ഭാഗം 12
ബാല വഴിക്കണ്ണുമായി നന്ദനെ കാത്തിരുന്നു. അമ്മ ഇടയ്ക്ക് വന്ന് കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അവള് അനുസരിച്ചില്ല. ആരോടോ വാശി തീർക്കുന്നത് പോലെ മുഖവും വീർപ്പിച്ചു കൊണ്ട് ഇരുന്നു. വീട്ടിൽ നിന്നും അമ്മയും അച്ഛനും ഉണ്ണിയും ഫോൺ വിളിച്ചു എങ്കിലും ബാല ഫോണിൽ സംസാരിച്ചില്ല. മോൾ എന്തോ പറഞ്ഞു, വന്നപ്പോൾ മോളെ വഴക്ക് പറയുകയും ചെയ്തു ബാല. അമ്മ മോളെ കൂട്ടി കൊണ്ട് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞും നന്ദൻ വന്നില്ല. തൻ്റെ റൂമിലേക്ക് പോയി ബാല.ഒരു തരം നിർവികാരതയോടെ.കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്ന് അമ്മയോട് ഉറക്കെ സംസാരിക്കുന്നത് കേട്ടു ബാല. അമ്മയുടെ നിലവിളി കേട്ടപ്പോഴാണ് അവൾ ഓടി ഇറങ്ങി വന്നത്.
"അല്ല പേടിക്കാൻ ഒന്നും ഇല്ല. കേസ് ആക്കാൻ വേണ്ടി ഹോസ്പിറ്റലിൽ പോയി എന്നേ ഉള്ളൂ. എതിർ പാർട്ടിക്കാർ വൈരാഗ്യം തീർത്തതാണ്. എന്തായാലും അവരുടെ ലക്ഷ്യം നടന്നില്ല. നന്ദൻ്റെ ആയുസ്സിന്റെ ബലം കൊണ്ട്. "വന്നവരിൽ ഒരാൾ പറയുന്നത് കേട്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്. നന്ദേട്ടനു എന്തോ അപകടം പറ്റിയെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ.
"എന്താ അമ്മേ?" വിറയലോടെ ചോദിച്ചു ബാല. ഈ സമയം അച്ഛൻ്റെ കാർ വന്ന് മുറ്റത്ത് നിന്നു. അതിൽ നിന്നും ഉണ്ണിയും അമ്മയും ഇറങ്ങി ഓടി വരുന്നത് കണ്ടതോടെ തല ചുറ്റി വീണു ബാല.
"മോളെ" അമ്മ നിലവിളിച്ചു കൊണ്ട് ബാലയെ വിളിച്ചു.
നന്ദൻ്റെ അമ്മ പെട്ടന്ന് തന്നെ വെള്ളം എടുത്തു കൊണ്ട് വന്ന് മുഖത്തേക്ക് തെളിച്ചപ്പോൾ ബാല പതിയെ കണ്ണ് തുറന്നു." ഒന്നുമില്ല മോളെ..പേടിക്കാതെ."
അമ്മ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
"അതെ നന്ദൻ്റെ അമ്മ ഒരു കാര്യം മനസ്സിലാക്കണം എൻ്റെ മകളുടെ ഭാവി ജീവിതത്തിന് ഒരു വിലയും നൽകാതെ, പാർട്ടി അത് ഇത് എന്ന് പറഞ്ഞ് നടക്കുന്ന ഒരുവൻ്റെ കൂടെ ഇനിയും ജീവിക്കാൻ എൻ്റെ മോളെ വിടില്ല ഞാൻ. കുറെ ആയി ക്ഷമിക്കുന്നു. വിവാഹബന്ധം വേർപെടുത്തി ഇവർ എൻ്റെ വീട്ടിൽ നിൽക്കുന്നതാണ് വിധവ എന്ന പേരിനേക്കാൾ എത്രയും നല്ലത്. അതികൊണ്ട് എൻ്റെ മോളെ ഞാൻ തിരികെ കൊണ്ട് പോകുന്നു. നിങ്ങളുടെ മകന് ദൈവം ഒരു അവസരം കൊടുത്തു എന്ന് കരുതിയാൽ മതി. എല്ലാം അവസാനിപ്പിച്ച് അവൻ വന്നാൽ, എന്ത് ചെയ്യണം എന്ന് ഞാൻ ആലോചിക്കാം. അതല്ലാതെ ഇനിയും ഇവളെ ഇവിടെ നിർത്തി പോകാൻ തയ്യാറല്ല ഞങ്ങൾ."
പറഞ്ഞു കൊണ്ട് ബാലയെ താങ്ങി പിടിച്ച് കൊണ്ട് എഴുന്നേൽപ്പിച്ചു അച്ഛൻ.
"മോൾ അച്ഛൻ്റെ കൂടെ വരണം.നമ്മുടെ വീട്ടിലേക്ക്."
അവള് ആദ്യം കാണുന്നത് പോലെ അച്ഛനെ നോക്കി.
"ഇല്ല...എൻ്റെ നന്ദേട്ടനു എന്തുപറ്റി എന്നറിയാതെ എവിടേക്കും വരില്ല ഞാൻ."
കണ്ണുകൾ നിറഞ്ഞൊഴുകി ഭ്രാന്തിയെ പോലെ അലറി കൊണ്ട് പറഞ്ഞു അവൾ.
"ഇപ്പോ അവൻ ചത്തിട്ടില്ല. അത് ചിലപ്പോൾ നിൻ്റെ പ്രാർത്ഥനയുടെ ഫലമായിരിക്കാം."
അച്ഛൻ പറഞ്ഞപ്പോൾ ഞെട്ടിയത് പോലെ നോക്കി ബാല.
"എന്താ പറഞ്ഞത്? എൻ്റെ ..." വാക്കുകൾ ഇടറി മുറിഞ്ഞു അവളുടെ.
"മോൾ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് വീട്ടിലേക്ക് പോകാം." അമ്മയും പറഞ്ഞു
"ഇല്ല...എനിക്കിപ്പോൾ കാണണം എന്റെ നന്ദേട്ടനെ. എന്നിട്ട് .. എവിടെ വേണമെങ്കിലും വരാം ഞാൻ..പ്ലീസ് അച്ഛാ.."
അച്ഛൻ്റെ കാലു പിടിച്ചു കരഞ്ഞു ബാല. അവളുടെ അവസ്ഥ കണ്ട് കൂടി നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു.
"ശരി.അച്ഛൻ കൊണ്ട് പോകാം. പക്ഷേ ഇനി മോൾ ഇവിടെ നിൽക്കാൻ സമ്മതിക്കില്ല അച്ഛൻ. അവനെ കണ്ടിട്ട് നമുക്ക് വീട്ടിൽ പോകാം."
അച്ഛൻ പറഞ്ഞപ്പോൾ തൽക്കാലം ഹോസ്പിറ്റലിൽ പോയി നന്ദനെ കാണാമെന്നു മാത്രമേ അപ്പോൾ ബാല കരുതിയുള്ളൂ. ഹോസ്പിറ്റലിൽ എത്തി അവർ.വീഴാൻ പോയ ബാലയെ ഉണ്ണി താങ്ങി പിടിച്ചു. നന്ദനെ മുറിവ് ഡ്രസ്സ് ചെയ്തു റൂമിലേക്ക് മാറ്റിയിരുന്നു. പാർട്ടിക്കാർ കൂട്ടം കൂടി നിൽക്കുന്നുണ്ട് റൂമിൽ. അപ്പോഴും രാഷ്ട്രീയ ചർച്ച നടത്തുകയാണ് അവർ. തല ഉയർത്തി വെച്ചാണ് നന്ദൻ കിടക്കുന്നത്.നെറ്റിയിൽ വലിയ കെട്ട് ഉണ്ട്. ഇടതു കയ്യിലും കെട്ട് ഉണ്ട്. വേദന കൊണ്ട് മുഖം ചുളിയുന്നുണ്ട് അവൻ്റെ.
"നന്ദേട്ടാ.."ബാല കരഞ്ഞു കൊണ്ട് വിളിച്ചു.അവളുടെ വിളി കേട്ടതും നന്ദൻ ഞെട്ടിയത് പോലെ വാതിക്കലിലേക്ക് നോക്കി.
(തുടരും)