mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 
വനഭംഗിയിൽ 

ആ തണുത്ത വെള്ളത്തിലേക്ക് ഞാൻ കുറച്ചു  നേരം മുഖം നീട്ടി പിടിച്ചു നിന്നു. 
"ടോ... ഇങ്ങനെ നിന്നാൽ മതിയോ. നമുക്ക് പോവണ്ടേ?" ഋഷിയുടെ ചോദ്യം കേട്ട് ഞാൻ മുഖം തിരിച്ചു നോക്കി.
"ഇനി ഏട്ത്തേക്ക്?" ഞാൻ കൈത്തലം കൊണ്ട് മുടിയിലെയും മുഖത്തെയും വെള്ളം തുടച്ചു കളഞ്ഞു.
"ദേ വെയിൽ ചാഞ്ഞതു കണ്ടില്ലേ. ഇനി പെട്ടന്ന് ഇവിടെ ഇരുട്ട് വീഴും..."
"അയിനിപ്പോ എന്ത്യെ ഈടപ്പൊ ഏടെ ആയെങ്കിലും ഒരെ പോലെന്നല്ലെ?" ഞാൻ തമാശയിൽ ചിരിച്ചു. 
"ഭാഗ്യം. നീയൊന്ന് ചിരിച്ചു കണ്ടു." ഋഷി പുഞ്ചിരിയോടെ തുടർന്നു.
"രാത്രി ആയാൽ ഇവിടെ നില്കുന്നത് അത്ര പന്തിയല്ല. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം. " പറഞ്ഞിട്ട് ഋഷി നടന്നു കഴിഞ്ഞു.
"വീടോ... ?" ഒന്ന് സംശയിച്ചു നിന്നിട്ട് ഞാൻ അവന്റെ പിന്നാലെ ഓടി.
"ഈട ബന്നിറ്റ് നീ വീടെല്ലം കെട്ടിയൊ?"
എനിക്കു ശരിക്കും ചിരി വന്നു.
"ഞാനല്ല മോനെ. ഇവിടെ മുൻപ് വന്നവർ ആരോ പണിതിട്ടിരുന്നതാ. ഞാനത് ഒന്ന് വൃത്തിയാക്കി എടുത്തു. അത്രേ ഉള്ളു.നമുക്ക്  സുരക്ഷിതമായി രാത്രി ഉറങ്ങണം. അതുപോരെ?"
"അയിന് മുമ്പ് എനക്കൊരിക്ക കുളിക്കണം....പിന്നെ?"
"പിന്നെ? "
"എന്ക്ക് പൈക്ക്ന്ന്  ഋഷി..." വിശക്കുന്നു എന്നർത്ഥത്തിൽ ഞാൻ വയറിൽ തടവി കാണിച്ചു.
"അതിനെല്ലാം വഴി ഉണ്ടാക്കാടോ. താൻ ധൈര്യമായി വാ." എന്ന് പറഞ്ഞു ഋഷി മുന്നേ നടന്നു.
എന്റെ പരിഭ്രമവും പേടിയും എല്ലാം  കുറേശ്ശേ മാറിയിരുന്നു. ഈ വനത്തിനുള്ളിലെ സകല ചരിത്രവും അറിയുന്ന ആളാണ് മുന്നിൽ പോകുന്നത്. പിന്നെ പേടിക്കുന്ന എന്തിന്? ഋഷിയെ ഇവിടെ കണ്ടില്ലായിരുന്നുവെങ്കിലുള്ള തന്റെ അവസ്ഥയെ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കി. എനിക്കത് ഓർമ്മിക്കാൻ കൂടി പറ്റുമായിരുന്നില്ല. നടന്നു ചെന്നത് വീണ്ടും വലിയ പാറകെട്ടുകൾ നിറഞ്ഞ ഒരു പ്രദേശത്താണ്.
അതിനു അരുകിലൂടെ ഋഷിയുടെ പിന്നാലെ ഞാൻ മറുവശത്തേക്ക് ചെന്നു. അവിടെ എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു. വിശാലമായ ഒരു കുളം ആണ് മുന്നിൽ. അതിനു ചുറ്റും പലവർണങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ചെറിയൊരു ഉദ്യാനം എന്ന് തന്നെ പറയാം. കുളത്തിൽ രണ്ടു ഇണഅരയന്നങ്ങൾ നീന്തിതുടിക്കുന്നുണ്ടായിരുന്നു. കുറച്ചു മാൻപേടകൾ പുൽനാമ്പുകൾ കടിച്ചു അങ്ങിങ്ങു നിൽക്കുന്നു. മുയലുകളും പ്രാവുകളും മയിലുകളും ചുറ്റിനും വിഹരിക്കുന്നുണ്ടായിരുന്നു. അടുത്ത് ഒരു  മരത്തിനു മുകളിൽ മുളകമ്പുകളും ഇലകളും കൊണ്ട് മെനഞ്ഞ മനോഹരമായ ഒരു കുടിൽ.
കണ്ണുകൾ വിടർത്തി വിസ്മയത്തോടെ ചുറ്റും നോക്കി നിൽക്കുന്ന എന്റെ തോളിൽ പുഞ്ചിരിയോടെ ഋഷി കൈത്തലം ചേർത്തു.
"അഹമ്മദിന്  ഇവിടെ ഇഷ്ടായോ?"
"ഇഷ്ട്ടായിനൊന്നോ? ഇത് പോലത്തെ കാഴ്ച എന്റെ ജീവിതത്തില് ഈന് മുമ്പ് ഞാൻ കണ്ടിറ്റ മോനെ..."
ആഹ്ലാദത്തോടെ ഞാൻ പറയുന്ന കേട്ട് ഋഷി ചിരിച്ചു.
"ഇവിടെ വന്ന് പെട്ടതിന് ശേഷം ഒരാഴ്ച ഞാൻ ചുറ്റി നടന്നു  കണ്ടു പിടിച്ചതാ ഇവിടം. നല്ല ഭംഗി ഉണ്ടല്ലേ?"
"നല്ല പാങ്ങ്ണ്ട്..."
ഈ സുന്ദരമായ പ്രദേശത്തെ കുറിച്ച് അതിനേക്കാൾ  നല്ലൊരു വാക്ക് പറയാൻ എനിക്കറിയില്ല.
കുളത്തിനു അടുത്ത് ചെന്നിട്ടു ഞാൻ ഋഷിയെ നോക്കി.
"ഞാനീട കുളിക്കട്ട ? "
"ധൈര്യമായി കുളിച്ചോ. ഇത് നമ്മുടെ അല്ലെ... "
ഋഷി ധൈര്യം പകർന്നു. കേൾക്കാത്ത താമസം ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ അരയന്നങ്ങൾ കുളത്തിന്റെ ഒരു കോണിലേക്ക് നീന്തിപോയി. ഞാൻ കുറച്ചു നേരം വെള്ളത്തിൽ നീന്തിതുടിച്ചു. പിന്നീട് കരയിലേക്ക് കയറുമ്പോഴാണ് ബുദ്ധിമോശം ആണ് കാട്ടിയതെന്ന് എനിക്ക് മനസിലായത്. മാറി ഉടുക്കാൻ ഒന്നും ഇല്ല. ആകെയുള്ള കറുത്ത ഷോർട്സ് മൊത്തം  നനഞ്ഞു.
ഇനി എന്തു ചെയ്യും?  
അപ്പോൾ വലിയ ഒരു ഇല നിറയെ പലതരത്തിലുള്ള പഴങ്ങളുമായി ഋഷി എത്തി.
"ഇതെല്ലം ഏട്ന്ന്?"
ദേഹത്തെ വെള്ളം കൈ കൊണ്ട് തുടച്ചു മാറ്റുന്നതിനിടയിൽ അതിശയത്തോടെ ഞാൻ ചോദിച്ചു. 
"അതൊക്കെ ഉണ്ട് മോനെ. നീ എന്നെ പറ്റി എന്താ കരുതിയെ.... കുളി കഴിഞ്ഞല്ലോ. ഇനി മുകളിലേക്ക് പോവാം?"
"പോവാം. എന്റെ ട്രൗസറ് എല്ലം ചണ്ടായി...  ഇനി എന്താക്കും?"
ഞാൻ ദയനീയമായി നോക്കി ചോദിച്ചു. 
"താൻ വാടോ..."
അതിനെല്ലാം വഴിയുണ്ട് എന്ന മട്ടിൽ ചിരിച്ചു കൊണ്ട് ഋഷി നടന്നു കഴിഞ്ഞു. മരത്തിനു മുകളിൽ പണിഞ്ഞ കുടിലിൽ എത്തിയപ്പോൾ എനിക്കു ഉടുക്കാൻ ഋഷി ഒരു മഞ്ഞ തുണി എടുത്തു തന്നു. തോർത്ത് പോലെ അത് ഞാൻ അരയിൽ ചുറ്റി കെട്ടി. ഷോർട്സ് ഊരി എടുത്തു പുറത്തേക്കു വെള്ളം പിഴിഞ്ഞ് ഒരു സൈഡിൽ വിരിച്ചു. പുറത്ത് നിലാവ് ഉദിച്ചിരുന്നു. ആ വെളിച്ചം കുടിലിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു.
"ഇനി നമുക്ക് കഴിച്ചാലോ." ഋഷി ചോദിച്ചു.
ഞാൻ റെഡി. ശരിക്കും എനിക്കു നല്ല വിശപ്പുണ്ടായിരുന്നു. നിലത്തു ചമ്രംപടിഞ്ഞിരുന്നു മനസ്സിൽ ബിസ്മില്ല ചൊല്ലി, ഋഷി തന്ന പഴങ്ങൾ  മൊത്തം ഞാൻ  ആസ്വദിച്ചു കഴിച്ചു. ഒരു മുളങ്കുഴലിലെ വെള്ളം അവൻ എനിക്കു കുടിക്കാൻ തന്നു.
"എങ്ങനെ. വയർ നിറഞ്ഞോ?"
കഴിച്ചു കഴിഞ്ഞു  ഋഷി എന്നെ നോക്കി ചോദിച്ചു.
ഞാൻ ചിരിയോടെ തലയാട്ടി. ശരിക്കും എനിക്ക് നിറഞ്ഞിരുന്നു. ശരീരവും ഒപ്പം മനസും. പുറത്തു മറ്റൊരു മനോഹരമായ കാഴ്ച. കുടിലിനു ചുറ്റും മിന്നാമിനുങ്ങുകൾ ഒരു വലയം തീർത്തിരിക്കുന്നു. ഞാൻ അത് ആസ്വദിച്ചു നിൽകുമ്പോൾ ഋഷി എന്റെ അടുത്തേക്ക് വന്നു. 
"എന്താ നീ ആലോചിക്കുന്നേ?"
"ഞാൻ ഈട വന്ന് കെണിഞ്ഞത് എത്ര നന്നായീന്ന് എന്ക്കിപ്പോ തോന്നുന്നു."
"അതെന്താ ?"
"ഈട ബന്നിറ്റേങ്കില് ഇത്ര പാങ്ങില്ലെ സ്ഥലോം ഈ കാഴ്ച്ചെയൊക്കെ ജീവിതത്തില് എന്ക്ക് കാണാൻ കയ്യട്ട്യോ?"
"അപ്പോൾ എന്നെ കാണാൻ പറ്റിയതിൽ ഒരു സന്തോഷവും ഇല്ലേ?"
കുസൃതിയോടെ ഋഷി ചോദിച്ചു. ഞാൻ പെട്ടന്ന് മുഖം തിരിച്ചു അവനെ നോക്കി. മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ ആ പുഞ്ചിരി തൂകുന്ന മുഖം കൂടുതൽ ഭംഗിയായി എനിക്ക് തോന്നി.
"നീ ഈട ഇല്ലെങ്കിൽ സത്യം പറഞ്ഞ ചെലപ്പോ നാള ബെളി ബര്മ്പഴേക്ക് ഞാൻ ജീവനോടെ ഇണ്ടാട്ടീല്ല..."
എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. 
"ശ്ശോ... താൻ കരയുന്നോ?"
ഋഷി എന്റെ തോളിൽ പിടിച്ചു അവനഭിമുഖമായി നിർത്തി. ഞാൻ പെട്ടന്ന് ഋഷിയുടെ തോളിൽ മുഖം ചേർത്ത് പതിയെ ഒന്ന് എങ്ങി.
"ആരൂല്ല ഋഷി എന്ക്ക്. ബാപ്പയും  ഉമ്മച്ചിയും മരിച്ചു. ഒറ്റക്കാണ് വളന്നത്. ഒറ്റക്കന്നെ ഇപ്പൊ ജീവിക്ക്ന്നത്... കൊറേ ആളുണ്ടാവ്മ്പോ ആരുല്ലാത്ത എന്റെ അവസ്ഥ പറഞ്ഞാ ഇങ്ങക്ക്  ചെലപ്പോ മന്സിലാവീല..."
ആശ്വസിപ്പിക്കുമ്പോലെ ഋഷി  എന്നെ ചേർത്ത് പിടിച്ചു. ചന്ദനത്തിന്റെ ഒരു തരം ഗന്ധം അവനിൽ നിന്നും വമിക്കുന്നത് പോലെ എനിക്ക് തോന്നി. ഏതോ ഒരു മാസ്മരിക വലയത്തിൽ അകപ്പെട്ടത് പോലെ.
എന്റെ  മനസിനുള്ളിലെ  സങ്കട തിരമാലകൾ പതിയെ അടങ്ങി പകരം നേർത്ത തെളിനീര് ഒഴുകുന്ന പോലെ. നിമിഷങ്ങൾ. ഋഷി എന്നെ അവന്റെ തോളിൽ നിന്നും പിടിച്ചുയർത്തി. ആ നിറഞ്ഞ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ മനം നിറയുന്ന പോലെ. അത് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു മൂലയിൽ ചുരുട്ടി വച്ചിരുന്ന പുല്ല് പായ എനിക്കുറങ്ങാൻ ഋഷി നിലത്തു വിരിച്ചു തന്നു.
"ശെരിക്കും ഋഷീരെ വീടേടാ?"
കിടക്കുമ്പോൾ ഞാൻ ചോദിച്ചു.
ഋഷി സ്ഥലപേര് പറഞ്ഞു.
"ആട ആരെല്ലുണ്ട് ? "
"ഒരുപാട് പേരുണ്ട്. അച്ഛൻ.അമ്മ.മുത്തച്ഛൻ. മുത്തശ്ശി. സഹോദരങ്ങൾ. അമ്മാവൻമാർ അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പേർ..."
"ശെരിക്കും നീ എങ്ങനെ ഇട വന്ന് കെണിഞ്ഞ് പോയെ?"
"അതൊക്കെ വലിയ കഥയാണ്. എല്ലാം  ഒരുമിച്ചു പറഞ്ഞു തീർക്കണോ. ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ. പതിയെ എല്ലാം ഞാൻ പറയാം . ഇപ്പോ ഉറങ്ങിക്കോ."
പുറത്ത് നിന്നും ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. ഞാൻ പതിയെ കണ്ണുകൾ അടച്ചു.
 
(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ