mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(T V Sreedevi)

തുണികൾ കുത്തിനിറച്ച മാറാപ്പും തലയിൽ ചുമന്ന് നാരായണി മെല്ലെ തോട്ടിലേക്ക് നടന്നു. നാട്ടുകാർക്ക് അത് പതിവുള്ള കാഴ്ച്ചയാണ്. എന്നും രാവിലെയും ഉച്ച കഴിഞ്ഞ് വെയിൽ ആറുന്ന സമയത്തും എത്രയോ വർഷങ്ങളായി തുടരുന്ന ഒരു ദിനചര്യ.

ഇപ്പോൾ നാരായണിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഭ്രാന്തി നാരായണി  എന്ന് ആളുകൾ അവരെ കേൾക്കാതെ പറയുമെങ്കിലും..,ചില തല തെറിച്ച വികൃതി പിള്ളേരൊഴികെ നേരിട്ട് ആരും അവരെ അങ്ങനെ വിളിക്കാറില്ല. ഗ്രാമത്തിലെ വീടുകളിൽ വിഴുപ്പു തുണി അലക്കുന്നതും പെറ്റലക്കുന്നതും നാരായണി ആയിരുന്നു.അവരെ പരത്തി നാരായണി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.     
തോട്ടുവരമ്പത്തു തുണിക്കെട്ടിറക്കി വെക്കാനൊരുങ്ങുമ്പോൾ..., നീന്തിക്കുളിച്ചുകൊണ്ടിരുന്ന കുട്ടികൾ വിളിച്ചുകൂവി,":ഇപ്പൊ ഇങ്ങോട്ട് പോരേണ്ട...., ഞങ്ങൾ കുളിക്കട്ടെ..." കൂട്ടത്തിൽ ഏതോ വികൃതി "ഭ്രാന്തി ചേച്ചി.. രാവിലെ കുളിച്ചതല്ലേ.. ഇനി നാളെ കുളിച്ചാൽ മതി കേട്ടോ..? എന്നും വിളിച്ചു പറഞ്ഞു ഒന്നും മിണ്ടാതെ നാരായണി തിരിച്ചു നടന്നു.

തോടിന്റെ താഴത്തെ അറ്റത്തു ഇരുവശവും പൂക്കൈതകൾ മറയൊരുക്കിയ....,ആളില്ലാത്ത കടവിൽ മാറാപ്പിറക്കി വെച്ച് അവർ  രാവിലെ കഴുകിയുണക്കിയ സ്വന്തം തുണികൾ തന്നെ വീണ്ടും കഴുകാൻ ആരംഭിച്ചു. സമയം കഴിഞ്ഞു പോകുന്നതോ സന്ധ്യ വരുന്നതോ ഒന്നും അവർ അറിയുന്നില്ലെന്നു തോന്നി.

അപ്പോഴാണ് ഒരു കൂവലും ആരവവും" ഉണ്ണിവന്നേ..," എന്ന വിളിയും മുഴങ്ങിയത്.
നാരായണി കൈതച്ചെടികൾക്കിടയിലൂടെ കണ്ടു. ഇറക്കമിറങ്ങി വരുന്ന ഒരു കാർ.
അത് തോടിനു കുറുകെയുള്ള പാലത്തിൽ കയറിയപ്പോൾ നാരായണി കാറിലിരുന്നവരെഎത്തി നോക്കി. പിന്നെ ധ്രുതിയിൽ തുണികളെല്ലാം വാരിക്കെട്ടി തിരികെ നടന്നു....!

ഓടിക്കിതച്ചാണ് സജി സ്കൂൾമുറ്റത്തേയ്ക്കെത്തിയത്. കൂട്ടുകാരെ നാലുപേരെയും സ്കൂൾ വരാന്തയിൽ കണ്ടയുടനെ അവൻ വിളിച്ചു പറഞ്ഞു...," ഞാൻ ഇച്ചിരെ വൈകിപ്പോയെടാ... നിങ്ങൾ വന്നിട്ട് കുറേനേരമായോ...?"
"ഇല്ലെടാ.. ഞങ്ങളിപ്പ വന്നേയുള്ളു..."ജോയിയാണ് മറുപടി പറഞ്ഞത്"
ഐറ്റംസ് ഒക്കെ റെഡി ആയോടാ....?അവൻ ചോദിച്ചു. "ഓ.. എല്ലാം റെഡി.... സൂസി പായസം ഉണ്ടാക്കുവാ... ഞാൻ ഇങ്ങോടിപ്പോന്നു..."സജി പറഞ്ഞു.
"ഉണ്ണിക്ക് ഇഷ്ടമുള്ളതൊക്കെ പറഞ്ഞോ...?"ജോയി ചോദിച്ചു.
 'എനിക്ക് എല്ലാം ഇഷ്!ട്ടാ..., അന്യ നാട്ടിൽ പോയി ഒറ്റയ്ക്ക് കിടക്കുന്ന എനിക്ക് നിങ്ങൾ സ്നേഹത്തോടെ തരുന്നതെല്ലാം അമൃതാ.." ഉണ്ണി പറഞ്ഞു

അന്നും പതിവുപോലെ ഗ്രാമത്തിലെ പ്രൈമറി സ്കൂളിന്റെ നീളൻ വരാന്തയിൽ അവർ ഒത്തുകൂടിയതാണ്. "പഞ്ചർ "എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുന്ന അഞ്ച് കൂട്ടുകാർ.
"മണ്ടൻ സജി "എന്ന മുണ്ടക്കലെ സജി, "ബീഡികുഞ്ഞുമോൻ "എന്ന് ഇരട്ട പേരുള്ള പുത്തൻപുരക്കലെ  കുഞ്ഞുമോൻ. "ചാത്തൻ ജോയി "എന്ന ചാത്തൻപറമ്പിലെ ജോയി, "കല്ലൻ രാജു "എന്ന  പേരുള്ള കല്ലറക്കലെ രാജേഷ്, പിന്നെ "ഉണ്ണി "എന്ന വലിയവീട്ടിലെ ഉണ്ണികൃഷ്ണനും.

എല്ലാവർഷവും ഉണ്ണി ദുബായിൽ നിന്ന് വന്നാൽ പിന്നെ തിരിച്ചുപോകുന്നത് വരെ എപ്പോഴും...എവിടെ നോക്കിയാലും..., ഈ അഞ്ചു പേരെ ഒരുമിച്ചേ കാണാൻ സാധിക്കു. സമയം സന്ധ്യ കഴിഞ്ഞിരുന്നു.
തെരുവ് വിളക്കിന്റെ മങ്ങിയ മഞ്ഞ വെളിച്ചം സ്കൂൾ മുറ്റത്തേക്ക് വരെ എത്തുന്നുണ്ടായിരുന്നു.സ്കൂളിന്റെ എതിർവശത്തുള്ള കുഞ്ഞേട്ടന്റെ റേഷൻ കടയിലും കുട്ടപ്പൻ ചേട്ടന്റെ ചായക്കടയിലും തിരക്ക് നന്നേ കുറഞ്ഞിരുന്നു.
"ഇച്ചിരെ മാറിയിരിയെടാ.. ഉണ്ണിക്ക് ശ്വാസം കിട്ടട്ടെ."ചായക്കടയുടെ വരാന്തയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
നിന്റെയൊക്കെ പിടിവിട്ടിട്ട് ഉണ്ണിയെ ഞങ്ങക്കൊന്നു കാണാൻ കിട്ടുവോടാ..?
ഓലിക്കലെ മത്തായിച്ചേട്ടനാണ് ചോദിച്ചത്.
"വെയിറ്റ്, വെയിറ്റ്....! കുറച്ച് താമസിക്കും..."
കുഞ്ഞുമോനാണ് മറുപടിപറഞ്ഞത്
"എടാ. എടാ.. പിള്ളരെ.. മതി പറഞ്ഞത്. ബാക്കി നാളെ പറയാം...വീട്ടിപ്പോകാൻ നോക്ക്. മഴപെയ്തു കെടക്കണ സമയാ...,എഴഞ്ഞു നടക്കുന്നത് കാണും.. കേട്ടോ... "
റേഷൻ കടയിൽ നിന്നും കുഞ്ഞേട്ടൻ വിളിച്ചു പറഞ്ഞു.
"ഏഴഞ്ഞു നടക്കണതിൽ കുഞ്ഞേട്ടൻ ഒഴികെ ബാക്കിയെല്ലാം മാളത്തിൽ കേറി. കുഞ്ഞേട്ടൻ കടയടച്ചു വേഗം പോകാൻ നോക്ക്."
സജി വിളിച്ചു പറഞ്ഞു. കടത്തിണ്ണയിൽ കൂട്ടച്ചിരി മുഴങ്ങി.

"ഇവനാരാ മണ്ടൻ സജി എന്ന് പേരിട്ടത്. ഇവന്റത്രേം ബുദ്ധിയുള്ളോര് ഈ നാട്ടിലില്ല."
കുഞ്ഞുമോൻ അഭിപ്രായം പറഞ്ഞു.   "കുരുട്ടുബുദ്ധിയാണെന്ന് മാത്രം ജോയി അവനെ കളിയാക്കി.എല്ലാരും ചിരിച്ചു.
പുറത്തു ഇരുട്ട് നന്നായി പരന്നു തുടങ്ങിയിട്ടും അവരുടെ വിശേഷം പറച്ചിൽ തുടർന്നുകൊണ്ടിരുന്നു.

(തുടരും )



ഭാഗം 2

പിന്നെ വേറെ എന്തൊക്കെയുണ്ടെടാ നാട്ടിലെ വിശേഷങ്ങൾ?" ഉണ്ണികൃഷ്ണൻ ചോദിച്ചു. "പ്രത്യേകിച്ചൊന്നും ഇല്ല".രാജു പറഞ്ഞു. 
"നമ്മുടെ പ്രാഞ്ചിയേട്ടൻ അമേരിക്കയ്ക്കു പോയി...!"
"പിന്നെ എടാ നമ്മുടെ മാമലേലെ ജോർജ് ചേട്ടന്റെ ഭാര്യ ഒരു തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയി...!"


"ആര്?" "റോസമ്മ ചേടത്തിയോ?" ഉണ്ണിക്ക് അതിശയമായി.."എടാ...അവരുടെ മോളെ കെട്ടിക്കാറായില്ലേ...?"അവൻ ചോദിച്ചു."അതൊക്കെ ശരിയാ.., പക്ഷെ.. ആളു പോയി."കുഞ്ഞുമോൻ പറഞ്ഞു.
അങ്ങനെ നിരവധി നാട്ടുവിശേഷങ്ങൾ അവർക്ക് ഉണ്ണിയോട് പങ്കു വെയ്ക്കാനുണ്ടായിരുന്നു. ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ ദുബായിൽ നിന്നു നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
അവിടെ എണ്ണക്കമ്പനിയിലെ മെക്കാനിക്കൽ എഞ്ചിനീയർ ആണ്. കൂട്ടുകാരാരും പ്രീഡിഗ്രി കടന്നുകൂടിയില്ല.
അതൊന്നും അവരുടെ സൗഹൃദത്തെ ബാധിച്ചുമില്ല.
       

പതിവ് പോലെ പൂമ്പാറയിലെ സണ്ണിക്കുട്ടിയുടെ ഇന്നോവയിൽ കൂട്ടുകാർ നാലുപേരും വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. വർഷങ്ങളായി തുടരുന്ന പതിവ്..! പണ്ട് സണ്ണിക്കുട്ടിക്ക് ജീപ്പായിരുന്നു. ഇപ്പോൾ സണ്ണി ഇന്നോവ വാങ്ങിയപ്പോൾ അതിലായി യാത്ര. വലിയ വീട്ടിലെ ഉണ്ണികൃഷ്ണൻ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. ഒരു കാലത്ത് നാട്ടിലെ പ്രതാപികളായിരുന്നു ഉണ്ണിയുടെ പൂർവികർ. പാവങ്ങൾക്കും, പട്ടിണിക്കാർക്കും അഭയകേന്ദ്രമായിരുന്നു വലിയവീട്ടിൽ തറവാട്. സ്വത്തുവകകളെല്ലാം ഭാഗം വെച്ചു പിരിഞ്ഞപ്പോൾ തറവാട് കിട്ടിയത് ഉണ്ണികൃഷ്ണന്റെ അമ്മയ്ക്കാണ്. ഒരേ ഒരു അനിയത്തി ശ്രീക്കുട്ടി വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടികളുമായി മസ്കറ്റിൽ ആണ്. രണ്ട് വർഷം മുൻപ് അമ്മയും മരിച്ചപ്പോൾ അവൻ ഒറ്റക്കായി.

അപ്പോഴാണ് കടപൂട്ടിയിറങ്ങിയ കുഞ്ഞേട്ടനും കുട്ടപ്പൻചേട്ടനും അവരുടെ അടുത്തേക്ക് നടന്നുവന്നത്.
"ഇന്ന് ആരുടെ വീട്ടിലാ സൽക്കാരം?" കുഞ്ഞേട്ടൻ ചോദിച്ചു.
"സജിയുടെ വീട്ടിലാ ചേട്ടാ." ജോയി പറഞ്ഞു.
"ഞങ്ങക്കൊള്ള ചെലവ് എന്നാ ഉണ്ണീ തരുന്നത്...?"കുട്ടപ്പൻ ചേട്ടൻ ചോദിച്ചു.
"എന്ന് വേണെങ്കിലും ആയിക്കോ.. ചേട്ടാ. നിങ്ങള് തീരുമാനിച്ചാൽ മതി."  ഉണ്ണിപറഞ്ഞു.
തോട്ടിനക്കരെയുള്ള കള്ള് ഷാപ്പിൽ നിന്ന് വയറു നിറയെ കള്ളും..., കറിക്കാരൻ ബാലൻ ചേട്ടന്റെ ചിക്കൻറോസ്റ്റും, മീൻകറിയും..., കപ്പയുമാണ് അവരുടെ ഇഷ്ട വിഭവങ്ങൾ. പത്തിരുപതു പേരുണ്ടാകും..
കയ്യയഞ്ഞു ചെലവഴിക്കാൻ ഉണ്ണീ മടിക്കാറില്ല.

"അതിനേക്കാൾ പ്രധാനം മറ്റൊന്നാണ്. ഞങ്ങൾക്കെന്നാ ഉണ്ണീ ഒരെല ചോറ് തരുന്നത്..?"
കുഞ്ഞേട്ടൻചോദിച്ചു.
"കൂട്ടുകാരുടെയൊക്കെ മക്കൾക്ക് എട്ടും പത്തും വയസ്സായി..!"
"ഇനി വെച്ച് നീട്ടരുത്. "ഒരു വാക്ക് പറഞ്ഞാൽ മതി. നല്ല തറവാട്ടിലെ പഠിപ്പൊള്ള സുന്ദരി പെങ്കൊച്ചുങ്ങളുണ്ട്." കുട്ടപ്പൻ ചേട്ടനും പറഞ്ഞു.
എല്ലാവരും ഉണ്ണിയുടെ മുഖത്തേയ്ക്ക് നോക്കി.
"നമുക്കാലോചിക്കാം ചേട്ടാ.., ഞാൻ കുറെ നാളിവിടെ ഉണ്ടാകുമല്ലോ" ഉണ്ണീ അവരെ സമാധാനിപ്പിച്ചു.
ശരി, വേഗം പോയി ഭക്ഷണം കഴിക്കെന്നു പറഞ്ഞ്, ടോർച്ചും മിന്നിച്ചുകൊണ്ട് അവർ പോയി. എല്ലാവരും എഴുന്നേറ്റപ്പോളാണ് സജി പറഞ്ഞത് :-"അയ്യോ, ഉണ്ണീ..
ഒരു കാര്യം പറയാൻ മറന്നു പോയി."
"നിന്റെ പഴയ അമ്പിളിയില്ലേ...? അതിന്റെ കാര്യം കഷ്ടാട്ടോ..."സജി പറഞ്ഞു തുടങ്ങിയപ്പോഴേ എല്ലാവരും തലയിൽ കൈവെച്ചു. "ശ്ശോ...ശ്ശോ..നശിപ്പിച്ചു" കുഞ്ഞുമോൻ വിലപിച്ചു..
സജിയുടെ ഡയലോഗ് പിടിച്ചു കെട്ടിയ പോലെ നിന്നു. അബദ്ധം പറ്റിയതറിഞ്ഞു അവൻ വിരൽ കടിച്ചു. ഉണ്ണികൃഷ്ണന്റെ ഹൃദയത്തിലൂടെ നൊമ്പരത്തിന്റെ ഒരു ഈർച്ചവാൾ കടന്നുപോയി.
അനേകം ഓർമ്മകളുടെ വേലിയേറ്റത്തിൽ   അവൻ ഒരു മാത്ര മൌനം പൂണ്ടു..!
           

(തുടരും)

 


ഭാഗം 3
               

വലിയ വീട്ടിലെ മുറ്റത്തെ മൂവാണ്ടൻ മാവിലും ഞാവലിലും കയറി പൂത്തു മറിഞ്ഞു കിടക്കുന്ന കുറുമൊഴി മുല്ലയും.മുല്ലപ്പൂമണം ഒഴുകിയെത്തുന്ന ഗ്രാമത്തിലെ നനഞ്ഞ സന്ധ്യകളും,പൂ പറിക്കാൻ മത്സരിക്കുന്ന തന്റെ അനിയത്തി ശ്രീക്കുട്ടിയും. ഭാനുവേടത്തിയുടെ മകൾ അമ്പിളിയും, അമ്പിളിയോടുണ്ടായിരുന്ന തന്റെ പ്രണയവും, അതിന്റെ ദുരന്ത പര്യവസാനവും എല്ലാം ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നുപോയി.


ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അവൻ സജിയുടെ തോളിൽ കൈയിട്ടു...,തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു,
".എന്നിട്ട്... ബാക്കി പറയെടാ .. അവളെ കൊല്ലത്തോ മറ്റോ അല്ലേ കെട്ടിച്ചു വിട്ടത്.? അവൾക്കെന്തു പറ്റി..?
"നീ പറയെടാ." ഉണ്ണികൃഷ്ണൻ പറഞ്ഞു
 പക്ഷെ എത്ര നിർബന്ധിച്ചിട്ടും സജി വാ തുറന്നില്ല.
"നമുക്കാദ്യം  പോയി ഭക്ഷണം കഴിക്കാം...എന്നിട്ട് നിന്നോട് എല്ലാം പറയാം."
"ശരിയാ ,എല്ലാവരും കാത്തിരിക്കുവായിരിക്കും.പിള്ളേരൊക്കെ ആകെ ഉഷാറിലാ..,
ഉണ്ണീ കൊണ്ടുവന്ന ബനിയനൊക്കെ ഇട്ട്... " സജി വാ തുറന്നു.
ശരിയാണ്. ഉണ്ണികൃഷ്ണൻ കൊണ്ടുവരുന്ന തുണിത്തരങ്ങളല്ലാതെ അവരാരും ഒന്നും വാങ്ങിക്കാറുമില്ല.
കൂട്ടുകാർ ഒന്നും ആവശ്യപ്പെടാറില്ലെങ്കിലും...,അവർക്കു വേണ്ടതെല്ലാം അറിഞ്ഞുകൊടുക്കാൻ ഉണ്ണിക്കു നന്നായി അറിയാം. എല്ലാവരും എഴുന്നേറ്റു.
പെട്ടെന്നാണ് ഉണ്ണീ കണ്ടത്, വരാന്തയുടെ അങ്ങേയറ്റത്തു കൂനിക്കൂടി ഇരിക്കുന്ന ഒരു രൂപം.   "ആരാ അത്...?" അവൻ ഉറക്കെ ചോദിച്ചു. എല്ലാവരും അങ്ങോട്ട്‌ നോക്കി
ഓ അതോ....അത് നമ്മുടെ നാരായണി ചേച്ചിയാ..." ജോയി പറഞ്ഞു. എത്രയോ നാളായി    അവർക്കു ഭ്രാന്താണെന്ന് ഉണ്ണീക്കറിയാം.
ഓർമ്മ വെച്ചനാൾ മുതൽ കാണുന്നതാണ്. വലിയ തുണിക്കെട്ടും തലയിൽ വെച്ച് .,തനിയെ സംസാരിച്ചും പിറുപിറുത്തും നടന്നു പോകുന്ന നാരായണിയെ. കൊച്ചു കുഞ്ഞുങ്ങളുടെ അപ്പിത്തുണികളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ തുണികളും. തെങ്ങിൻ മടൽ കത്തിച്ച ചാരം ചേർത്ത് പുഴുങ്ങി അലക്കിയാണ് നാരായണി കൊണ്ടുവരാറുള്ളത്.
അതി രാവിലെ പോകൂന്ന നാരായണി കഴുകിയുണക്കിയ തുണികളുമായി  ഉച്ചകഴിയുമ്പോഴേക്കും ക്ഷീണിച്ചവശയായി തിരിച്ചെത്തും. വലിയ വീട്ടിലെ അടുക്കളപ്പുറത്തുള്ള ഇളംതിണ്ണയിൽ ഇരുന്ന്..,വലിയ കോപ്പയിൽ നിറയെ അമ്മ കൊടുക്കുന്ന കഞ്ഞി ആർത്തിയോടെ മോന്തിക്കുടിക്കുന്ന അവരുടെ ചിത്രം ഉണ്ണിയുടെ മനസ്സിൽ തെളിഞ്ഞു വന്നു മോരുകൂട്ടാനും കടുമാങ്ങക്കറിയും ഉപ്പും ചേർത്ത് തവികൊണ്ടിളക്കി, അമ്മയുണ്ടാക്കുന്ന കഞ്ഞിയുടെ സ്വാദ് ഓർമ്മയിൽ വന്നപ്പോൾ ഉണ്ണിയുടെ നാവിൽ വെള്ളമൂറി.
നാരായണിക്ക് കൊടുത്ത പോലെയുള്ള കഞ്ഞി തനിക്കും വേണമെന്ന് വാശിപിടിച്ചു കരയാറുള്ളതോർത്തപ്പോൾ അവന് ചിരിയും ഒപ്പം സങ്കടവും വന്നു.

ടോർച്ച് തെളിച്ചുകൊണ്ട് സജിയും കുഞ്ഞുമോനും മുൻപേ നടന്നു. ഉണ്ണിയെ നടുവിലാക്കി ജോയിയും രാജുവും പിൻപിലും. സജിയുടെ വീട്ടിൽ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു.
കുഞ്ഞുമോന്റെയും, ജോയിയുടെയും രാജേഷിന്റെയും ഭാര്യമാരും മക്കളും ചേർന്നപ്പോൾ സജിയുടെ ചെറിയ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.
സജിയുടെ അമ്മ ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്റെ കൈകളിൽ ഉമ്മ വേച്ചു. 
കുഞ്ഞിന്റെ അമ്മയോട് ഒത്തിരി കഞ്ഞി മേടിച്ചു കുടിച്ചിട്ടൊണ്ട് ഞങ്ങള്."
"അന്ന്  ഞങ്ങക്ക് പട്ടിണീം പരിവട്ടോമല്ലാരുന്നോ?"
'ഞങ്ങക്കാശ്രയിക്കാൻ   ആ ഒരു വീടു മാത്രേയുണ്ടായിരുന്നുള്ളു."ഉണ്ണികൃഷ്ണൻ അവരുടെ അടുത്തിരുന്നു. അവരെ ചേർത്തുപിടിച്ച് സുഖവിവരങ്ങൾ തിരക്കി. വിഭവ സമൃദ്ധമായിരുന്നു സദ്യ.
കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല. രാത്രി വളർന്നുകൊണ്ടിരുന്നു.
ഒടുവിൽ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തയ്യാറായി. വലിയ വീടിന്റെ പടിക്കൽ വരെ ജോയിയും കുടുംബവും ഉണ്ണിയെ കൊണ്ടുചെന്നാക്കി.
"രാത്രിയിൽ യാത്രയില്ല "നാളെക്കാണാം" എന്ന് പറഞ്ഞ് അവർ മടങ്ങിയപ്പോൾ, ഉണ്ണീ വീട്ടിലേക്കുള്ള നടകൾ കയറാൻതുടങ്ങി.
വരാന്തയിൽ കയറി ടോർച്ചിന്റെ വെളിച്ചത്തിൽ അവൻ ലൈറ്റിട്ടു. അപ്പോൾ വരാന്തയുടെ അറ്റത്തു പുതച്ചു മൂടി കിടന്നിരുന്ന ആൾരൂപം പെട്ടെന്ന് എഴുന്നേറ്റിരുന്നു.
ഉണ്ണി ഞെട്ടിപ്പോയി. 
          

(തുടരും )



ഭാഗം 4

"കുഞ്ഞേ,  പേടിക്കണ്ട.ഇത് ഞാനാ നാരായണി.."
 ഉണ്ണീ  അവരുടെ നേരെ തുറിച്ചു നോക്കി.....അപ്പോൾ ഇവർക്ക്... ഭ്രാന്തല്ലേ...?
നാരായണി എഴുന്നേറ്റു. ഉണ്ണിയുടെ അടുത്തേക്ക് വന്നു.
അവന്റെ മുഖത്തെ സംശയം കണ്ടിട്ടാകണം അവർ പറഞ്ഞു..
"പേടിക്കേണ്ട ഉണ്ണിക്കുഞ്ഞേ.. എനിക്ക്  പ്രാന്തൊന്നുമില്ല..!"
അവന്റെ മനസ്സ് അറിഞ്ഞതു പോലെ ആയിരുന്നു നാരായണിയുടെ സംസാരം..


ഉണ്ണീ അവരുടെ നേരെ വീണ്ടും സൂക്ഷിച്ചു നോക്കി
"അപ്പൊ, ഇത്രയും നാളും..?"
എല്ലാവരും കരുതിയതു പോലെ...?"
"എല്ലാവരും അങ്ങനെ കരുതിക്കോട്ടെ കുഞ്ഞേ."
പല്ലുപോയ മുൻവശത്തെ മോണ കാട്ടി നാരായണി ചിരിച്ചു.
"അതായിരുന്നു എനിക്കും വേണ്ടത്. അല്ലാതെ പറക്കമുറ്റാത്ത മൂന്ന് പെൺപിള്ളേരേം കൊണ്ട്.., ചെറുപ്പത്തിൽ കെട്ട്യോൻ ചത്തുപോയ ഞാൻ പുറമ്പോക്കിലെ മൂന്ന് സെന്റ് സ്ഥലത്തെ ചെറ്റപ്പുരയിൽ എങ്ങനെ   സമാധാനമായി കഴിയും.?"
ഉണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സത്യമാണോ ഇവർ പറയുന്നത്?ഇത്രയും കാലം ഭ്രാന്ത് അഭിനയിച്ചുവെന്നോ? 
അവർ തുടർന്നു.
"കെട്ട്യോൻ ചത്തപ്പം നാരായണിക്ക് മുപ്പത്തിമൂന്നു വയസ്സായിരുന്നു. മൂത്ത പെണ്ണിന് പതിമൂന്നും. അതിന്റെ എളേത്തുങ്ങള് പതിനൊന്നും ഒൻപതും വയസ്സു വീതമുള്ള രണ്ടു പെങ്കൊച്ചുങ്ങളും കൂടി. ഞങ്ങളെ കണ്ണുവച്ചു നടക്കുന്ന കുറേ അമ്മേം പെങ്ങളേം തിരിച്ചറിയാമ്മേലാത്ത കുറച്ചു പേരുണ്ടായിരുന്നു കുഞ്ഞേ..!കുന്നികുഞ്ഞന്ന് ചെറുതാ. എങ്ങനെ അവിടെ കഴിഞ്ഞുകൂടാം എന്നു ഞാൻ കുറേ ചിന്തിച്ചു കുഞ്ഞേ.
"അങ്ങനെ ഒരു ദിവസം തുണി അലക്കാൻ പോയ ഞാൻ തോട്ടിൽ നിന്നു തിരിച്ചു കയറിയത് ഭ്രാന്തിയായിട്ടാണ്."
നാരായണി തുടർന്നു.
"വക്കീൽ സാറിന്റെ വീട്ടിലെ അലക്കിയ തുണി  അവരുടെ പുറകുവശത്തെ  തിണ്ണയിൽ കൊണ്ടെ എറിഞ്ഞിട്ടിട്ടു കാശുപോലും മേടിക്കാതെ അലറിക്കരഞ്ഞുകൊണ്ടു  ഞാൻ പുറത്തേയ്ക്കോടി."അതായിരുന്നു തുടക്കം.
"നാരായണിക്ക് പ്രേതബാധ ആണെന്നും,അല്ല  മലമ്പൂതം കൂടിയതാണെന്നും, അതല്ല നട്ടുച്ചക്ക് തോട്ടിൽ വെച്ച് എന്തോ കണ്ടു പേടിച്ചതാണെന്നും...,
പല തരത്തിൽ നാട്ടുകാർ വിശ്വസിച്ചു.
അങ്ങനെ ഒരു ഭ്രാന്തിയായി ഞാൻ അറിയപ്പെട്ടു."ആരോടും ഒന്നും മിണ്ടാതെ തന്നത്താൻ പിറുപിറുത്തുകൊണ്ട് ഞാൻ നടന്നു."
"പക്ഷെ ഉണ്ണിക്കൂഞ്ഞിന്റെ അമ്മ
ഭദ്രക്കൊച്ചമ്മക്കും അമ്പിളിയുടെ അമ്മക്കും സത്യം അറിയാമായിരുന്നു. അവരാരോടും ഒന്നും പറഞ്ഞുമില്ല എന്നാലും തുണി അലക്ക് ഞാൻ കൃത്യമായി ചെയ്തുകൊണ്ടിരുന്നു."
"പെണ്മക്കൾക്ക് കാവലായി അരിവാളും തലക്കൽ വെച്ച് രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ...,
ചിലപ്പോൾ തോന്നാറുണ്ട്.., എനിക്ക് ഭ്രാന്തുതന്നെയാണെന്ന്."
"എന്നെയും പെണ്മക്കളെയും അടച്ചുറപ്പില്ലാത്ത വീട്ടിൽ, ശല്യപ്പെടുത്താൻ ആരും വന്നില്ല." അവർ നെടുവീർപ്പിട്ടു.
നാരായണിയുടെ കഥ അതിശയാതിരേകത്തോടെ ഉണ്ണികൃഷ്ണൻ കേട്ടിരുന്നു. ഇതുവരെ കേട്ടതും കണ്ടതുമായ നാരായണിയല്ല തന്റെ മുൻപിൽ ഇരിക്കുന്നത്. സ്ത്രീശക്തിയുടെ  മൂർത്തീഭാവമാണ്  അവർ. അവരുടെ മുൻപിൽ പണവും, പദവിയും, വിദ്യാഭ്യാസവും മറ്റെല്ലാം അർത്ഥശുന്യ മാണെന്നും അവന് തോന്നി.

"പെണ്മക്കളൊക്കെ എവിടെയാണ് നാരായണിയേട്ത്തീ...?" ഉണ്ണി ചോദിച്ചു.
 "ഓ... കുഞ്ഞെന്നെ പേര് വിളിച്ചാൽ മതി കേട്ടോ.. "അവർ പറഞ്ഞു.
"മൂത്ത മകളെ അവളുടെ അച്ഛന്റെ അനന്തിരവനും, രണ്ടാമത്തതിനെ എന്റെ ആങ്ങളേടെ മോനും കല്യാണം കഴിച്ചു.." 
"എളേമോള് രാഗിണിയെ കുഞ്ഞിനൊർമയില്ലേ...?"അവള് അവടെ അച്ഛനെപ്പോലെ വെളുത്തു ഭംഗിയുള്ള കൊച്ചായിരുന്നു. അതിനെ   ഇവിടെ റോഡ് പണി ഏറ്റെടുത്ത് വന്ന സാറു കണ്ടിഷ്ടപ്പെട്ടു. വല്ല്യ പുകിലൊക്കെ ആയിരുന്നു.
"നാരായണിക്ക് പേടിയായിരുന്നു കുഞ്ഞേ..."
"പക്ഷെ ഈ നാട്ടുകാരെല്ലാം അവരെ സഹായിച്ചു. ഒടുവിൽ സാറ് അവളെ കല്ല്യാണം കഴിച്ചു."
"അവര് തൊടുപുഴ അമ്പലത്തിന്റെ അടുത്താ താമസം.അവക്ക് സുഖാ..."
"എല്ലാവർക്കും രണ്ട് പിള്ളേർ വീതമുണ്ട്. " അവർ സന്തോഷത്തോടെ പറഞ്ഞു.
"എന്നാൽ പിന്നെ മക്കളുടെ കൂടെ പോയി താമസിക്കുന്നതല്ലേ നല്ലത്.?"
"സത്യം എല്ലാവരോടും വെളിപ്പെടുത്ത്, വയസ്സായില്ലേ...?"    ഉണ്ണി ചോദിച്ചു.
"അവരെന്നെ വിളിക്കുന്നുണ്ട് കുഞ്ഞേ.."ഞാൻ പൊകൂല്ല. എന്റെ അമ്മക്ക് പതിച്ചു കിട്ടിയതാ ആ സ്ഥലോം ഒരു കുഞ്ഞു  പെരേം.." "ഞാൻ ജനിച്ചു വളർന്ന ഈ മണ്ണ് വിട്ട് ഞാൻ എവിടേം പോകൂല്ല."
"ഇവിടത്തെ പാടോം, വരമ്പും, തോടും, വഴികളുമെല്ലാം എന്റെ സ്വന്താ.."
"ഇവിടത്തെ ശ്വാസം കിട്ടീല്ലേൽ നാരായണി ചത്തുപോകും കുഞ്ഞേ..."
നാരായണി പറഞ്ഞുകൊണ്ടിരുന്നു.
         

(തുടരും )



ഭാഗം 5
       
ഉണ്ണീ കേട്ടിരുന്നു.  മനുഷ്യജീവിതത്തിന്റെ അഗോചരമായ നൂലിഴകൾ ഏതെല്ലാം തരത്തിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്..! ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ജീവിയും സഹിക്കുന്ന പെടാപ്പാടുകൾ..!
നിസ്സാരരെന്നും അപരിഷ്ക്രുതരെന്നും  നമ്മൾ കരുതുന്ന പലരും വച്ച് പുലർത്തുന്ന ആദർശങ്ങൾ, ജീവിതത്തോടും പ്രകൃതിയോടും അവർക്കുള്ള ആത്മാർത്ഥ സ്നേഹം എത്ര വലുതാണ്?
അവൻ ചിന്തിച്ചുപോയി.


"ഒരു കാര്യം ചെയ്തോ നാരായണി ഏട്ടത്തി..," 
"ഞാൻ പോകുന്നതുവരെ ഇവിടെ കൂടിക്കോ."
"എനിക്കൊരു കൂട്ടായല്ലോ എന്താ..?"
ഉണ്ണീ ചോദിച്ചു. 
നാരായണി വാ തുറന്നു ചിരിച്ചു.
"എന്തെങ്കിലും കഴിച്ചോ?"ഉണ്ണി ചോദിച്ചു.
"വൈകിട്ട് ചായക്കട അടക്കണേനും  മുൻപ് കുട്ടപ്പൻ തമ്പ്രാൻ വയറു നിറയെ തിന്നാനുള്ളത് തരും"
"ഇനി നാളെ ഉച്ചക്കേ വല്ലോം കഴിക്കുള്ളു. വയസ്സായില്ലേ കുഞ്ഞേ..."
അടുക്കളയോട് ചേർന്നുള്ള ചെറിയ മുറിയിലെ കട്ടിൽ കാട്ടിക്കൊടുത്തിട്ട് അവിടെ കിടന്നു കൊള്ളാൻ ഉണ്ണികൃഷ്ണൻ പറഞ്ഞെങ്കിലും
നാരായണി സമ്മതിച്ചില്ല. ഒരു പായ എടുത്തു നിലത്തിട്ട് അവർ അതിൽ കിടന്നുകൊള്ളാം എന്ന് പറഞ്ഞു.
"കുഞ്ഞേ..." നാരായണി വിളിച്ചു.
"കുഞ്ഞിനി ഈ നാട്ടീന്ന് എങ്ങോട്ടും പോകണ്ട.."
"കാർന്നോമ്മാര് തന്ന സ്വത്ത്‌ ഇഷ്ടം പോലെ ഉണ്ടല്ലോ."
"അവരുറങ്ങുന്ന ഈ മണ്ണ് വിട്ട് എങ്ങും പോകേണ്ട കുഞ്ഞേ.."
"കുഞ്ഞിന്റെ അമ്മയും ഞാനും ഒരേ പ്രായക്കാരാ...""ഭദ്രക്കൊച്ചമ്മ ഇന്നില്ല."
"അതു കൊണ്ടുകൂടിയാ ഞാനിതു പറയാൻ ഇവിടെ കാത്തിരുന്നത്....."
ഒന്നു നിറുത്തിയിട്ട് നാരായണി തുടർന്നു. "കുഞ്ഞിന് അമ്പിളിയോടുള്ള സ്നേഹം എന്തോരമുണ്ടായിരുന്നെന്ന് നാരായണിക്കറിയാം.  കുഞ്ഞിന്റെ അമ്മയ്ക്കും, അമ്പിളീടമ്മക്കും അതറിയാരുന്നു..."
"പക്ഷെ കുഞ്ഞിന്റെ അച്ഛനോട് നാട്ടുകാരാരോ നുണ പറഞ്ഞുകൊടുത്തു. അപ്പോഴാ പ്രശ്നമായത്.
ശരിയാണ്. ഉണ്ണീ വേദനയോടെ ചിന്തിച്ചു.
എന്തെല്ലാം സംഭവവികാസങ്ങൾ ഉണ്ടായി.  വലിയവീട്ടിലെ പണിക്കാരി ഭാനുമതിയുടെ മകൾ സ്വന്തം മകനെ വളച്ചെടുത്തുവെന്ന് പറഞ്ഞ് അച്ഛൻ അവരെ പണികളിൽ നിന്നും പുറത്താക്കി പിന്നെ അവരെ ഭീഷണിപ്പെടുത്തി. ആരുമറിയാതെ അമ്പിളിയുടെ കല്യാണം ഉറപ്പിച്ചു. അന്ന് എഞ്ചിനീയറിംഗ് കോളേജിലായിരുന്ന താൻ വിവരമറിഞ്ഞപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞിരുന്നു. പിന്നെ അധികം വൈകാതെ അവരുടെ കുടുംമ്പവും വേറെ എവിടേക്കോ സ്ഥലം വിറ്റു പോയി എന്നറിഞ്ഞു.
പിന്നെ വിവാഹമേ വേണ്ടെന്ന് വെച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനോട് പകരം വീട്ടിയത്. നഷ്ടസ്വപ്‌നങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലുണ്ടാക്കിയ വേദനയിൽ..,ഉണ്ണികൃഷ്ണൻ ചിന്തയിൽ മുഴുകിയിരുന്നപ്പോഴാണ് നാരായണി പറഞ്ഞത്
"കുഞ്ഞേ...അമ്പിളിയെ ഞാൻ കണ്ടു...!"നമ്മുടെ പള്ളിയാശുത്രീലെ കന്യാസ്ത്രീകളുടെ കൂടെയുണ്ട്. "
"അതെങ്ങനെ? അവളെ കൊല്ലത്തല്ലേ അയച്ചിരിക്കുന്നത്..?"ഉണ്ണിക്ക് ജിജ്ഞാസയായി...
"അതിന്റെ കെട്ടിയോൻ ആനക്കാരനായിരുന്നില്ലേ....? സ്വർണം പോലെയുള്ള അമ്പിളിക്ക് ചേരുന്ന ബന്ധമായിരുന്നോ അത്...?
അയാൾക്ക് അമ്പിളിയെ സംശയമായിരുന്നു...  "എന്നും കള്ള് കുടിച്ചുവന്ന് അതിനെ ഉപദ്രവിക്കും!
അടീം ചവിട്ടും കൊണ്ട് അതിന്റെ ജീവിതം നരകമായിരുന്നു. ഒടുവിൽ കരൾ രോഗം വന്ന് അയാൾ ചത്തുപോയി. അവൾക്കു മക്കളുമുണ്ടായില്ല. ഒന്നും കൊടുക്കാതെ അവളെ ബന്ധുക്കൾ പുറത്താക്കി."
ഉണ്ണീ സങ്കടത്തോടെ കേട്ടിരുന്നു.

മുട്ടൊപ്പമെത്തുന്ന നീളൻ മുടിനിറയെ മുല്ലപ്പൂവും ചൂടി നിറനിലാവുപോലെ...,അമ്പിളി അവന്റെ ഓർമകളിൽ വിടർന്നു ചിരിച്ചു നിന്നു.
"എന്നെ കണ്ടപ്പോൾ ഓടി അടുത്തുവന്നു." നാരായണി തുടർന്നു.
"ചേച്ചിയുടെ അസുഖം മാറിയോ?"എന്നു ചോദിച്ചപ്പോൾ, ഞാൻ വെറുതെ തല കുലുക്കി."എന്നെ ഓർമ്മയുണ്ടോ?' എന്നു ചോദിച്ചപ്പോൾ "ഭാനുക്കൊച്ചമ്മയുടെ മകൾ അമ്പിളിയല്ലേ?"എന്നു ഞാൻ ചോദിച്ചു. അതിനു വലിയ സന്തോഷമായി.  "എല്ലാവരുടെയും വിവരങ്ങൾ തിരക്കി..".നാരായണി തുടർന്നു...
"ഉണ്ണിയേട്ടൻ കല്യാണം കഴിച്ചോ..??നാട്ടിൽ വരാറുണ്ടോ...?"
"എന്നൊക്കെ ചോദിച്ചപ്പോൾ അത് കരഞ്ഞു."പിന്നെ എല്ലാ വിശേഷങ്ങളും എന്നോടു പറഞ്ഞു.
അമ്മയും അച്ഛനും മരിച്ചു. അതിനാരുമില്ലാണ്ടായി.                    
ഉണ്ണിക്കുഞ്ഞിനോട്‌ ഇതു പറയാൻ വേണ്ടിയാ ഞാൻ കാത്തു നിന്നത്.ഇനി എന്താ പറയേണ്ടത് എന്ന് ഈ വയസ്സിക്ക് അറിയാൻ മേലാ...!!"
നാരായണി പറഞ്ഞു നിർത്തി. എന്താണ് അവർ ഉദ്ദേശിച്ചത് എന്ന് ഉണ്ണിക്ക് മനസ്സിലായി.
              

(തുടരും )



ഭാഗം 6
                          
രാത്രിയിൽ പലവിധ ചിന്തകളിൽ മുഴുകി എപ്പോഴോ ഉറങ്ങിപ്പോയത് ഉണ്ണീ  അറിഞ്ഞതേയില്ല. രാവിലെ മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.നോക്കുമ്പോൾ നാരായണിയേടത്തിയാണ്.ഉണ്ണിയുടെ വരവ് പ്രമാണിച്ച് കൂട്ടുകാർ ചേർന്ന് വൃത്തിയാക്കിയിട്ടിരുന്ന വീടും പരിസരവും  വീണ്ടും അടിച്ചുവാരുന്നു.


ഉണ്ണി കുളിച്ചുവന്നപ്പോഴേക്കും കൂട്ടുകാർ എല്ലാവരും എത്തി. അപ്പവും, മുട്ടക്കറിയും, ഇഡ്ഡലി, സാമ്പാർ, പഴം പുഴുങ്ങിയത് തുടങ്ങി അനേക വിഭവങ്ങൾ അടുക്കളയിൽ നിരന്നു.ഓരോരുത്തരും ഉണ്ണിക്കിഷ്ടമുള്ള സാധനങ്ങൾ സ്വന്തം വീട്ടിൽ നിന്നും ഉണ്ടാക്കികൊണ്ടു വന്നിരിക്കുന്നു.
കുഞ്ഞുമോൻ പാലും ഏലക്കായും ചേർത്ത് കടുപ്പത്തിൽ ഉണ്ണിക്ക് ഇഷ്ടമുള്ള രീതിയിൽ ചായ ഉണ്ടാക്കി.

പിന്നെ എല്ലാവരും ചേർന്ന് ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് ഉണ്ണീ നാരായണിയുടെ കാര്യം കൂട്ടുകാരോട് പറഞ്ഞത്!

ആദ്യം അവർക്ക് ഭ്രാന്തില്ലെന്ന് വിശ്വസിക്കാൻ ആരും തയ്യാറായില്ല.
ഒടുവിൽ  പറമ്പിൽ കരിയില അടിച്ചുവാരിക്കൊണ്ടിരുന്ന നാരായണിയെ ഉണ്ണി വിളിച്ചുകൊണ്ടുവന്നു. അവർ എല്ലാവരെയും നോക്കി ചിരിച്ചു.  

"ചേച്ചീ... ഞാൻ ആരാണെന്ന് പറഞ്ഞേ..,"സജി ആവശ്യപ്പെട്ടു.നാരായണി വാ തുറന്നു ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. എലാവരും തമ്മിൽ തമ്മിൽ നോക്കി. "ഉണ്ണി കളിപ്പിച്ചതാണോ?"
"എനിക്ക് സജിമോനെ മാത്രമല്ല, കുഞ്ഞുമോൻ,ജോയി, രാജു എല്ലാരേം അറിയാം." അവർ മെല്ലെ പറഞ്ഞു.
ഉണ്ണിക്കുഞ്ഞു പറഞ്ഞുതരും ബാക്കിയൊക്കെ.. "
എല്ലാവർക്കും അത്ഭുതമായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ അവരെ ഭ്രാന്തിയായിട്ടേ കണ്ടിട്ടുള്ളു. ഇത്രയും വർഷം അവർ എങ്ങനെ ഒരു ഭ്രാന്തിയുടെ മട്ടിൽ ജീവിച്ചു?..
"അമ്പിളീടെ കാര്യോം ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളും അവളെ കണ്ടതല്ലേ? " നാരായണി ചോദിച്ചു.
"ഇതാണോ സജി ഇന്നലെ പറയാൻ വന്ന കാര്യം? "ഉണ്ണീ ചോദിച്ചു.
പിന്നെ എല്ലാക്കാര്യങ്ങളും കൂട്ടുകാർ അവനോടു പറഞ്ഞു. ഒടുവിൽ കുഞ്ഞുമോൻ പറഞ്ഞു.,
"ഉണ്ണീ..... ശരിയാണോ ഞാൻ പറയുന്നതെന്ന് എനിക്ക് നിശ്ചയമില്ല.
എങ്കിലും ഒരുകാര്യം പറയാം."
"അമ്പിളിയെ മറക്കാൻ പറ്റാത്തതുകൊണ്ടാണല്ലോ നീ ഇതുവരെ കല്യാണം കഴിക്കാത്തത്."
അവൾ മറ്റൊരാളുടെ കൂടെ കഴിഞ്ഞെങ്കിലും മനസ്സുകൊണ്ട് അവൾ ഇപ്പോഴും നിന്റെ മാത്രമാണ്."
"അല്ലേ ഉണ്ണീ?"പണത്തിന്റേം ആഭിജാത്യത്തിന്റേം പേരിലല്ലേ എല്ലാവരും ചേർന്നു നിങ്ങളെ തമ്മിൽ പിരിച്ചത്?
"എന്നിട്ട് എന്തു നേടി?" രണ്ടുപേരുടേം ജീവിതം തകർന്നു."
"ഉണ്ണിയുമായിട്ട് അമ്പിളി ഇഷ്ടത്തിലായിരുന്നുവെന്ന് ഏതോ മഹാപാപി അമ്പിളിയുടെ കെട്ട്യോനു പറഞ്ഞു കൊടുത്തു." ജോയി പറഞ്ഞു.
നിന്റെ പേരു പറഞ്ഞു അയാൾ അതിനെ എത്ര ദ്രോഹിച്ചു? "
"പെണ്ണായി പിറന്നു പോയതാണ് അമ്പിളി ചെയ്ത തെറ്റ്."
എല്ലാവരും ശരിവെച്ചു.
"കഴിഞ്ഞയാഴ്ച്ച മുളപ്പറമ്പിലെ ശശിച്ചേട്ടൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ പോയതാ ഞങ്ങള്." സജി പറഞ്ഞു.
"ചായ കുടിക്കാൻ ക്യാന്റീനിൽ ച്ചെന്നപ്പോഴാണ് അമ്പിളിയെ കണ്ടത്."
"ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു. പാവം.."
"ഉണ്ണിവരാറായി, എന്ന് പറഞ്ഞപ്പോൾ അതിന്റെ കണ്ണു നിറഞ്ഞു. "ഇത്രേം കാര്യങ്ങൾ ഞങ്ങളോട് പറഞ്ഞപ്പോൾ അതു പൊട്ടിക്കരഞ്ഞു പോയി."
"പിന്നെ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞു."

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല.
"എത്ര നല്ല പെങ്കൊച്ചായിരുന്നു?"
നാരായണിയാണു പറഞ്ഞത്. താമരപ്പൂ വിടർന്ന പോലെ ചെലുണ്ടായിരുന്ന പെങ്കൊച്ച്."
"കെട്ട്യോൻ ചൊവ്വല്ലെങ്കിൽ എന്തിന്നുകൊള്ളാം? ഇപ്പൊ അതിനാരുമില്ലാണ്ടായി"നാരായണി പറഞ്ഞു നിർത്തി.
ഒടുവിൽ മൌനം ഭഞ്ജിച്ചുകൊണ്ട് ഉണ്ണീ ചോദിച്ചു :-
"എന്നാൽ പിന്നെ ഞാൻ അമ്പിളിയെ കല്യാണം കഴിക്കട്ടെ..?"
ഒരു നീണ്ട കൈയടിയായിരുന്നു അവനുള്ള മറുപടി.കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു. 
"ഉണ്ണീ.. നിനക്കു നൂറു പുണ്യം കിട്ടും.
അമ്പിളി നിനക്കായി ജനിച്ചതാ,.., അതാ ഇപ്പോൾ ഇങ്ങനെയൊക്കെ വന്നത്."രാജേഷ് പറഞ്ഞു.
നാരായണി മാത്രം പിറുപിറുക്കുന്നുണ്ടായിരുന്നു :"സന്തോഷം കൊണ്ട് എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നുന്നു."
 എല്ലാവരും മനസ്സു തുറന്നു ചിരിച്ചു.


(അവസാനിച്ചു )

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ