ഭാഗം 15
മുറിയിൽ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നന്ദൻ. ജലദോഷ പനി വന്നാൽ പോലും, തൻ്റെ അരികിൽ നിന്നും മാറാതെ ശുശ്രൂഷിക്കുന്നവളാണ് ബാല. തുളസി വെള്ളവും ചുക്ക് കാപ്പിയും മാറി മാറി കൊണ്ട് വരും. തൊട്ട് തലോടി അരികിൽ നിന്നും മാറില്ല... എന്നിട്ടും താൻ ഈ അവസ്ഥയിൽ ആയിട്ട്... ഇട്ടുപോയി.!!
വേണ്ട... നന്ദന് ആരും വേണ്ട!! പുറമേക്ക് പരിക്കുകൾ ഒന്നും ഇല്ല എങ്കിലും, ശരീരം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു അവന്. മനസ്സും ശരീരവും ഒന്ന് പോലെ വേദനിച്ചു. അവൻ്റെ നെറ്റിയിലെ മുറിവ് വലിയുന്നതിൻ്റെ വേദന തലയിൽ പെരുപ്പ് പോലെ തോന്നി അവന്. പതിയെ ബെഡിൽ കിടന്നു അവൻ. ബെഡിൽ ബാല ഊരിയിട്ട് പോയ വസ്ത്രങ്ങൾ ചിതറി കിടന്നു. നന്ദൻ അവളുടെ സാരി മാറോടു ചേർത്തു പിടിച്ചു.. ബാലയുടെ ഗന്ധം മൂക്കിലേക്ക് ആവാഹിച്ചു അവൻ. വാശിയോടെ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്നാലും... നിനക്ക് എന്നെ വേണ്ടതായി അല്ലേ? ഈ നന്ദേട്ടനെ വിട്ട് പോകാൻ...നിനക്ക് കഴിഞ്ഞു..നിന്നെയും മോളെയും കാണാതെ ഇരിക്കാൻ എനിക്ക് കഴിയുമോ....മാളൂ..." നന്ദൻ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു. അടുത്ത നിമിഷം സാരി അവൻ വലിച്ച് മുക്കിലേക്ക് എറിഞ്ഞു.കണ്ണുകൾ അമർത്തി തുടച്ചു നന്ദൻ.
"വേണ്ട...എന്നെ വേണ്ടാതെ പോയതല്ലേ നീ? എനിക്കും വേണ്ട...ഇനി നിന്നെ ഓർത്തു കരയില്ല ഞാൻ.ആരുടെ പിന്നാലെയും വരില്ല ഞാൻ. വാശി നിനക്ക് മാത്രം അല്ല..എനിക്കും ഉണ്ട്." പറഞ്ഞു കൊണ്ട് ചെരിഞ്ഞ് കിടന്നു അവൻ.
"മോനേ.... ദാ ഇത് കുടിക്ക്.." അമ്മയുടെ ശബ്ദം കേട്ട് നന്ദൻ എഴുന്നേറ്റ് ഇരുന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ട് തല താഴ്ത്തി ഇരുന്നു നന്ദൻ. മകൻ്റെ ഇരിപ്പ് കണ്ട് പറയാൻ വന്ന കാര്യം വിഴുങ്ങി അമ്മ.ചായ കൊടുത്തു കൊണ്ട് തിരിഞ്ഞ് നടന്നു അവർ. ഒരു കണക്കിന് ആശ്വാസം തോന്നി നന്ദന്. ഒരു കുറ്റപ്പെടുത്തൽ ഒഴിവായി കിട്ടിയല്ലോ..
ഇതേസമയം ഓരോരുത്തരും പറയുന്നത് കേട്ട് മറ്റേതോ ചിന്തയിലായിരുന്നു ബാല. അമ്മയും അമ്മായിയും പാപ്പനും എല്ലാം നന്ദനെ മത്സരിച്ച് കുറ്റം പറയുകയായിരുന്നു. അച്ഛമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ബാല. ആരോടും ഒന്നും പറയാൻ തോന്നിയില്ല അവൾക്ക്. വല്യച്ഛൻ ഗൗരവത്തിൽ എല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ട്.
"എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. കുറച്ചിസം കഴിഞ്ഞാൽ എല്ലാം ശരിയാവും. അതുവരെ ൻ്റെ കുട്ടിക്ക് ഇത്തിരി സമാധാനം കൊടുക്ക. പിന്നെ നാളെ ജീതുവിന്റെ വീട്ടിൽ നിന്ന് വരുന്നവർ ആരും ഈ കാര്യം അറിയേണ്ട. എല്ലാവരും ശ്രദ്ധിക്കണം. തീ ഉണ്ടാക്കാൻ എളുപ്പമാണ്, ആളിപ്പടർന്നു കഴിഞ്ഞാൽ അണക്കാൻ എളുപ്പമല്ല.. ആരും മറന്നു പോകരുത് അത്. ഇതേപ്പറ്റി ഇനി ചർച്ച വേണ്ട.!!" അവസാനം താക്കീതോടെ പറഞ്ഞു അച്ഛമ്മ. അധികം ആരോടും എതിരഭിപ്രായം പറയാറില്ല അച്ഛമ്മ. എന്നാൽ അച്ഛമ്മയുടെ തീരുമാനമാണ് അന്തിമം. അതുകൊണ്ടുതന്നെ എല്ലാവരുടെയും നാവാടഞ്ഞു. ബാലക്കും അതൊരു ആശ്വാസമായിരുന്നു. ഇനി ആരും കുറ്റം പറയുന്നത് കേൾക്കണ്ടല്ലോ.
"മോള് റൂമിലേക്ക് ചെല്ല്. ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ക്ഷീണം മാറും." അച്ഛമ്മ പറഞ്ഞപ്പോൾ റൂമിലേക്ക് നടന്നു ബാല. മോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. കുറച്ച് അധികം സമയം കരഞ്ഞതു കൊണ്ടായിരിക്കാം, അവിടെ നിന്ന് എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങി. താഴെ റൂമിൽ ആണ് കിടത്തിയിരിക്കുന്നത്. കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന മേശപ്പുറത്ത് വിവാഹ ഫോട്ടോ ഇരിക്കുന്നത് കണ്ട് അവളുടെ ഹൃദയം വേദനിച്ചു. ആ ഫോട്ടോയിലുള്ള നന്ദൻറെ രൂപത്തിലൂടെ വിരൽ ഓടിച്ചു അവൾ.
"ന്നാലും എന്നെക്കാളും മോളെക്കാളും വലുത് പാർട്ടിയാണ് അല്ലേ? നന്ദേട്ടന്റെ ജീവിതത്തിൽ എനിക്കൊരു സ്ഥാനവുമില്ല!!" അനുസരണയില്ലാതെ മിഴികൾ നിറഞ്ഞൊഴുകി അവളുടെ.ബെഡിൽ ഇരുന്നു ബാല.ഫോട്ടോയിൽ തന്നെ നോക്കി കൊണ്ട്. പുറത്ത് ഇരുട്ടിന് കനം വെച്ച് തുടങ്ങി.ബാല മനസ്സിനെ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ തന്നെ ചോദ്യവും ഉത്തരവും കണ്ടുപിടിച്ചു. നന്ദേട്ടൻ തന്നെ കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയോടെ തന്നെ കിടന്നു അവൾ. നന്ദനെ മനസ്സിൽ ഓർത്തുകൊണ്ട്. എല്ലാവരും ഉള്ളതുകൊണ്ട് തന്നെ അത്താഴം വേണ്ടെന്നു പറഞ്ഞിട്ടും, നിർബന്ധിച്ചു കഴിപ്പിച്ചു എല്ലാവരും കൂടി അവളെ.. ആഹാരത്തിന് പതിവ് രുചിയൊന്നും തോന്നിയില്ല അവൾക്ക്. അതെ അവസ്ഥയിലൂടെ തന്നെയായിരുന്നു നന്ദനും. ആവി പറക്കുന്ന കഞ്ഞിയും, ചുട്ടരച്ച ചമ്മന്തിയും നാവിലെ രുചി മുകുളങ്ങളെ ഉണർത്തിയില്ല.
ഉറക്കമില്ലാതെ കിടക്കുമ്പോൾ, തിരിച്ചറിയുകയായിരുന്നു നന്ദൻ ഇടതു നെഞ്ചിൽ, ബാലയുടെ ഭാരമില്ലാതെ തനിക്കുറങ്ങാൻ കഴിയില്ല എന്ന്..!! അന്നത്തെ രാത്രി വേഗം അവസാനിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോയി അവൻ. പുലരാൻ തുടങ്ങുമ്പോൾ ആണ് ഉറക്കം കൺപോളകളെ തഴുകിയത് അവൻ്റെ. നേരത്തെ എഴുന്നേറ്റിട്ടും എവിടേക്കും പോകാനില്ലാത്തത് കൊണ്ട് തന്നെ ചൂളി കൂടി കിടന്നു നന്ദൻ. ഒന്നിനും ഉത്സാഹം തോന്നിയില്ല ബാലക്ക്. അമ്മ ശകാരിച്ചപ്പോഴാണ് കുളിച്ച് വേഷം മാറിയത്.
ജീതുവിന്റെ വീട്ടിൽ നിന്നും കൃത്യസമയത്തു തന്നെ എല്ലാവരും എത്തി. വീടും വീട്ടുകാരെയും വന്നവർക്കും ഇഷ്ടപ്പെട്ടു. അടുത്തൊരു മുഹൂർത്തത്തിൽ നിശ്ചയം നടത്താമെന്ന് കാരണവന്മാർ പറഞ്ഞു. അടുത്തമാസം തന്നെ നിശ്ചയവും അതിനടുത്ത മാസം കല്യാണവും.. ഉണ്ണിയുടെ കാര്യത്തിൽ തീരുമാനമായി. എല്ലാവർക്കും വളരെയേറെ സന്തോഷമുണ്ട്. എല്ലാവരും നന്ദനെ കുറിച്ച് തിരക്കി. ചോദ്യങ്ങൾക്കു മുമ്പിൽ പലപ്പോഴും പതറിപ്പോയി ബാല. അവർ പോയി വൈകിട്ടോടെ വീട്ടിൽ നിന്ന് ബന്ധുക്കളും പിരിഞ്ഞു. പാപ്പനും അമ്മായിയും പോകുമ്പോൾ, തറവാട്ടിലേക്ക് അച്ഛമയും തിരികെ പോയി. എല്ലാവരും പോയതോടെ, വീണ്ടും ഒറ്റപ്പെട്ടു പോയതുപോലെ തോന്നി അവൾക്ക്. ഓരോ ദിവസവും കടന്നു പോയിക്കൊണ്ടിരുന്നു. അമ്മയും അച്ഛനും ഉണ്ണിയും അവരുടേതായ ലോകത്തിലേക്ക് കടന്നു. അമ്മ വിമൻസ് ക്ലബ്ബിൽ പോയി തുടങ്ങി. അച്ഛൻ ബിസിനസ് തിരക്കിലും.. ഉണ്ണി ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ, ജീതുവുമായി സംസാരത്തിലാണ്. ശരിക്കും ഒറ്റപ്പെടൽ അറിഞ്ഞു തുടങ്ങി ബാല.
(തുടരും)