ഭാഗം 13
ആർത്തലച്ചു കൊണ്ട് ബാല ഓടി കയറി വന്നു അവൻ്റെ അരികിൽ. അഴിഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളും കരഞ്ഞു വീർത്ത മുഖവും, ചുവന്ന കലങ്ങിയ കണ്ണുകളും കാൺകെ നോവിന്റെ കുളിർമഴ പെയ്തു നന്ദന്റെ മനസ്സിൽ.
മോളെയും എടുത്തു കൊണ്ട് കയറി വരുന്ന ബാലയുടെ അമ്മയെയും, കണ്ടപ്പോൾ അവൻ്റെ ചങ്ക് പിടഞ്ഞു. കാര്യം എന്തെന്ന് മനസ്സിലായില്ലെങ്കിലും നന്ദന്റെ തലയിലെ കെട്ടും കൈയിലെ മുറിവും അമ്മയുടെ കരച്ചിലും കണ്ടതുകൊണ്ട് നിച്ചു മോളും വലിയ വായിൽ കരയാൻ തുടങ്ങി.ഉണ്ണി അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ബാലയുടെ അച്ഛൻറെ മുഖം വലിഞ്ഞുമുറുകി. ദേഷ്യം കൊണ്ട് ആകെ ചുവന്നിരിക്കുന്നുണ്ട് അയാൾ."നന്ദേട്ടാ, എന്താ പറ്റിയത്? എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് ഇതൊന്നും കാണാൻ വയ്യല്ലോ.."
നന്ദന്റെ ഇരു കവിളിലും പിടിച്ചുകൊണ്ട് ബാല പുലമ്പി. അവളുടെ കരച്ചിൽ അസ്വസ്ഥത സൃഷ്ടിച്ചു അവനിൽ.
"ബാല നീ കരുതുന്ന പോലെ ഒന്നും പറ്റിയിട്ടില്ല എനിക്ക്. ഇതൊക്കെ വെറുതെ കെട്ടിവെച്ചതാണ്. കേസിനെ ബലം കൂട്ടാൻ. എന്തായാലും കേസ് ആകും. അപ്പോൾ കുറച്ചു കൂടി പാർട്ടിക്ക് മുൻഗണന കിട്ടാനാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ നീ കരുതുന്ന പോലെ എനിക്കൊന്നും പറ്റിയിട്ടില്ല. ഒന്നാമത് നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് ഓടി പിടച്ചു വന്നത്? കുറച്ചു കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ?"
അവളുടെ സങ്കടം കണ്ട് ഒരുവിധ ദയയും കാണിക്കാതെ പറയുന്ന നന്ദനെ ദേഷ്യത്തോടെ നോക്കി അച്ഛൻ.തൻ്റെ മകൻ ആണ് എങ്കിലും ഇത്രക്ക് അഹങ്കാരം പാടില്ല.സ്വയം അടക്കി പിടിച്ചു അച്ഛൻ.
"മോളെ വാ പോകാം.ഇവിടെ നിൻ്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല."
അച്ഛൻ്റെ സ്വരം കേട്ടതും ബാല ദയനീയമായി എല്ലാവരെയും നോക്കി.
"ബാല നീ വീട്ടിൽ പോകൂ. എനിക്ക് കുഴപ്പമൊന്നും ഇല്ല. ഇങ്ങനെ കരഞ്ഞു നിലവിളിക്കാൻ മാത്രം മാത്രം ഞാൻ ചത്തിട്ടും ഇല്ല."
ബാലയുടെ അച്ഛൻ പറയുന്നത് കേട്ട് ദേഷ്യം വന്ന് കൊണ്ട് പറഞ്ഞു നന്ദൻ.
"നന്ദാ നിൻ്റെ അഹങ്കാരം കുറച്ച് കൂടുന്നുണ്ട്.എന്തിനും ഒരു പരിധി ഉണ്ട് കേട്ടോ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പറഞ്ഞ നീ മറക്കും കേട്ടവർ മറക്കണംന്നില്ല." അത്രയ്ക്ക് ദേഷ്യപ്പെട്ട് ആദ്യമായി കാണുകയാണ് നന്ദൻ്റെ അച്ഛനെ എല്ലാവരും.
"അതെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇനിയും എൻ്റെ മകളെ വേദനിപ്പിക്കാൻ നിർത്തില്ല ഞാൻ. ഇവളെ മനസ്സിലാക്കാൻ പോലും കഴിയാത്ത ഇവൻ്റെ കൂടെ ഇനിയും നിർത്തി പോയാൽ അച്ഛൻ എന്ന നിലയിൽ എൻ്റെ മകളോട് ഞാൻ ചെയ്യുന്ന നന്ദികേട് ആയിരിക്കും അത്. മോളെ വാ.. പോകാം. അച്ഛൻ്റെ കണ്ണടയും വരെ നീ എൻ്റെ ചിറകിനടിയിൽ സുരക്ഷിതയായിരിക്കും. പാർട്ടി ഇവൻ എന്ന് ഉപേക്ഷിച്ച് ജോലിക്ക് പോകാനുള്ള തീരുമാനം എടുക്കുന്നു അന്ന് നമ്മുക്ക് ഈ ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം."
പറഞ്ഞു കൊണ്ട് നന്ദയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു അച്ഛൻ.
"അച്ഛാ..ഞാൻ ഒന്ന് സംസാരിച്ചിട്ടു വരാം." നന്ദ കെഞ്ചി പറഞ്ഞു.
"നീ ഇത്ര കാലം സംസാരിച്ചത് മതി ഇനി.വാടി." അമ്മയും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നടന്നു.
"അച്ഛാ..ഞാൻപോകില്ല അച്ഛാ.."
കുഞ്ഞ് കരഞ്ഞു.
"എടാ..ബാല മോളെ തിരിച്ചു വിളിക്ക്.നീ ഇനി ഒന്നിനും പോകില്ല എന്ന് പറയെടാ.."
അച്ഛൻ പറയുന്നത് കേട്ട് ദേഷ്യം വന്നു നന്ദന്. "പോട്ടെ എനിക്ക് എൻ്റെ പാർട്ടി ഉപേക്ഷിക്കാൻ കഴിയില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും." നന്ദൻ്റെ ഉറച്ച നിലപാട് ബാലയെ അരിശം കൊള്ളിച്ചു.
അവള് അച്ഛൻ്റെ പിടി ബലമായി വിടുവിച്ച് കൊണ്ട് നന്ദൻ്റെ അരികിൽ എത്തി. അതുവരെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു ബാല.
"അപ്പോ എന്നെക്കാളും നമ്മുടെ മോളെക്കളും സ്വന്തം ജീവനേക്കാൾ വലുതും പാർട്ടി ആണ് അല്ലേ? എൻ്റെ സ്നേഹത്തിനും ഈ കണ്ണുനീരിനും ഒരു വിലയും ഇല്ല അല്ലേ?"
അവളുടെ ചോദ്യം ഹൃദയത്തില് തറച്ചു എങ്കിലും അവളുടെ അച്ഛൻ്റെ വാക്കുകൾക്ക് മുന്നിൽ തല കുനിക്കാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് നന്ദൻ അവളുടെ ചോദ്യം പാടെ അവഗണിച്ച് നന്ദൻ ജനലിലൂടെ പുറത്തേക്ക് മിഴികൾ പായിച്ച് കിടന്നു.
"വേണ്ട.. മറുപടി പറയാൻ കഴിയില്ല അല്ലേ? വേണ്ട പാർട്ടി എന്ന് ഉപേക്ഷിച്ച് വരുന്നോ അന്ന് ഈ ബാല പഴയതുപോലെ തിരികെ വരും ജീവിതത്തിലേക്ക്. അല്ലെങ്കിൽ ഈ ജന്മം നന്ദന് ജീവിതത്തിലേക്ക് ഇനി ശ്രീ ബാല ഇല്ല."
പറഞ്ഞു കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും മോളെ വാങ്ങി എടുത്തു ബാല. വാശിയോടെ നടന്നു പോകുന്ന അവളെ ഒരു നോട്ടം പോലും നൽകാതെ കിടന്നു നന്ദൻ നെഞ്ച് പറിയുന്ന വേദന ഉള്ളിലൊതുക്കി കൊണ്ട്.
(തുടരും)