mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 10

ബാല റൂമിലേക്ക് പോയത് നോക്കി നിർവികാരതയോടെ നിന്നു ഉണ്ണി. അപ്പോഴാണ് അച്ഛൻ പൂമുഖത്ത് നിന്നും അകത്തേക്ക് കയറിയത്. മുഖം കണ്ടാൽ തന്നെ അറിയാം അകത്തുള്ള സംഭാഷണശകലങ്ങൾ എല്ലാം കേട്ട് കഴിഞ്ഞാണ് വരുന്നത് എന്ന്. നന്ദൻ അറിയാതെ തല കുനിച്ചു പോയി.

"എല്ലാം ഞാൻ കേട്ടു ഉണ്ണി.മോൻ വിഷമിക്കേണ്ട ധൈര്യമായി പൊക്കോളൂ ചേച്ചി കൃത്യസമയത്ത് എത്തിയിരിക്കും." നന്ദനെ കടുപ്പിച്ച് നോക്കിയിട്ട് പറഞ്ഞു അച്ഛൻ.

"അതെ മോൻ ചെല്ല്."അമ്മയും പറഞ്ഞു.

"ശരി നിങ്ങളുടെ വാക്ക് വിശ്വസിച്ച് ഞാൻ ഇറങ്ങുന്നു."

പറഞ്ഞു കൊണ്ട് ഉണ്ണി ഇറങ്ങി അവൻ കാറിൽ കയറി പോകുന്നത് വരെ അച്ഛനും അമ്മയും പൂമുഖത്ത് തന്നെ നിന്നു. തിരിഞ്ഞു നടക്കുമ്പോൾ നന്ദൻ റൂമിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.

"എൻ്റെ മോൻ ഒന്ന് നിൽക്ക്. ഇന്നേവരെ നിൻ്റെ സകല തോന്നിവാസത്തിനും കൂട്ടുനിന്നവനാണ് അച്ഛൻ. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും പാർട്ടിയുടെ പിന്നാലെ നടക്കുന്നത് എനിക്ക് വിലക്കാൻ അറിയാഞ്ഞിട്ടല്ല. ഞാൻ അത് ചെയ്യാത്തത് നിനക്ക് എന്നെങ്കിലും കുറച്ചു ബോധം വരുമെന്ന് കരുതിയിട്ടാണ്. ഇനിയും നീ നിൻ്റെ കുട്ടിക്കളി മാറ്റിയില്ലെങ്കിൽ, ഈ വീടിൻ്റെ പടി കയറ്റില്ല നിന്നെ ഞാൻ. നിന്നെ വിശ്വസിച്ച് അതിലുപരി നിന്നെ സ്നേഹിച്ച് വീട്ടുകാരോട് മത്സരിച്ച് നിന്നെ കല്യാണം കഴിച്ചതാണ് ശ്രീ ബാല. അവളുടെ വീട്ടുകാരെല്ലാം എതിർത്തിയിട്ടും നിന്നെത്തന്നെ വിവാഹം ചെയ്യുള്ളൂ എന്ന് നിർബന്ധം പിടിച്ച് ഈ വീടിന്റെ പടി വലതുകാൽ വച്ച് കയറി വന്നവൾ ആണ് അവൾ. കയറി വന്ന അന്നുമുതൽ എന്നെയോ നിൻ്റെ അമ്മയെയോ വിഷമിപ്പിക്കുന്ന ഒരു വാക്കുപോലും അവളിൽ നിന്നുണ്ടായിട്ടില്ല. നിനക്കൊരു ജോലി ഇല്ലാതിരുന്നിട്ടും അവളുടെ അച്ഛൻ ഈ വിവാഹത്തിന് സമ്മതിച്ചത് മകളോടുള്ള വാത്സല്യം കൊണ്ട് മാത്രമാണ്. അതെന്റെ മോൻ അയാളുടെ കഴിവുകേടായി കാണരുത്. കാരണം ഇനിയും നിനക്ക് മനസ്സിലാവാത്ത ഒന്നുണ്ട് ജീവിതം ഒരിക്കലും നമുക്ക് എഴുതിച്ചേർക്കാൻ കഴിയാത്ത ഒരു പുസ്തകമാണ്. തിരുത്തി കുറക്കാനും എളുപ്പമല്ല. കഴിഞ്ഞുപോയ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ല. പിന്നീട് അതേ കുറിച്ച് ഓർത്ത് കരഞ്ഞിട്ട് കാര്യമില്ല. അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞിരിക്കും. ഇന്നിൽ ജീവിക്കാൻ പഠിക്കണം. ഇതുവരെ നിൻ്റെ കൂടെ നിന്നു ബാല. നാളെ അവൾ തീരുമാനം മാറ്റിയാൽ പിന്നീട് ഒരിക്കലും നിനക്ക് തിരിഞ്ഞു നടക്കാൻ കഴിഞ്ഞെന്നു വരില്ല നഷ്ടപ്പെട്ടുപോയ നിൻ്റെ ജീവിതത്തിലേക്ക്."

അച്ഛൻ പറയുന്നതു മുഴുവൻ അനുസരണയുള്ള കുട്ടിയെ പോലെ കേട്ടു നിന്നു നന്ദൻ. തലകുനിച്ചുതന്നെ.

"അതെ മോനെ നിന്നെ അവർ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ നീ തന്നെയാണ്. അവരുടെ നിലയ്ക്ക് വിലയ്ക്കും യോജിച്ചവനല്ല നീ എന്ന നിന്റെ ഈഗോ.അതാ നിന്നെ അവരിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുന്നത്.ഒരു ജോലി വാങ്ങാൻ ശ്രമിക്കൂ ആദ്യം.നിന്നെ കുറ്റപ്പെടുത്തിയ അവർ തന്നെ നിന്നെ ചേർത്ത് പിടിക്കും.നീ ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി."

നന്ദൻ രനുപേരെയും ഒന്ന് നോക്കി റൂമിലേക്ക് പോയി. കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുകയാണ് ശ്രീ ബാല. പതിയെ അവളുടെ അടുത്തിരുന്നു അവൻ.അവളുടെ കണ്ണുകൾ നിറയുന്നത് ഒരിക്കലും തനിക്ക് കണ്ട് നിൽക്കാൻ കഴിയില്ല. എങ്കിലും അറിയാതെ തന്നെ അവളെ വേദനിപ്പിക്കും. അവളുടെ വീട്ടുകാരുടെ കാര്യം വന്നാൽ.തെറ്റ് തൻ്റെ ഭാഗത്ത് തന്നെയാണ്. അർഹിക്കാത്ത നിധിയാണ് ബാല.അവൾക്ക് തന്നോടുള്ള സ്നേഹം അത് മറ്റാരെക്കാളും നന്നായി അറിയാം. പക്ഷേ എന്തോ അവളുടെ വീട്ടുകാർ വില തരുന്നില്ല തനിക്ക്. അതാണ് ഇത്ര ദേഷ്യം അവരോട്. ഒന്നാലോചിച്ചാൽ അവരുടെ ഭാഗത്താണ് ശരി. വേലയും കൂലിയും ഇല്ലാത്ത മകളുടെ ഭർത്താവ്. അല്ലാതെ എന്താ ഐഡന്റിറ്റി തൻ്റെ? മനസ്സ് കൈ വിട്ടു പോയി അവൻ്റെ. ബാലയുടെ അടക്കി പിടിച്ച തേങ്ങൽ കേട്ട് നന്ദൻ്റെ ഉള്ളം പിടഞ്ഞു.

"മാളു.."

പതിയെ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് വിളിച്ചു അവൻ.

തേങ്ങൽ ഒന്നുകൂടി ഉച്ചത്തിലായി.അവളിൽ.

"ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ നീ അത് വിട്. നീ പൊയ്ക്കോ.ഞാൻ കൊണ്ട് വിടാം. നാളെ തന്നെ. നിന്നെയും മോളെയും കാണാതെ എനിക്ക് പറ്റില്ല മാളു.. അതാ ഞാൻ."

നന്ദൻ്റെ സ്വരം ഇടറി പോകുന്നത് അറിഞ്ഞു കൊണ്ട് ബാല പെട്ടന്ന് എഴുന്നേറ്റിരുന്നു. അവൻറെ നെഞ്ചിൽ തലചായ്ച്ച് ഇരുകൈകൊണ്ട് അവനെ ഇറുകെ പുണർന്നു. അതിൽ കൂടുതൽ ഒന്നും നന്ദനോട് പിണങ്ങി ഇരിക്കാനോ നന്ദനോട് കഴിയുമായിരുന്നില്ല ശ്രീ ബാലക്ക്. കാരണം അവളുടെ പ്രാണവായുവാണ് നന്ദൻ.

അവനും ഇരുകൈകളും കൊണ്ട്  അവളെയും നെഞ്ചോട് ചേർത്തുപിടിച്ചു. അവന്റെ കണ്ണുകളും ഈറനായി.

"നന്ദേട്ടാ.. എല്ലാവരുടെയും മുന്നിൽ ഞാനൊരു ചോദ്യചിഹ്നമാണ്. പക്ഷേ ഉണ്ണിയുടെ കാര്യത്തിന് എനിക്ക് പോകാതിരിക്കാൻ കഴിയില്ല. ഭർത്താവ് ഉണ്ടായിട്ടും ഒരു പരിപാടിക്കും ഇന്നേവരെ നന്ദേട്ടൻ എൻറെ കൂട്ടത്തിൽ വന്നിട്ടില്ല. എല്ലാവരോടും നുണ പറഞ്ഞ് ഞാൻ മടുത്തു. നന്ദേട്ടൻ ഈ വാശിയൊക്കെ ഉപേക്ഷിക്കണം. ഒരു ജോലിക്ക് ട്രൈ ചെയ്യണം. എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ? നമുക്കും ഒരു മോളുണ്ട്. നാളെ അവളോടും ഓരോരുത്തർ ചോദിക്കില്ലേ. ഇന്ന് ഞാൻ മൗനമായി നിൽക്കുന്നത് പോലെ നാളെ മറ്റുള്ളവർക്ക് മുൻപിൽ നമ്മുടെ മകളും തലകുനിച്ചു നിൽക്കേണ്ടിവരും. അച്ഛന് ജോലിയും കൂലിയും ഒന്നുമില്ല എന്ന കാരണത്താൽ. കൂലിപ്പണി ആയാലും അതിനു ഒരു അന്തസ്സ് ഉണ്ട് നന്ദേട്ടാ. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പടപൊരുതാനും തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചിട്ടും ഇന്നുവരെ എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ? എല്ലാം വേണം ഞാൻ ഒന്നും വേണ്ടെന്ന് പറയുന്നില്ല. ഇനിയെങ്കിലും സ്വന്തമായി ഒരു വരുമാനം. എന്നും അച്ഛൻ്റെ തണലിൽ നിൽക്കാതെ."

ബാല പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു എങ്കിലും അപ്പോൾ എന്തെങ്കിലും പറഞ്ഞാൽ, അവൾ ഒന്നുകൂടി വേദനിക്കും എന്നുള്ളതുകൊണ്ട് നന്ദൻ ഒന്നും മിണ്ടിയില്ല. കാരണം ഇന്നേവരെ ഒന്നിന്റെ പേരിലും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല ഇവൾ. വെറുതെ അവളുടെ പുറത്ത് തഴുകിക്കൊണ്ടിരുന്നു അവൻ.അവൻ്റെ സ്നേഹലാളനങ്ങൾ പ്രണയത്തിലേക്ക് വഴി മാറി. അതുവരെ മൂടിക്കെട്ടിയ കാർമേഘം അഴിഞ്ഞുവീണു. നന്ദന്റെ കൈവിരലുകൾ അവളുടെ ശരീരത്തിൽ തഴുകി തലോടി. പിണക്കങ്ങളും പരിഭവങ്ങളും അലിഞ്ഞില്ലാതായി. നന്ദന്റെയും ബാലയുടെയും പ്രണയ നിമിഷങ്ങളിൽ  

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ