mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 22

നന്ദൻ, ബാലയെ തുറിച്ചു നോക്കി. അവളുടെ മുഖത്ത് ദേഷ്യം സങ്കടവും എല്ലാം ഒരുമിച്ച് ഉണ്ടായി. നന്ദൻ്റെ കോളറിൽ ഇരു കൈകളും കൊണ്ട് കുത്തിപ്പിടിച്ചു ബാല.

"നമ്മുടെ മോൾക്ക് ഈ അസുഖം വരേണ്ടി വന്നു... നന്ദേട്ടന്റെ മനസ്സു മാറാൻ അല്ലേ? ഇപ്പോഴാണ് നന്ദേട്ടനു എല്ലാം ചിന്തിക്കാൻ കഴിഞ്ഞത്? അതെ നമുക്ക് ഒരു ആവശ്യം വരുമ്പോഴല്ലേ ചുറ്റുമുള്ളവരെ കാണാൻ നമ്മൾ കണ്ണ് തുറക്കൂ... എനിക്കറിയാം എന്റെ അച്ഛനെ.. എല്ലാം മറന്ന് നമ്മുടെ മോൾക്ക് വേണ്ടി എന്തും ചെയ്യാൻ അച്ഛൻ തയ്യാറാകുമെന്ന്. പക്ഷേ ഒരു കാര്യം... ഒരേയൊരു കാര്യം മാത്രം. നന്ദേട്ടൻ എനിക്ക് ഉറപ്പു തരണം.."

ബാല അവൻ്റെ  മിഴികളിലേക്ക് നോക്കി പറഞ്ഞു.

"എന്താ ബാല.... എന്ത് ഉറപ്പാണ് ഞാൻ തരേണ്ടത്?"

നന്ദൻ കുറ്റബോധത്തോടെ ചോദിച്ചു.

"ഇപ്പോൾ നമ്മുടെ മോളുടെ ജീവനാണ് നമുക്ക് വലുത്.. അതിനെത്ര പണം ആവശ്യമുണ്ടെങ്കിലും അച്ഛൻ സഹായിക്കും എന്നെനിക്കറിയാം. പക്ഷേ നന്ദേട്ടൻ ജോലി ചെയ്തു ആ കടം വീട്ടണം.. ഉറപ്പുണ്ടെങ്കിൽ മാത്രം അച്ഛൻറെ കയ്യിൽ നിന്നും പണം വാങ്ങിയാൽ മതി."

ബാല ദേഷ്യത്തിൽ പറഞ്ഞു.

"എല്ലാം എനിക്ക് സമ്മതം ബാല.. ഇത് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എത്രയും പെട്ടെന്ന് ഒരു ജോലി. എൻ്റെ തെറ്റുകൾ ഞാൻ തിരിച്ചറിഞ്ഞു. ഇനി നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. നീ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം. നീയും ഞാനും മോളും അച്ഛനും അമ്മയും നിൻറെ അച്ഛനുമമ്മയും ഉണ്ണിയും എല്ലാവരും കൂടി സന്തോഷത്തോടെ ഒരു ജീവിതം. അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞതാണ്."

നന്ദൻ  ബാലയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ബാലയുടെ മനസ്സിൽ ഒരു കുളിർകാറ്റ് വീശി.

അച്ഛനും അമ്മയും കെട്ടി പിടിച്ചു നിൽക്കുന്ന കാഴ്ച കണ്ട് നിച്ചൂ മോൾ കയ്യടിച്ചു കൊണ്ട് എഴുന്നേറ്റു.

"ഡോക്ടർ അങ്കിൾ.... ഈ കളിയിൽ നിച്ചു  മോൾ ജയിച്ചു കേട്ടോ.."

റൂമിലേക്ക് പുഞ്ചിരിയോടെ കടന്നു വന്ന ഡോകട്ടർ നന്ദനെയും  ബാലയെയും നോക്കി ചിരിച്ചു. ഡോക്ടർക്ക് പിന്നാലെ ബാലയുടെ അച്ഛനും അമ്മയും ഉണ്ണിയും നന്ദൻറെ അച്ഛനും അമ്മയും കയറി വന്നു.

"മോളെ എന്തായാലും അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ മോള് ഇത്രയ്ക്കും അഭിനയിക്കുമെന്ന് അങ്കിൾ കരുതിയില്ല കേട്ടോ.. ഈ വർഷത്തെ മികച്ച നടിക്ക്  കൊടുക്കുന്ന ഓസ്കാർ അവാർഡ് മോൾക്ക് തന്നെ കിട്ടും."

പറഞ്ഞുകൊണ്ട് ഡോക്ടർ മോൾക്ക്  ഹാൻഡ് കൊടുത്തു.

"ഡോക്ടർ എന്തൊക്കെയാണ് പറയുന്നത് ഒന്നും മനസ്സിലായില്ല..."

ബാലഗോപാലൻ നായർ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ചോദിച്ചു.

നന്ദനും ബാലയും പരസ്പരം നോക്കി.

"എല്ലാവരോടും കൂടി ഞാൻ ഒരു സത്യം പറയാം. കർത്താവ് തമ്പുരാൻറെ അനുഗ്രഹം കൊണ്ട് നിച്ചു മോൾക്ക് യാതൊരു അസുഖവും ഇല്ല. പിന്നെ മോള് കരഞ്ഞു പറഞ്ഞപ്പോൾ, കുഞ്ഞുങ്ങളുടെ മനസ്സ് എത്ര നിഷ്കളങ്കമാണ് അവിടെ ഒരു കള്ളവുമില്ല പിന്നെ എനിക്ക് കള്ളം പറയേണ്ടി വന്നു എല്ലാവരോടും. ഇവിടെ എൻറെ അടുത്ത്  മോളെ കൊണ്ടുവന്നപ്പോൾ, നല്ല പനിയുണ്ടായിരുന്നു. അതൊരു സാധാരണ പനിക്ക് അപ്പുറത്തേക്ക് ഒന്നുമില്ല. പിന്നെ മോൾ എന്നോട് പറഞ്ഞു അച്ഛനും അമ്മയും വഴക്കാണ് എന്ന്. മോൾക്ക് രണ്ടുപേരെയും വേണമെന്ന്. എങ്ങനെയെങ്കിലും അച്ഛനെയും അമ്മയെയും ഒന്നിക്കാൻ പറ്റുമോ ഡോക്ടർ എന്നായിരുന്നു ഇവളുടെ ചോദ്യം. മോളുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലായി എനിക്ക്

അതിനാണ് ഇങ്ങനെയൊരു കളിക്ക് ഞാനും കൂട്ടുനിന്നത്. മോൾക്ക് അച്ഛനെ കാണാൻ കൊതിയാകുന്നു എന്നും പറഞ്ഞു. വീട്ടിൽ ബന്ധം പിരിയുന്നതിനുള്ള സംസാരം നടന്നത് കുഞ്ഞ് കേട്ടിട്ടുണ്ട്. കുഞ്ഞു മനസ്സലെ.. അച്ഛനും അമ്മയും ഇനി ഒരിക്കലും പിണക്കം മാറിയൊന്നാവില്ല എന്ന് കരുതി ഒരുപാട് വേദനിച്ചു കാണും. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും സമയം കണ്ടെത്തുന്നതിൽ കുഞ്ഞുങ്ങളെ ആര് ശ്രദ്ധിക്കാൻ? നിങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല.. എന്നാലും ഈ മോളുടെ ആഗ്രഹം ന്യായമാണെന്ന് തോന്നി. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം എന്റെ പ്രൊഫഷണൽ ജീവിതത്തിലുണ്ടാകുന്നത്. ഈ കുഞ്ഞ് അപേക്ഷയോടെ കൈകൂപ്പി പറഞ്ഞപ്പോൾ, നിരസിക്കാൻ തോന്നിയില്ല. നിങ്ങളെല്ലാവരും ഒരുപാട് വേദനിച്ചു കാണും എന്ന് അറിയാം. എന്നാലും ഇവളുടെ കുഞ്ഞു മനസ്സ് വേദനിച്ചത്ര വേദനിച്ചു കാണില്ല ആരും. കുഞ്ഞുങ്ങൾ എപ്പോഴും മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ രണ്ടുപേരും രണ്ടു വഴിക്ക് ജീവിക്കുന്നത് കാണാനല്ല. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ട്. എന്നാലും ഇവളുടെ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന കൃതജ്ഞതയുണ്ട്. ഇനിയും ഈ മകളെ വേദനിപ്പിക്കാതെ രണ്ടുപേരും ഒന്നിച്ച് കഴിയണം. പറഞ്ഞു തീർക്കാം എന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. പരസ്പരം ധാരണയോടെ വീണ്ടും ഒന്നിക്കണം. ഈ കുഞ്ഞിൻറെ അത്രയും വിവേകം പോലും രണ്ടുപേർക്കും ഇല്ലാതെ പോയല്ലോ... ചെറിയ ചെറിയ വഴക്കുകളിൽ തുടങ്ങി ബന്ധം പിരിയാൻ പോലും മടിക്കാറില്ല ഇന്നത്തെ ദാമ്പത്യം. ഒരു വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറല്ല. ഇനിയും നിങ്ങളുടെ തീരുമാനം മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല എങ്കിൽ, മോൾ ഒരു തീരുമാനം എന്നോട് പറഞ്ഞിട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ജീവിക്കാത്ത ഇടത്തേക്ക് മോൾ തിരികെ ഇല്ല എന്ന്... ഏതോ സിനിമയിൽ അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങളെ മോള് കണ്ടിട്ടുണ്ട്.. അതേപോലെ ഒരിടത്തേക്ക് മോളെ വിടണം എന്നാണ് എന്നോട് പറഞ്ഞത്. എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.."

ഡോക്ടർ ഇരുകൈയും കെട്ടി നിച്ചു മോളുടെ അടുത്തേക്ക് നിന്നു. അവളും മുഖം വീർപ്പിച്ച് അച്ഛനെയും അമ്മയെയും നോക്കി ഇരിക്കുകയാണ്.

"നന്ദേട്ടാ എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല..."

ബാലയുടെ വലതുകൈ നന്ദന്റെ ഇടതു കൈയിൽ മുറുകി.

"എന്റെ മോൾ അല്ലേ ഇതല്ല ഇതിനപ്പുറവും കാണിക്കും.."

പറഞ്ഞുകൊണ്ട് നന്ദൻ മോളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു. എല്ലാവരും  നിറ കണ്ണുകളോടെ കൈയ്യടിച്ചു. ബാലയും അവരുടെ അടുത്തേക്ക് ചെന്നു നന്ദൻ മോളെ വാരിയെടുത്തു. ബാലയും അവൻ്റെ അരികിൽ നിന്നു കൊണ്ട് മോളെ ഉമ്മ വെച്ചു.

"കാന്താരി ഇത്രയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തിൽ കരുതിയില്ല.."

അച്ഛമ്മ പറഞ്ഞുകൊണ്ട് അടുത്തേക്ക് വരുമ്പോൾ, അച്ഛൻ്റെ ഒക്കത്തിരുന്ന് ഒറ്റ കണ്ണിറുക്കി കാണിച്ചു നിച്ചു മോൾ.

"മോനേ എൻ്റെ ഭാഗത്തും വീഴ്ചകൾ ഉണ്ട്. എൻറെ മോൾക്ക് യോജിച്ചവനല്ല നീയെന്ന എൻ്റെ ഉള്ളിലെ വിഷമം പലപ്പോഴും ദേഷ്യമായി പുറത്തേക്ക് വന്നിട്ടുണ്ട്. അതൊക്കെ നന്ദന്റെ മനസ്സിലും വേദനയായി കാണും. എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ട്. ഇനി എല്ലാം മറന്നു നമുക്ക് ഒരേ മനസ്സോടെ കഴിയാം.. കഴിഞ്ഞുപോയതൊക്കെ മറന്നു കൊണ്ട്."

"അങ്ങനെ ഇവന്നോട് മാപ്പ് ചോദിക്കേണ്ട കാര്യമൊന്നുമില്ല ബാലഗോപാലൻ നായരെ. ഇവൻ്റെ ഭാഗത്താണ് തെറ്റ് മുഴുവൻ. ഇനിയെങ്കിലും അത് മനസ്സിലാക്കി ഒരു ജോലി ചെയ്തു ജീവിക്കട്ടെ. പാർട്ടിയെയും ആളുകളെയും എല്ലാം ഇപ്പോൾ മനസ്സിലായി കാണും.. ആപത്ത് കാലത്ത് ആരാണ് കൂടെ നിൽക്കുന്നത് എന്നും.."

അച്യുതമേനോൻ പറഞ്ഞപ്പോൾ ബാലഗോപാലൻ നായർ ചിരിച്ചു.

"തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്... എനിക്ക് എല്ലാം മനസ്സിലായി.. ആ തെറ്റ് തിരുത്തി ഇനി നന്ദൻ ജീവിക്കും. എല്ലാവർക്കും അഭിമാനമായി."

"സിസ്റ്റർ മോളെ ഡിസ്ചാർജ് എഴുതിക്കോളൂ.. ഇനി ഇവർ സന്തോഷത്തോടെ കഴിയട്ടെ.. ഇനി ഇങ്ങനെ ഒരു ആവശ്യവുമായി ഡോക്ടർ അങ്കിളിന്റെ അടുത്തേക്ക് വരരുത് കേട്ടല്ലോ.."

ഡോക്ടർ നിച്ചു മോളുടെ തലമുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു.

"ഇനി വരില്ല ഡോക്ടർ... എൻറെ അച്ഛൻ പറഞ്ഞത് കേട്ടില്ലേ.."

സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു മോൾ.

"എന്നാലും എൻറെ കുഞ്ഞി പെണ്ണേ.... നീ ഇത്രയ്ക്കും  വലിയ പണി അച്ഛന് തന്നെ കൊടുത്തല്ലോ.."

ബാല ചിരിച്ചു കൊണ്ട് മോളുടെ വയറിൽ  ഇക്കിളി കൂട്ടിക്കൊണ്ടു പറഞ്ഞു.

"എന്നാലും നിനക്ക് ആരുടെ ബുദ്ധിയാണ് കിട്ടിയത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.."

ഉണ്ണി ആലോചനയോടെ പറഞ്ഞപ്പോൾ, നിച്ചു മോൾ  പൊട്ടിചിരിച്ചു. ആശുപത്രിയിലെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ്, ബാലഗോപാലൻ നായരുടെ കാറിൽ നന്ദൻറെ വീട്ടിലേക്ക് തിരിച്ചു എല്ലാവരും. അന്ന് അവിടെ കഴിഞ്ഞ് പിറ്റേദിവസമാണ് അവർ തിരികെ പോയത്.


രണ്ടുമാസത്തിനുശേഷം ഒരു ദിവസം.

"ബാല ഞാൻ ഓഫീസിൽ നിന്ന് നേരെ വീട്ടിലേക്ക് വന്നോളാം. നീ മോളെ കൂട്ടി ഉണ്ണിയുടെ കൂടെ പൊയ്ക്കോ. ഉണ്ണി വിളിച്ചിരുന്നു എന്നെ. എന്തായാലും വിവാഹം അല്ലേ  കുറച്ചുദിവസം ഓഫീസിലെ കാര്യങ്ങളെല്ലാം എനിക്ക് വിട്ടു തന്നിരിക്കുകയാണ് എൻ്റെ പുന്നാര അളിയൻ. എന്തായാലും അവൻ ഇനി വരുന്നതുവരെ എൻ്റെ മനസ്സമാധാനം നഷ്ടപ്പെട്ടു. നിൻ്റെ  തന്ത പിടിയുടെ ബിസിനസ് സാമ്രാജ്യം ഇത്ര വലുതാണെന്ന് ഞാൻ കരുതിയില്ല പെണ്ണേ.."

കുളി കഴിഞ്ഞ് വന്ന നന്ദൻ ഈറൻ മുടി അവളുടെ മുഖത്തേക്ക് ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു.

"എന്തൊക്കെയായിരുന്നു എൻറെ അച്ഛനെ പറ്റി പറഞ്ഞത്? ഇപ്പോൾ എംഡിയുടെ കസേരയിൽ അല്ലേ മരുമകനെ അച്ഛൻ ഇരുത്തിയിരിക്കുന്നത്. എന്നെക്കാൾ അച്ഛനു ഇപ്പോൾ ഇഷ്ടം നന്ദേട്ടനെയാണ്. എന്നാലും ശ്രീദേവിയുടെ അടുത്തേക്ക് പോയ അച്ഛനും അമ്മയും  ഉണ്ണിയുടെ വിവാഹത്തിന് തിരികെ വരുമെന്നാണ് കരുതിയത്. അവർക്ക് വരാൻ കഴിഞ്ഞില്ല അല്ലേ നന്ദേട്ടാ.."

നന്ദൻറെ അച്ഛനും അമ്മയും വിദേശത്തേക്ക് പോയ സങ്കടമുണ്ടായിരുന്നു അവൾക്ക്.

"എന്താന്നറിയില്ല ഒരു മാസം കൂടി കഴിഞ്ഞിട്ടേ വരുള്ളൂ അച്ഛനും അമ്മയും. എന്തായാലും ഉണ്ണിയുടെ വിവാഹം ഗംഭീരമായി നടക്കും.. നീ വിഷമിക്കേണ്ട."

പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് പോകാൻ ഡ്രസ്സ് മാറി നന്ദൻ.

"ഉണ്ണി വരാമെന്ന് പറഞ്ഞിട്ടുണ്ട്.. പെട്ടെന്ന് ഒരുങ്ങാൻ നോക്കിക്കോ.."

പറഞ്ഞുകൊണ്ട് നന്ദൻ താഴേക്ക് ഇറങ്ങിപ്പോയി. മോൾ കുളി കഴിഞ്ഞു വന്നപ്പോൾ ബാല പുതിയ ഡ്രസ്സ് ഇട്ടു കൊടുത്തു. അപ്പോഴേക്കും ഉണ്ണിയുടെ കാർ ഗേറ്റിലെത്തി ഫോൺ മുഴക്കി.

"മാമാ..."

വിളിച്ചുകൊണ്ട് മോൾ മുറ്റത്തേക്ക് ഓടിയിറങ്ങി. ഗേറ്റ് തുറന്നു കൊടുത്തു. കാർ മുറ്റത്ത് നിർത്തി ഇറങ്ങി ഉണ്ണി.

"മാമൻറെ കാന്താരി ഒരുങ്ങിയല്ലോ.."

ഇറങ്ങിയ ഉണ്ണി അവളെ എടുത്തു ഉയർത്തിക്കൊണ്ട് കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

"മാമാ രണ്ടുദിവസം കൂടി കഴിഞ്ഞാൽ മാമൻറെ കല്യാണം അല്ലേ.. ഞാൻ എത്ര ദിവസമായി പറയുന്നു..അവിടേക്ക് പോകണം എന്ന്.പിന്നെ അമ്മ പറഞ്ഞു കല്യാണം കഴിഞ്ഞ് നിന്നാൽ മാമി കൂടി ഉണ്ടാകും എന്ന്..  മോൾക്ക് കുറച്ചുദിവസം നഴ്സറിയിൽ പോകണ്ടല്ലോ.."

വളരെ സന്തോഷത്തിൽ പറഞ്ഞു മോൾ.

"അത് ശരി  നേഴ്സറിയിൽ പോകാതിരിക്കാൻ ഉള്ള അടവാണ് അല്ലേ.."

"എന്താ അവിടെ തന്നെ നിന്നത് വാ.."

നന്ദൻ ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. ഉണ്ണി മോളെയും എടുത്ത് അകത്തേക്ക് കയറി. ബാലയും സാരി മാറി കഴിഞ്ഞിരുന്നു. ഉണ്ണിക്ക് ചായ കൊടുത്ത് ഗ്ലാസ് കഴുകി വെച്ച്, പിന്നിലെ വാതിലൊക്കെ പൂട്ടി ബാല. ഇനി കുറച്ചു ദിവസം തന്റെ വീട്ടിലാണ്. എന്നാലും ആ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറിനിൽക്കണമല്ലോ എന്നോർത്തപ്പോൾ, ചെറിയൊരു സങ്കടം തോന്നി അവൾക്ക്... താനും മോളും നന്ദേട്ടനും മാത്രമായി കുറച്ചുദിവസം.. അതുവരെ അനുഭവിക്കാത്ത സന്തോഷത്തിലായിരുന്നു താൻ. ബാഗ് കാറിൽ എടുത്തു വെച്ചു നന്ദൻ. ഉണ്ണിയുടെ കൂടെ കാറിൽ കയറി ബാലയും നിച്ചുവും നന്ദൻ തൻറെ ബൈക്കിലും ഓഫീസിലേക്ക് പോകാൻ ഇറങ്ങി.

വീട്ടിലേക്ക് എത്തുമ്പോൾ തന്നെ കണ്ടു ഉണ്ണിയുടെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന വീട്. പുതിയ പെയിൻറ് അടിച്ചിരിക്കുന്നു.മുറ്റത്ത് വലിയ പന്തലും. അവരെ പ്രതീക്ഷിച്ച് അച്ഛമ്മ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നുണ്ട്.കാർ നിർത്തി ഇറങ്ങി അവർ.

"അച്ചമ്മേ ..."

ബാല വിളിച്ചു കൊണ്ട് അച്ചമയെ കെട്ടി പിടിച്ചു.പാപനും അമ്മായിയും മക്കളും വലിയച്ഛനും ചേച്ചിയും എല്ലാവരും എത്തിയതോടെ വീട്ടിൽ ആകെ ബഹളമായി.. ബന്ധുക്കൾ എല്ലാവരും തലേദിവസം തന്നെ എത്തി. നന്ദൻ എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛൻറെ കൂടെ. അച്ഛനും ചോദിച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാവിലെ ജീതുവിൻ്റെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങി എല്ലാവരും. കാഞ്ചിപുരം പട്ട് സാരിയും, അത്യാവശ്യം ആഭരണങ്ങളും ഇട്ട് ബാല ഒരുങ്ങി. അതേ നിറത്തിലുള്ള പട്ടുപാവാട ആയിരുന്നു മോൾക്ക്. സാരിയുടെ അതേ നിറത്തിലുള്ള ഷർട്ടും, കസവുമുണ്ടായിരുന്നു നന്ദന്റെ വേഷം. കെട്ടുകഴിഞ്ഞ് ഫാമിലി ഫോട്ടോ എടുക്കാൻ നിന്നു നന്ദനും ബാലയും മോളും ബാലഗോപാലൻ നായരും ഭാര്യയും... ഏറെ സന്തോഷത്തോടെ.. നിറഞ്ഞ മനസ്സോടെ നന്ദൻ ബാലഗോപാൽ നായരുടെ തോളിൽ കയ്യിട്ടു നിന്നു. അച്ഛനും മകനും നിൽക്കുന്നത് പോലെ..!! ഏറെ അഭിമാന നിമിഷം ആയിരുന്നു ബാലഗോപാലൻ നായർക്ക്. എല്ലാവരും ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

(അവസാനിച്ചു) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ