ഭാഗം 4
നന്ദൻ പോകുന്നത് നോക്കി നിന്നു ബാല.
"പോകുന്ന കാര്യം പറഞ്ഞപ്പോൾ, അവൻ സമ്മതിച്ചില്ല അല്ലേ? സാരമില്ല മോളെ.. അവൻ ഉച്ചയ്ക്ക് വരുമായിരിക്കും. അത് പിന്നെ എന്നും പതിവല്ലേ.."
അമ്മ ചിരിയോടെ പറഞ്ഞു.
"മോള് വന്നിരുന്ന് കഴിക്ക്.."
"എനിക്ക് വേണ്ട അമ്മേ വിശപ്പില്ല.. എന്തായാലും ജോലികളെല്ലാം കഴിച്ചു വയ്ക്കാം.. ചിലപ്പോൾ വന്നിട്ട് കൊണ്ടുവിട്ടാലോ.."
ബാലയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു.
" അമ്മേ.. ഞാൻ ഇറങ്ങുവാട്ടോ.."
ബാഗ് എടുത്ത് മോള് റെഡിയായി.
"മോളെ സമയമാകുന്നതേയുള്ളൂ.. കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാൽ മതി."
ബാല പറഞ്ഞു.
"എനിക്ക് ജംഗ്ഷനിൽ ഒന്ന് പോകണം മോളെ.. ഇപ്പോൾ ഇറങ്ങിയാലേ വിചാരിച്ച കാര്യം നടക്കൂ.. മോളെ ടീച്ചറുടെ അടുത്ത് ആക്കിയിട്ട് പോകാം. ടീച്ചർ പോകുമ്പോൾ കൊണ്ടുപോയിക്കോളും."
അച്ഛൻ പറഞ്ഞപ്പോൾ മോളുടെ മുടി ഒന്നുകൂടി ഒതുക്കി വെച്ചുകൊടുത്തു. കവിളിൽ ഒരു ഉമ്മയും നൽകി അച്ഛൻറെ കൂടെ വിട്ടു. അംഗനവാടി ടീച്ചറുടെ വീട് പോകുന്ന വഴിക്കാണ്. ഇടയ്ക്ക് നന്ദൻ പോകുമ്പോഴും ടീച്ചറുടെ വീട്ടിലാണ് ആക്കുക.. ടീച്ചറുടെ വീട്ടിലിരിക്കാൻ മോൾക്കും ഇഷ്ടമാണ്.
അച്ഛമ്മക്കും അമ്മയ്ക്കും ടാറ്റ പറഞ്ഞു മോള് മുറ്റത്തേക്ക് ഇറങ്ങി. ചെരിപ്പിട്ടു. അച്ചാച്ചന്റെ കൈയും പിടിച്ചു പോകുന്ന മോളെ നോക്കി നിന്നു ബാല.
"മോളെ ആദ്യമൊക്കെ കല്യാണം കഴിഞ്ഞ് നാളുകളിൽ അച്ഛനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരു രണ്ടുദിവസം വീട്ടിൽ പോകണം എന്ന് പറഞ്ഞാൽ സമ്മതിക്കുകയില്ല.. പിന്നെ ഒടുക്കം വഴക്കിട്ട് ഇറങ്ങി പോകണം പോകണം. ആദ്യമൊക്കെ അങ്ങനെ പോകുമ്പോൾ വല്ലാത്ത മനപ്രയാസം ആയിരുന്നു. വർഷങ്ങൾ കടന്നു പോയപ്പോൾ അല്ലേ മനസ്സിലായത് അങ്ങേർക്ക് പിണങ്ങിപ്പോയാൽ, കുറച്ചു ദേഷ്യമെങ്കിലും ഉള്ളിൽ തോന്നുമല്ലോ? അതുകൊണ്ട് രണ്ടുദിവസം ആ ദേഷ്യത്തിൽ അങ്ങനെ കഴിച്ചുകൂട്ടും!! സ്നേഹത്തോടെ വിടുന്നത് ഇഷ്ടമല്ല.. ഒറ്റയ്ക്കായി പോകും എന്ന് തോന്നലാണ് മനസ്സിന് എന്നാണ് പറയുക. ചിലപ്പോൾ അത് തന്നെയായിരിക്കും മകനും."
അമ്മ പറഞ്ഞപ്പോൾ ആ വാക്കുകളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു ബാല.
അതല്ല മനുഷ്യനെ ഭരിക്കുന്ന ഈഗോയാണ് നന്ദേട്ടനെ പ്രേരിപ്പിക്കുന്നത് എന്ന് അറിയാം. തൻ്റെ വീട്ടുകാർ പണക്കാരാണ്, നന്ദേട്ടന് യോജിക്കാത്ത ബന്ധമാണെന്നും മനസ്സിൻറെ അടിത്തട്ടിൽ എവിടെയോ മുങ്ങിക്കിടക്കുന്ന ഈഗോ .. സട കുടഞ്ഞ് എഴുന്നേൽക്കുന്നത്, എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ പോകണമെന്ന് പറയുമ്പോഴും..!! ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് കഴുകാനുള്ള തുണികളും എടുത്ത് ബാല അലക്ക് കല്ലിനടുത്തേക്ക് നടന്നു. പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് ബക്കറ്റിൽ തുണികൾ മുക്കിവച്ചു.
മോളുടെ ഡ്രസ്സ് എല്ലാം എടുത്ത് അലക്കി പിഴിഞ്ഞ് വിരിച്ചു.
"മോളെ ഫോൺ അടിക്കുന്നു.. വീട്ടിൽ നിന്ന് അമ്മയാണ്."
ബാല സാരിയിൽ കൈത്തുടച്ച് ഓടിച്ചെന്ന് ഫോൺ വാങ്ങി.
"അമ്മേ..."
ബാല സ്നേഹത്തോടെ വിളിച്ചു.
"മോളെ എപ്പോഴാ വരുന്നത്? അച്ഛൻ പോകുമ്പോൾ ചോദിക്കാൻ പറഞ്ഞു. ഓഫീസിൽ നിന്ന് നേരത്തെ വരാനായിരിക്കും.. നിച്ചു മോളെ കുറെ നാളായല്ലോ കണ്ടിട്ട്.."
അമ്മ സന്തോഷത്തോടെയാണ് ചോദിക്കുന്നത്. അമ്മയുടെ സന്തോഷം ഇല്ലാതാക്കണ്ട എന്ന് കരുതി ബാല.
"അമ്മേ ചിലപ്പോൾ ഇന്ന് വരാൻ ഒക്കില്ല കേട്ടോ... നന്ദേട്ടന് എന്തോ മീറ്റിംഗ് ഉണ്ട്. നാളെ പോയാൽ മതിയോ എന്ന് ചോദിച്ചു.. മറ്റന്നാൾ അല്ലേ പോകുന്നത്? ഞാൻ നാളെ വന്നാൽ മതിയോ എന്നാണ് ആലോചിക്കുന്നത്"
നന്ദൻ പറഞ്ഞിട്ട് പോയത് മറച്ചുവെച്ചുകൊണ്ട് ചോദിച്ചു ബാല.
"നന്ദന്റെ തിരക്കുകളെ കുറിച്ച് ഒന്നും നീ എന്നോട് പറയേണ്ട..!! പാർട്ടിയുടെ പിന്നാലെ നടക്കുന്നു.. സ്വന്തം വീട്ടുകാരുടെ കാര്യത്തിന് പോലും സമയമില്ല!! എല്ലാം നിൻറെ തന്നിഷ്ടത്തിന് സംഭവിച്ചതാണ്! നീ തന്നെ അനുഭവിക്കണം."
അമ്മയുടെ സ്വരം മാറിയത് തിരിച്ചറിഞ്ഞു ബാല.
കുറ്റം പറയാൻ കഴിയില്ല.. വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞ ദിവസം പോകാൻ പറ്റാറില്ല എന്നുള്ളത് സത്യമാണ്.
"ഞാൻ നോക്കട്ടെ അമ്മേ.. കഴിയുന്നതും വരാൻ ശ്രമിക്കാം."
ബാല സങ്കടം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു.
"രണ്ടുമാസമായി വീട്ടിൽ വന്നിട്ട് പോയിട്ട്..!! ഞങ്ങൾക്ക് നിങ്ങൾ രണ്ടു മക്കളെ ഉള്ളൂ.. ഉണ്ണിയും നീയും.. നിൻറെ ഒരു ഇഷ്ടത്തിനും എതിരെ നിന്നിട്ടില്ല ഞങ്ങൾ. നിനക്കിഷ്ടമാണ് അവനെ എന്ന് പറഞ്ഞു കെട്ടിച്ചു തന്നു. 23 വയസ്സിലാണ് അവൻ നിന്നെ കെട്ടിയത്. അതും ജാതകത്തിൽ കല്യാണ പ്രായം ആയതുകൊണ്ട് മാത്രം !! പക്വത എത്താത്ത അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചു വിട്ടത് ഞങ്ങൾ ചെയ്ത തെറ്റ്."
അമ്മ പഴയ പുരാണങ്ങൾ വിളമ്പാൻ നിന്നപ്പോൾ അസ്വസ്ഥമായി ബാല.
(തുടരും)