mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 24

പടിഞ്ഞാറേ ചക്രവാളത്തിൽ എരിഞ്ഞടങ്ങിയ അസ്തമന സൂര്യന്റെ സിന്ദൂര രാജികൾ ചിത്രം വരച്ച മാനത്തിന്റെ മനോഹാരിതയിൽ മതിമറന്നു നിൽക്കുന്ന അലീനയെ നോക്കി അഞ്ജലി പറഞ്ഞു:

"അലീനാ... നീ വരുന്നില്ലേ, എനിക്കാകെ പേടിയാവുന്നു."

"എടീ നോക്കിക്കേ, ഈ സമയത്ത് ആകാശം കാണാൻ എന്തു ഭംഗിയാണ്."

"പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നീ ഇവിടെ നിന്നോളൂ... ഞാൻ പോകുന്നു."

"അഞ്ജലീ നിൽക്ക്, ഞാനും വരുന്നു. ഇവളുടെ യൊരു പേടി കണ്ടില്ലേ?"

കോണികൾ ഓടിയിറങ്ങുന്ന അഞ്ജലിയുടെ പിറകെ ബക്കറ്റുമെടുത്ത് അലീനയും നടന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ച്, ഒരു നിലവിളി ശബ്ദത്തോടെ അവളുടെ മുൻപിൽ, ആ വാതിൽ അടഞ്ഞു.

ഭയന്നുവിറച്ച അവൾ ശക്തിയോടെ കതകിൽ ആഞ്ഞു തള്ളിയിട്ടും അത് തുറക്കാനായില്ല.

"അഞ്ജലീ... അഞ്ജലീ... വാതിൽ തുറക്ക്.."

കതകിൽ തട്ടിക്കൊണ്ട് അവൾ അലറി വിളിച്ചു.

അഞ്ജലിയുടെ കാതുകളിലെത്താതെ ആ ശബ്ദം കാറ്റിൽ അലിഞ്ഞുചേർന്നു.

എന്തു ചെയ്യണമെന്നറിയാതെ അലീന ചുറ്റും നോക്കി. പെട്ടെന്നാണ് ഒരു ദീനരോദനം അവളുടെ കാതിൽ പതിച്ചത്. കാറ്റിലാടിക്കൊണ്ടിരുന്ന ശാലിനിയുടെ തുണികൾക്കിടയിൽ നിന്നും തിരിച്ചറിയാനാവാത്ത ഒരു രൂപം ചലിക്കുന്നതായി അവൾക്ക് തോന്നി.

ഉയർന്നുവന്ന തേങ്ങിക്കരച്ചിൽ കേട്ട് വിറയാർന്ന സ്വരത്തോടെ അവൾ ചോദിച്ചു:

"ആരാ... ആരാണ് നീ... എന്തു വേണം?"

വെളുത്ത പുക പോലെ അവ്യക്തമായ ആ രൂപം പതുക്കെ അവളുടെ അരികിലേക്ക് വന്നു.

"അലീനാ... ഞാൻ ശാലിനിയാണ്."

"ശാലിനിയോ... നീ... നീ...."

അക്ഷരങ്ങൾ തൊണ്ടയിൽ കുടുങ്ങിക്കിടന്നതിനാൽ അവൾക്ക് മുഴുമിപ്പിക്കാനായില്ല.

"അലീനാ..." തേങ്ങലുകൾക്കിടയിൽ കൂടി ദീനതയാർന്ന സ്വരം കേട്ട് അലീന അക്ഷരാർത്ഥത്തിൽ ഭയന്നുവിറച്ചു.

ആ രൂപം അവളുടെ സമീപത്തെത്തിയതും അവൾ ബോധരഹിതയായി നിലംപതിച്ചു.

തന്റെ പിറകേ അലീനമുണ്ടായിരിക്കുമെന്ന് കരുതി അഞ്ജലി, തിരിഞ്ഞുനോക്കാതെ കോണിപ്പടികളിറങ്ങി. താഴെയെത്തിയിട്ടും  കാണാതിരുന്നപ്പോൾ അവൾ ആശങ്കപ്പെട്ടു.

'ഇവളിതുവരെ വരാത്തതെന്താണ്, ചെമ്മാനം തുടുത്തതും നോക്കിനിൽക്കുകയായിരിക്കും.'

"അലീനാ... എടീ... നീയെന്താണ് വരാത്തത്?"

പ്രതികരണമൊന്നും കേൾക്കാതിരുന്നതിനാൽ അവൾ സംശയിച്ചു.

'കാലുതെറ്റി എവിടെയെങ്കിലും വീണതായിരിക്കുമോ? പോയി നോക്കിയാലോ...'

വെളിച്ചം തീരെയില്ലാതിരുന്നിട്ടും കോണിപ്പടി കൾ കയറി മുകളിലെത്തി. ടെറസ്സിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് അവൾ ആശ്ചര്യപ്പെട്ടു.

"ഭഗവാനേ... ആരാണ് ഈ വാതിൽ പൂട്ടിയത്?'

കതകിൽ തട്ടിക്കൊണ്ട് അവൾ ഉറക്കെ വിളിച്ചു.

"അലീനാ... നീയെവിടെയാണ്? കതക് തുറക്കൂ..."

അവളുടെ നിലവിളി ശബ്ദം ആരും കേട്ടില്ല. ഹൃദയമിടിപ്പ് അമിതവേഗത്തിലായി. തലയ്ക്കുള്ളിൽ ആയിരം സംശയങ്ങൾ ഉയർന്നുപൊങ്ങി. മിനിറ്റുകൾക്കുള്ളിൽ അവൾ താഴെയിറങ്ങി വന്ന് മേട്രന്റെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു.

മേട്രനെ വിളിച്ച് വിവരം പറഞ്ഞാലോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ കോണിപ്പടികളുടെ മുകളിൽ നിന്നും അലീന വിളിച്ചു.

"അഞ്ജലീ...നീയെന്തിനാണ് അവിടെ നിൽക്കുന്നത്, നമ്മുടെ മുറി മുകളിലല്ലേ?"

അലീനയെ കണ്ടതും അവൾ ഞെട്ടിവിറച്ചു.

"അലീനാ...നീ... നീ... എങ്ങനെ, എപ്പോൾ?"

"നീയെന്താടീ ഇങ്ങനെ തുറിച്ചു നോക്കുന്നത്, ഞാൻ നിന്റെ പിറകേ ഉണ്ടായിരുന്നല്ലോ.."

"നിന്നെ കാണാതിരുന്നപ്പോൾ ഞാൻ വീണ്ടും കയറിപ്പോയി. അപ്പോൾ ആ കതക് ആരോ പൂട്ടിയിരിക്കുന്നതായി കണ്ടു."

"നീ എന്തൊക്കെയാണ് പറയുന്നത്? വാതിലിപ്പോഴും തുറന്നു തന്നെ കിടക്കുകയാണല്ലോ. സംശയമുണ്ടെങ്കിൽ നീ പോയി നോക്ക്."

അലീനയുടെ ശബ്ദത്തിലും ഭാവത്തിലുമുള്ള വ്യത്യാസം മനസ്സിലാക്കിയ അഞ്ജലി ചോദിച്ചു:

"നിന്റെ സ്വരമെന്താണ് മാറിയിരിക്കുന്നത്?"

"എന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല, നിനക്ക് തോന്നുന്നതാണ്. നീ വരുന്നെങ്കിൽ വരൂ, എനിക്കൊന്നു കുളിക്കണം."

സംശയത്തിന്റെ നൂലാമാലകളിൽ കുരുങ്ങി,  ചിന്തകൾ, മനസ്സിന്റെ ഭിത്തിയിൽ വേലിയേറ്റങ്ങളായി.

അഞ്ജലി മുറിയിലെത്തിയപ്പോൾ അലീന അവിടെ ഉണ്ടായിരുന്നില്ല. കുളിമുറിയിൽ നിന്നും വെള്ളം വീഴുന്നതിന്റെ ഒച്ച കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി.

'അലീനയ്ക്ക് എന്താണ് സംഭവിച്ചത്, അവൾ എങ്ങനെയാണ് താഴെ വന്നത്?'

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവളുടെ മനസ്സ് എവിടെയൊക്കെയോ അലഞ്ഞു. നേരം കുറേ ആയിട്ടും അലീന, കുളികഴിഞ്ഞ് ഇറങ്ങി വരാത്തതിനാൽ അവൾ കതകിൽ തട്ടിവിളിച്ചു.

"അലീനാ, നീ ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ? എത്ര നേരമായി, എനിക്കും കുളിക്കാനുള്ളതാണ്."

ബാത് റൂമിൽ നിന്നും ഇറങ്ങി വന്ന അലീന, അലമാരിയിലുണ്ടായിരുന്ന ശാലിനിയുടെ ഒരു പഴയ ചുരിദാർ എടുത്തിട്ടു.

"അലീനാ, നീ എന്താണിട്ടിരിക്കുന്നത്?"

"ചുരിദാർ."

"ഇത് നിന്റെയല്ലല്ലോ."

"എനിക്കിതു നന്നായി ചേരുന്നില്ലേ അഞ്ജലീ?"

"അങ്ങനെ എനിക്കു തോന്നുന്നില്ല."

അവളുടെ വിചിത്രമായ പ്രവൃത്തികൾ അഞ്ജലിയെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.

ഡിന്നർ കഴിക്കാനായി മെസ്സിലേക്ക് നടക്കുമ്പോൾ പതിവിൽ നിന്നും വിപരീതമായി, അവൾ ഒന്നും സംസാരിച്ചതേയില്ല.

"എടീ അലീനാ, നീയെന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്?"

"എങ്ങനെയൊക്കെ?"

"നിന്റെ സ്വഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നതു പോലെ എനിക്ക് തോന്നുന്നു."

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.

മെസ്സിൽ വച്ച് ഗ്രീഷ്മയെ കണ്ടപ്പോൾ അലീനയുടെ മുഖം വലിഞ്ഞു മുറുകി. അവളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കേ, എങ്ങനെയോ ഗ്രീഷ്മയുടെ തലയിൽ കൂടി ചൂടുവെള്ളം താഴേയ്ക്ക് ഒഴുകിയിറങ്ങി.

"അയ്യോ... അമ്മേ, ആരാണ് എന്റെ തലയിൽ വെള്ളമൊഴിക്കുന്നത്?"

ഗ്രീഷ്മ തിരിഞ്ഞു നോക്കിയെങ്കിലും ആരേയും കാണാൻ കഴിഞ്ഞില്ല. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവൾ ചുറ്റും നോക്കിയെങ്കിലും സംശയകരമായി ഒന്നും തോന്നിയില്ല.

"എന്റെ തലയിൽ വെള്ളമൊഴിച്ചത് ആരായാലും അവരെ ഞാൻ വെറുതേ വിടില്ല." 

മെസ്സ് ഹാളിലിരുന്ന എല്ലാവരും അവളെ നോക്കി ചിരിച്ചു.

ദേഷ്യം കടിച്ചമർത്തി, നനഞ്ഞൊട്ടിയ വസ്ത്രത്തോടെ അവൾ ഹാളിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി. അലീനയുടെ കണ്ണിലെ പകയുടെ കനൽ അഞ്ജലി തിരിച്ചറിഞ്ഞു.

രാത്രിയുടെ മൂന്നാംയാമത്തിൽ കണ്ണുകൾ തുറന്ന അലീന, ചാടിയെണീറ്റ് കതകിനു നേരേ നടന്നു. ഗ്രീഷ്മയുടെ മുറിയുടെ, താനേ തുറന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിച്ചു. കട്ടിലിന്റെ തലയ്ക്കൽ  ചെന്നുനിന്ന്  ഗ്രീഷ്മയെ തുറിച്ചു നോക്കി.

അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്ന ഗ്രീഷ്മയുടെ മുഖത്ത് തലയണ വച്ചവൾ അമർത്തി.

ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഗ്രീഷ്മ പ്രതിരോധിക്കുന്നതിനിടയിൽ അലറി വിളിച്ചു. ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി അവൾ മനസ്സിലാക്കി. മൽപ്പിടുത്തത്തിനിടയിൽ  തപ്പിത്തടഞ്ഞ് ലൈറ്റിന്റെ സ്വിച്ചിട്ടു. പെട്ടെന്ന് മുറിയിൽ നിന്നും ആരോ ഓടിപ്പോകുന്നത് കണ്ട് ഗ്രീഷ്മ ഉറക്കെ നിലവിളിച്ചു. അതൊരു സ്ത്രീയായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു.

ഗ്രീഷ്മയുടെ നിലവിളി കേട്ട് നീതു ചാടിപ്പിടഞ്ഞെണീറ്റു.

"ഗ്രീഷ്മാ, എന്തിനാടീ നീ നിലവിളിച്ചത്, ഇന്നും നീ സ്വപ്നം കണ്ടോ?"

"അതല്ലെടീ,ആരോ ഇവിടെ വന്നിരുന്നു, ഈ തലയണവച്ച് എന്റെ മുഖത്തമർത്തി അവൾ എന്നെ കൊല്ലാൻ ശ്രമിച്ചു. ശ്വാസം മുട്ടിയ ഞാൻ സകല ശക്തിയും ഉപയോഗിച്ച് ചെറുത്തു നിന്നു."

"നീ എന്തൊക്കെയാണീ പറയുന്നത്? ഇവിടെ ആരു വരാനാണ്? കതകു ഞാനിന്നും പൂട്ടിയിരുന്നതാണല്ലോ."

നീതു പോയി നോക്കിയപ്പോൾ കതക് ചാരിയിരിക്കുന്നതായി കണ്ടു. അവൾക്കാകെ പേടിയായി. 

'ആരാണിതു തുറക്കുന്നത്, ഇനി ഗ്രീഷ്മ പറയുന്നതൊക്കെ ശരിയായിരിക്കുമോ? ഗ്രീഷ്മയെ ആരോ കൊല്ലാൻ ശ്രമിച്ചെന്നല്ലേ അവൾ പറഞ്ഞത്, എന്നാലും അതാരായിരിക്കും?'

ആകെ ഭയന്നു പരവശയായ ഗ്രീഷ്മയ്ക്ക് കുടിക്കാൻ വെള്ളമെടുത്തു കൊടുത്തിട്ട് നീതു പറഞ്ഞു:

"ഇനി ഇങ്ങനെയൊന്നുമുണ്ടാവില്ലെടീ, ഞാൻ നോക്കിക്കോളാം; നീ കിടന്നുറങ്ങിക്കോളൂ..."

"എനിക്കിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല നീതു..."

"എന്നാലും അതാരായിരിക്കും? എനിക്കൊന്നും മനസ്സിലാവുന്നില്ല."

ആ രാത്രിയിൽ അവർ രണ്ടുപേരും പിന്നെ ഉറങ്ങിയതേയില്ല.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ