mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 11

അത്താഴത്തിന് ഇരിക്കുമ്പോൾ പിറ്റേദിവസം രാവിലെ തന്നെ ബാലയെ വീട്ടിൽ കൊണ്ട് ചെന്നാക്കാമെന്ന് നന്ദൻ പറഞ്ഞു. അതു കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായി; ഒപ്പം ബാലയ്ക്കും. അമ്മമ്മയുടെ വീട്ടിലേക്ക് നാളെ പോകും എന്ന് അറിഞ്ഞപ്പോൾ, മോൾക്കും വളരെ സന്തോഷമായി. അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കുമ്പോൾ, വാ തോരാതെ ജീതുവിന്റെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു ബാല.

"എന്തായാലും ഉണ്ണിക്ക് യോജിച്ച കുട്ടി തന്നെയാകും അവൾ."

അമ്മ മറുപടി എന്നോണം പറഞ്ഞു.

എല്ലാം കഴിഞ്ഞ് അടുക്കള വൃത്തിയാക്കി റൂമിലേക്ക് ചെല്ലുമ്പോൾ, മോൾ നന്ദന്റെ വയറിനു മുകളിൽ ഇരുന്ന് കൊണ്ട് മാമൻ്റെ വീട്ടിലെ വിശേഷം പറയുന്നത് കേട്ടു ബാല.

"മതി മതി വിശേഷം . ഉറങ്ങാൻ നോക്ക്. ഇന്നെന്താ അച്ഛമ്മയുടെ കൂടെ കിടക്കാൻ പോകുന്നില്ലേ?"

ബാല മോളോട് ചോദിച്ചു കൊണ്ട് ലൈറ്റ് ഓഫ് ആക്കി ബെഡ് ലൈറ്റ് ഇട്ടു കൊണ്ട് മുടി വാരി കെട്ടി കിടന്നു. "ഇല്ല ഞാനിന്ന് അച്ഛൻറെ കൂടെയാണ്."

പറഞ്ഞുകൊണ്ട്  നന്ദന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കിടന്നു നിച്ചു മോൾ.

വീട്ടിലെ വിശേഷമൊന്നും നന്ദൻ ബാലയോട് ചോദിച്ചില്ല. അറിയാൻ ഒട്ടും ആഗ്രഹം പ്രകടിപ്പിച്ചതുമില്ല. കൂടുതലൊന്നും അവളും പറഞ്ഞില്ല. പതിവുപോലെ വെളുപ്പിനെ ഉണർന്ന് കുളിച്ച് പൂജ മുറിയിൽ വിളക്ക് വെച്ച് ബാല അടുക്കളയിൽ കയറി. തന്റെ ജോലികൾ ചെയ്ത് തുടങ്ങുമ്പോഴേക്കും അമ്മയും എഴുന്നേറ്റു വന്നു." മോളെ പെട്ടന്ന് ഒരുങ്ങാൻ നോക്ക്.ഇല്ലെങ്കിൽ അവൻ എവിടെ എങ്കിലും പോയ് കളയും. ജോലികൾ എല്ലാം ഞാൻ ചെയ്യാം."അമ്മ പറയുന്നത് കേട്ടപ്പോൾ,ബാല നന്ദന് ചായയും എടുത്ത് റൂമിലേക്ക് നടന്നു.അവനെ വിളിച്ച് ഉണർത്തി ചായ കൊടുത്തു.

"നേരത്തെ പോകണോ ഉച്ചയ്ക്ക് ഞാൻ വന്നിട്ട് വിട്ടാൽ മതിയോ?ഒരു മീറ്റിംഗ് ഉണ്ട് നീ ഒരുങ്ങി വരുമ്പോഴേക്കും നേരം വൈകും.ഞാൻ പോയിട്ട് വരാം."

മുണ്ട് മുറുക്കി ഉടുത്ത് നന്ദൻ എഴുന്നേറ്റു.

"ശരി ഉച്ചയ്ക്ക് വരണം ഞാൻ ചെല്ലാം എന്ന് വിളിച്ചു പറഞ്ഞു.അച്ചമ്മ നോക്കി ഇരിക്കും."

ഒരു വിസമതവും പ്രകടിപ്പിക്കാതെ പറഞ്ഞു ബാല.

"നല്ല കുട്ടി." അവളുടെ കവിളിൽ ഒന്ന് വലിച്ചു കൊണ്ട് തോർത്ത് എടുത്ത് കഴുത്തിൽ ചുറ്റി കൊണ്ട് പടികൾ ഇറങ്ങി താഴേക്ക് പോയി നന്ദൻ.അടുക്കള വാതിൽ കടന്ന് കുളത്തിലേക്ക് നടന്നു. കുളി കഴിഞ്ഞ് നന്ദൻ വരുമ്പോഴേക്കും പ്രാതൽ എടുത്തു വെച്ചിരുന്നു ബാല. മോളെയും എഴുന്നേൽപ്പിച്ചു കുളിപ്പിച്ചു ബാല.നേഴ്സറിയിൽ പോകണ്ട എന്ന് പറഞ്ഞപ്പോൾ മോൾക്ക് സന്തോഷമായി.അച്ഛൻ കഴിച്ച് കഴിഞ്ഞ് പൂമുഖത്ത് പേപ്പർ വായിച്ച് ഇരുന്നു.നന്ദൻ പെട്ടന്ന് ഡ്രസ്സ് മാറി വേഗം വരാം എന്ന് പറഞ്ഞ് ഇറങ്ങി. ഉച്ചയ്ക്ക്  ബാല കഴിക്കാതെ കാത്തിരുന്നു. നന്ദൻ വന്നില്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ്റെ ഫോണിലേക്ക് ആരോ വിളിച്ചതും തിടുക്കത്തിൽ അച്ഛൻ പുറത്തേക്ക് പോകുന്നത് കണ്ടു ബാല.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ