mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

1 ജന്റുവും ഫ്രോഗിയും

ഡോങ്കിസിറ്റിയില്‍ സ്‌ഫോടനം നടത്താന്‍ ഭീകരന്മാര്‍ പദ്ധതിയിട്ടിരിക്കുന്നു.  രഹസ്യാന്വേഷണവിഭാഗത്തിന് ഈ വിവരം ലഭിച്ചതോടെ പോലീസ്‌സേന അന്വേഷണം ഊര്‍ജ്ജിതമാക്കി.  നഗരത്തിലെ സി.ഐ.ഡി കള്‍ക്കും ഈ വിവരം ചോര്‍ന്നു കിട്ടി.

സിറ്റിയിലെ മറ്റൊരു സി.ഐ.ഡി ജോഡികളാണ് ജന്റുവും ഫ്രോഗിയും.  ജന്റുവിന്റെ ശരീര പ്രകൃതം കണ്ടാല്‍ത്തന്നെയറിയാം, ആളൊരു ഭക്ഷണപ്രിയനാണെന്ന്.  തടിച്ചുകൊഴുത്തുരുണ്ട രൂപം! കൂടെയുള്ള   ഫ്രോഗി സിറ്റിയിലെ ഏക വനിതാ സി.ഐ.ഡിയാണ്. അവള്‍ക്ക് കുട്ടികളുടെ പ്രകൃതമാണ്.

ഫ്രോഗി ബസ്സ്റ്റാന്റില്‍ നിന്നപ്പോഴാണ് അതു കണ്ടത്.  ആളില്ലാതെ ഒരു പാക്കറ്റ് സിമന്റ്ബഞ്ചിലിരിക്കുന്നു. ആ ചുവന്ന പാക്കറ്റ് കാണുമ്പോഴേ ഒരു അപകടസൂചന!  ജീന്‍സ് ധരിച്ച ഒരു സ്ത്രീയാണ് ആ ബഞ്ചിലിരുന്നത്.  അവരെ കണ്ടപ്പോഴേ ഫ്രോഗിക്ക് സംശയം തോന്നിയതാണ്.  ഒരു അന്യദേശക്കാരിയെപ്പോലുള്ള വേഷവിധാനം.  പക്ഷേ ഇപ്പോള്‍ അവരെ കാണുന്നില്ല.  ബഞ്ചില്‍ റെഡ് പാക്കറ്റ് മാത്രം. പിന്നെ താമസിച്ചില്ല.  ഫ്രോഗി, ജന്റുവിനെ ഫോണ്‍ വിളിച്ചു. 'സംശയാസ്പദമായ നിലയില്‍ ഒരു പാക്കറ്റ് ബസ്സ്റ്റാന്റില്‍ കാണുന്നു.  ഉടന്‍ എത്തുക.'

ജന്റു തന്റെ ജീപ്പില്‍ പറന്നെത്തി.  കോഴിത്തലയുള്ള ജീപ്പാണ് ജന്റുവിന്റേത്.  തയലില്‍ ഹെല്‍മറ്റുമായി ജന്റു ജീപ്പില്‍ നിന്നു ചാടിയിറങ്ങി.  കണ്ടു നിന്ന ചിലര്‍ക്കു സംശയം - 'ഇപ്പോള്‍ ജീപ്പ് ഓടിക്കുന്നവരും ഹെല്‍മറ്റു ധരിക്കണമെന്നു നിയമം വന്നോ?' എന്നാല്‍ ജന്റു ഹെല്‍മറ്റുവച്ചത് സ്‌ഫോടനത്തില്‍ നിന്നുള്ള ഒരു മുന്‍കരുതലായാണ്.

ഫ്രോഗി യാത്രക്കാരോടായി വിളിച്ചു പറഞ്ഞു.  'എല്ലാവരും ഓടിക്കോ - അപകടം - അപകടം.'

അവിടെ ആകെ എട്ടുപത്തുയാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ.  അവര്‍ നോക്കുമ്പോള്‍, ജീപ്പില്‍ നിന്ന് ഹെല്‍മറ്റുവച്ച ഒരു തടിമാടന്‍ ഓടി വരുന്നതാണ് കണ്ടത്.  അതാണ് അപകടമെന്നാണ് ചിലര്‍ ധരിച്ചത്.  എന്തായാലും യാത്രക്കാര്‍ പേടിച്ച് ദൂരേയ്ക്കുമാറി.  പെട്ടെന്ന് ഒരു കാര്‍ പാഞ്ഞുവന്ന് ബസ് സ്റ്റാന്റിനു മുമ്പില്‍ നിന്നു.  ആ കാറിലെ ആനത്തല കണ്ടപ്പോഴേ ജന്റുവിനും ഫ്രോഗിക്കും മനസ്സിലായി, അത്  വിക്രമാക്രമന്മാരുടെ കാറാണെന്ന്.

'അവര്‍ ഈ ബോംബിന്റെ വിവരം അറിഞ്ഞുവന്നതായിരിക്കും.  അതിനു മുമ്പ് നമുക്കിവിടെ വിജയിക്കണം.' 

ജന്റു ബഞ്ചിലെ പാക്കറ്റിനടുത്തേയ്ക്ക് നീങ്ങി.  ഒരു വടി കൊണ്ട് പാക്കറ്റ് തട്ടി താഴെയിട്ടു.  പൊട്ടിയില്ല. വടികൊണ്ടുതന്നെ പാക്കറ്റ് തുറക്കാന്‍ ശ്രമിച്ചു.  ബോംബല്ല എന്നു മനസ്സിലായതോടെ പൊതി കൈയിലെടുത്ത് തുറന്നു.  അതൊരു ഭക്ഷണപ്പൊതിയായിരുന്നു.  തുറന്ന ഭക്ഷണപ്പൊതിയുമായി നില്‍ക്കുന്ന ജന്റുവിനെ കണ്ട് വിക്രമാക്രമന്മാര്‍ കളിയാക്കിച്ചിരിച്ചു.  'നീ പണ്ടേ ഭക്ഷണപ്രിയനല്ലേ - കഴിച്ചോ കഴിച്ചോ-'

തന്റെ ചമ്മല്‍ പുറത്തുകാട്ടാതെ ജന്റു പറഞ്ഞു 'എന്തായാലും നമ്മള്‍ പിടിച്ചെടുത്ത പാക്കറ്റല്ലേ?  നമുക്ക് ലാബില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാം.'

യാത്രക്കാര്‍ തിരികെ വന്നു തുടങ്ങി.  ജന്റു ജീപ്പിനടുത്തേയ്ക്ക് നീങ്ങി.  'ഫ്രോഗീ കമോണ്‍, നമുക്ക് സമയം കളയാനില്ല, ഇനിയും പലതും കണ്ടുപിടിക്കാനുണ്ട്.' അവര്‍ ജീപ്പില്‍ കയറിയപ്പോള്‍ വിക്രം വിളിച്ചുപറഞ്ഞു - 'ആ സ്‌കൂളിന്റെ നടയില്‍ നിന്നാമതി.  ഇനിയും ഭക്ഷണപ്പൊതി കിട്ടും.'  ജീപ്പു നീങ്ങിക്കഴിഞ്ഞപ്പോഴാണ് ആ പൊതി വച്ചു മറന്ന സ്ത്രീ തിരിച്ചു വന്നത്.  പൊതികാണാതെ വിഷമിച്ചു നിന്ന അവരോട് കണ്ടുനിന്നവര്‍ നടന്ന കാര്യം പറഞ്ഞു.  'ആ പൊതി പൊട്ടിത്തെറിക്കുമെന്നു പറഞ്ഞ് രണ്ടുപേര്‍ എടുത്തു കൊണ്ടുപോയി'

'അയ്യോ തട്ടുകടയില്‍ നിന്നു വാങ്ങിയതാണ്.  അപ്പവും മുട്ടയും എന്നുപറഞ്ഞു തന്നതാ.  പൊട്ടുന്ന സാധനമാണെന്നറിഞ്ഞില്ല.' ആ സ്ത്രീ പേടിച്ച് വേഗം സ്ഥലം വിട്ടു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ