mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 8

ബാല കുടിക്കാനുള്ള വെള്ളവും എടുത്ത് തന്റെ റൂമിലേക്ക് പോയി. നന്ദനെ വിളിക്കാനായി ഫോൺ എടുത്തു അവൾ. പതിവ് സംസാരം ഒന്നും ഉണ്ടാകില്ല. എന്നാലും ഒന്നു വിളിച്ചു നോക്കാം. മനസ്സിൽ കരുതി കൊണ്ട് ബാല ഫോൺ എടുത്തു. ബെല്ലടിച്ച് തരുന്നത് വരെ ഫോൺ എടുത്തില്ല നന്ദൻ.പിന്നെയും വിളിച്ചു ബാല. ഇനി എടുക്കാതിരുന്നാൽ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും എന്നറിയാവുന്നതിനാൽ, ഫോൺ എടുത്തു നന്ദൻ.

"നന്ദേട്ടാ എന്താ ഫോൺ എടുക്കാൻ വൈകിയത്?"

അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു അവന്.

"ഞാൻ താഴെയായിരുന്നു."

അലസമട്ടിൽ പറഞ്ഞു നന്ദൻ.

"നാളെ എല്ലാവരും വരും ഇവിടെ മറ്റന്നാൾ ഗീതുവിന്റെ വീട്ടിലേക്ക് പോകാൻ നന്ദേട്ടാ എല്ലാവരും വന്നാൽ ചോദിക്കും ഒരേ ഒരു അളിയൻ വന്നില്ലേ എന്ന് അതിന്റെ കുറച്ചില്‍ ഉണ്ണിക്കല്ലേ? വധു ആകാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടുകാരും അന്വേഷിക്കില്ലേ? ഏട്ടനും കൂടി വാ."

ബാല സ്വരത്തിൽ പരിഭവം കലർത്തിക്കൊണ്ട് പറഞ്ഞു.

"എനിക്ക് മറ്റന്നാൾ  പൊതു പരിപാടിയുണ്ട്. ഞാനാണ് മുഖ്യ പ്രാസംഗികൻ. അത് ഉപേക്ഷിച്ച് നിൻ്റെ അനിയൻറെ പെണ്ണ് വീട് കാണാൻ വരണമെന്നാണോ?" ദേഷ്യത്തിൽ ചോദിച്ചു നന്ദൻ.

"എല്ലാവരും ഓരോന്ന് ചോദിക്കില്ലേ? അതാ ഞാൻ.." ബാല പൂർത്തിയാകാതെ നിർത്തി.

"മോൾ ഉറങ്ങിയോ?"

നന്ദൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.

"മ്മ്മ്മം."മൂളലിൽ ഒതുക്കി ബാല.

നന്ദൻ പെട്ടെന്ന് തന്നെ ഫോൺ വെച്ചു. അവൾക്ക് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു മനസ്സിലായിരുന്നു അവന്.

ബാല ബെഡിൽ കിടന്നു.അവളുടെ ഇരു കണ്ണുകളും ചാലിട്ടൊഴുകി ഇറങ്ങി കവിളിണകളെ ചുംബിച്ചുകൊണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും തനിക്ക് നന്ദേട്ടനെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല എന്നത് സത്യമാണ്.ഓരോന്ന് ആലോചിച്ചു കിടന്ന് എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു ബാല.സ്വന്തം വീട്ടിൽ ആരെയും ബോധിപ്പിക്കാൻ ഇല്ലാത്തതുകൊണ്ടാവാം നന്നായി വൈകിയാണ് ബാല ഉണർന്നത്. അല്ലെങ്കിലും അങ്ങനെ തന്നെയാണ് വീട്ടിലെത്തിയാൽ മതി മറന്ന് ഉറങ്ങി പോകും. നിച്ചു മോൾ എഴുന്നേറ്റാൽ അമ്മയുണ്ടല്ലോ എന്ന സമാധാനമാകാം കാരണം. ബാല ഫ്രഷായി താഴേക്ക് വരുമ്പോഴേക്കും സഹായത്തിന് വരുന്ന ചേച്ചി അടുക്കള കീഴടക്കിയിരുന്നു.

"ബാല മോള് ഒന്നുകൂടി ക്ഷീണിച്ചല്ലോ?"

നാരായണി മുഖത്തടിച്ചത് പോലെ ചോദിച്ചു.

"അതൊക്കെ  ചേച്ചിക്ക് തോന്നുന്നതാണ്.എനിക്ക് ഒരു ക്ഷീണവും ഇല്ല."

ചിരിച്ചു കൊണ്ട് പറഞ്ഞ് ചായ എടുത്തു കുടിച്ചു ബാല.

"അല്ല മോളേ.എനിക്ക് തോന്നിയത് ഒന്നുമല്ല. മോൾക്ക് ക്ഷീണം തന്നെയാണ്." നാരായണി ചേച്ചി വീണ്ടും പറഞ്ഞു.

ബാല പുറത്തെ വർക്ക് ഏരിയയുടെ ഗ്രില്ല് തുറന്നു പുറക് വശത്ത് നിൽക്കുന്ന നെല്ലിമരച്ചോട്ടിലേക്ക് നടന്നു.അവിടെ നിന്നാൽ തൊടിക്കപ്പുറത്തുള്ള പച്ച പുതച്ചു   കിടക്കുന്നതു പോലുള്ള നെൽപ്പാടം കാണാം. തൊടിയിൽ ഒന്ന് നടന്നു ബാല.പണ്ടത്തെ ഓർമകളെ കൂട്ട് പിടിച്ച് കൊണ്ട്. ഉച്ചയോടെ അച്ഛൻറെ തറവാട്ടിൽ നിന്നും അമ്മയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തി അന്ന് എല്ലാവരും അവിടെ കൂടാനായിരുന്നു ഉദ്ദേശം.

എല്ലാവർക്കും ബാലയുടെ വിശേഷം അറിയാനായിരുന്നു താൽപര്യം. അച്ഛമ്മ നെടുവീർപ്പോടെ അവൾ പറയുന്നത് കേട്ടിരുന്നു. അച്ഛമ്മയുടെ ചുളി വീണ കരതലം അവളുടെ മുടിയിഴകളെ തഴുകി തലോടി. ആശ്വസിപ്പിക്കുന്നത് പോലെ പലതും അച്ഛമ്മയോടാണ് മനസ്സ് തുറന്നു പറയുക ബാല. അതുകൊണ്ടുതന്നെ അച്ഛമ്മയും മോളും സംസാരിക്കുന്നത് ആരും പോകാറില്ല. അങ്ങനെയെങ്കിലും അവളുടെ മനസ്സിന്റെ ഭാരം ഒന്നു കുറയട്ടെ എന്നാണ് എല്ലാവരുടെയും ചിന്ത.

"അച്ഛമ്മടെ കുട്ടി വിഷമിക്കേണ്ട ട്ടോ എല്ലാത്തിനും ഈശ്വരൻ ഒരു വഴി കണ്ടിട്ടുണ്ടാവും."

എല്ലാം കേട്ട് കഴിഞ്ഞ് അച്ഛമ്മയുടെ ആശ്വാസവാക്ക് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ബാലയുടെ. അന്നത്തെ ദിവസവും എല്ലാവരും ബഹളവുമായി കഴിഞ്ഞുപോയി. പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് ഗീതുവിന്റെ വീട്ടിലേക്ക് പോകുന്നത്. അത്യാവശ്യം ബന്ധുക്കൾ എല്ലാവരും ഉണ്ട്. അവിടെ പോയി എല്ലാവരെയും കണ്ടു സംസാരിച്ചു ഗീതുവിന്റെ വീടും പരിസരവും ഇഷ്ടപ്പെട്ടു അതിലേറെ ഗീതുവിനെയും. നന്ദേട്ടനെ ചോദിക്കുന്നവരോട് അച്ഛൻ കള്ളം പറയാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി അവൾക്ക്. അവളും അതേ അവസ്ഥയിൽ തന്നെയായിരുന്നു. ബുധനാഴ്ച ഗീതുവിന്റെ വീട്ടിൽ നിന്ന്  വരാമെന്ന് അറിയിച്ചു.

അങ്ങനെയാകട്ടെ എന്ന് തീരുമാനിക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും ഇവിടേക്ക് വരണമല്ലോ എന്ന് ഓർത്തത് ബാല. ബാല നിൽക്കുന്നുണ്ടെങ്കിൽ അച്ഛമ്മയും രണ്ടുദിവസം നിൽക്കാമെന്ന് ഏറ്റു.

"മോളെ ഒരു കാര്യം ചെയ്യ് നീ നന്ദനെ വിളിച്ചു പറ. ബുധനാഴ്ച അവർ വരുന്നുണ്ട് അത് കഴിഞ്ഞിട്ട് വരാം എന്ന്."

അമ്മ പറയുന്നത് കേട്ടപ്പോൾ അച്ഛമ്മ ദേഷ്യപ്പെട്ടു.

"ആ കാര്യം വിളിച്ചു പറയേണ്ടത് ബാലയല്ല. ഇവിടെ എന്റെ മകൻ ഉണ്ടല്ലോ അവനാണ് പറയേണ്ടത്. ഉണ്ണിയുടെ കാര്യം എന്തായാലും നന്ദനെ അറിയിക്കണം. പ്രത്യേകം വിളിക്കുകയും വേണം."

അച്ഛമ്മ ഗൗരവത്തിൽ പറഞ്ഞു. 

"ഇവിടെനിന്ന് ആര് വിളിച്ചാലും അവൻ ഫോൺ എടുക്കില്ല അമ്മേ. പിന്നെ ഞാൻ എങ്ങനെ വിളിക്കാനാണ്? അവൻറെ അച്ഛനെ വിളിച്ചു പറയാം അതാണ് പതിവ്."

അച്ഛൻ ദയനീയമായി പറയുന്നത് നോക്കിനിന്നു ബാല. തൻ്റെ അച്ഛൻ്റെ നിസ്സഹായ അവസ്ഥയോർത്ത്. മകൾക്ക് ഇഷ്ടപ്പെട്ട ഒരുവനെ കൊണ്ട് മോളെ കല്യാണം കഴിപ്പിച്ച് അയച്ചപ്പോൾ, ഒരച്ഛനും ഇത്രയധികം വേദനിച്ചു കാണില്ല. നന്ദേട്ടനും കിട്ടാവുന്ന അവസരം എല്ലാം ഉപയോഗിക്കും. കുറ്റപ്പെടുത്താനും. ചെന്നില്ലെങ്കിൽ നന്ദേട്ടൻ ദേഷ്യപ്പെടും. പോയാൽ രണ്ടുദിവസം കഴിഞ്ഞാൽ വിടുകയും ഇല്ല. ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായി അവൾക്ക്.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ