mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5 

"ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?"

ബാല നിശബ്ദയായത് അറിഞ്ഞ്,അമ്മ ചോദിച്ചു കൊണ്ടേയിരുന്നു.

"ഞാൻ ..എന്ത് പറയാനാ അമ്മേ? നന്ദേട്ടനെ വിവാഹം കഴിച്ചതിൽ നാളിതുവരെ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല!! ഇനി ഒട്ടും തോന്നുകയുമില്ല!! എന്നെ ജീവന് തുല്യം സ്നേഹിക്കുന്നവരാണ് ഈ വീട്ടിലെ ഓരോരുത്തരും.. പിന്നെ ജോലിയില്ല!! എനിക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളത് ഈ തറവാട്ടിൽ ഉണ്ട്.!"

മകളുടെ സ്വരം കേട്ടപ്പോൾ,അരിശം തോന്നി എങ്കിലും ഇനിയും എന്തെങ്കിലും പറഞ്ഞു അവള് ഒടക്കിയാൽ,ആകെ ഉള്ള അനിയൻ്റെ വിവാഹ കാര്യത്തിന്, ഒരേ ഒരു പെങ്ങൾ മാറിനിന്നു എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ അമ്മ മൗനം പാലിച്ചു.

"നിൻ്റെ നേതാവിൻ്റെ തിരക്കൊക്കെ ഒഴിഞ്ഞിട്ട് വാ.. അല്ലാതെ ഞാൻ എന്തു പറയാനാ? മോളുടെ കുട്ടിയെ മാസത്തിലൊരിക്കലെങ്കിലും കാണണമെന്ന് ഒരു ആഗ്രഹമുണ്ട് ഞങ്ങൾക്ക്.. അതും പോയി ഒരു മാസം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞു.. കുട്ടിയെ ഒരു രണ്ട് ദിവസം ഇവിടെ നിർത്താൻ പറഞ്ഞാൽ കേൾക്കില്ല.!! നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.. ഞായറാഴ്ച അവിടേക്ക് പോകുന്നതിനു മുന്നേ എങ്കിലും എത്തണം!!"

അമ്മ ദേഷ്യപ്പെട്ടു എന്ന് മനസ്സിലായി അവൾക്ക്. ഫോൺ കട്ടായി..

ബാല നിറഞ്ഞ കണ്ണുകളോടെ വീണ്ടും തൻ്റെ ജോലികളിൽ മുഴുകി. അലക്കി വിരിച്ച്, പൈപ്പിൽ കൈയും കാലും മുഖവും കഴുകി അടുക്കള വരാന്തയിലെ തിണ്ണയിൽ ഇരുന്നു അവൾ.

അടുക്കളപ്പുറത്ത് തണൽ വിരിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിലിരുന്ന് അണ്ണാറക്കണ്ണൻ, അവളെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി അവൾക്ക് .. നീയും  എന്നെ പരിഹസിക്കാൻ ആയി അല്ലേ?

നിശബ്ദമായി ചോദിച്ചു ബാല.

"മോള് വിഷമിക്കേണ്ട.. സുനിത എന്നോട് പറഞ്ഞു .. മോളെ ഇന്ന് അവിടേക്ക് വിടണം എന്ന്. ഉണ്ണി ഇവിടെ വന്ന് വിളിച്ചിട്ട് പോയതല്ലേ? അവൻ്റെ വിവാഹ കാര്യത്തിന് എങ്കിലും ചേച്ചിയായ നീ പോകാതെ പറ്റുമോ?"

ബാലയുടെ വിഷമം മനസ്സിലാക്കിക്കൊണ്ട് അമ്മ ചോദിച്ചു.

"പോകേണ്ടതാണ്.. പക്ഷേ നന്ദേട്ടന് അവിടെ പോകുന്നതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട്. ഒന്നര വയസ്സിന്റെ വ്യത്യാസമാണ് ഞാനും ഉണ്ണിയും തമ്മിൽ.. സ്ഥാനം കൊണ്ട് മൂത്തതാണെങ്കിലും ഒരേ മനസ്സോടെ വളർന്നവരാണ് ഞങ്ങൾ.. എൻ്റെ ഒരേ ഒരു കൂടപ്പിറപ്പ്. പോകണമെന്ന് തന്നെയാണ് .. പക്ഷേ നന്ദേട്ടൻ സമ്മതം ഇല്ലാതെ .. എങ്ങനെ പോകും ?"

വിഷമത്തോടെ ബാല ചോദിച്ചപ്പോൾ, അവരുടെ മനസ്സിലും നീറ്റലായി.

തന്റെ മകന് ഒരു ജോലി ഇല്ലാതിരുന്നിട്ടും, സൗഭാഗ്യങ്ങളുടെ നടുവിൽ നിൽക്കുന്ന ബാലയെ അവളുടെ താല്പര്യം ഒന്ന് അനുസരിച്ച് മാത്രമാണ് അവർ ഈ വീട്ടിലേക്ക് വിവാഹം കഴിപ്പിച്ചയച്ചത്.. ഇന്നുവരെ ഒരു പരാതിയും അവൾ ഇവിടെ ആരോടും പറഞ്ഞിട്ടില്ല!! അവനെ ഇവൾക്ക് ജീവനേക്കാൾ ഏറെ ഇഷ്ടമാണ് ...!! തനിക്ക് ഇവൾ മരുമകൾ അല്ല സ്വന്തം മകൾ തന്നെയാണ്!!

"വിഷമിക്കാതെ.. അവൻ വരട്ടെ ഞാൻ സംസാരിക്കാം."

അമ്മ ഒരുവിധത്തിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. കുറച്ചുസമയം ഇരുന്നതിനു ശേഷം അടുക്കളയിൽ കയറി ബാല.

"അമ്മേ കറിക്ക് എന്താണ്?"

ബാല ചോദിച്ചു.

"സാമ്പാർ കാലായിട്ടുണ്ട്.. അച്ചിങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കാം. അതൊന്ന് എടുത്ത് അരിഞ്ഞു വെച്ചേക്ക്.. അമ്മ പശുവിനെ മാറ്റി കെട്ടിയിട്ട് വരാം.."

അമ്മയാണ് കറികൾ വെക്കുന്നത്. അമ്മയുടെ കൈപ്പുണ്യം അതൊന്നു വേറെ തന്നെയാണ്.. അത്രയ്ക്ക് വശമില്ല ബാലയ്ക്ക്. അതുകൊണ്ട് അരിഞ്ഞു വയ്ക്കുക മാത്രമാണ് അവളുടെ ജോലി. പിന്നെ തുടയ്ക്കാനും അടിക്കാനും എല്ലാം നിൽക്കും. ഉച്ചവരെ പിടിപ്പത് പണിയുണ്ടാകും വീട്ടിൽ.. വൈകിട്ട് രണ്ടു മുറ്റവും അടിച്ചു വാരുന്നതോടെ അന്നത്തെ ജോലികൾ അവസാനിക്കും.. ഇതെല്ലാം ബാലക്ക് കാണാ പാഠമാണ്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല അച്ഛനും അമ്മയ്ക്കും..  അച്ഛന്റെയും അമ്മയുടെയും ഡ്രസ്സുകൾ കഴുകുന്നത് അമ്മ തന്നെയാണ്. അവരുടെ ജോലിഭാരം ഒന്നും അവൾക്കില്ല.

ആ വീട്ടിൽ സന്തോഷവതിയാണ് ബാല.

അടിക്കലും തുടക്കലും എല്ലാം കഴിഞ്ഞ്  വന്നപ്പോഴേക്കും പുറത്തേക്ക് പോയ അച്ഛൻ തിരികെ എത്തി.

"ഊണ് കാലായോ മോളെ.?"

അച്ഛൻ കൊണ്ടുവന്ന ചൂടുള്ള പരിപ്പുവട അവൾക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

"ഉവ്വ്.. അച്ഛാ... ഞാൻ എടുത്തു വയ്ക്കാം.."

ബാല പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.

"മോളെ..അത് ചൂടാറണ്ട കഴിച്ചോ.. അമ്മയ്ക്കും കൊടുത്തേക്ക്."

എല്ലാവർക്കും ഉള്ളത് വാങ്ങിയിട്ടുണ്ടെങ്കിലും, മകനു കൊടുക്കേണ്ട കാര്യം അച്ഛൻ പറയാറില്ല!!

"എത്തിയോ? എന്തായി പോയ കാര്യം ഹംസയെ കണ്ടോ? തേങ്ങ കൂട്ടിയിട്ടിട്ട് മുള വന്നു തുടങ്ങി.. വെട്ടി തൂക്കം എടുക്കാൻ ആളെ കൊണ്ടുവരാം എന്ന് പറഞ്ഞു പോയതാ.. "

അമ്മ കൈ തുടച്ചു കൊണ്ട് അടുക്കളയിൽ നിന്നും എത്തിനോക്കി ചോദിച്ചു.

"കണ്ടു.. നാളെ വരാം എന്ന് പറഞ്ഞിട്ടുണ്ട്. സരസ്വതി ആഹാരം എടുത്തു വച്ചോ.."

പറഞ്ഞു കൊണ്ട് അച്ഛൻ  അകത്തേക്ക് കയറി.

"അമ്മേ...ഇതാട്ടോ..ഞാൻ കഴിക്കാൻ എടുത്തിട്ടുണ്ട്..എനിക്ക് ഊണ് വേണ്ടാട്ടോ.. പരിപ്പുവട കഴിച്ചപ്പോൾ വിശപ്പില്ല."

പറഞ്ഞു കൊണ്ട് ബാല മുകളിലെ തൻ്റെ റൂമിലേക്ക് പോകുന്നത് നോക്കി നിന്നു അമ്മ.

അച്ഛൻ കഴിക്കാൻ ഇരുന്നാൽ അമ്മ എന്തായാലും വീട്ടിൽ നിന്നും അമ്മ വിളിച്ച കാര്യം പറയും എന്നറിയാം അവൾക്ക്..അതാണ് ഒഴിഞ്ഞു മാറിയത്.

വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നു ബാല.എപ്പഴോ മയങ്ങി പോയി.നന്ദൻ്റെ സ്വരം കേട്ടപ്പോൾ ആണ് ബാല കണ്ണുതുറന്നു നോക്കിയത്.

"ഞാൻ എത്ര  നേരായി വിളിക്കുന്നു.. എന്താടോ പതിവില്ലാത്ത ഒരു ഉറക്കം? പനിക്കുന്നുണ്ടോ തനിക്ക്?"

ചോദിച്ചുകൊണ്ട് കൈയുടെ വെള്ള അവളുടെ നെറ്റിയിൽ അമർത്തി പിടിച്ചു നോക്കി നന്ദൻ.

"ഏയ്..ഇല്ല നന്ദേട്ടാ..."

അവൾ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.

"താഴെ മോള് വന്നിട്ടുണ്ട്.. താൻ പോകാൻ  ഒരുങ്ങിക്കോ.. ഞാൻ ഉണ്ടാക്കി തരാം."

നന്ദൻ ഉള്ളിലെ വിഷമം മറച്ചുകൊണ്ട് പറഞ്ഞു.

" ൻ്റെ കൃഷ്ണ എന്തായി കേൾക്കണേ.. നന്ദേട്ടാ ഞാൻ സ്വപ്നം കാണുകയൊന്നുമല്ലല്ലോ.."

അവൻ്റെ വലതു കൈപിടിച്ച് സ്വയം കവിളിൽ അടിച്ചു കൊണ്ട് ചോദിച്ചു ശ്രീബാല.

"എന്തായി കാട്ടണേ.. സ്വപ്നമൊന്നുമല്ല ശ്രീ.. ആലോചിച്ചപ്പോൾ എനിക്കും ശരിയാണെന്ന് തോന്നി.. അതുകൊണ്ട് തന്നെ കൊണ്ടാക്കി തരാം എന്ന് വിചാരിച്ചു. അടുത്തമാസം അമ്മയും അച്ഛനും കൂടി പോയാൽ പിന്നെ തനിക്ക് വീട്ടിലേക്ക് പോകാൻ കഴിയില്ലല്ലോ? തൻ്റെ ആവശ്യം ന്യായമാണെന്ന് മനസ്സിലായി എനിക്ക്. താൻ ഇവിടെ ഇല്ലെങ്കിൽ ആകെ ഒരു മൂഡ് ഓഫ് ആകുമെടോ .. അതാണ് താൻ പോകുന്നത് പറയുമ്പോൾ എനിക്ക് ദേഷ്യം വരുന്നത്.. ഞാൻ കഴിച്ചിട്ട് വരാം താൻ ഡ്രസ്സ് മാറാൻ നോക്ക്."

അവളെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു നന്ദൻ.

"ഞാനും വരാൻ താഴേക്ക് അമ്മയോട് പറഞ്ഞിട്ട് ആകാം.. ഒരുങ്ങുന്നത്.."

സന്തോഷത്തോടെ താഴെക്കിറങ്ങി രണ്ടുപേരും. അമ്മ അവളെ നോക്കി കണ്ണ് ഇറക്കി കാണിച്ചു.. ശ്രീ ബാലക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്. നന്ദേട്ടന്റെ മാറ്റത്തിന് പിന്നിൽ അമ്മയാണ് എന്ന്..അവള് നന്ദി സൂചകമായി ചിരിച്ചു.

 "അമ്മേ.. നമ്മൾ മാമൻ്റെ വീട്ടിൽ പോവുകയാണോ?"

സന്തോഷത്തോടെയാണ് ചോദിക്കുന്നത് മോൾ.

"അതെ.. അച്ചാച്ചനോട് പറഞ്ഞോ മോള്?"

ശ്രീ ബാല മോളെ എടുത്ത് കവിളിൽ ഉമ്മ വച്ചുകൊണ്ട് ചോദിച്ചു.

"ഞാൻ പറഞ്ഞു അമ്മേ  നാളെ നാളെ തിരികെ വരാൻ പറഞ്ഞു അച്ചാച്ചൻ."

" മോളെ വൈകണ്ട പോകാൻ നോക്ക്.."

അമ്മ പറഞ്ഞപ്പോൾ സന്തോഷത്തോടെ റൂമിലേക്ക് പോന്നു ശ്രീ ബാല.കുളിച്ച് നല്ല ചുരിദാർ ധരിച്ച് ഒരുങ്ങി ബാല. സ്ഥിരമായി ഇടുന്ന വള ഊരി വെച്ച്, ഷെൽഫിൽ നിന്നും വീതി വളകൾ എടുത്തിട്ടു. അമ്മയ്ക്കും അച്ഛനും നിർബന്ധമാണ് അവിടേക്ക് കയറി ചെല്ലുമ്പോൾ ആഭരണങ്ങൾ ഇടണമെന്ന്.. കാരണം വേറൊന്നുമല്ല.. മകളുടെ സ്വർണം മരുമകൻ പണയം വെച്ചോ എന്നറിയാനാണ്..

"എന്തിനാടോ ഇതൊക്കെ എടുത്ത് ഇടുന്നത്? തനിക്ക് താല്പര്യം ഇല്ലെങ്കിൽ വെറുതെ എന്തിനാ.."

അടുത്തുവന്ന നന്ദൻ ചോദിച്ചപ്പോൾ, ബാല തിരിച്ചൊന്നും പറഞ്ഞില്ല.

"തൻറെ വീട്ടുകാർക്ക് എന്നെ സംശയമായിരിക്കും അല്ലേ?,മോളുടെ സ്വർണം നശിപ്പിക്കുമോ എന്ന ഭയം. താനൊരു കാര്യം ചെയ്യ് ആ സ്വർണം ഒക്കെ എടുത്ത് തന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചോ.. അവിടെയാകുമ്പോൾ ലോക്കർ സൗകര്യം എല്ലാം ചെയ്യ്?"

നന്ദൻ അതൃപ്തി പ്രകടിപ്പിച്ചു

( തുടരും) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ