mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 
വരാഹം
 
മനോഹരമായ വേണുഗാനം കേട്ടാണ് ഞാൻ ഉണർന്നത്. നേരം പുലർന്നിരുന്നു. അടുത്ത് ഋഷിയെ കാണാനില്ല. ഇവിടെ ഇത്ര മധുരമായി ഓടക്കുഴൽ വായിക്കുന്നത് ആരെന്ന് ചിന്തിച്ചു ഞാൻ എണീറ്റു. കുടിലിന്റെ സൈഡിലേക്ക് വന്നു താഴേക്കു നോക്കി. കുളത്തിന്റെ കരയിലെ വലിയ മരത്തിനു ചുവട്ടിൽ ഇരുന്നു ഋഷിയാണ് മുളങ്കുഴൽ ഊതുന്നത്. അതിശയം അതല്ല. ചുറ്റിനും അതിൽ ലയിച്ചതു പോലെ മാൻ പേടകളും മുയലുകളും പ്രാവുകളും മയിലുകളും അരയന്നങ്ങളും ഇരിക്കുന്നു. ഒരു ആൺ മയിൽ മനോഹരമായ പീലികൾ വിരിച്ചു പതിയെ ആടുന്നു. മധുരമായ വേണുഗീതം ചെവിയിലൂടെ ഹൃദയത്തിനുള്ളിലേക്കാണ് കയറി വരുന്നതെന്ന് എനിക്ക് തോന്നിപ്പോയി. ഞാൻ താഴേക്കു ഇറങ്ങി ചെന്നു. എന്നെ കണ്ടു ഋഷി മുളങ്കുഴൽ വായിക്കുന്നത് നിർത്തി എന്നെ നോക്കി ചിരിച്ചു. അപ്പോൾ ചുറ്റിനും ഇരുന്ന ജീവികൾ പലയിടത്തേക്കായി മാറി പോയി. 
"നീ ഇതെല്ലം പഠിച്ചിനോ ഋഷി ? എത്ര പാങ്ങില് നീ വായ്ക്ക്ന്നെ..."
ഞാൻ അതിശയത്തോടെ ചോദിച്ചു.
"കുറച്ചൊക്കെ... നീ വൃത്തിയായിട്ട് വാ. നമുക്കൊന്ന്  ചുറ്റീട്ട് വരാം." പറഞ്ഞിട്ട് ഋഷി എണീറ്റു കുളത്തിന്റെ മറുവശത്തേക്ക് നടന്നു പോയി.
കുളിച്ചു കയറി ഞാൻ മഞ്ഞതുണി അരകെട്ടിൽ ചുറ്റുമ്പോഴേക്കും ഋഷി മടങ്ങി എത്തി. ഇന്നലെ കൊണ്ട് വന്നത് പോലെ ഇല നിറച്ചും പഴങ്ങൾ.
"ഇത് എട്ന്ന് ?"
"അതൊക്കെ ഉണ്ട് മോനെ. നിനക്ക് വിശക്കുന്നില്ലേ. വാ കഴിക്കാം."
പഴങ്ങൾ കഴിച്ചു കഴിഞ്ഞു  ഋഷിയും ഞാനും കുറച്ചു ദൂരം നടന്നു.
"ഈട്ന്ന് നമുക്കെപ്പങ്കിലും പൊറത്ത് പോവാൻ കയ്യോ ഋഷി?"
എന്റെ ചോദ്യം കേട്ട് മുന്നിൽ വഴിയൊരുക്കി പോകുന്ന അവൻ ചിരിച്ചു.
"എന്തുപറ്റി നിനക്കിവിടെ മടുത്തോ?"
"ഇല്ല. നീ ഈട ഇണ്ടെങ്കില് രക്ഷപെടാന്ള്ള ബയി കിട്ട്യാലും ഞാന്ട്ന്ന് പോവില്ല." 
പെട്ടന്ന് കൈ നീട്ടി ഋഷി എന്നെ തടഞ്ഞു.
'മിണ്ടരുത് 'എന്ന് ചുണ്ടിൽ വിരൽ ചേർത്ത് ആംഗ്യം കാണിച്ചു.
"എന്തേ?"
കാറ്റുതുന്ന ഒച്ചയിൽ ഞാൻ പരിഭ്രമത്തോടെ  ചോദിച്ചു. അവൻ മുന്നിലേക്ക് വിരൽ ചൂണ്ടി. രണ്ടു മരങ്ങൾക്ക് അപ്പുറം ഒരു കാട്ടുപന്നി !
അത് ഞങ്ങളെ കണ്ടു മുന്നോട്ടു കുതിച്ചു വന്നു.
"ഓടിക്കോ...!" എന്ന് ഒച്ചവച്ചു ചിരിച്ചു കൊണ്ട് ഋഷി എന്റെ കൈ പിടിച്ചു മറുവശത്തേക്ക് ഓടി. അത് പിന്നാലെ ചീറി കൊണ്ട് പാഞ്ഞു വരുന്നുണ്ടായിരുന്നു. കുറച്ചു ദൂരം ഓടിയപ്പോൾ തന്നെ ഞാൻ അണച്ചു :
"ഋഷി എന്ക്ക് കയ്യ. ഞാൻ ബീവും."
ശക്തിയിൽ കിതച്ചു കൊണ്ട് ഞാൻ പറയുന്നത് കേട്ടു അവൻ എന്നെ എതിരിലേക്ക്  തള്ളിയിട്ടു. ഞാൻ പുല്ലിലൂടെ താഴേക്കു ഉരുണ്ടു പോയി. എന്റെ ശ്വാസം നിലച്ചത് പോലെ ഞാൻ താഴത്തെ തട്ടിൽ  ചെന്നു വീണു കിടന്നു  കിതച്ചു. എന്റെ തലചുറ്റുന്നത് പോലെ എനിക്ക് തോന്നി. കുറച്ചു നേരം അങ്ങനെ തന്നെ കിടന്നിട്ട് ഞാൻ  പതിയെ എണീറ്റ് മുകളിലേക്ക് കയറി വന്നു. ഋഷിയെ എങ്ങും കാണുന്നുണ്ടായിരുന്നില്ല.
ചുറ്റും ഭീകരമായ നിശബ്ദത. ആ കാട്ടു പന്നി ഋഷിയെ എന്തെങ്കിലും ചെയ്തു കാണുമോ എന്ന് ഞാൻ ശരിക്കും ഭയപ്പെട്ടു. ഞാൻ അവനെ തിരഞ്ഞു മുന്നോട്ടു പോയി. ഉറക്കെ വിളിക്കണം എന്നുണ്ടായിരുന്നു
പക്ഷെ എന്റെ ഒച്ച കേട്ടു അത് എന്നെ വീണ്ടും  ആക്രമിക്കാൻ വന്നാലോ എന്ന് ഭയന്ന് ഞാൻ അതിനു മുതിർന്നില്ല. കുറച്ചു ദൂരം തിരഞ്ഞു പോയെങ്കിലും ഋഷിയെ കണ്ടില്ല. എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി.
ഋഷി ഇല്ലാതെ ഇവിടെ തനിച്ചു നിൽക്കുന്ന കാര്യം ആലോചിച്ചു എനിക്ക് ദേഹം തളരുന്ന പോലെ തോന്നി. കാട്ടുപന്നി തിരിച്ചു വന്നു എന്നെ കൊല്ലുന്നെങ്കിൽ കൊന്നോട്ടെ എന്ന് കരുതി ഞാൻ "ഋഷി....!"എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ചുറ്റിനും നോക്കി നടന്നു. എന്റെ ഒച്ച കാട്ടിനുള്ളിൽ അലയടിച്ചു തിരിച്ചു വന്നു. താമസിയാതെ " ഋഷി.... " എന്നുള്ള എന്റെ ഒച്ച ഒരു നിലവിളിയായി എന്നിൽ നിന്നും പുറത്തു വരാൻ തുടങ്ങി. ഒടുവിൽ തളർന്നു തകർന്നു ഒരു മരച്ചുവട്ടിലേക്ക് ഞാൻ കുഴഞ്ഞിരുന്നു. ഭയവും സങ്കടവും കൊണ്ട് എനിക്ക് കരച്ചിൽ വന്നു.
 
(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ