ഭാഗം 14
ഹോസ്പിറ്റലിൽ നിന്നും തിരിച്ചുള്ള യാത്രയിൽ, ആരും ഒന്നും സംസാരിച്ചില്ല. ബാലയുടെ മനസ്സിൽ ഒരുതരം നിർവികാരതയായിരുന്നു. നന്ദന്റെ വാശിക്ക് ഇനിയും നിന്നു കൊടുക്കാൻ കഴിയില്ല. ജീവൻവെച്ചും കളിക്കാൻ തുടങ്ങിയിരിക്കുന്നു! തന്നെയും മകളെയും ഒന്ന് ഓർക്കുക പോലും ചെയ്യാതെ!! ആരോടോ ഉള്ള വാശി തീർക്കാൻ എന്നതുപോലെ, ബാലയുടെ കവിളിണകളെ ചുംബിച്ചുകൊണ്ട് മിഴിനീർത്തുള്ളികൾ ചാലിട്ട് ഒഴുകി ഇറങ്ങി. കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അച്ഛൻ മകളെ ഒന്ന് തിരിഞ്ഞു നോക്കി..പുറത്തേക്ക് മിഴികൾ പായിച്ച്, മോളെ നെഞ്ചോട് ചേർത്ത് ഇരിക്കുന്ന മകളെ കണ്ടപ്പോൾ, ആ പിതാവിൻ്റെ ഹൃദയം വേദനിച്ചു. എല്ലാ സൗഭാഗ്യങ്ങളും കൂടെയും വളർന്നവൾ ആയിരുന്നു തൻറെ മകൾ!! കോളേജിൽ വെച്ച് അവനെ കണ്ടുമുട്ടിയതിനു ശേഷം, അവളുടെ ജീവിതം തന്നെ ആകെ മാറിമറിഞ്ഞു. കൊട്ടാര തുല്യമായ വീട് വിട്ട്, നന്ദന്റെ പഴയ തറവാട്ടിലേക്ക് മാറിയപ്പോഴും പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴും, അവിടെ നന്ദന്റെ കുത്തുവാക്കുകൾ സഹിച്ചു കഴിയുമ്പോഴും, തന്നോടോ അമ്മയോടോ ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ല ഇതുവരെ. നന്ദനെ അത്രയ്ക്ക് ജീവനായിരുന്നു അവൾക്ക്. എന്നിട്ടും അവൻ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ, തന്റെ മകളുടെ ഭാവിയിൽ ആശങ്ക തോന്നി.
ആ പിതാവിന്. "മോളെ...." അച്ഛൻറെ വിളി കേട്ടപ്പോൾ ചിന്തകളെ വിട്ടുണർന്നു ബാല തലചരിച്ച് അച്ഛനെ നോക്കി. "മോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അച്ഛൻറെ തണലിൽ നീ സുരക്ഷിതയായിരിക്കും." അച്ഛൻ്റെ വാക്കുകൾ കേട്ട് നിറം മങ്ങിയ പുഞ്ചിരി തൂകി ബാല.
"അതെ...ചേച്ചി ഇനിയും അളിയന് എതിരെ പ്രതികരിക്കാതിരുന്നാൽ, ശരിയാകില്ല. എന്തിനും ഒരു പരിധി ഉണ്ട്." ഉണ്ണിയും ദേഷ്യത്തിൽ പറഞ്ഞു.
"നീ അവനോട് ഒന്നും പറയാത്തത് കൊണ്ടാണ് അവൻ ഇങ്ങനെ വഷളായി പോയത്. ആദ്യം തന്നെ ഒന്ന് വിലക്കണമായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ആര് സമാധാനം പറയും? പാർട്ടിക്ക് ഒരു രക്തസാക്ഷി കൂടി ആകും. നിനക്കും നിൻ്റെ മകൾക്കും പിന്നെ ആരാണ് തുണ? അതെല്ലാം ചിന്തിക്കേണ്ട അവൻ?" അമ്മയും ഗൗരവത്തിൽ ചോദിച്ചു.
"അതെ!! എല്ലാം എൻ്റെ തെറ്റാണ് നന്ദേട്ടനെ ശാസിച്ചില്ല ഞാൻ. ഒരു കാര്യത്തിനും എതിരെ നിന്നിട്ടുമില്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് വിചാരിച്ചു കാലങ്ങൾ കഴിച്ചുകൂട്ടി. നന്ദേട്ടൻ ഒരിക്കലും മാറാൻ പോകുന്നില്ല!!" നിസ്സഹായതയോടെ പറയുന്ന അവളെ, നോക്കിയിരുന്നു അച്ഛനും അമ്മയും.
"അവന് നിന്നോട് സ്നേഹം ഉണ്ടെങ്കിൽ, നീ പറഞ്ഞത് പോലെ അവൻ എല്ലാം ഉപേക്ഷിച്ച് നിന്നെയും മോളെയും കൂട്ടിക്കൊണ്ടു പോകാൻ വരും. അത്രയ്ക്കും സ്നേഹിച്ചു വാശിപിടിച്ച് കെട്ടിയതല്ലേ? അങ്ങനെയങ്ങ് വേണ്ടെന്ന് വെക്കാൻ കഴിയുമോ അവന്.?" മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു അച്ഛൻ.
കാര്യം ദേഷ്യം വന്ന് വാശിയിൽ എന്തൊക്കെ പറഞ്ഞാലും, ഭർത്താവുമായി തന്റെ മകൾ പിരിഞ്ഞു നിൽക്കുന്നത് വേദന തന്നെയായിരുന്നു അയാൾക്ക്. വീടിൻറെ വലിയ ഗേറ്റ് കടന്ന് കാർ മുറ്റത്ത് വന്ന് നിൽക്കുമ്പോൾ തന്നെ, സിറ്റൗട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു അച്ഛമ്മ വഴിക്കണ്ണുമായി. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അച്ഛൻ അച്ഛമ്മയെ വിളിച്ച് കാര്യങ്ങളെല്ലാം സൂചിപ്പിച്ചിരുന്നു. കാരണം അടുത്ത ബന്ധുക്കളായ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഗീതുവിന്റെ വീട്ടുകാർ വരുന്നത് പ്രമാണിച്ച്. ഏട്ടനും അനിയത്തിയും കുടുംബവും എല്ലാം. ബാല മോളെയും എടുത്ത് വെറുംകൈയോടെ കയറി വരുന്നത് കണ്ടപ്പോൾ, അച്ഛമ്മയുടെ ഹൃദയം പിടച്ചു.
"ൻ്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ ഭഗവാനെ.." പറഞ്ഞുകൊണ്ട് അവർ ബാലയുടെ അടുത്തേക്ക് വന്നു നിറകണ്ണുകളോടെ.
"അച്ഛമ്മ വിഷമിക്കേണ്ട. നന്ദേട്ടന് അധികമൊന്നും എന്നോട് പിണങ്ങി നിൽക്കാൻ കഴിയില്ല. നന്ദേട്ടൻ വരും അച്ചമ്മേ." അച്ഛമ്മയോട് ആശ്വാസവാക്ക് പറയുമ്പോഴും, മനസ്സിൽ അതിയായി ആഗ്രഹിച്ചു ബാല. നന്ദന്റെ മാറ്റത്തിനുവേണ്ടി.
"മോള് വിഷമിക്കേണ്ട എല്ലാം ശരിയാകും. അമ്മായി അപ്പോഴും പറഞ്ഞതാണ് നമുക്ക് ചേരുന്ന ബന്ധമല്ല അതെന്ന്." അച്ഛൻറെ ഇളയ പെങ്ങൾ പറഞ്ഞുകൊണ്ട് അകത്തുനിന്നും ഇറങ്ങിവന്നു.
"അങ്ങനെയൊന്നുമില്ല അമ്മായി.. നന്ദേട്ടൻ നല്ലവനാണ്. ഇതിപ്പോ ഒരു വാശി അത്രയേ ഉള്ളൂ.
"എല്ലാവരോടും ചിരിച്ചുകൊണ്ട് പറയുമ്പോഴും, ഉള്ളിൽ ആർത്തിരമ്പുന്ന സങ്കടക്കടൽ ആയിരുന്നു ബാലയുടെ. ഇതേസമയം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി നന്ദൻ. പോലീസുകാർ വന്ന് വിവരങ്ങളെല്ലാം എഴുതി എടുത്തു പോയപ്പോൾ, പാർട്ടിക്കാർ തന്നെ അവനെ വീട്ടിലേക്ക് കൊണ്ടുവിടാൻ ഉള്ള ഏർപ്പാട് ചെയ്തു.
അച്ഛൻ ഒന്നും മിണ്ടാതെ കൂടെ തന്നെ നിൽക്കുന്നുണ്ട് എങ്കിലും, അച്ഛനെ നോട്ടം കൊണ്ട് നേരിടാൻ പോലും അശക്തനായി നന്ദൻ. ഗൗരവത്തിൽ നോക്കുന്ന അച്ഛൻറെ നോട്ടം പോലും ഭയന്നു അവൻ. അമ്മ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നന്ദൻ കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ, കരഞ്ഞുകൊണ്ട് അവർ ഓടിയിറങ്ങി വന്നു.
"എന്തിനാടാ മോനെ ആ പാവം പെൺകൊച്ചിനെ ഇറക്കിവിട്ടത്? മരുമകൾ ആയിട്ടല്ല സ്വന്തം മകൾ ആയിട്ടാണ്, ഞാനും നിൻ്റെ അച്ഛനും ബാലയെ കണ്ടിട്ടുള്ളത്. അർഹതയില്ലാത്ത നിധി ഈശ്വരൻ ഏൽപ്പിച്ചിട്ടും, അതിനെ കാക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ?" അമ്മ പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു കൊണ്ട് നന്ദൻ അകത്തേക്ക് പോയി. വാശിയും വൈരാഗ്യവും മനസ്സിൽ നിറച്ചുകൊണ്ട്. മുറിയിലെത്തിയ അവൻ വലതു കൈകൊണ്ട് ചുവരിൽ ആഞ്ഞടിച്ചു.
"ഇവിടെ സുഖസൗകര്യങ്ങൾ പോരാത്തത് കൊണ്ടായിരിക്കും.. റാണി കൊട്ടാരത്തിലേക്ക് തിരിച്ചു പോയത്.അനിയൻ്റെ കല്യാണമൊക്കെ കൂടിയിട്ട് സാവകാശം വരട്ടെ. നന്ദൻ ഒരാളുടെ പിന്നാലെയും പോകില്ല. കെഞ്ചി കൊണ്ട്. ആർക്കുവേണ്ടിയും പാർട്ടി ഉപേക്ഷിക്കുകയും ഇല്ല. ഇതുവരെ നന്ദൻ എന്തായിരുന്നു അതുതന്നെയായിരിക്കും ഇനി അങ്ങോട്ടും." വാശിയോടെ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ വീണ്ടും.
( തുടരും)