ഭാഗം 6
"സ്വർണ്ണം ഒന്നും ഞാൻ കൊണ്ടുപോകുന്നില്ല!! ഒരു രണ്ടുദിവസത്തെ കാര്യമല്ലേ? എൻ്റെ കള്ള കുറുമ്പൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ കേട്ടോ .."
പറഞ്ഞു കൊണ്ട് കുസൃതിയോടെ ബാല നന്ദനെ നോക്കി. മുഖത്ത് പതിവില്ലാത്ത ഗൗരവം കണ്ടു. ബാഗിൽ അത്യാവശ്യം വേണ്ട ഡ്രസ്സുകൾ എടുത്തു വച്ചിരുന്നു ആദ്യം തന്നെ.
യാത്ര പറഞ്ഞിരുന്നു അച്ഛനെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് കണ്ടു ..അത് പതിവാണ്!!! പേരകുട്ടി രണ്ടുദിവസം മാറി നിൽക്കുന്നതിന്റെ വിഷമം. കുഞ്ഞു പോയാൽ വീട് ഉറങ്ങിയത് പോലെയാണെന്നാണ് അമ്മ ഇപ്പോഴും പറയുക..
നന്ദൻ ബൈക്ക് സ്റ്റാർട്ട് ആക്കി, മോളെ എടുത്ത് മുന്നിൽ ഇരുത്തി. ബാഗ് മടിയിൽ വെച്ച് ബാലകയറി ഒതുങ്ങിയിരുന്നു.
"ആ കാർ എടുത്തൂടെ നിനക്ക്? ഈ ബാഗും കുട്ടിയും ഒക്കെയായി ബൈക്കിൽ പോകുന്നത് അപകടമാണ്."
കാർ ഷെഡ്ഡിൽ കിടക്കുന്ന കാർ നോക്കി അമ്മ പരിഭവം പോലെ പറഞ്ഞു.
"അതെന്റെ അമ്മായിയപ്പൻ ദ ഗ്രേറ്റ് ബാലഗോപാലൻ നായർ മകൾക്ക് സ്ത്രീധനമായി കൊടുത്തതല്ലേ? ജോലിയില്ലാത്ത മരുമകന് അത് ഓടിക്കാനുള്ള യോഗ്യത ഇല്ല!! എന്നല്ലേ ആളുടെ കണ്ടുപിടിത്തം!! അതുകൊണ്ട് അത് അവിടെ കിടക്കട്ടെ!! എനിക്ക് ആ വീട്ടിലേക്ക് പോകുന്നത് പ്രത്യേകിച്ചും ഈ ബൈക്കിൽ ആകുന്നതാണ് സുഖം."
അർത്ഥം വെച്ചുകൊണ്ട് നന്ദൻ ബാലയെ നോക്കി പറഞ്ഞു. നന്ദന്റെ മനസ്സിലെ വേദന അറിയാവുന്നതുകൊണ്ട് തന്നെ, ആ വാക്കുകൾക്കൊന്നും മറുപടി പറയാറില്ല ബാല.. കാരണം തെറ്റ് തന്റെ അച്ഛന്റേതാണ്!
മരുമകന് വിലകൂടിയ കാർ മകൾക്ക് സ്ത്രീധനമായി സമ്മാനിക്കുമ്പോൾ, അച്ഛൻറെ വായിൽ നിന്നും വീണുപോയ ഒരു വാക്ക്.. ഇത്ര വലിയ കാറിന്റെ ഒന്നും ആവശ്യമില്ലായിരുന്നു നിനക്ക്! പക്ഷേ എൻ്റെ മകൾക്ക് കൂടി യാത്ര ചെയ്യാനുള്ളത് ആണല്ലോ ചെയ്യാനുള്ളതാണല്ലോ? വലിയ കാർ ഓടിക്കാനുള്ള യോഗ്യത നന്ദേട്ടന് ഇല്ലെന്ന് പറയാതെ പറഞ്ഞ വാക്കുകൾ!
അന്ന് ആ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു എന്ന് തന്നെ നോക്കിയതിലുള്ള നോട്ടത്തിൽ നിന്നും മനസ്സിലായതാണ്! തന്നോടുള്ള ഇഷ്ടം കൊണ്ട് മറുത്ത് ഒരക്ഷരം പറഞ്ഞില്ല നന്ദേട്ടൻ! ആരുടെ വാക്കുകളും കാതോർക്കില്ലെന്നും അർഹിക്കാത്ത നിധി സ്വന്തമാക്കിയതാണ് നന്ദനെന്നും തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്.. തന്നോടുള്ള അമിത പ്രണയം കൊണ്ട് പലരുടെയും വാക്കുകൾക്ക് മറുപടിയില്ലാതെ നിൽക്കുന്നത് കണ്ടിട്ടുണ്ട് നന്ദേട്ടൻ.. ആരെയും എതിർത്തു പറയുന്നത് ശീലമില്ലാത്തതുകൊണ്ട് താനും മൗനം പാലിച്ചു നിന്നിട്ടുണ്ട്!! ആ മനസ്സിൻറെ വേദന അറിഞ്ഞുകൊണ്ടുതന്നെ.
ഓരോന്ന് ആലോചിച്ചിരുന്നു പാതി വഴി പിന്നിട്ടു എന്ന് മനസ്സിലാക്കിയത് ബാല.
"എന്താടോ താൻ മിണ്ടാതെ ഇരിക്കുന്നത്? അച്ഛൻ സമ്മാനമായി തന്ന കാറിൽ വീട്ടിലേക്ക് പോകണമെന്ന് തനിക്കും ആഗ്രഹം കാണുമല്ലേ?"
നന്ദൻ ചോദിച്ചത് കേട്ട് ബാല ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇത്രയും കാലമായിട്ടും നന്ദേട്ടന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ? നന്ദേട്ടന് ഇഷ്ടമില്ലാത്തത് ചെയ്യാൻ ഞാൻ നിർബന്ധിക്കാറുണ്ടോ? നന്ദേട്ടൻ പറയുന്ന ചില വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ നോവിക്കാറുണ്ട് എന്നിട്ടും ഞാൻ കുറ്റം പറയാറുണ്ടോ?"
ബാല ചോദിക്കുന്നത് കേട്ടപ്പോൾ, വിഷമം തോന്നി നന്ദന്.. ഒരിക്കലും തന്നെപ്പോലെ ഒരാളെ കല്യാണം കഴിക്കേണ്ടതായിരുന്നില്ല ഇവൾ. ഏതെങ്കിലും ജോലിക്കാരനെ കല്യാണം കഴിച്ച് സുഖമായി പുറത്തെവിടെയെങ്കിലും പോയി സെറ്റിൽ ആകേണ്ടിയിരുന്നവൾ.. തന്നോടുള്ള അമിതമായ ഇഷ്ടം കൊണ്ട് അച്ഛനോട് നിർബന്ധം പിടിച്ച് വാശിപിടിച്ച് കല്യാണം കഴിച്ചവളാണ് തന്നെ.. ഇവൾക്ക് എന്തെങ്കിലും താൻ ചെയ്തിട്ടുണ്ടോ? ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം പോലും കൊടുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല!!
നന്ദനും പലതും ആലോചിച്ചു.
പുതിയതായി പണികഴിച്ച ഇരുനില വീടിനു മുന്നിൽ വണ്ടി നിർത്തി നന്ദൻ. മതിലിന് ഒരു വശത്ത് സ്വർണ്ണ ലിപിയിൽ എഴുതി വെച്ച പേര് വായിച്ചു നന്ദൻ. മേലേടത്ത് ശ്രീ നിലയം.
"നന്ദേട്ടൻ കയറുന്നില്ലേ?"
പതിവ് ചോദ്യം ചോദിച്ചു ശ്രീബാല.
"ഓ ഇല്ല! അത്രയ്ക്കും യോഗ്യത നന്ദന് ആയിട്ടില്ല! നിൻ്റെ അച്ഛൻ്റെ ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഒരു ദിവസം വരും നന്ദന്. അന്ന് ഞാൻ കയറിവരും ഈ വീടിൻ്റെ ഉമ്മറത്തേക്ക്. അന്ന് നിൻ്റെ അച്ഛനും മുന്നിൽ സകല പ്രൗഢിയോടും കൂടി നന്ദൻ ഇരിക്കും. പഴയതൊന്നും മറന്നിട്ടില്ല നന്ദൻ."
അത് പറയുമ്പോൾ വല്ലാതെ അവന്റെ മനസ്സ് എരിയുന്നുണ്ടായിരുന്നു.
"അച്ഛൻ വാ അമ്മമ്മയെ കണ്ടിട്ട് പോകാം."
നിച്ചു മോൾ വാശിപിടിക്കാൻ തുടങ്ങി. ഇനിയും ശരിയാവില്ല എന്ന് കണ്ട് നന്ദൻ വണ്ടി തിരിച്ചു.
"തിരികെ അങ്ങോട്ട് വന്നേക്കുമല്ലോ അല്ലേ? അതോ നിന്നെ കാത്ത് ഈ പടിക്കൽ കാത്തു നിൽക്കണോ ഞാൻ?"
നന്ദൻ ചോദിച്ചത് കേട്ടപ്പോൾ ബാലക്ക് വേദന തോന്നി.
"വേണ്ട ഞാൻ ഉണ്ണിയുടെ കൂടെ വന്നോളാം.."
"അതാ നല്ലത്.."
പറഞ്ഞുകൊണ്ട് അവളെയും മോളെയും ഒന്നുകൂടെ നോക്കിയിട്ട് നന്ദൻ തിരിച്ചു പോയി.. അവൻ വഴി തിരിഞ്ഞു പോകുന്നത് വരെ അമ്മയും മകളും നോക്കി നിന്നു. ഗേറ്റ് തുറന്നു മുറ്റത്തേക്ക് നടന്നു ബാല.
"കുഞ്ഞേ.... ബാഗ് താ നാരായണേട്ടൻ പിടിക്കാം."
ചെടി നനയ്ക്കുകയായിരുന്നു നാരായണേട്ടൻ ബാലയെ കണ്ടതും ഓടി വന്നു.
"ഓ അതിനു മാത്രം ഒന്നും ഇല്ല നാരായണേട്ടാ ... ഇത് എനിക്ക് പിടിക്കാൻ ഉള്ളതേയുള്ളൂ.."
ചിരിച്ചുകൊണ്ട് ബാല മറുപടി പറഞ്ഞു.
"എന്നാ വാ നാരായണേട്ടന്റെ മോളെ എടുക്കാം.."
വാത്സല്യത്തോടെ നിച്ചു മോളെ വാരിയെടുത്തു അയ്യാൾ.
"മോളെ താഴെ നിർത്തിക്കോ കൊച്ചുകുട്ടി ഒന്നുമല്ല ഇപ്പോൾ എൻ്റെ മോള് വലിയ കുട്ടിയായി."
"അപ്പൂപ്പാ അമ്മ വെറുതെ പറയാ... അപ്പൂപ്പൻ എടുത്തോ."
കൊഞ്ചിക്കൊണ്ടു പറഞ്ഞു നിച്ചൂ.
അച്ഛനെയും ഉണ്ണിയുടെയും കാർ പോർച്ചിൽ കിടക്കുന്നത് കണ്ടു. രണ്ടുപേരും അകത്തുണ്ട് എന്ന് മനസ്സിലായി ബാലക്ക്.
"അച്ഛൻ നേരത്തെ വന്നോ?"
നാരായണേട്ടനെ നോക്കി ചോദിച്ചു ബാല.
"കുഞ്ഞിനെയും മോളെയും കാത്തിരിക്കുകയാണ്. നന്ദൻ കുഞ്ഞ് കൊണ്ടുവിട്ടില്ലെങ്കിൽ, അവിടേക്ക് വരാനായിരുന്നു തീരുമാനം. അവിടേക്ക് വന്നാൽ പിന്നെ പറയേണ്ടല്ലോ? നന്ദൻ കുഞ്ഞിന് നല്ല ബുദ്ധി തോന്നിയത് നന്നായി."
നാരായണേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചുതള്ളി ബാല.
"മോളെ."
അകത്തുനിന്ന് കണ്ടത് ആദ്യം അമ്മയാണ്. ഓടിവന്ന് മോളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു അവർ. പിന്നാലെ ഗൗരവത്തോടെ അച്ഛനും വരുന്നത് കണ്ടു ബാല.
"എൻ്റെ മരുമകൻ അഭിമാനി ഇന്നും കയറിയില്ല അല്ലേ?"
അച്ഛൻറെ സ്വരം വല്ലാതെ കടുത്തിരുന്നു.
"അത് പിന്നെ നന്ദേട്ടനെ എന്തോ.. തിരക്ക്.."
ബാല വിക്കി കൊണ്ട് പറഞ്ഞു.
"ഓ പിന്നെ . ഭരണപക്ഷത്തിരിക്കുന്നവർക്ക് ഇല്ല ഈ തിരക്ക്. എന്നിട്ടല്ലേ പ്രതിപക്ഷത്തിന്റെ പിന്നാലെ കണ്ട കൊടിയും പിടിച്ചു നടക്കുന്ന നിൻ്റെ ഭർത്താവിന് തിരക്ക്.. കൂടുതലൊന്നും പറയിപ്പിക്കണ്ട."
താക്കീതോടെ പറയുന്ന അച്ഛനെ, നിസ്സഹായതയോടെ നോക്കി നിന്നു ബാല.
"ചേച്ചിയെ എന്തിനാ കുറ്റം പറയുന്നത് അച്ഛൻ? ഇഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. അച്ഛൻ താല്പര്യത്തോടെ കല്യാണം കഴിച്ചു കൊടുത്തു. ഒരു മകളുമായി! ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഈ കുറ്റപ്പെടുത്തുന്നത്."
ചോദിച്ചുകൊണ്ട് സ്റ്റൈയർ ഇറങ്ങി വരുന്ന ഉണ്ണിയെ കണ്ടപ്പോൾ, മനസ്സിൽ കുളിർമ തോന്നി ബലയ്ക്ക്. അന്നും ഇന്നും തന്റെ കൂടെ നിൽക്കുന്ന കൂടപ്പിറപ്പ്.
"ചേച്ചി.. നമുക്കൊന്ന് പുറത്തുപോയിട്ട് വരാം. ഗീതുവിന് കൊടുക്കാനുള്ള സമ്മാനം ചേച്ചി വന്നിട്ട് വാങ്ങിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.. മാമൻ്റെ കുറുമ്പി കുട്ടി എവിടെ?"
പറഞ്ഞു കൊണ്ട് മോളെ എടുക്കുന്ന ഉണ്ണിയെ നോക്കി നിന്നു ബാല.
(തുടരും)
ഭാഗം 7
"അവളൊന്നു ശ്വാസം വിടട്ടെ മോനെ ആദ്യം" അമ്മ ഉണ്ണിയെ നോക്കി പറഞ്ഞു.
"അതെ ഞാൻ ഇതൊക്കെ ഒന്ന് കൊണ്ട് പോയി വെച്ചിട്ട് വരാം.." ബാല പറഞ്ഞുകൊണ്ട് മുകളിലെ തൻ്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി.
"അമ്മമ്മയുടെ കുട്ടിക്ക് അമ്മമ്മ എന്തൊക്കെയാണ് വാങ്ങി വെച്ചിരിക്കുന്നത് എന്ന് കാണണ്ടേ? അമ്മമ്മ ചായ തരാട്ടോ.." പറഞ്ഞുകൊണ്ട് ഉണ്ണിയുടെ അടുത്ത് നിന്നും മോളെ വാങ്ങിയെടുത്തു അവർ.
"ഉണ്ണി അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാങ്ങിച്ചു കൊടുക്കണം!! വലിയ അഭിമാനിയാണ് ഒന്നും വേണ്ടെന്നേ പറയൂ.."
അച്ഛൻ കുറച്ചു രൂപ എടുത്ത് ഉണ്ണിയുടെ കൈകളിലേക്ക് കൊടുക്കാൻ ആഞ്ഞൂ.
"ചേച്ചിക്ക് വേണ്ടതൊക്കെ വാങ്ങാനുള്ള പൈസ എൻ്റെ കയ്യിൽ ഉണ്ട് അച്ഛാ.. അല്ലെങ്കിലും ഒരാവശ്യവും ചേച്ചി പറയാറില്ല!! നിർബന്ധിച്ചു എന്തെങ്കിലും എടുക്കേണ്ടിവരും. എൻ്റെ ചേച്ചി ഇങ്ങനെ ഒരു പാവമായി പോയല്ലോ? ഞാനെപ്പോഴും ആലോചിക്കാറുണ്ട് ആരുടെ സ്വഭാവമാണ് ചേച്ചിക്ക് കിട്ടിയത് എന്ന്.."
ഉണ്ണി ആലോചനയോടെ അച്ഛനെ നോക്കി.
"മറ്റാരുടെയും അല്ല മോനെ.. നിൻ്റെ അപ്പച്ചിയുടേതാണ്.. എൻ്റെ ഏറ്റവും കുഞ്ഞ് അനുജത്തി ലതികയുടെ.!! വളരെ നല്ലവൾ ആയതുകൊണ്ടാകാം അവളെ ഈശ്വരൻ നേരത്തെ വിളിച്ചത്..!!"
അച്ഛൻ പണ്ടത്തെ ഓർമ്മകളിലേക്ക് ഊളെയിടുന്നത് ഉണ്ണി അറിഞ്ഞു.
പലപ്പോഴും അച്ഛമ്മ പറഞ്ഞു കേട്ട അറിവ് മാത്രമേ ലതിക അപ്പച്ചിയെ കുറിച്ചുള്ളൂ.. പഠിക്കാനും പാടാനും എല്ലാം പ്രത്യേക കഴിവുള്ള അപ്പച്ചി..!! എന്തുകൊണ്ടോ ആയുസ്സ് കൊടുത്തില്ല ഈശ്വരൻ.. തലവേദനയുടെ രൂപത്തിൽ പിടിപെട്ട ട്യൂമർ അപ്പച്ചിയെ കാർന്നു തിന്നാൻ തുടങ്ങിയെന്ന് വളരെ വൈകിയാണ് എല്ലാവരും അറിഞ്ഞത്... അതുകൊണ്ടുതന്നെ ചികിത്സയും വൈകി.. രണ്ടുമാസം അതിൽ കൂടുതൽ അപ്പച്ചി ഈ ലോകവാസം വെടിഞ്ഞു. അറിഞ്ഞു കേട്ട കഥകളിൽ ഇതുപോലൊരു പാവം വേറെ ഉണ്ടാവില്ല എന്നാണ്.. അവർ പറഞ്ഞത് വെച്ചുനോക്കുമ്പോൾ, തൻറെ ചേച്ചിയും ആ ടൈപ്പ് തന്നെയാണ്.. ഉണ്ണി ഓർത്തു നിൽക്കേ അമ്മ ചായ കുടിക്കാൻ വിളിച്ചു.
തൻ്റെ റൂമിലെത്തിയ ബാല പടിഞ്ഞാറ് വശത്തെ ജനൽ തുറന്നു.. നല്ല കാറ്റ് വരുന്ന ജനാലയാണ്.. മാത്രവുമല്ല രാത്രികാലങ്ങളിൽ പാതിരാ മുല്ലകളുടെ സുഗന്ധം..!!! താഴെ വിരിയുന്ന പാതിരാ മുല്ലകളുടെ സുഗന്ധം പ്രത്യേക ഒരു അനുഭൂതിയാണ് നൽകിയിരുന്നത് അവൾക്ക്.. ചുറ്റും ഒന്ന് കണ്ണോടിച്ചു അവൾ.. തൻ്റെ വരവ് പ്രതീക്ഷിച്ചതുപോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു മുറിയും. ഈ ചുവരുകൾക്ക് പോലും തൻ്റെ ഗന്ധം അറിയാം!!
ഷെൽഫിലെ പുസ്തകങ്ങളിലൂടെ അവളുടെ വിരലുകൾ ഒന്ന് ഓടി നടന്നു.. തൻ്റെ വിരൽ സ്പർശം ഏൽക്കാൻ കാത്തിരുന്നതുപോലെ അടക്കിവെച്ച പുസ്തകങ്ങളിൽ നിന്നും ഒരു പ്രത്യേക ഗന്ധം വന്നു!! ആവോളം ആ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു ബാല!! ഒരുകാലത്ത് താൻ ഒരുപാട് വായിച്ചു തള്ളിയ പ്രണയവും വിരഹവും എല്ലാം അടങ്ങിയ പുസ്തകത്താളുകൾ!! ചിതലരിച്ച ഓർമ്മകളിൽ ഇന്നും ഒളിമങ്ങാതെ ചില വരികൾ ഉണ്ട്!! നന്ദേട്ടന് വേണ്ടി കുറിച്ചുവെച്ചവ ..!!
മഷി ഉണങ്ങി വറ്റിയ തൻ്റെ മനസ്സിലെ തൂലികയിൽ, ഇനിയും എഴുതാതെ പോയ ചില വരികൾ!! എഴുതിച്ചേർക്കാൻ ആകുമോ അവ ഇനിയും..?
ആലോചനയോടെ ബാല ആർത്തിയോടെ കണ്ണുകൾ ഓടിച്ചു.. ഓർമ്മകളുടെ സൂക്ഷിപ്പായ ഡയറി കുറിപ്പിലൂടെ..!!
മറ്റെല്ലാം മറന്നുപോകുന്നു താൻ തനിക്ക് സ്വന്തം എന്ന് കരുതിയ മുറിയിൽ എത്തുമ്പോൾ!! കുറച്ച് സമയം കൂടി അവിടെ നിന്ന് ബാല തിരിച്ചിറങ്ങി.
താഴെ അച്ഛനും അമ്മയും ഉണ്ണിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായയും പലഹാരങ്ങളും ടേബിളിൽ നിരന്നിരിക്കുന്നു.. വിരുന്നുകാരിയെ പോലെ കയറിവരുന്ന മകളെയും കാത്ത്. പുഞ്ചിരിയോടെ അമ്മയുടെ അടുത്ത് കസേര വലിച്ചിട്ടിരുന്നു അവൾ.
നിച്ചു മോൾ എന്തൊക്കെയോ എടുത്തു കഴിക്കുന്നുണ്ട്.
"മോളെ ആവശ്യത്തിന് കഴിച്ചാൽ മതി കേട്ടോ.. ബേക്കറി ആണ്. വയറു കേടാകും."
ശ്രീബാല താക്കീതോടെ മോളെ നോക്കി.
"ഓ അവിടെ പിന്നെ എല്ലാം വീട്ടിൽ ഉണ്ടാക്കിയതായിരിക്കും കൊച്ചിന് കൊടുക്കുന്നത്.." അച്ഛൻ്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു.
"അതല്ല അച്ഛാ.. എല്ലാം കൂടി കണ്ടാൽ എടുത്തു കഴിച്ച് വല്ലതും വരണ്ട എന്നു കരുതി പറഞ്ഞതാ.. അല്ലെങ്കിലും എന്തെങ്കിലും കൂടുതൽ കഴിച്ചാൽ അന്നേരം വയറുവേദനയാണ് മോൾക്ക്." ബാല ചെറിയ നീരസത്തോടെ പറഞ്ഞു.
"ചേച്ചി പെട്ടെന്ന് വാ.. നമുക്കൊന്ന് കറങ്ങി വരാം." ഉണ്ണി തിരക്കുകൂട്ടി.
അല്ലെങ്കിലും അവൻ അങ്ങനെയാണ്. താനും മോളും വന്നാൽ അവന് സ്വർഗ്ഗം കിട്ടിയത് പോലെയാണ്. കല്യാണം ഒക്കെ കഴിയട്ടെ അപ്പോൾ അറിയാം ബാക്കി. പെങ്ങളെയും മകളെയും സ്നേഹിക്കുന്നത് സഹിക്കാത്ത ഭാര്യയാണെങ്കിൽ, അതോടെ നിന്നു എല്ലാം.. ബാല മനസ്സിൽ ഓർത്തു.
ചായകുടി കഴിഞ്ഞ് അമ്മയോട് അച്ഛനോടും യാത്ര പറഞ്ഞു ഉണ്ണിയുടെ കാറിൽ കയറി അവൾ.. മടിയിൽ മോളെയും ഇരുത്തി. രണ്ടു മക്കളും കൊച്ചുമകളും പോകുന്നത് നിറഞ്ഞ മനസ്സോടെ നോക്കി നിന്നു ആ മാതാപിതാക്കൾ.
വലിയ ഷോപ്പിംഗ് മാളിലേക്കാണ് ഉണ്ണി വണ്ടി വിട്ടത്..
"ചേച്ചി എന്താണ് സമ്മാനം കൊടുക്കേണ്ടത്? ചേച്ചി പറ."
ഉണ്ണി ആകാംക്ഷയോടെ അവളോട് ചോദിച്ചു.
"നിനക്ക് ഇഷ്ടമുള്ളത് ആയിക്കോട്ടെ ഉണ്ണി.. എന്തായാലും എനിക്ക് സന്തോഷമാണ്." പുഞ്ചിരിയോടെ അവൾ അവനെ നോക്കി.
"നല്ലൊരു ഫോൺ വാങ്ങിക്കാം.. എന്തായാലും മറ്റന്നാൾ പോകുന്നതോടെ എല്ലാം തീരുമാനം ആകുമല്ലോ.. അപ്പോൾ ഒന്ന് സംസാരിക്കാൻ.."
അത് പറയുമ്പോൾ അവന്റെ മുഖത്ത് ചമ്മൽ ഉള്ളതുപോലെ തോന്നി അവൾക്ക്.
"അത് നല്ല കാര്യമാണ്..." ബാലയും സമ്മതിച്ചു.
മാളിൽ കയറി നല്ലൊരു ഫോൺ തന്നെ ഉണ്ണി വാങ്ങി.. ബാലക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ, പതിവുപോലെ ഒന്നും വേണ്ടെന്ന് തന്നെയാണ് അവൾ പറഞ്ഞത്. ഉണ്ണി നിർബന്ധിച്ച് അവൾക്കും മോൾക്കും പുതിയ ഡ്രസ്സ് എടുത്തു. വില കൂടിയ ഡ്രസ്സ്. ബാർബി ഡോളിന്റെ പോലെ മനോഹരമായ വസ്ത്രം ആയിരുന്നു മോളുടെ.
"ഉണ്ണി ഇത്ര വില കൂടിയതൊന്നും വേണ്ട കേട്ടോ." ബാല സ്വരം താഴ്ത്തി അവനോട് പറഞ്ഞു.
"ഇനി ചേച്ചി അളിയനൊരു ഡ്രസ്സ് സെലക്ട് ചെയ്യ്. ചേച്ചിയുടെ ഇഷ്ടത്തിന്." ഉണ്ണി പറഞ്ഞപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു.
വീട്ടിൽനിന്ന് എന്തുകൊണ്ട് പോയാലും നന്ദേട്ടൻ ഇടില്ല എന്നുള്ള കാര്യം അവൾക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. എന്നാലും ഉണ്ണിയെ പിണക്കാതിരിക്കാൻ ഡാർക്ക് ബ്ലൂ ഷർട്ടും കസവുമുണ്ടും സെലക്ട് ചെയ്തു ബാല. അവളുടെ ചുരിദാറിന്റെ കളറും അതേ കളർ ആയിരുന്നു..
എല്ലാം കഴിഞ്ഞ് വൈകിട്ടത്തേക്ക് ആഹാരം പാഴ്സലും വാങ്ങി ഉണ്ണി.
സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി അവർ. ഡ്രസ്സ് മാത്രമല്ല ചേച്ചിക്കും മക്കൾക്കും പുതിയ ചെരുപ്പും അതിന് യോജിച്ച വളയും മാലയും എല്ലാം മോൾക്ക് വാങ്ങിയിട്ടുണ്ടായിരുന്നു ഉണ്ണി.
അച്ഛനും അമ്മയ്ക്കും അതെല്ലാം കണ്ടപ്പോൾ സന്തോഷമായി.
തന്റെ മകൾക്ക് ഒരിക്കലും താൻ ആഗ്രഹിച്ച പോലൊരു ജീവിതമല്ലെന്ന് ആ പിതാവിൻറെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു എപ്പോഴും. സന്തോഷത്തോടെ എല്ലാവരും സംസാരിച്ചിരുന്നു. അച്ഛമ്മ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ എല്ലാം നാളെ എത്തും എന്ന് അമ്മ പറഞ്ഞപ്പോൾ ബാലയ്ക്കും സന്തോഷമായി. വീട്ടിൽ ഒന്നു വരുമ്പോഴാണ് എല്ലാവരെയും കാണുക.! നന്ദേട്ടൻ ആരുടെ വീട്ടിലേക്കും കൊണ്ടുപോകാറില്ല.!
"പിന്നെ മോളെ ആമി വരുന്നുണ്ട്.. രണ്ടുവർഷമായില്ലേ അവൾ നാട്ടിൽ വന്നിട്ട്. ഇവൻ്റെ കല്യാണത്തിന് എന്തായാലും അവൾ ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്."
ആമി വല്യച്ഛന്റെ മകളാണ്. തന്നെക്കാൾ രണ്ടു വയസ്സ് കൂടുതൽ.. അമേരിക്കയിൽ ആണ്. ഒരു മകനുണ്ട് ആദിത്യൻ. ആമി ചേച്ചിയും താനും ഒരേ കോളേജിലാണ് പഠിച്ചത്. തന്റെയും നന്ദേട്ടന്റെയും പ്രണയത്തിന് കൂട്ടുനിന്നവൾ. ചേച്ചിയാണെങ്കിലും ഉറ്റ കൂട്ടുകാരിയാണ്. എന്തെങ്കിലും സങ്കടങ്ങൾ പറയുന്നത് ആമി ചേച്ചിയോട് ആണ്. അതും നേരിൽ കാണുമ്പോൾ മാത്രം. ഫോൺ വിളിക്കുന്നത് നന്ദേട്ടനു ഇഷ്ടമല്ല. ഇവിടെ വന്നാൽ ആണ് എല്ലാവരെയും വിളിക്കുക. പരിഭവം പരാതിയും ഒരുപാട് കേൾക്കും. തൻറെ അവസ്ഥ അറിയാവുന്നതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും പരിചിതമായി.
ആഹാരം കഴിച്ചു കഴിഞ്ഞു അമ്മയെ അത്യാവശ്യം അടുക്കളയിൽ സഹായിച്ചു ബാല.
"അമ്മയെ ഞാൻ അമ്മമ്മയുടെയും അച്ചാച്ചന്റെയും കൂടെയാണ് കേട്ടോ.." ആദ്യം തന്നെ പറഞ്ഞു മോൾ.
അത് എല്ലായിപ്പോഴും വരുമ്പോൾ അങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടക്കുന്നത് മോൾ. പറഞ്ഞു കൊണ്ട് അവൾ അച്ഛൻറെ അടുത്തേക്ക് ഓടിപ്പോകുന്നത് നോക്കി പുഞ്ചിരിയോടെ നിന്നു ബാല.
(തുടരും)