mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

2 മറാഭട്ടിയും മറിയാഭട്ടിയും

റോഡില്‍ സംശയാസ്പദമായ നിലയില്‍ ഒരു കാര്‍.  അക്രം വിളിച്ചു പറഞ്ഞു.  'വിക്രം, അതാ നമ്പരില്ലാത്ത ഒരു കാര്‍.'

'എവിടെ?' കമോണ്‍-ക്വിക്ക്-നമുക്ക് ഫോളോ ചെയ്യാം.'

ആനത്തലയുള്ള കാര്‍ ആ നമ്പര്‍ലെസ് കാറിനെ പിന്‍തുടര്‍ന്നു.  ഒരു വളവിലെത്തിയപ്പോള്‍ ആ കാറില്‍ നിന്ന് എന്തോ പുറത്തേയ്ക്ക് എറിയുന്നതു കണ്ടു.  അപകടം മണത്ത വിക്രം തങ്ങളുടെ കാര്‍ ഒതുക്കി നിര്‍ത്തി.  പെട്ടെന്ന് ഒരു സ്‌ഫോടന ശബ്ദം.  വിക്രമാക്രമന്മാര്‍ ഇറങ്ങി ആ ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു.  അവിടെ ഒരു ചെറിയ ഷെഡും അതിനുള്ളില്‍ ഒരാളും.  'ആ കാറില്‍ നിന്നെറിഞ്ഞത് ബോംബായിരുന്നോ?' വിക്രം അയാളോടു ചോദിച്ചു.

'ബോംബോ?അത് പണക്കിഴിയെറിഞ്ഞതാണ്.  വെടി വഴിപാട് നടത്താന്‍.' 

തങ്ങള്‍ കേട്ട ശബ്ദം വെടിവഴിപാടിന്റേതായിരുന്നുവെന്ന് അപ്പോഴാണ് അവര്‍ക്കു മനസ്സിലായത്. 

'വിക്രം, ഭീകരന്മാരെ പിടിക്കാനുള്ള ഒരു ഉഗ്രന്‍ ഐഡിയ എന്റെ ബുദ്ധിയില്‍ തെളിഞ്ഞിരിക്കുന്നു.' -അക്രം

'എന്നാ പറ' -വിക്രം

'നമുക്ക് ഇരട്ട വഴിപാട് നടത്താം.  ഫലമുണ്ടാകും.' -അക്രം

'ഒറ്റവെടി പോരേ?' -വിക്രം

'ഭീകരന്മാര് രണ്ടുപേരുണ്ടെങ്കിലോ?' -അക്രം

'ങാ... അതു ഞാനോര്‍ത്തില്ല.  എന്നാല്‍ അങ്ങനെ ചെയ്യാം.' -വിക്രം

ഇരട്ടവെടി പൊട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും കാറില്‍ കയറി.

ആ നമ്പറില്ലാത്ത കാര്‍ കൈവിട്ടുപോയല്ലോ എന്ന നിരാശയില്‍ അവര്‍ സാവകാശം പോവുകയായിരുന്നു.  അപ്പോള്‍ അവര്‍ക്ക് ആശയ്ക്ക് വക നല്‍കിക്കൊണ്ട് ആ കാര്‍ വീണ്ടും കണ്ണില്‍പ്പെടുക തന്നെ ചെയ്തു.  ഒരു വര്‍ക്ക് ഷോപ്പിനു മുമ്പില്‍ ആ കാര്‍ നിര്‍ത്തിയിരിക്കുന്നു.  വിക്രമാക്രമന്മാര്‍ തങ്ങളുടെ വാഹനം ദൂരെ മാറ്റി നിര്‍ത്തി ആ കാറിനെ നിരീക്ഷിച്ചു. 

'അതാ-അതിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുകയാണ്.'

'കള്ള നമ്പര്‍പ്ലേറ്റ് വയ്ക്കാനാണെന്ന് തോന്നുന്നു.'വര്‍ക്ക്‌ഷോപ്പിലെ പണി കഴിഞ്ഞ് ആ കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ വിക്രമാക്രമന്മാര്‍ ആ കാറിനെ പിന്‍ തുടര്‍ന്നു.  ആ കാറിലെ നമ്പര്‍പ്ലേറ്റ് നോക്കി അക്രം പറഞ്ഞു. 'അവരുടെ പുതിയ നമ്പര്‍ കൊള്ളാം.  അക്കങ്ങള്‍ കൂട്ടിയാല്‍ ഒറ്റ സംഖ്യ കിട്ടും.  ഐശ്വര്യമുള്ള നമ്പര്‍.  ഒരാപത്തും വരില്ല.'

ആ കാര്‍ ഒരിടത്തു നിന്നപ്പോള്‍ അതിനു പിന്നിലായി അവരുടെ കാറും നിര്‍ത്തി.  ആ കാറില്‍ നിന്നും ഒരു പുരുഷനും സ്ത്രീയും പുറത്തിറങ്ങി.  അതു കണ്ട് വിക്രമാക്രമന്മാര്‍ ചാടി പുറത്തിറങ്ങി, ആ അപരിചിതരെ സമീപിച്ചു.  'നിങ്ങളാരാ? ഇതിനുമുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.'

വിക്രമിന്റെ അന്വേഷണത്തിന് ആ പുരുഷന്‍ സൗമ്യമായി മറുപടി പറഞ്ഞു.  'ഞങ്ങള്‍, ദാ ഈ വീട്ടിലെ പുതിയ താമസക്കാരാണ്.'

'എന്താണു ജോലി?-അക്രം

'ബിസിനസ്സാണ്.  ഞങ്ങള്‍ വിദേശത്തായിരുന്നു.  ഇപ്പോള്‍ ബിസിനസ്സ് സംബന്ധമായി ഇവിടെ വന്നതാണ്.  ങാ. പേരുപറയാന്‍ മറന്നു.  ഞാന്‍ മറാഭട്ടി.  ഇവള്‍ മറിയാഭട്ടി.  പിന്നെ- നിങ്ങളെ മനസ്സിലായില്ല.'

വിക്രം തങ്ങളെ പരിചയപ്പെടുത്തി - 'ഞാന്‍ സി.ഐ.ഡി വിക്രം.  ഇത് വെറും അക്രം.'

'വെറും അക്രമല്ല.  സി.ഐ.ഡി തന്നെ' -അക്രം തിരുത്തി.

'ഞങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിച്ചു.  നമ്പറില്ലാത്ത കാറുകണ്ടപ്പോള്‍-' വിക്രം തങ്ങളുടെ സംശയം തുറന്നു പറഞ്ഞു. 

'വിദേശത്തെ കാര്‍ ഇവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍ പുതിയ നമ്പറെഴുതാന്‍ കൊടുത്തിരുന്നതാണ്.'-മറിയാഭട്ടി.

'ഓക്കെ.  പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.' -വിക്രം.

'നൗ വീ ആര്‍ ഫ്രെണ്ട്‌സ്.'-മാറാഭട്ടി.

'സി.ഐ.ഡി മാരെന്ന നിലയില്‍, ഞങ്ങളില്‍ നിന്ന് എന്തു സഹായവും പ്രതീക്ഷിക്കാം.'-അക്രം.

'ഈ ഫോറിന്‍ കാറിന് എന്തു വില വരും?'-വിക്രം.

'80 ലക്ഷത്തോളം വരും.'-മാറാ ഭട്ടി.

അവര്‍ കൗതുകത്തോടെ ആ കാറിനെ ചുറ്റിനടന്നു നിരീക്ഷിച്ചു.  അതാ പിന്‍സീറ്റില്‍ ഒരു പാവയിരിക്കുന്നു. 

'ഈ പാവ കൊള്ളാമല്ലോ' -അക്രം.

'അത് ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നു വാങ്ങിയതാണ്.  ഡൈനസോറിന്റെ ഡോള്‍.' -മറിയാ ഭട്ടി. 

'കൊള്ളാം.  നല്ല ഈനാംപേച്ചി.' -അക്രം.

'ഓക്കെ. സീയൂ.' അവര്‍ ഭട്ടിമാരോടു യാത്ര പറഞ്ഞ് കാറില്‍ കയറി. 

കാര്‍ നീങ്ങിക്കഴിഞ്ഞപ്പോള്‍ ഭട്ടിമാര്‍ തമ്മില്‍ പറഞ്ഞു.  'ഇനി താമസിച്ചുകൂടാ.  ആ സി.ഐ.ഡി മാര്‍ക്ക് സംശയം തോന്നുന്നതിനു മുമ്പ് നമ്മുടെ പ്ലാന്‍ നടപ്പാക്കണം.'

'യെസ്.  നാളെത്തന്നെ ചെയ്യാം.' അവര്‍ തങ്ങളുടെ രഹസ്യ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഉറപ്പിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ