mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 28

ഓ. പി യിലുള്ള തന്റെ കൺസൾട്ടേഷൻ മുറിയിൽ, ജൂനിയറായ ഡോക്ടർ സാമിനോട്, അന്വേഷണത്തിന്റെ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ഡോക്ടർ വിനോദ്.

"ശാലിനിയുടെ മരണവുമായി ബന്ധപ്പെട്ട്, പോലീസ് ഇൻസ്പെക്ടർ ഇവിടെ വന്നിരുന്നോ?"

"ആദ്യ ദിവസങ്ങളിലൊക്കെ വന്നിരുന്നു. സാറിനെ തിരക്കുകയും ചെയ്തു."

"എന്നിട്ട്?"

"നിങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയൊന്നും ഞാൻ പറഞ്ഞില്ല. കുറച്ചുദിവസം അവിയെടുത്ത്, ഡോക്ടർ ഇവിടെ നിന്നും മാറിനിന്നത് ഏതായാലും നന്നായി. ആ കുട്ടി ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പോലീസിന്റേയും നിഗമനം."

"അങ്ങനെ ആയിരിക്കില്ല സാം. ആ പോലീസ് ഇൻസ്പെക്ടറോട് ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു."

"ഇനിയെന്തിനാണ് ഡോക്ടർ, അതിന്റെ യൊക്കെ പിറകേ നടന്ന് സമയം കളയുന്നത്? പോയവർ പോയില്ലേ, ഉറക്കത്തിൽ കണ്ടൊരു സ്വപ്നമാണെന്നു കരുതി എല്ലാം മറന്നു കളയൂ.''

"അവളുടെ ഓർമകൾ എന്നെ വേട്ടയാടുന്നു സാം. ആശുപത്രിയിലെ ആളൊഴിഞ്ഞ കോണിലൊക്കെ അവൾ നിൽക്കുന്നതായി തോന്നുകയാണ്. ഇന്നലെ ഐ സി യു വിലേക്ക് പോകുമ്പോൾ, മുന്നിലൂടെ അവൾ നടന്നു പോകുന്നത് ഞാൻ കണ്ടു. അവളുടെ തേങ്ങലും കരച്ചിലുമൊക്കെ ഞാൻ കേട്ടു. എല്ലാം മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല."

"ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്? ഇതെല്ലാം മനസ്സിന്റെ വെറും തോന്നലാണ്. പിന്നേ മണ്ണാങ്കട്ട, മരിച്ചുപോയവർ മുന്നിൽ വന്നു നിന്ന് കരയുകയല്ലേ! ഡോക്ടർ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ? എല്ലാം തോന്നലുകളാണ്. ഞാൻ പോകുന്നു. പിന്നെ കാണാം."

ഡോക്ടർ സാം പോയിക്കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറന്നു വന്ന നഴ്സ്  പറഞ്ഞു:

"ഡോക്ടർ വിനോദിനെ കാണാൻ ഒരു പോലീസ് ഓഫീസർ വെയിറ്റ് ചെയ്യുന്നുണ്ട്."

"വരാൻ പറയൂ.''

ഇൻസ്പെക്ടർ അരുൺ പോൾ വന്ന് അഭിമുഖമായി ഇരുന്നു..

"ഗുഡ് മോർണിങ് ഡോക്ടർ."

"ഗുഡ് മോർണിങ്, അന്വേഷണങ്ങളൊക്കെ എന്തായി സാർ?"

"അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ് ഡോക്ടർ. അപകടമരണമാണോ ആത്മഹത്യയോ ആയിരിക്കുമെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്."

"അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല സാർ. അതെനിക്കുറപ്പാണ്."

"എങ്കിൽ അപകടമരണം ആയിരിക്കും. ആരേയും സംശയിക്കാനുള്ള സാദ്ധ്യത കാണുന്നില്ല."

"ആ ഗ്രീഷ്മയെ ഒക്കെ ചോദ്യം ചെയ്തിരുന്നോ?"

"ഉവ്വ്. ഒരു കൊലപാതകത്തിന്റെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. മരിച്ചു പോയ കുട്ടിയുടെ വീട്ടുകാരിൽ നിന്നും കാര്യമായ പരാതിയൊന്നും ലഭിച്ചിട്ടുമില്ല. കേസ്സുമായി മുന്നോട്ടു പോകാൻ അവർക്കു താൽപ്പര്യമില്ലെന്നാണ് തോന്നുന്നത്."

"എന്നാലും ആ കുട്ടിയുടെ ആത്മാവിന് നീതി കിട്ടണ്ടേ സാർ? അവർക്ക് താൽപ്പര്യമില്ലെങ്കിൽ ഞാൻ കേസ്സ് നടത്തിക്കോളാം."

"ഡോക്ടർ ഇതിൽ ഇടപെടുന്നത് ശരിയല്ല. കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ... ശാലിനിയുടെ വീട്ടുകാരോട് ഞാൻ ഒന്ന് സംസാരിക്കട്ടെ."

"അവളെ അപകടപ്പെടുത്തിയത് ആരാണെന്ന് കണ്ടുപിടിക്കണം സാർ. ഇതെന്റെ ഒരു റിക്വസ്റ്റ് ആണ്."

"പരമാവധി ശ്രമിക്കാം ഡോക്ടർ, എങ്കിൽ ഞാനിറങ്ങട്ടെ..."

ഇൻസ്പെക്ടർ അരുൺ പോൾ പോയതിനു ശേഷം, പുറത്ത് കാത്തിരിക്കുന്ന രോഗികളെ പരിശോധിക്കുന്നതിൽ ഡോക്ടറും വ്യാപൃതനായി.

ശാലിനിയുടെ മരണം, വീട്ടുകാരേയും നാട്ടുകാരേയും ഒരുപോലെ തളർത്തി. ആ ദു:ഖത്തിൽ നിന്നും മോചിതരാവാതെ അവർ വിലപിച്ചു കഴിഞ്ഞു. കൃഷിക്കാരായ അവളുടെ മാതാപിതാക്കൾ, പണിക്കൊന്നും പോകാതെ പുരയ്ക്കുള്ളിൽ തന്നെ കഴിഞ്ഞുകൂടി.

അവറാച്ചൻ മുതലാളിയുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ശോശാമ്മച്ചിയുടെ പരിദേവനങ്ങളിൽ ശാലിനി എന്നും നിറഞ്ഞു നിന്നു.

അവറാച്ചൻ മുതലാളി ഫോണിൽ ആരോടോ സംസാരിക്കുന്നതു കേട്ട് ശോശാമ്മച്ചേടത്തി ചോദിച്ചു:

"ആരോടാണ് മനുഷ്യാ, നിങ്ങൾ സംസാരിക്കുന്നത്?"

അതിനുത്തരമൊന്നും പറയാതെ അയാൾ സംസാരം തുടർന്നുകൊണ്ടിരുന്നു.

"പോകാനുള്ളവർ പോയില്ലേ, ഇനി കേസ്സിന്റെ പിറകേ പോയിട്ടൊന്നും ഒരു കാര്യവുമില്ല സാറേ... അവളുടെ മരണത്തിന് കാരണമായവരെ പിടിച്ച് ജയിലിലിട്ടാൽ ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമോ? അവളുടെ മരണത്തിന് ആരെങ്കിലും കാരണമായിട്ടുണ്ടെങ്കിൽ, അവരെ ദൈവം ശിക്ഷിച്ചോളും."

"അങ്ങനെയാണെങ്കിൽ ആ ഫയലങ്ങ് ക്ലോസ് ചെയ്യാമല്ലോ അല്ലേ?"

"അതൊക്കെ നിങ്ങളുടെ ഇഷ്ടം."

"ഒരു കാര്യം കൂടി പറയാനാണ് ഞാൻ വിളിച്ചത്."

"എന്താണ് സാർ?"

"ആ കുട്ടിയുടെ മരണാനന്തരച്ചടങ്ങുകൾ ഒക്കെ ചെയ്തിരുന്നോ?"

"അതെന്താണ് സാർ, അങ്ങനെ ചോദിച്ചത്? ചെയ്യാനുള്ള കർമങ്ങളൊക്കെ ചെയ്തു കഴിഞ്ഞതാണല്ലോ."

"എങ്കിൽ ഒന്നുകൂടി ചെയ്യുന്നതാണ് നല്ലത്. അവളുടെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് ഹോസ്റ്റലിലെ കുട്ടികൾ പറയുന്നത്. രാത്രിയിൽ അവളെ പലരും കണ്ടിട്ടുണ്ടത്രേ..."

"അതൊക്കെ വെറുതേ പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാണ്."

"ഏതായാലും ഞാൻ പറഞ്ഞത് നിസ്സാരമായി തള്ളിക്കളയണ്ട, ചിലപ്പോൾ അവൾ നിങ്ങളക്കാണാനും വന്നേക്കും."

"അവളെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചിരിക്കുകയാണ്."

"എങ്കിൽ ശരി മുതലാളി, ഞാൻ വയ്ക്കട്ടെ, ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിക്കാം."

"ആയിക്കോട്ടെ സാർ."

ഫോൺ കട്ട് ചെയ്തെങ്കിലും ഇൻസ്പെക്ടർ പറഞ്ഞ കാര്യങ്ങൾ, മുതലാളിയുടെ മനസ്സിനെ അസ്വസ്ഥമാക്കി. വേഗം തന്നെ പണിക്കാരനെ വിട്ട് ശാലിനിയുടെ അച്ഛനെ വീട്ടിലേക്ക് വരുത്തി.

"മുതലാളി എന്തിനാണ് വിളിപ്പിച്ചത്?"

"ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു. ശാലിനിയുടെ ആത്മാവിന് മോക്ഷം കിട്ടാൻ വേണ്ടി നിങ്ങളുടെ വിശ്വാസപ്രകാരം ഒരു പൂജനടത്തി ബലിയിടണം. പൂജാരിയെ വിളിച്ച് നാളെത്തന്നെ ആ കർമം ചെയ്യണം."

"എല്ലാ കർമങ്ങളും ചെയ്തതാണല്ലോ മുതലാളീ.... പിന്നെ എന്തിനാണ് ഇപ്പോൾ പ?"

പോലീസ് ഇൻസ്പെക്ടർ ശാലിനിയെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം അവരോട് വിവരിച്ചിട്ട് മുതലാളി അകത്തേക്ക് പോയി. അല്പസമയത്തിനുള്ളിൽ തിരിച്ചെത്തിയ മുതലാളി, ശാലിനിയുടെ അച്ഛന്റെ നേർക്ക് പൈസ നീട്ടിക്കൊണ്ട് പറഞ്ഞു:

"ഇത് വച്ചോളൂ... പോരാതെ വന്നാൽ പറഞ്ഞാൽ മതി."

"ശരി മുതലാളി, കർമങ്ങൾ നാളെത്തന്നെ ചെയ്തോളാം. ഇപ്പോൾത്തന്നെ പോയി പൂജാരിയെ ഏർപ്പാടാക്കണം."

"ശരിയെടാ... നാളെ വന്ന് വിവരങ്ങൾ പറയണം."

"പറയാമേ..."

അയാൾ പോയശേഷം ഒരു പിടി ചോദ്യവുമായി ശേശാമ്മച്ചി തന്റെ ഭർത്താവിനെ സമീപിച്ചു.

"ശാലിനിക്കൊച്ചിനെപ്പറ്റി നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്, അവളെ ആര് കണ്ടെന്നാണ് പറഞ്ഞത്?"

"അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല."

"അങ്ങനെ എനിക്ക് മനസ്സിലാവാത്ത എന്തു കാര്യങ്ങളാണ് അവനോട് പറഞ്ഞു കൊടുത്തത്?"

"ശോശാമ്മേ നീയൊന്നു മിണ്ടാതിരിക്കെടീ..."

"ഓ...ഞാനൊന്നും മിണ്ടുന്നില്ലേ..."

ശാലിനിയുടെ വേർപാടിന്റെ ദുഃഖം ശോശമ്മച്ചേടത്തിയുടെ മനസ്സിനെയെന്ന പോലെ, ശരീരത്തേയും അക്ഷരാർത്ഥത്തിൽ ബാധിച്ചിരുന്നു.

ഗ്രീഷ്മയും നീതുവും ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തിയപ്പോൾ, അവരേയും കാത്ത് ഇൻസ്പെക്ടർ അരുൺ പോൾ മേട്രന്റെ മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.

"നീതൂ...."

മാഡം വിളിക്കുന്നത് കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. തങ്ങളെ കണ്ടുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി വന്ന മേട്രൻ പറഞ്ഞു:

"നിങ്ങളെ കാണാൻ അരുൺ സാർ വന്നിട്ടുണ്ട്. രണ്ടുപേരും അകത്തേക്ക് ചെല്ലൂ..."

"ഗുഡ് ഈവനിംഗ് സാർ."

"ഗുഡ് ഈവനിംഗ്, നിങ്ങൾ എത്തിയോ? ഇരിക്കൂ... ഇന്നലെ രാത്രിയിൽ ദുരൂഹമായ ചില സംഭവങ്ങളൊക്കെ ഉണ്ടായെന്ന് മാഡം പറഞ്ഞു. അതിനെപ്പറ്റി കൂടുതൽ അറിയാനാണ് ഞാൻ വന്നത്. ശരിക്കും എന്താണുണ്ടായത് ഗ്രീഷ്മാ?"

"എന്നും പാതിരാത്രിയാകുമ്പോൾ അവൾ വരും."

"ആര്?"

"ആ ശാലിനി."

ഗ്രീഷ്മയുടെ മനസ്സിന് എന്തോ കാര്യമായ തകരാർ ഉള്ളതുപോലെ അരുണിന് തോന്നി.  എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച് ചികിത്സിച്ചില്ലെങ്കിൽ നില കൂടുതൽ വഷളാവുമെന്ന് അയാൾ ഭയന്നു.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ