mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 27

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയുടെ മൂന്നാം യാമത്തിൽ, അലീന കണ്ണുതുറന്നു. ഏതോ ഒരജ്ഞാത ശക്തിയിൽ, കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയുടെ വാതിൽ തുറന്ന് പുറത്തേയ്ക്കു നടന്നു. അടഞ്ഞുകിടന്നിരുന്ന ഗ്രീഷ്മയുടെ മുറിയുടെ കതക് അവളുടെ മുന്നിൽ എങ്ങനെയോ തുറക്കപ്പെട്ടു.

ഗ്രീഷ്മയുടെ കട്ടിലിനരികിൽ ചെന്നു നിന്നുകൊണ്ട് അവളെ തുറിച്ചുനോക്കി. സാവധാനം മുന്നോട്ടു കുനിഞ്ഞ് രണ്ടു കൈകൾ കൊണ്ടും അവൾ ഗ്രീഷ്മയെ കോരിയെടുത്ത് തന്റെ തോളിൽ കിടത്തി, മുറിയുടെ പുറത്തിറങ്ങി, ഇടനാഴിയിലൂടെ നടന്ന് ടെറസ്സിലേക്കുള്ള കോണിപ്പടികൾ കയറാൻ തുടങ്ങി.

ഏതോ ഒരു ഉൾവിളിയിലെന്നപോലെ നീതു ചാടിയെണീറ്റു ലൈറ്റിട്ടു. കട്ടിലിൽ ഗ്രീഷ്മയെ കാണാതിരുന്നപ്പോൾ അവൾ സംശയിച്ചു.

'ഈ നേരത്ത് ഇവൾ എവിടെ പോയതായിരിക്കും?'

ടോയ്ലറ്റിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് ചെന്നു നോക്കിയെങ്കിലും അതിനുള്ളിൽ ആരേയും കണ്ടില്ല. പൈപ്പ് അടച്ചിട്ട് മുറിയിലേക്ക് വന്നപ്പോൾ, മുറിയുടെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. ഭയന്നു വിറച്ചവൾ ഇടനാഴിയിലൂടെ നടന്നു. അല്പം അകലെയായി ആരോ നടന്നുപോകുന്ന കാലടി ശബ്ദം കേട്ടപ്പോൾ അത് ഗ്രീഷ്മയാണെന്ന് സംശയിച്ചു.

സർവ ശക്തിയും ഉപയോഗിച്ച് അവൾ വിളിച്ചു...

"ഗ്രീഷ്‌മാ..."

ഗാഢമായ ഉറക്കത്തിൽ ആയിരുന്നതിനാൽ നീതു വിളിച്ചതൊന്നും അവൾ കേട്ടതേയില്ല.

പിറകിൽ നിന്നും ശബ്ദം കേട്ടപ്പോൾ നടത്തത്തിനു വേഗത കൂട്ടിയ അലീന,  ഗ്രീഷ്മയെ താഴെ കിടത്തിയിട്ട് മറഞ്ഞു നിന്നു. 

അല്പം കൂടി മുന്നോട്ട് നടക്കവേ, അഞ്ജലിയുടെ മുറി തുറന്നു കിടക്കുന്നതായി നീതുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെക്കൂടി വിളിക്കാമെന്നു കരുതി മുറിക്കുള്ളിൽ കയറിയതും വാതിൽ ശക്തിയായി അടഞ്ഞതും ഒരുമിച്ചായിരുന്നു. മുറിക്കുള്ളിലെ കട്ട പിടിച്ച ഇരുട്ടിൽ അവൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. തപ്പിത്തടഞ്ഞ് ലൈറ്റിന്റെ സ്വിച്ച് അമർത്തിയപ്പോൾ ഷോക്കടിച്ച് അവൾ തെറിച്ചു വീണു.

അലാറം കേട്ട് പതിവുപോലെ അഞ്ജലി ഉണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്, അവൾ ലൈറ്റിട്ടു. ചരിഞ്ഞു കിടന്നുറങ്ങുന്ന അലീനയെ ഒന്നു നോക്കിയിട്ട് ബ്രഷും പേസ്റ്റുമെടുത്ത് അവൾ കുളിമുറിയിലേക്ക് കയറി.

"അലീനാ... എഴുന്നേൽക്കെടീ...നിനക്കിന്ന് ഡ്യൂട്ടി ഇല്ലേ?"

"ഉം..."

ഒന്നു മൂളിയിട്ട് അവൾ തിരിഞ്ഞു കിടന്നു.

അതേ സമയം, നീതു കണ്ണുതുറന്നപ്പോൾ കട്ടിലിലല്ല താൻ കിടക്കുന്നതെന്ന് മനസ്സിലായി. ബെഡ്ഡിൽ കിടന്നുറങ്ങിയിരുന്ന താനെങ്ങനെയാണ് താഴെ കിടക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. വിചിത്രമായ സ്വപ്നങ്ങളുടെ അവ്യക്തമായ കുറേ ചിത്രങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി. തറയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശരീരത്തിന് നല്ല വേദന അനുഭവപ്പെട്ടു.

'സ്വപ്നം കണ്ട് പേടിച്ച് വീണതായിരിക്കുമോ? തനിക്കെന്താണ് പറ്റിയത്, വീഴ്ചയിൽ എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ ഈശ്വരാ!'

ഒരു വിധത്തിൽ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

'ഗ്രീഷ്മയെ കാണുന്നില്ലല്ലോ, ഇത്ര രാവിലെ തന്നെ ഇവൾ എഴുന്നേറ്റു പോയോ?'

കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയായിരിക്കുമെന്ന് വിചാരിച്ചു. കുറേ സമയം കഴിഞ്ഞിട്ടും അവൾ   വരാതിരുന്നപ്പോൾ നീതുവിന് സംശയം തോന്നി. ഗ്രീഷ്മയെ തിരഞ്ഞവൾ അവിടെയെല്ലാം നടന്നു. മറ്റു മുറികളിലെല്ലാം പോയി അന്വേഷിച്ചു. പരിഭ്രമത്തോടെ അവൾ പോയി മേട്രനെ തട്ടിവിളിച്ച് കാര്യം പറഞ്ഞു.

"ഗ്രീഷ്മയെ കാണുന്നില്ലെന്നോ, ഇത്ര രാവിലെ അവൾ എവിടെ പോകാനാണ്?"

മേട്രൻ നോക്കിയപ്പോൾ ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടി ത്തന്നെയാണ് കിടക്കുന്നത്. സെക്യൂരിറ്റിയെ കണ്ട് ചോദിച്ചു:

"ഇവിടെ നിന്നും ആരെങ്കിലും പുറത്തോട്ടുപോകുന്നത് കണ്ടിരുന്നോ?"

"ഇല്ല മാഡം, ഇന്നലെ സന്ധ്യയ്ക്ക് ആറുമണിക്കു പൂട്ടിയതിനുശേഷം ഗേറ്റ് പിന്നെ തുറന്നിട്ടേയില്ല. എന്തു പറ്റി മാഡം?"

"ഒരു കുട്ടിയെ കാണുന്നില്ല."

"ആരെ?"

"ഗ്രീഷ്മയെ?"

"ആ കുട്ടിയാണെങ്കിൽ മതിലുചാടി ശീലമുള്ളതാണ്. എങ്കിലും ഇന്നലെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല."

"ഉറപ്പാണല്ലോ, അല്ലേ?"

"ഉറപ്പാണ് മാഡം, അസ്വഭാവികമായി ഞാനൊന്നും കണ്ടില്ല."

അവർ തിരികെയെത്തി പോലീസിനെ വിവരം അറിയിക്കാനായി ഫോൺ എടുത്തു.

"മാഡം... മാഡം..."

ഓടിക്കിതച്ചു വരുന്ന നീതുവിനോട് അവർ കാര്യം തിരക്കി.

"എന്താണ് കുട്ടീ?"

"മാഡം...ഗ്രീഷ്മ അവിടെ... ആ സ്‌റ്റെയർ കേസിന്റെ അടിയിൽ കിടക്കുന്നു. വിളിച്ചിട്ട് അനങ്ങുന്നില്ല."

"എവിടെ?"

"ടെറസ്സിലേക്ക് പോകുന്ന വഴിയിൽ."

"ഇവളെന്തിനാണ് രാത്രിയിൽ ടെറസ്സിൽ പോകാൻ ഇറങ്ങിയത്?"

"മാഡം, ആരോ മുറിയിൽ വന്ന് അവളെ വിളിച്ചു കൊണ്ടുപോയതായിരിക്കും."

"ആര്?"

"ശാലിനി ആയിരിക്കും."

"അസംബന്ധമൊന്നും പറയാതെ കുട്ടീ.."

ഗ്രീഷ്മ കിടക്കുന്ന സ്ഥലത്തെത്തി, അവളെ കുലുക്കി വിളിച്ചു.

"ആരാണ് ആദ്യം കണ്ടത്?"

"അലീനയാണ് മാഡം."

"ഇവൾ ഇവിടെയുണ്ടെന്ന് അലീന എങ്ങനെ അറിഞ്ഞു?"

"ഗ്രീഷ്മയെ തിരക്കി എല്ലാവരും നടക്കുകയായിരുന്നു. അലീന കോണിപ്പടികൾ കയറിച്ചെന്ന് നോക്കിയപ്പോൾ ആണ് ഇവളെ കണ്ടത്."

ആരും അധികം ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഗ്രീഷ്മ കിടക്കുന്നത്. അലീനയ്ക്ക് എങ്ങനെ മനസ്സിലായി എന്ന് ചിന്തിച്ച് മാഡം അതിശയിച്ചു.

ആരോ കൊണ്ടുവന്ന വെളളം ഗ്രീഷ്മയുടെ മുഖത്തു തളിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്നു. അമ്പരപ്പോടെ തന്നെ നോക്കിനിൽക്കുന്നവരോട് ചോദിച്ചു:

"എന്തു പറ്റി മാഡം, ഞാൻ ഇതെവിടെയാണ്?"

"അതാണ് ഞങ്ങൾക്കും അറിയേണ്ടത്. കുട്ടി ഇന്നലെ ഇവിടെയാണോ കിടന്നുറങ്ങിയത്?"

"അല്ല മാഡം, ഞാൻ മുറിയിലാണ് കിടന്നത്. എങ്ങനെ ഇവിടെ വന്നെന്ന് അറിയില്ല."

"ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം വല്ലതുമുണ്ടോ?"

"ഇല്ല മാഡം, ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം."

നീതു അവളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. മുറിയിൽ കൊണ്ടുപോയി കിടത്തി.

"നീയെപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങിപ്പോയത്, അവിടെ പോയത് എന്തിനാണ്?"

"എനിക്കറിയില്ലെടീ, ഒന്നും ഓർമ വരുന്നില്ല."

"ഞാനും ഇന്നലെ എന്തൊക്കെയോ സ്വപ്നം കണ്ടു, രാവിലെ ഉണർന്നു നോക്കിയപ്പോൾ തറയിൽ കിടക്കുന്നു. എങ്ങനെയാണ് താഴെ വീണതെന്ന് എനിക്കറിയില്ല. രാത്രിയിൽ ആരോ ഇവിടെ വന്നിട്ടുണ്ട്."

"അവളായിരിക്കും, അലീന..."

"ഇന്നലത്തെ സംഭവം അരുൺ സാറിനെ വിളിച്ചു പറയണ്ടേ?

"മ്... പറയണം."

"നമുക്ക് റെഡിയായിട്ട് വേഗം താഴേയ്ക്ക് പോകാം."

"ശരി."

മെസ്സ് ഹാളിലെത്തി കാപ്പി കുടിച്ച് തിരികെയെത്തിയ അവർ, മേട്രനെ വഴിയിൽ വച്ച് കണ്ടു.

"നിങ്ങൾക്കിന്ന് ഡ്യൂട്ടിയുണ്ടോ?"

"ഉണ്ട് മാഡം."

"എസ്.ഐ അരുൺ പോൾ സാറിനെ വിളിച്ച്, ഇന്നലത്തെ സംഭവമെല്ലാം ഞാൻ പറഞ്ഞിട്ടുണ് നിങ്ങളെ വന്നു കാണാമെന്നാണ് സാർ പറഞ്ഞിരിക്കുന്നത്."

"ശരി മാഡം."

ഡോക്ടർ വിനോദിനെ കാണാൻവേണ്ടി അപ്പോയ്മെന്റ്സ് എടുത്തിട്ടുള്ളവർ ധാരാളമായിരുന്നതിനാൽ, റൗണ്ട്സിനൊന്നും പോകാതെ രാവിലെ തന്നെ ഡോക്ടർ ഓ.പി യിലേക്ക് പോയി. ഒന്നുരണ്ടു രോഗികളെ നോക്കിക്കഴിഞ്ഞതിനു ശേഷം തന്റെ ജൂനിയറായ ഡോക്ടർ സാം മുറിയിലേക്ക് കടന്നുവന്നു.

"ഇരിക്കൂ സാം."

"എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്?"

"ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. വാർഡിലും ഐ സി യു വിലും പോയി റൗണ്ട്സ് എടുക്കാമോ?"

"ശരി ഡോക്ടർ, ഞാൻ പൊക്കോളാം. ഡോക്ടർ തിരിച്ചെത്തിയപ്പോഴാണ് നമ്മുടെ ഡിപ്പാർട്ടമെന്റ് തന്നെ ഒന്നുണർന്നത്."

"താങ്ക്യൂ സാം, ആ ശാലിനിയുടെ കേസിന്റെ അന്വേഷണം എന്തായെന്നറിയാമോ? പോലീസ് ഇവിടെ വന്നിരുന്നോ?"

അരുണിന്റെ മനസ്സിൽ, ശാലിനിയുടെ ഓർമകളുടെ കനലുകൾ എരിയുന്നത് ഡോക്ടർ സാം തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും അതിൽ നിന്നും അദ്ദേഹത്തെ മുക്തനാക്കണമെന്ന് അയാൾ ആഗ്രഹിച്ചു.

 (തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ