വെളുപ്പിനെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേട്ടിട്ട് ശ്രീബാല മിഴികൾ ചിമ്മി തുറന്നു. തന്നെ ചുറ്റി പിടിച്ചിരുന്ന നന്ദന്റെ കൈകൾ എടുത്തുമാറ്റി, എഴുന്നേറ്റു അവള്.. മഞ്ഞു മാസമായതുകൊണ്ട് തന്നെ പുലരിയിൽ പ്രത്യേക കുളിർമ്മയായിരുന്നു. നെറുകയിൽ തൊട്ട് വെച്ച് ശ്രീബാല എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി.
പെട്ടെന്ന് തന്നെ കുളിച്ച് വേഷം മാറി വന്നു. ചുരുണ്ട് കൂടി കിടന്നുറങ്ങുന്ന നന്ദനെ ഒന്ന് നോക്കി നെറുകയിൽ സിന്ദൂരവും പുരികങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞു പൊട്ടും കൺമഷിയും എഴുതി, ചുരുണ്ട നീളമുള്ള മുടി തോൽത്തിൽ ചുറ്റി വെച്ച്, താഴേക്ക് ഇറങ്ങി. മരത്തിൻറെ ഗോവണി പടികൾ ഇറങ്ങി, ഇടനാഴി കടന്ന് പൂജ മുറിയിൽ എത്തി നിന്നു ബാല. തെളിഞ്ഞു കത്തുന്ന വിളക്കിനു മുന്നിൽ കൈകൂപ്പി തൊഴുത് പ്രാർത്ഥിച്ചു . പൂമുഖത്ത് അച്ഛൻ്റെ ചുമയുടെ ശബ്ദം കേൾക്കാം.
അടുക്കളയിൽ പാത്രങ്ങളോട് മൽപ്പിടുത്തം നടത്തുന്നുണ്ട് അമ്മ. തലേദിവസം രാത്രി കറണ്ട് പോയതിനാൽ, കഴിച്ച പാത്രങ്ങളെല്ലാം സ്ങ്കിൽ ഇട്ടു വെച്ചിരുന്നു. അഞ്ചുമണിക്ക് ഉണരും അമ്മ. കറവക്കാരൻ വെളുപ്പിനെ വരും. മോൾക്ക് പാക്കറ്റ് പാല് കൊടുക്കുന്നത് നന്നല്ല എന്ന് പറഞ്ഞാണ് പശുവിനെ ഇപ്പോഴും വിൽക്കാതെ നിർത്തിയിരിക്കുന്നത്. പണ്ടുകാലത്ത് നാലു അഞ്ചും പശുക്കൾ ഉണ്ടായിരുന്നതാണ്. കൃഷിയും പണിക്കാരും എല്ലാമായി വലിയ തറവാട് വീട്. ഭാഗം വെപ്പ് കഴിഞ്ഞ് എല്ലാവരും മാറി താമസിച്ചപ്പോൾ, അച്യുതമേനോനും ഭാര്യ ഗീതയും മകൻ ശ്രീനന്ദനും മാത്രമായി വീട്ടിൽ. മകൻ്റെ ഭാര്യയാണ് ശ്രീബാല. ഒരു മകളുണ്ട് മൂന്നു വയസ്സുകാരി നിള നന്ദൻ.
നീളമുള്ള വരാന്ത കടന്ന് ശ്രീബാല വടക്കനിയിലെത്തി. അടുക്കളയിൽ അമ്മ ഉണ്ടാക്കിവെച്ച കട്ടൻചായ ഗ്ലാസിലെക്ക് പകർത്തി ചുണ്ടോടു ചേർത്തു ബാല.അമ്മയ്ക്ക് ഒരു നിറ പുഞ്ചിരി സമ്മാനിച്ചുകൊണ്ട്. എല്ലാവരും പാൽചായ കുടിക്കുമ്പോൾ താൻ മാത്രമാണ് ഈ വീട്ടിൽ കട്ടൻ ചായ കുടിക്കുന്നത്. അമ്മായിയമ്മ ആയില്ല സ്വന്തം അമ്മയെ പോലെ തന്നെയാണ് നന്ദൻറെ അമ്മ.. അതുകൊണ്ടുതന്നെ എഴുന്നേറ്റ് വരുമ്പോഴേക്കും ചായ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.
"മോളേ.. അമ്മ കുറച്ചു ദിവസായി ഒരു കാര്യം മോളോട് സൂചിപ്പിക്കണം എന്ന് വിചാരിക്കുന്നു. മോളെ നന്ദനോട് കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ പറയണം. ഇനിയും ഇങ്ങനെ നടന്നാൽ എങ്ങനെയാണ്? അച്ഛനെയും എൻറെയും കാലം കഴിഞ്ഞാലും ഇതൊക്കെ നോക്കി നടത്തേണ്ടത് അവനല്ലേ? പാർട്ടിയും പാവർട്ടിയുമ്മായി നടന്നാൽ എങ്ങനെ ജീവിക്കാൻ കഴിയും?"
അമ്മയുടെ സ്വരത്തിൽ ആധി നിറഞ്ഞിരുന്നു.
ഈറൻ പിടിച്ച വിറക് അടുപ്പിൽ ഇരുന്നു പുകഞ്ഞു.. ബാല ഊതി ഊതി കത്തിച്ചു അടുപ്പിനെ വീണ്ടും.
"അടുത്തമാസം ശ്രീദേവിയുടെ അടുത്തേക്ക് പോവുകയാണ് ഞാനും അച്ഛനും. നന്ദനെയും നിന്നെയും ഇവിടെ നിർത്തി പോകാൻ ഇഷ്ടമുണ്ടായിട്ടല്ല.. അവൾക്ക് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട് മാത്രം പോകുന്നതാണ്. ഇല്ലെങ്കിൽ പ്രസവത്തിന് ഇവിടെ നിൽക്കേണ്ടതായിരുന്നു അവൾ. എന്തായാലും പോകാതിരിക്കാൻ പറ്റില്ലല്ലോ? മകൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അല്ലേ അച്ഛനും അമ്മയും അടുത്ത് വേണമെന്ന് ആഗ്രഹിക്കുക!! സൂരജിന്റെ അമ്മയ്ക്ക് ആണെങ്കിൽ വയ്യാതെ ഇരിക്കുകയല്ലേ? ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാണ് പോകുന്നത്. പോയി വരുന്നത് വരെ സമാധാനം ഉണ്ടാകില്ല ഇവിടുത്തെ കാര്യം ഓർത്തിട്ട്. ഇങ്ങനെയൊരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ."
അമ്മയുടെ സ്വരത്തിൽ നല്ല വേദനയുണ്ടായിരുന്നു.
"അമ്മേ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അമ്മ ധൈര്യമായി പോയിട്ട് വരൂ.. അച്ഛൻറെ തണലിൽ നിൽക്കുന്നതുകൊണ്ടാണ് നന്ദേട്ടൻ ഇപ്പോൾ കൂൾ ആയ നടക്കുന്നത്. അച്ഛൻ ഇവിടെ ഇല്ലാതിരുന്നാൽ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കിക്കോളും നന്ദേട്ടൻ. അമ്മ വെറുതെ അതോർത്ത് മനസ്സ് വിഷമിപ്പിക്കേണ്ട."
പറഞ്ഞു കൊണ്ട് തലേദിവസം റെഡിയാക്കി വെച്ച ദോശമാവ് എടുത്ത് ഉപ്പ് പാകത്തിന് ഇട്ട് ഇളകി കൊണ്ട് പറഞ്ഞു ബാല.
"മോളേ..നീ അവൻറെ താളത്തിന് നിൽക്കുന്നതുകൊണ്ടാണ് അവൻ ഇങ്ങനെ ആയിപ്പോയത്. കാര്യങ്ങൾ പറഞ്ഞുകൊടുക്കണം മോളെ. ഇല്ലെങ്കിൽ അവൻ ശരിയാകില്ല.*
അമ്മ ഒന്നുകൂടി പറഞ്ഞു കൊണ്ട് അടുക്കള പുറത്തെ വരാന്തയിലേക്ക് ഇറങ്ങി പോകുന്നത് നെടുവീർപ്പോടെ നോക്കിനിന്നു ശ്രീബാല.
(തുടരും)