തകര
പക്ഷേ ഞാൻ കണ്ട ആദ്യ സിനിമ ഏതാണ് ? അത് തകര എന്ന മലയാള സിനിമ ആയിരുന്നു . അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഒല്ലൂർ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും നടക്കാവുന്ന ദൂരത്തിലുള്ള മരത്താക്കര മഞ്ജു എന്ന കറുത്ത ചായം തേച്ച ഓല ടാക്കീസിൽ. രാത്രി സെക്കൻഡ് ഷോ ആയിരുന്നു അത്. ഞാൻ ഉറങ്ങുകയായിരുന്നു അതിനാൽ എന്നെ എടുത്ത് തോളിലിട്ടായിരുന്നു മാതാപിതാക്കൾ സിനിമയ്ക്ക് പോയത്. വളരെ ചെറുതായിരുന്നതിനാൽ ആ സിനിമ കാണാൻ പോയാലും എനിക്ക് ഒന്നും മനസ്സിലാവില്ലെന്നോ എനിക്ക് ഒന്നും ഓർമ്മ കാണില്ല എന്നോ വിചാരിച്ചു കാണണം. പക്ഷേ സിനിമ തുടങ്ങിയ ഉടനേ ഉറക്കം വിട്ട ഞാൻ മുഴുവൻ സിനിമ കണ്ണടയ്ക്കാതെ തന്നെ കണ്ടു. എനിക്ക് പനങ്കുല പോലെ മുടിയുള്ള ഭംഗിയുള്ള നായികയെ ഓർമ്മയുണ്ട്. സമുദ്രതീരം തീർക്കുന്ന സംഗീത സാഗരം ഓർമ്മയുണ്ട്. നിഷ്കളങ്കനായ നായകനും കരുത്തുറ്റ വില്ലനും തമ്മിൽ ത്രാസുകൊണ്ട് പരസ്പരം അടിക്കുന്ന സീൻ ഉള്ള ആ ചോര മണക്കുന്ന പ്രണയ സിനിമ ഇപ്പോഴും ഓർമ്മയിലുണ്ട് .