mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

അച്ഛൻ കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. അമ്മ അച്ഛനുള്ള ചായയുമായി വന്നു.

"അതെ, പിന്നെ  അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കണം കേട്ടോ? ആരും ഇങ്ങനെ മിണ്ടാതിരുന്നാൽ അവൻ നാശായി പോകും..അച്ഛനും മകനും രണ്ടു ദിശയിൽ പോയാൽ ശരിയാകുമോ?"

അമ്മ പരിഭവം പറഞ്ഞു തുടങ്ങിയപ്പോൾ, ബാല മോളെ വിളിക്കാൻ അമ്മയുടെ റൂമിലേക്ക് പോയി. അച്ഛമ്മയുടെ കൂടെ കിടന്നുറങ്ങാൻ ആണ് മോൾക്ക് ഇഷ്ട്ടം.കഥകൾ കേട്ട് ഉറങ്ങാൻ!!ചില ദിവസം അച്ഛമ്മയുടെ കൂടെ കിടക്കും മോൾ.

"മോളെ നിച്ചൂ.. എഴുന്നേൽക്ക് മോളെ..ദേ അച്ഛൻ പോയാൽ പിന്നെ വാശി പിടിച്ച് കരഞ്ഞിട്ടു കാര്യല്ല്യ കേട്ടോ.."

മോളെ ഉണർത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു ബാല.

"അമ്മേ...അച്ഛൻ എന്താ അമ്മയെ മാളൂ എന്ന് വിളിക്കുന്നത്?"

കണ്ണുകൾ തിരുമ്മി കൊണ്ട് ആദ്യത്തെ സംശയം വന്നു മോളുടെ.

"അത് പിന്നെ ...മോളെ നിച്ചു എന്ന് വീട്ടിൽ വിളിക്കുന്നത് പോലെ അമ്മയെ വീട്ടിൽ അതാ വിളിക്കുന്നത്. അതാണ് അച്ഛൻ അങ്ങനെ വിളിക്കുന്നത്."

ആരെങ്കിലും കേൾക്കുമോ എന്ന് ചുറ്റും നോക്കി കൊണ്ട് ബാല പറഞ്ഞു. "സ്നേഹം കൂടുമ്പോൾ വിളിക്കുന്നതാണ്" എന്ന് തനിക്ക് മാത്രം അറിയാവുന്ന സത്യം ആയതു കൊണ്ട് ചെറുതായി നാണം വന്നു അവൾക്ക്.

"മോള് വാ..അമ്മ പല്ല് തേപ്പിച്ച് കുളിപ്പിച്ച് തരാം."

ബാല മോളെ എടുത്തു കൊണ്ട് പിന്നിലെ വരാന്തയിലേക്ക് കൊണ്ട് പോയി.

"നിക്ക് കുളത്തിൽ കുളിച്ചാൽ മതി..."

മോൾ വാശി പിടിക്കാൻ തുടങ്ങി.അപ്പോഴേക്കും നന്ദൻ കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ട് വന്നു.

"ആഹാ.. അഛേടെ മോൾ വൈകിയോ? ഇനി അമ്മ കുളിപ്പിച്ച് തരും.കേട്ടോ.."

മോളെ ഒന്ന് എടുത്ത് പൊക്കി ഉമ്മ വെച്ച് തിണ്ണയിൽ നിർത്തി കൊണ്ട് പറഞ്ഞു നന്ദൻ.

"ബാലേ..മോളെ വേഗം കുളിപ്പിച്ച് വാ..ഷർട്ട് അയേൺ ചെയ്യണം."

പറഞ്ഞ് കൊണ്ട് കയറി പോയി നന്ദൻ. പെട്ടന്ന് തന്നെ മോളെ ബ്രഷ് ചെയിപ്പിച്ച് കുളിപ്പിച്ച് തോർത്ത് ചുറ്റി കൊടുത്തു അകത്തേക്ക് വിട്ടു.കാലും മുഖവും കഴുകി ബാല വരുമ്പോഴേക്കും, അച്ഛമ്മയുടെ ഒക്കത്തിരുന്ന് പാൽ കുടിച്ചു കൊണ്ടിരിക്കുകയാണ്  മോൾ.

"വേഗം കുടിച്ച് വാ..അമ്മ ഉടുപ്പ് ഇട്ട് തരാം."

മോളുടെ ഡ്രസ്സ് എല്ലാം താഴെയുള്ള റൂമിൽ ആണ് വെക്കുക പതിവ്. കിടക്കാൻ രാത്രി മാത്രമേ ബാല മുകളിലെ റൂമിലേക്ക് പോകൂ..അതുകൊണ്ട് തന്നെ താഴെ റൂമിൽ അലമാരയിൽ ഡ്രസ്സ് എല്ലാം ഉണ്ട്.

"അച്ചാചാ...മോൾക്ക് ഇന്ന് ഇക്കയുടെ കടയിൽ നിന്ന് കോലു മിട്ടായി വാങ്ങി തരണം..കേട്ടോ..ഇല്ലെങ്കിൽ മോൾ അംഗൻവാടിയിൽ ഇരിക്കില്ല."

അച്ഛനെ നോക്കി തറപ്പിച്ചു പറയുന്ന കുഞ്ഞിനെ  ശാസനയോടെ നോക്കി ബാല.

"മുൻവശത്തെ പല്ല്  പുഴു തിന്നാൻ തുടങ്ങി .. പല്ലില്ലാതെ നടക്കേണ്ടി വരും ഇനി പെണ്ണിന്."

ഉടുപ്പ് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു ബാല.

"ഞാൻ...പോകില്ല..."

 നിചൂ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.

"അച്ചാച്ചന്റെ കുട്ടിക്ക് അച്ചാച്ചൻ വാങ്ങി തരാട്ടോ ... ബാലേ..മോൾക്ക് ഒരു മിട്ടായി അതിൽ കൂടുതൽ കൊടുക്കില്ല ഞാൻ."

ബാലയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു അച്ഛൻ.

"അച്ചാച്ചനും കൊള്ളാം മോളും കൊള്ളാം."

ബാല പറഞ്ഞ് കൊണ്ട് മുകളിലെ റൂമിലേക്ക് പോയി.

അവളെ കാത്ത് അക്ഷമയോടെ നിന്നിരുന്നു നന്ദൻ.

"ഒന്ന് പെട്ടന്ന് അയേൺ ചെയ്തു താ മാളൂ...പോയിട്ട് അത്യാവശ്യമുണ്ട്."

നന്ദൻ പറഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി മുടി ചീകി മിനുക്കി.

"അതെ പോകുന്നത് ഒക്കെ കൊള്ളാം.ഇന്ന് എന്ത്ഴ്ചയാണ്  എന്നറിയുമോ?"

മാറിൽ ഇരുകൈയും പിണച്ചു കെട്ടി ടേബിളിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു ബാല.

പെട്ടെന്ന് നന്ദൻ ആലോചിച്ചു.. ഈശ്വരാ പിറന്നാളോ വെഡിങ് ആനിവേഴ്സറി അങ്ങനെ എന്തെങ്കിലും ആണോ? ഏയ് അതാകില്ല.. രണ്ടുമാസം മുമ്പല്ലേ വെഡിങ് ആനിവേഴ്സറി കഴിഞ്ഞത്? പിറന്നാള് വൃശ്ചിക മാസത്തിൽ അല്ല!!

"ആലോചിച്ച് കിട്ടിയോ?"

വീണ്ടും ചോദ്യം എത്തി അവളുടെ.

"ഇന്ന് വെള്ളിയാഴ്ചയല്ലേ? ഓ പിടികിട്ടി.. നിൻ്റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞത് അല്ലേ? ഞായറാഴ്ചയല്ലേ ഉണ്ണിക്ക് പെണ്ണ് പറഞ്ഞിടത്തേക്ക് പോകുന്നത്? രണ്ടുദിവസം മുൻപ് പോകേണ്ട കാര്യമൊന്നുമില്ല!! നാളെ പോയാൽ മതി."

നന്ദന്റെ ഭാവം പെട്ടെന്ന് മാറിയത് അറിഞ്ഞു ബാല.

മുഖം വീർപ്പിച്ചു കൊണ്ട് ഷർട്ട് തേക്കാൻ തുടങ്ങി അവള്.

തേച്ച ഷർട്ടും ഇട്ട് പെട്ടെന്ന് അകത്തുനിന്നും പുറത്തേക്കിറങ്ങി പോയി നന്ദൻ.!!

വിഷമം തോന്നി അവൾക്ക്.. തന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞാൽ എന്നും ഇങ്ങനെ തന്നെയാണ്..

അമ്മയാണ് കഴിക്കാൻ വിളമ്പി കൊടുത്തത് നന്ദന്.. അച്ഛൻ എഴുന്നേൽക്കുന്നതും ടേബിളിൽ വെച്ച തൻ്റെ പേഴ്സിലേക്ക് നിവർത്തിയ നോട്ട് വെക്കുന്നത് കണ്ടു നന്ദൻ.. ജോലിയില്ലാത്ത മകന് ഒരച്ഛനും ഇതുപോലെ ചെയ്യുന്നുണ്ടാവില്ല!! മകൻ അറിയാതെ അവൻ്റെ പേഴ്സിലേക്ക് പണം വെക്കുക.. നന്ദന് നെഞ്ച് വിങ്ങുന്നതുപോലെ തോന്നി. പാർട്ടി വിട്ട് ഒരു ജോലിക്കും പോകാൻ മനസ്സ് അനുവദിക്കുന്നില്ല!! എന്ത് ചെയ്യാനാണ്? സ്വയം ചോദിച്ചു അവൻ.. കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു..

( തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ