ഭാഗം 2
"മാളൂ..."
വാതിൽക്കൽ നിന്ന് നീട്ടി വിളിക്കുന്ന നന്ദൻ്റെ സ്നേഹം നിറഞ്ഞ വിളി കേട്ടാണ് ദോശ ഉണ്ടാക്കി കൊണ്ടിരുന്ന അവള് തിരിഞ്ഞ് നോക്കിയത്.
അടുക്കള വാതിൽക്കൽ വെള്ള തോർത്തുമുണ്ട് തലയിൽ കെട്ടി മുഖത്ത് പതിവ് ചിരിയോടെ നന്ദൻ!!
"അല്ല..എൻ്റെ ഭാര്യയുടെ പരിഭവം ഇതുവരെ തീർന്നില്ല അല്ലേ? എന്ത് ചെയ്യാനാ എൻ്റെ പെണ്ണേ തിരക്കുള്ള രാഷ്ട്രീയക്കാരനായില്ലേ കെട്ടിയവൻ.അപ്പോ എൻ്റെ ഭാര്യ പദവി അലങ്കരിക്കുന്ന ശ്രീമതി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടവളല്ലേ?"
നന്ദൻ കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ട് അടുക്കള്ള സ്ലാബിന് മുകളിൽ കയറിയിരുന്നു.
തൻ്റെ ജോലികളിൽ തന്നെ മുഴുകി അവള്.അടുക്കള പുറത്തു നിന്നും അമ്മ കയറിവരുന്നത് കണ്ടപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി. കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും അമ്മ വരുന്നത് കണ്ടാൽ അവൾക്ക് പേടിയാണ് പ്രത്യേകിച്ച് നന്ദൻ അടുക്കളയിൽ ഉള്ളപ്പോൾ.
"ഓ.. പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റോ തമ്പുരാൻ? ഇന്ന് ആർക്കെതിരെ മുദ്രാവാക്യം വിളിക്കാനാണ്? അതോ ഏതെങ്കിലും തുറക്കാനിരിക്കുന്ന കമ്പനി പൂട്ടിക്കാനാണോ?"
അമ്മ സ്വരത്തിൽ പരമാവധി പുച്ഛം കലർത്തിക്കൊണ്ട് ചോദിച്ചു.
"എന്താ അമ്മേ അങ്ങനെ ഒരു സംസാരം?അമ്മയുടെ മോൻ അറിയപെടുന്ന നേതാവാണ്.ഈ വീട്ടിൽ മാത്രേ എന്നെ ഇതുപോലെ തരം താഴ്ത്തി സംസാരിക്കുന്നവർ ഉള്ളൂ."
നന്ദൻ്റെ സ്വരം മാറുന്നത് അറിഞ്ഞു അമ്മ.
"മോനേ..നീ ഇവളെയും നിൻ്റെ കുഞ്ഞിനെയും ഓർക്ക്. അല്ലെങ്കിൽ തന്നെ മോളുടെ വീട്ടുകാർക്ക് നീ ഇങ്ങനെ അലഞ്ഞു നടക്കുന്നത് താല്പര്യമില്ല. നിനക്ക് എന്തെങ്കിലും ജോലിക്ക് ശ്രമിചൂടെ? ഇവളുടെ വീട്ടുകാരെല്ലാം നല്ല നിലയിൽ കഴിയുന്നവരാണ് നിന്നെ സ്നേഹിച്ച് വീട്ടുകാരോട് വാശി കാണിച്ച് നിന്നെ കെട്ടിയതാണോ ഇവൾ ചെയ്ത തെറ്റ്? കുട്ടി ആയാൽ എങ്കിലും നിന്റെ സ്വഭാവത്തിൽ കുറച്ചു മാറ്റം വരുമെന്ന് കരുതി ഞാൻ!! അവിടെയും എനിക്ക് തെറ്റുപറ്റി. പ്രേമത്തിന് കണ്ണും കൈയും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല!! ഇപ്പോൾ മനസ്സിലായില്ലേ നിനക്ക്?"
കുറ്റപ്പെടുത്തും പോലെ അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.
"നീ അതൊന്നും കാര്യമാക്കണ്ട.. അമ്മ ഇതല്ലാതെ വേറെ എന്തെങ്കിലും എന്നോട് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളുക.."
അവനുള്ള ചായ കപ്പിലേക്ക് പകർത്തി ഒരക്ഷരം പോലും മിണ്ടാതെ കൈകളിലേക്ക് കൊടുത്തു അവള്.
ആർത്തിരമ്പുന്ന കടൽ മനസ്സിലുണ്ടെങ്കിലും അതൊന്നും പുറമേ കാണിക്കാതെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ.
"ഹാവൂ സമാധാനമായി.. നിൻ്റെ ചിരിച്ച മുഖം കണ്ടിട്ട് പോയില്ലെങ്കിൽ, ഇന്നത്തെ കാര്യമെല്ലാം അവതാളത്തിലായേനെ.."
പറഞ്ഞുകൊണ്ട് മുന്നോട്ട് ഒന്നാഞ്ഞ് അവളുടെ കവിളിൽ മുത്തി അവൻ.
"നിച്ചു മോൾ ഉറക്കം ഉണർന്നില്ല അല്ലേ? ഇനി ഇപ്പോ മോളെ കൊണ്ടുപോയാൽ പെട്ടന്ന് കുളിച്ച് കയറാൻ പറ്റില്ല..എൻ്റെ മോൾ ഇന്ന് ബാത്ത് റൂമിൽ കുളിക്കട്ടെ ഞാൻ പെട്ടന്ന് മുങ്ങി വരാം."
അടുക്കളപ്പുറത്തെ വരാന്തയിലേക്ക് ഇറങ്ങി കുളത്തിലേക്കുള്ള നടവഴിയിലൂടെ നടന്നു പോകുന്ന നന്ദനെ നോക്കി നെടുവീർപ്പോടെ നിന്നു അവൾ.
"മോളെ നീ ഇങ്ങനെ മൗനം പാലിക്കുന്നതുകൊണ്ടാണ് അവന് ഒരു ഉത്തരവാദിത്വവുമില്ലാതെ പോകുന്നത്. അച്ഛൻറെ കാലം കഴിയുന്നതുവരെ പെൻഷൻ ഉള്ളതുകൊണ്ട് നമുക്ക് ജീവിച്ചു പോകാം. അത്യാവശ്യം ആദായവും പറമ്പിൽ നിന്നെല്ലാം കിട്ടുന്നുമുണ്ട്. എന്നാലും അതു മതിയോ? അവനൊരു ജോലി വേണ്ടേ? പഠിപ്പ് ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ മതിയോ?ഈ മേടം വന്നാൽ വയസ്സ് 28 ആയി. 23 വയസ്സിലാണ് നിങ്ങളുടെ വിവാഹം. ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നു എന്ന്. ജോലിയൊക്കെ കിട്ടി ഉത്തരവാദിത്വം വന്നിട്ട് മതിയായിരുന്നു. അല്ല ഇനിയിപ്പോ പറഞ്ഞിട്ടെന്താ.."
"എടോ...കഴിക്കാൻ എടുക്കാറായില്ലേ?"
അച്ഛൻ്റെ ഗൗരവ സ്വരം കേട്ടതും പെട്ടന്ന് തന്നെ ബ്രേക്ക് ഫാസ്റ്റ് എടുത്ത് മേശപ്പുറത്തേക്ക് വെച്ചു അവൾ.
അച്ഛനും മകനും ഒരുമിച്ചിരുന്ന് കഴിക്കാറില്ല!! നന്ദൻ കുളിച്ചു വരുമ്പോഴേക്കും അച്ഛൻ കഴിച്ച്
എഴുന്നേറ്റു പോകും. അതാണ് പതിവ്.
(തുടരും)