ഭാഗം 20
നന്ദൻ ആകെ അപ്സെറ്റ് ആയിരുന്നു. അവൻ എന്തൊക്കെയോ പുലമ്പി കൊണ്ട് ചുവരിൽ ചാരി നിന്നു. കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ട്. ഉണ്ണി പറഞ്ഞതൊന്നും അവൻറെ മനസ്സിനു ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. "ഇങ്ങനെ ടെൻഷൻ ആകാതെ.. ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ ഡോക്ടറോട് സംസാരിച്ചോളൂ.. പക്ഷേ എത്രയും പെട്ടെന്ന് മോൾക്ക് ഓപ്പറേഷൻ ചെയ്യണം. ഇനിയും അധിക സമയമില്ല നമുക്ക് മുന്നിൽ." ഉണ്ണി നന്ദന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "ഇല്ല...ഉണ്ണി.. എനിക്ക്.. എൻ്റെ മോൾക്ക് ഒന്നുമില്ല.. ചിരിച്ചു കളിച്ചു ഓടി നടന്നതാ എൻ്റെ മോള്.." വാശിയോടെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു നന്ദൻ.
"നന്ദാ... മോളെ വെച്ച് നാടകം കളിക്കേണ്ട കാര്യമൊന്നുമില്ല ഞങ്ങൾക്ക്. മോളെ ഞങ്ങൾക്കും പ്രാണനാണ്.. അവളെ വെച്ച് ഒരു കളിക്കും മുതിരില്ല ഈ ബാലഗോപാലൻ നായർ. അതുകൊണ്ട് ഞങ്ങളെ വിശ്വാസമില്ലെങ്കിൽ നിനക്ക് ഡോക്ടറോട് സംസാരിക്കാം. അല്ലെങ്കിൽ വേണ്ട ഡോക്ടർ നേരിട്ട് പറയുമ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലോഎന്ന് കരുതി പറഞ്ഞതാണ്. നീ തന്നെ ഡോക്ടറോട് സംസാരിക്കൂ.. ഞങ്ങൾ പുറത്തു നിൽക്കാം. വാ നമുക്ക് ഡോക്ടറുടെ റൂമിലേക്ക് പോകാം."
പറഞ്ഞുകൊണ്ട് ബാലഗോപാലൻ നായർ നടന്നു. പിന്നാലെ വിറക്കുന്ന കാലടികളോടെ നന്ദനും അവൻറെ തോളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഉണ്ണിയും നടന്നു. ഡോക്ടറുടെ മുറിയിൽ നിൽക്കുന്ന നേഴ്സിനോട് വിവരം പറഞ്ഞു. ഓ പിയിൽ ആളുകളെ നോക്കുകയായിരുന്നു ഡോക്ടർ ഈ സമയം. 5 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു നേഴ്സ്. നന്ദൻ അവിടെ കണ്ട കസേരയിലേക്ക് തളർന്നിരുന്നു. ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു നന്ദന്റെ. ശരീരം കുഴയുന്നതുപോലെ.. ഒരു നിമിഷം ബാലയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി. ബാല ഈ വിവരം അറിഞ്ഞാൽ? ചങ്കുപൊട്ടി മരിക്കും ഉറപ്പ്!! തനിക്കോ മോൾക്കോ എന്തെങ്കിലും വരുന്നത് സഹിക്കാൻ പോലും കഴിയില്ല അവൾക്ക്. ഇല്ല ഒന്നും സംഭവിക്കില്ല തന്റെ പൊന്നുമോൾക്ക്.. മനസ്സിൽ ഒരു തവണയല്ല ആയിരം തവണ പറഞ്ഞു പഠിപ്പിച്ചു നന്ദൻ.
റൂമിൽ ഉണ്ടായിരുന്ന പേഷ്യന്റ് ഇറങ്ങിയപ്പോൾ, സിസ്റ്റർ അവരെ അകത്തേക്ക് വിളിച്ചു. നന്ദൻ മാത്രമാണ് കയറിയത്. ഡോക്ടർ സാവധാനം കാര്യങ്ങൾ പറയാൻ തുടങ്ങി. അപ്പോഴും നന്ദൻ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.. അവൻ കുറേ വാദഗതികൾ നിരത്തി. ഒടുവിൽ മോളുടെ സ്കാനിങ് റിപ്പോർട്ടും ചെയ്ത ഹൃദയത്തിന്റെ ഫോട്ടോ മോണിറ്ററിൽ കാണിച്ചുകൊണ്ട് വിശദമായി തന്നെ ഡോക്ടർ വിശദീകരിച്ചു കൊടുത്തു. അതോടെ നന്ദൻ വിയർത്തു കുളിച്ചു.
തന്റെ മോൾക്ക് കാര്യമായ അസുഖം ഉണ്ടെന്ന് തന്നെ മനസ്സിലാക്കി നന്ദൻ. "ഡോക്ടർ ഞാൻ എൻ്റെ മോളെ വേറെ എവിടെയെങ്കിലും കൊണ്ട് പോട്ടെ..? മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാം.." ദയനീയമായി പറഞ്ഞു ഡോക്ടറെ നോക്കി നന്ദൻ. " സീ മിസ്റ്റർ നന്ദൻ മോളെ നിങ്ങൾക്ക് എവിടെ ചികിത്സിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. പക്ഷേ കോംപ്ലിക്കേഷൻ ഉള്ള കേസ് ആകുമ്പോൾ, അതിന്റേതായ സീരിയസോടെ കാണാൻ ശ്രമിക്കണം. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനോട് എനിക്ക് അഭിപ്രായ കുറവില്ല. ബട്ട് എത്രയും വേഗം സർജറി ചെയ്യണം. അവിടെയാകുമ്പോൾ കാലതാമസം നേരിടും. ഇതുപോലുള്ള സർജറി ഇവിടെ ഉണ്ടാകണമെന്നില്ല. തിരുവനന്തപുരത്തോ മറ്റോ കൊണ്ടുപോകേണ്ടിവരും. ഈ ഹോസ്പിറ്റലിലും ഈ സർജറി ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് മറ്റൊരു സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഈ കേസ് റഫർ ചെയ്തത്. മെഡിക്കൽ കോളേജിൽ സർജറിക്ക് ഊഴം അനുസരിച്ച് കാത്തു നിൽക്കേണ്ടിവരും. എത്രയും പെട്ടെന്ന് ചെയ്താൽ അത്രയും നല്ലത്. കൊണ്ടുപോകുന്നെങ്കിൽ ആയിക്കോളൂ എന്തായാലും വേഗം വേണം. ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തൂ." അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് ഡോക്ടർ തൻറെ മുന്നിലിരിക്കുന്ന ഫയലിലേക്ക് മിഴികൾ താഴ്ത്തി.
നന്ദൻ ആടിയുലഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു. പുറത്തേക്ക് നടക്കുമ്പോൾ, കാലിടറി വീഴാൻ പോയി അയാൾ. ചുവരിൽ പിടിച്ച് വീഴാതെ പുറത്തേക്ക് നടന്നു നന്ദൻ. പുറത്ത് ബാലഗോപാലൻ നായരും ഉണ്ണിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. നന്ദൻറെ ഭാവം കണ്ടപ്പോൾ, ഡോക്ടർ എല്ലാം പറഞ്ഞു എന്ന് അവർക്ക് മനസ്സിലായി. "എൻ്റെ മോൾക്ക് സർജറി ചെയ്യണമെന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞത്.. എൻ്റെ മോളുടെ ജീവൻ രക്ഷിച്ചേ പറ്റൂ.." നിസ്സഹായതയോടെ പറഞ്ഞു അവൻ.
"സർജറി എത്രയും പെട്ടെന്ന് ചെയ്യണം..നിൻ്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ? സർജറിക്ക് 25 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് പറഞ്ഞത്. അതുകഴിഞ്ഞ് ഹോസ്പിറ്റലിൽ തുടരണം. ഒത്തിരി പൈസക്ക് ചിലവുണ്ട്." ബാലഗോപാലൻ നായർ പറഞ്ഞപ്പോൾ, നന്ദൻ ഞെട്ടി കൊണ്ട് അയാളെ നോക്കി. 25 ലക്ഷം.. ഒരു രൂപ പോലും എടുക്കാനില്ലാത്ത താൻ എവിടെപ്പോയി ഉണ്ടാകും? അവൻറെ മനസ്സ് ആവർത്തിച്ചു ചോദിച്ചു അവനോട് ആ ചോദ്യം. ഈ സമയം ബാലഗോപാലൻ നായരുടെ അനിയൻ അവിടേക്ക് വന്നു. അനിയനെ കണ്ടപ്പോൾ ബാലഗോപാലൻ നായർ അയാളുടെ അടുത്തേക്ക് പോയി. വിവരങ്ങളെല്ലാം അനിയനെ ധരിപ്പിച്ചു. "ബാലേട്ടാ.. ഇത് നമുക്ക് വീണു കിട്ടിയ അവസരമാണ്. ഇപ്പോൾ പ്രാവർത്തികമാക്കിയാൽ, നന്ദൻ എന്നന്നേക്കുമായി ബാലമോളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും. ഏട്ടൻ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തണം. ആദ്യം കുറച്ചു വിഷമം തോന്നുമെങ്കിലും, പിന്നീട് മോൾ അത് ഉൾക്കൊള്ളും. ഈ ഓപ്പറേഷൻ നടത്താൻ എന്തായാലും നന്ദനെ കഴിയില്ല. ഇനി അഥവാ നന്ദൻറെ അച്ഛൻ ശ്രമിച്ചാലും, പറമ്പോ മറ്റോ വിൽക്കാനും കാലതാമസം നേരിടും. ഇപ്പോൾ പിടിച്ചാൽ എന്നെന്നേക്കുമായി നന്ദൻ ഒഴിഞ്ഞു പൊക്കോളും." അനിയൻ പറയുന്നത് കേട്ട് ആലോചനയോടെ ബാലഗോപാലൻ നായർ നന്ദനെ നോക്കി. അവൻറെ ഈ അവസ്ഥയിൽ വിലപേശുന്നത് എങ്ങനെ? മാത്രമല്ല ബാല അവനെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. ഇപ്പോൾ അറിഞ്ഞില്ലെങ്കിലും പിന്നീട് ബാലഅറിഞ്ഞാൽ!!! വേണ്ട അതൊന്നും ശരിയാവില്ല.. തന്റെ സ്വത്തുക്കൾക്ക് പാതി അവകാശി ബാലയാണ്. മാത്രമല്ല നിഷ്പ്രയാസം ഈ ഓപ്പറേഷൻ നടത്താൻ കഴിയും തനിക്ക്. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ തന്റെ മകൾ തന്നെ വെറുക്കും.. ജീവൻ തന്നെ വേണ്ടെന്നു വെച്ചന്നു വരും അവൾ. പാടില്ല നിച്ചു മോളുടെ ജീവൻ വെച്ച് ഒരു കളിക്കും താനില്ല. മനസ്സിൽ ഉറപ്പിച്ചു ബാലഗോപാലൻ നായർ. "അതൊന്നും ശരിയാവില്ല. ഈ അവസ്ഥയിൽ അവനോട് വിലപേശുന്നത് ശരിയല്ല. മോളുടെ ഓപ്പറേഷൻ ഞാൻ നടത്തും." അനിയനെ നോക്കി തന്റെ തീരുമാനം പറഞ്ഞു അയാൾ. "ബാലേട്ടാ നമുക്ക് വീണ കിട്ടിയ അവസരം മുതലാക്കണം. എന്നെന്നേക്കുമായി നന്ദനെ ഒഴിവാക്കാൻ കിട്ടിയ അവസരമാണ്." അനിയൻ വീണ്ടും പറഞ്ഞു. ഇല്ല അത്രയ്ക്കും നീചനല്ല ബാലഗോപാലൻ നായർ.. അയാൾ മറ്റൊന്നും പറയാതെ നന്ദന്റെ അരികിലേക്ക് വന്നു.
"അച്ഛാ ഞാൻ അച്ഛനോട് സംസാരിക്കട്ടെ.. വീട് പണയപ്പെടുത്തി ആരുടെയെങ്കിലും കയ്യിൽ നിന്ന് കുറച്ചു പൈസ കിട്ടുമോ എന്ന്." പറഞ്ഞുകൊണ്ട് നന്ദൻ വിസിറ്റേഴ്സ് റൂമിലേക്ക് പോയി. അച്ഛനോട് നേരിട്ട് സംസാരിച്ചിട്ടില്ല വർഷങ്ങളായി താൻ.. ഇതിപ്പോൾ തൻ്റെ ആവശ്യമായി പോയല്ലോ.. നന്ദൻ വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ പകച്ചു നിന്നു അച്യുത മേനോൻ. "മോനെ അതിന് നമ്മുടെ വീടിൻ്റെ ആധാരം സൊസൈറ്റിയിൽ പണയത്തിലാണ്. ശ്രീദേവിയുടെ വിവാഹ ആവശ്യത്തിന് വേണ്ടി കടമെടുത്തതാണ്. മാസം മാസം നല്ലൊരു തുക സൊസൈറ്റിയിൽ അടയ്ക്കാൻ ഉണ്ട്. എല്ലാം തീർത്ത് ആധാരം കയ്യിൽ കിട്ടണമെങ്കിൽ, 5 ലക്ഷം കൂടി അടയ്ക്കേണ്ടി വരും. അതിപ്പോ എങ്ങനെ ചെയ്യും?" അച്ഛൻ കൈമലർത്തിക്കൊണ്ട് ചോദിച്ചപ്പോഴാണ്, താൻ അതൊന്നും അറിഞ്ഞ കാര്യമല്ലെന്ന് മനസ്സിലാക്കിയത്. ശ്രീദേവിയുടെ വിവാഹ കാര്യം വന്നപ്പോൾ അമ്മ തന്നോട് സംസാരിച്ചിരുന്നു അന്ന് താൻ കൂടുതൽ ഒന്നും ശ്രദ്ധിക്കാതെ അച്ഛൻ എന്താണ് വെച്ചാൽ ചെയ്യട്ടെ എന്ന് പറഞ്ഞു. ആർഭാടമായി തന്നെയാണ് ശ്രീദേവിയുടെ വിവാഹം കഴിഞ്ഞത്. അതിനു പുറകെ അത്യാവിശം ഗംഭീര രീതിയിൽ തൻ്റെ വിവാഹവും. രണ്ടു വിവാഹവും നടത്തിയത് അച്ഛൻ തന്നെയായിരുന്നു. അച്ഛനോട് പൈസ എവിടെ നിന്നാണ് എന്നൊന്നും ഇന്നേവരെ താൻ അന്വേഷിച്ചിട്ടുമില്ല..!! ആദ്യമായി കുറ്റബോധം തോന്നി നന്ദന്. സ്വന്തം മകളുടെ ചികിത്സയ്ക്ക് ഇരക്കേണ്ടിവരുന്ന അച്ഛൻ.. ഇത്ര വർഷത്തിനിടയ്ക്ക് താൻ എന്ത് സമ്പാദിച്ചു? സഖാവ് നന്ദൻ എന്ന പേരോ? സ്വയം തന്നോട് തന്നെ ചോദിച്ചു അവൻ.
(തുടരും)