിഞ്ഞ കാലൻ "പറപ്പിച്ചു വിട്ടോടാ ലുട്ടാപ്പി " എന്ന് പറഞ്ഞുകൊണ്ട് ചിത്രഗുപ്തനെ കൂട്ടി ലുട്ടാപ്പിയുടെ കുന്തത്തിൽ പോത്തുമായി അമേരിക്കയിലേക്ക് യാത്രയായി.

"അലൻ ബ്രോ, നിങ്ങൾ ഈ ആൾക്കാരെ കൊല്ലാൻ നടക്കുന്ന സമയം കൊണ്ട് ഈ കൊറോണ വൈറസിനെ കൊന്നുകൂടെ അപ്പോൾ പിന്നെ ഈ വാരിപ്പെറുക്കിയുള്ള പറക്കൽ ഒഴിവാക്കാമല്ലോ?" ലുട്ടാപ്പി തന്റെ സംശയം പ്രകടിപ്പിച്ചു.

"മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത കുരുപ്പിനെ കൊല്ലാൻ ചെന്നിട്ട് വേണം ഞങ്ങൾക്ക് കൂടി അസുഖം വന്ന് ഞങ്ങളും മൃദംഗം അടിക്കാൻ "

"നീ മിണ്ടാതെ ഇരുന്നു കുന്തം ഓടിച്ചേ ലുട്ടാപ്പി" കാലൻ ലുട്ടാപ്പിയോട് പറഞ്ഞു."
അങ്ങനെ പുതിയ ഉത്തരവാദിത്തങ്ങളും അതിലേറെ കഷ്ടപ്പാടുകളും പേറി കാലനും സംഘവും വാഷിംഗ്ടണിൽ എത്തി. അല്ല വാഷിംഗ്ടൺ ജംഗ്ഷനിൽ...

അടുത്ത പാർട്ട് കൊറോണക്ക് ശേഷം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ