ഭാഗം 17
ജോലിക്ക് പോകാമെന്ന് നന്ദൻ പറയുന്നത് കേട്ടുകൊണ്ടാണ് ചായയുമായി ഗീത വന്നത്. "കേട്ടപ്പോൾ തന്നെ ആശ്വാസമായി. നല്ല ബുദ്ധി ഇപ്പോഴെങ്കിലും തോന്നിയല്ലോ?" മാഷക്ക് ചായ കൊടുത്തുകൊണ്ട് പറഞ്ഞു ഗീത.
"ജോലിക്ക് പോകാമെന്ന് പറഞ്ഞതുകൊണ്ട് ബാലയെയും മോളെയും തിരികെ കൊണ്ടുവരാം. ബാക്കിയെല്ലാം പിന്നീട് ആലോചിക്കാം." മാഷ് ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പറമ്പിൽ നിന്ന് അച്യുതമേനോനും കയറി വന്നിരുന്നു.
"അല്ല മാഷോ എന്താ ഈ വഴി?" ചോദിച്ചുകൊണ്ട് പൂമുഖത്തേക്ക് കയറി അച്യുതമേനോൻ.
"ഇവിടുത്തെ കാര്യങ്ങളെല്ലാം ഇപ്പോൾ കവലയിൽ ചർച്ച വിഷയം.. ഒന്ന് വന്ന് അന്വേഷിച്ചു പോകാം എന്ന് കരുതി വന്നതാണ്. നന്ദൻ ജോലിക്ക് പോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇനി മോളെയും കൂട്ടിക്കൊണ്ടു വരണം. വെറുതെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു അവസരം നമ്മളായി ഉണ്ടാക്കി കൊടുത്തുകൂടാ. പാർട്ടിയും മറ്റും ആവശ്യത്തിന് വേണം. അല്ലെങ്കിൽ പിന്നെ ഒറ്റ തടിയായിരിക്കണം. തോന്നിവാസത്തിന് നടക്കാൻ. എത്രയെന്ന് വെച്ചാണ് അവർ സഹിക്കുക! ബാല ആയതുകൊണ്ടാണ് ഇത്രയും കാലം ക്ഷമിച്ചു നിന്നത്. തൻറെ പാതിയുടെ ജീവൻ അപകടത്തിൽ ആകും എന്ന് കണ്ടാൽ, ഏതൊരു ഭാര്യയും ശഠിക്കുന്നത് പോലെ തന്നെയാണ് ബാലയും പ്രതികരിച്ചത്. അത് തന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അത് മനസ്സിലാക്കണം. അതെ തന്റെ പാർട്ടിക്കാർ ആരെങ്കിലും പിന്നെ വന്നു നോക്കിയോ തന്നെ?" മാഷ് ചുഴിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു.
"ആരു വരാനാ മാഷേ? അവർക്ക് അതിൻറെ പണിയല്ലേ? ഹോസ്പിറ്റലിൽ നിന്ന് ഘോരഘോരം പ്രസംഗിച്ച് ഇവിടെ കൊണ്ടുവന്ന ആക്കി പോയി. ആ പോയ പോക്കാണ് പിന്നെ ആരെയും ഈ വഴി കണ്ടതില്ല." അമ്മ പറഞ്ഞപ്പോൾ ദേഷ്യത്തിൽ നന്ദൻ അമ്മയെ നോക്കി.
"ഇനി എന്നെ നോക്കി പേടിപ്പിക്കേണ്ട കാര്യം പറഞ്ഞൂന്നേയുള്ളൂ." പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് വലിഞ്ഞു.
"അടക്കയായാൽ മടിയിൽ വെക്കാം മാഷേ. അടക്കാ മരം ആയാലോ? ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. നിച്ചു മോൾ പോയതോടെ വീട് ഉറങ്ങി. അടുത്തമാസം പോകാനിരുന്ന യാത്ര, നേരത്തെ ആയാലോ എന്നാണ് ഇപ്പോഴത്തെ ആലോചന." മനസ്സ് മുട്ടിയത് പോലെ പറയുന്ന അച്ഛനെ, നേരിടാൻ ശക്തി പോരാതെ നന്ദൻ തലകുനിച്ചു.
"എനിക്കറിയാം മേനനെ.. അവരാരും വരില്ല. എനിക്ക് അനുഭവമാണ്. നമ്മൾ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. ഒടുവിൽ ചിലപ്പോൾ കിട്ടുന്നത് രക്തസാക്ഷി പട്ടം ആയിരിക്കും. നമ്മളെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ബാധിക്കും, അതായത് അച്ഛനും അമ്മയും കൂടെപ്പിറപ്പും ഭാര്യയും മക്കളും. ആദ്യമൊക്കെ ആരവം ഉണ്ടാകും. പതിയെ പതിയെ അതൊക്കെ കെട്ടിടങ്ങും. കാലം നമുക്ക് കാണിച്ചു തന്നത് അതൊക്കെ തന്നെയാണ്. അതൊക്കെ തനിയാവർത്തനം തന്നെ. എന്നാൽ ഞാൻ ഇറങ്ങട്ടെ, ബാലയുടെ വീട്ടിൽ പോയി സംസാരിക്കണം. മേനനും ഭാര്യയും കൂടി പോയാൽ മതി. ജോലിക്ക് പോകാൻ സമ്മതിച്ചു എന്ന് പറഞ്ഞാൽ തന്നെ അവരൊന്ന് അയയും. ബാലഗോപാലിനും പിടിച്ച വാശിയാണ്. വാശി നാശത്തിലേക്ക് ആണ് പോവുക. വേണമെങ്കിൽ ഞാനും കൂട്ടു വരാം. പോകുന്ന ദിവസം അറിയിച്ചാൽ മതി." പറഞ്ഞുകൊണ്ട് മാഷ് പോകാൻ ഇറങ്ങി.
"അറിയിക്കാം മാഷേ.." അച്ഛനെ നേരിടാനുള്ള ശക്തി പോരാതെ നന്ദൻ റൂമിലേക്ക് നടന്നു. ശൂന്യമായ മനസ്സോടെ കട്ടിലിൽ കിടക്കുമ്പോൾ, മനസ്സിലേക്ക് ഓടിയെത്തിയത് മോളുടെ മുഖമാണ്. മോളെ ഒന്ന് കാണാൻ അവളുടെ കിളികൊഞ്ചൽ കേൾക്കാൻ അതിയായി മനസ്സ് കൊതിച്ചു നന്ദന്റെ. ഫോണെടുത്ത് ബാലയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയ അവനെ, ഉള്ളിലെ ഈഗോ തടഞ്ഞു.
"വേണ്ട... പോയിട്ട് ഇത്ര ദിവസമായില്ലേ? വയ്യാതെ ഇരുന്നിട്ടും തന്നെ ഒന്ന് വിളിച്ച് അന്വേഷിക്കാൻ തോന്നിയില്ലല്ലോ.. വേണ്ട വിളിക്കണ്ട..!" ഫോൺ എടുത്തു വെച്ചു നന്ദൻ. ഈ സമയം ബാലയുടെ വീട്ടിൽ, നിച്ചു മോൾക്ക് പനി കൂടിക്കൂടി വരികയായിരുന്നു. പനിയുടെ ചൂടിൽ കുഞ്ഞ് പിച്ചും പേയും പറയാൻ തുടങ്ങിയിരിക്കുന്നു.
"മോളെ ഇനിയും വൈകിച്ചു കൂടാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം." അമ്മയും അച്ഛനും പറഞ്ഞതോടെ, മോളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി ബാല. നന്ദൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആശിച്ചുപോയി ബാല.
(തുടരും)