mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 33

മോൾക്ക് എന്തു പറ്റിയതാണ് അച്ചായാ?"

"ഒന്നും വിശദമായി പറഞ്ഞില്ലെടാ, സുഖമില്ലെന്നും ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കയാണെന്നും ഞങ്ങൾ ഉടനെ തിരിക്കണമെന്നും പറഞ്ഞു. ബാക്കിയൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം."

"ഇപ്പോൾ മണി പത്തു കഴിഞ്ഞു; പാതിരാത്രി കഴിഞ്ഞാലേ അവിടെയെത്തുകയുള്ളൂ..."

"മലയിറങ്ങുമ്പോൾ സൂക്ഷിക്കണേ...നല്ല ഇരുട്ടാണ്. തെരുവ് വിളക്കുകൾ പോലുമില്ലാത്ത റോഡിൽക്കൂടിയുള്ള യാത്രയാണ്."

ഇരുവശത്തും റബർ മരങ്ങൾ തിങ്ങിനിറഞ്ഞ തോട്ടങ്ങളുടെ നടുവിൽക്കൂടിയുള്ള വീതി കുറഞ്ഞ റോഡിൽ കൂടി വളരെ പതുക്കെയാണ് വണ്ടി നീങ്ങിക്കൊണ്ടിരുന്നത്.

റബ്ബർ മരങ്ങളെ പിൻത്തള്ളി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ പാതയുടെ ഒരവശത്ത് കുറ്റിക്കാടുകൾ നിറഞ്ഞ കൊക്കകളായിരുന്നു. രാത്രിയായാൽ വന്യമൃഗങ്ങൾ കാടിറങ്ങി പാതയിലൂടെ സഞ്ചരിക്കാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 

"ഇത്രയും കൊല്ലത്തിന്നിടയിൽ ആദ്യമായിട്ടാണ് ഇതുവഴി രാത്രിയിൽ ഞാൻ സഞ്ചരിക്കുന്നത്."

"അപകടം പിടിച്ച വഴിയാണിത്. രാത്രിയായാൽ ആരും ഇതുവഴി വരാറില്ല."

"കൊച്ചിന്റെ കാര്യമായതു കൊണ്ടാണ് ഇപ്പോൾത്തന്നെ തിരിക്കാമെന്ന് കരുതിയത്. സാരമില്ലെടാ, തമ്പുരാൻ നമ്മുടെ കൂടെയുണ്ട്. ദേശീയപാതയിൽ ഇറങ്ങിക്കഴിഞ്ഞാൽപ്പിന്നെ പ്രശ്നമില്ല."

"ഞാൻ പതുക്കെയാണ് പോകുന്നത്. ദേശീയപാതയിലെത്താൻ ഇനി ഒരു മണിക്കൂറെങ്കിലും എടുക്കും."

"സമയമെടുത്ത് പതുക്കെ പോയാൽ മതി. ആപത്തൊന്നും ഉണ്ടാവാതെ നോക്കണമല്ലോ."

പിൻസീറ്റിൽ കണ്ണുകളടച്ച് ചാരിക്കിടന്നെങ്കിലും ഗ്രീഷ്മയുടെ അമ്മയ്ക്ക് അല്പം പോലും ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സു നിറയെ മകളെക്കുറിച്ചുള്ള ആധിയായിരുന്നു. ദേശീയ പാതയിൽ കൂടി സാമാന്യം വേഗതയിൽ ഓടിയിരുന്ന കാർ രണ്ടു മണിക്കു മുമ്പു തന്നെ ആശുപത്രി പരിസരത്തെത്തി.

"തമ്പുരാൻ കാത്തു. പ്രശ്നങ്ങളൊന്നും കൂടാതെ എത്തിയല്ലോ..! നീ ഉറങ്ങിപ്പോകുമോ എന്ന് ഭയന്ന് ഞാൻ ഉറങ്ങാതിരിക്കുകയായിരുന്നു. എന്നാൽ ഇടയിൽ അല്പസമയം അറിയാതെ ഞാനൊന്നു മയങ്ങുകയും ചെയ്തു."

"ഇന്നു പകൽ കുറച്ചു നേരം കിടന്നുറങ്ങിയിരുന്നതിനാൽ എനിക്കുറക്കമൊന്നും വന്നില്ല. ഇനി നേരം വെളുക്കുന്നതുവരെ ഉറങ്ങാമല്ലോ. നിങ്ങളെ അവിടെ ആക്കിയിട്ടു ഞാൻ വന്ന് വണ്ടിയിൽ കിടന്നോളാം. വരൂ..."

"എടീ നീ ഉറങ്ങുകയാണോ? സ്ഥലമെത്തി, ഇറങ്ങിക്കേ..."

"എത്തിയോ?"

സാധനങ്ങളുമായി മുൻപേ നടന്ന പൊന്നച്ചനെ അവർ അനുഗമിച്ചു.

"കൊച്ച് കിടക്കുന്നത് എവിടെയാണെന്നറിയാമോ?"

"ആരോടെങ്കിലും ചോദിക്കാം."

റിസപ്ഷൻ കൗണ്ടറിൽ മേശപ്പുറത്ത് തലവച്ചു കിടന്നു മയങ്ങുന്ന സ്റ്റാഫിനെ വിളിച്ചുണർത്തി ചോദിച്ചു:

"കുഞ്ഞേ, ഏതു മുറിയിലാണ് എന്റെ മകൾ കിടക്കുന്നത്?"

"മകളോ? രോഗിയുടെ പേര് എന്താണ്?"

"ഗ്രീഷ്മ ചെറിയാൻ."

"ആ നഴ്സിംങ് സ്റ്റുഡൻന്റ് ആണോ?"

"അതേ മോനേ, ഞങ്ങളുടെ മകളാണ്."

"ആ കുട്ടി ഐ.സി.യുവിലാണുളളത്, രണ്ടാമത്തെ നിലയിലാണ്."

"ഐ.സി.യുവിലോ? എന്താണ് അസുഖം?"

"അറിയില്ല അങ്കിൾ, അവിടെ ഡ്യൂട്ടിയിലുള്ള നഴ്സിനോട് ചോദിച്ചാൽ മതി. വിശദമായി അവർ പറയും."

"എന്റെ കൊച്ചിനെന്താണ് പറ്റിയത്, ചതിച്ചോ കർത്താവേ...."

ലിഫ്റ്റിൽ കയറി ഐ.സി.യു വാർഡിന്റെ മുന്നിലെത്തി. അവിടെ കണ്ട കസേരയിൽ സാധനങ്ങൾ ഒക്കെ വച്ചിട്ട് അവർ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കസേരകളിലൊക്കെ ഇരുന്ന് ചിലർ ഉറങ്ങുന്നുണ്ട്. ഉണർന്നിരിക്കുന്ന ആരേയും അവർ കണ്ടില്ല.

"ഇവിടെയെങ്ങും ആരേയും കാണുന്നില്ലല്ലോ, ആരോടാണ് ഒന്ന് ചോദിക്കുക?"

അവരുടെ നേരേ ഒരു പെൺകുട്ടി നടന്നു വരുന്നത് അവർ കണ്ടു.

"നിങ്ങൾ ഗ്രീഷ്മയുടെ പപ്പയും മമ്മിയും അല്ലേ?"

"അതേ കുഞ്ഞേ, അവളെ അറിയുമോ?"

"അവളുടെ കൂട്ടുകാരിയാണ് ഞാൻ. എന്റെ പേര് നീതു. നിങ്ങൾ എത്തുന്നതും കാത്തിരിക്കുകയായിരുന്നു ഞങ്ങൾ."

"കുട്ടിയുടെ കൂടെ വേറെ ആരെങ്കിലുമുണ്ടോ?"

"അഞ്ജലിയുണ്ട്, അവൾ അവിടെ ഇരിക്കുന്നുണ്ട്. ഉറങ്ങിപ്പോയി."

"മോളേ, ഞങ്ങളുടെ കൊച്ച് എവിടയാണ്, അവൾക്കെന്താണ് പറ്റിയത്?"

"എന്റെ കൂടെ വരൂ..."

അവരേയും കൂട്ടി അവൾ വാതിലന്നരികിൽ ചെന്ന് ബെല്ലടിച്ചു. അല്പസമയത്തിനുള്ളിൽ വാതിൽ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് ചോദ്യഭാവത്തിൽ അവളെ നോക്കി.

"സിസ്റ്റർ, ഇവർ ഗ്രീഷ്മയുടെ പപ്പയും മമ്മിയുമാണ്. അവളെ ഒന്നു കാണിക്കാൻ പറ്റുമോ? ഒത്തിരി ദൂരെ നിന്നുമാണ് ഇവർ വരുന്നത്."

"ഈ സമയത്ത് ആരേയും അകത്തു കയറ്റുവാനുള്ള അനുവാദം ഇല്ല. നേരം വെളുക്കട്ടെ."

സിസ്റ്റർ, അവൾക്കെന്താണ് പറ്റിയത്, ഇപ്പോൾ എങ്ങനെയുണ്ട്?"

"കുളിമുറിയിൽ തലയിടിച്ച് വീണതാണെന്നാണ് പറഞ്ഞത്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ചിലപ്പോൾ തലയോട്ടി തുറന്ന് ഒരു ഓപ്പറേഷൻ ചെയ്യേണ്ടിവരും. നാളെ പത്തുമണി വരെ നോക്കും. അതിനകം ബോധം തെളിഞ്ഞില്ലെങ്കിൽ ഓപ്പറേഷന്റെ കാര്യം തീരുമാനിക്കും. രാവിലെ ഡോക്ടർ വരുമ്പോൾ വിവരങ്ങൾ അറിയിക്കും."

"എന്റെ മോളേ...." ദീനമായ ഒരു നിലവിളിയോടെ താഴെ വീഴാൻ തുടങ്ങിയ ഗ്രീഷ്മയുടെ മമ്മിയെ ചെറിയാച്ചൻ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി."

"ഹൃദയത്തിന് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ കേട്ടാൽ ഇവൾ ഇങ്ങനെയാണ്. തലകറങ്ങി ബോധം കെട്ട് താഴെ വീഴും."

ബോധം മറഞ്ഞ് കസേരയിൽ മയങ്ങിക്കിടക്കുന്ന മോളിക്കുട്ടിയുടെ മുഖത്ത് വെള്ളം കുടഞ്ഞുകൊണ്ട് സിസ്റ്റർ, അവരെ തട്ടിവിളിച്ചു.

"ആന്റീ.... കണ്ണ് തുറക്കൂ...."

മുഖത്ത് വെള്ളം വീണപ്പോൾ കണ്ണുതുറന്ന് അവർ ചാടിയെഴുന്നേറ്റു.

"എന്റെ മോളേ... എനിക്കെന്റെ കൊച്ചിനെ കാണണം. അവളെവിടെയാണ്, ഒന്നു കാണിക്കൂ സിസ്റ്റർ...."

"ബഹളമുണ്ടാക്കാതിരിക്കൂ.... മോളെ കാണിച്ചു തരാം. കണ്ടു കഴിയുമ്പോൾ ഇനിയും ബോധം കെട്ട് വീഴരുത്. പേടിക്കേണ്ട കേട്ടോ, മോൾക്ക് സുഖമാവും. വളരെ വിലകൂടിയ മരുന്നുകളാണ് കൊടുത്തു കൊണ്ടിരിക്കുന്നത്."

"എത്ര പണം വേണമെങ്കിലും ചിലവാക്കാം. മോൾക്ക് സുഖമായാൽ മതി. ഞങ്ങൾക്ക് ഇവൾ മാത്രമേയുള്ളൂ---"

"നിങ്ങൾ വരൂ..."

നഴ്സ് അവരേയും കൂട്ടിക്കൊണ്ട് ഗ്രീഷ്മയുടെ അരികിലെത്തി, അവളെ കാണിച്ചു കൊടുത്തു.

"മോളേ... എന്റെ പൊന്നു മോളേ..."

മകളുടെ ദയനീയമായ കിടപ്പ് കണ്ട് അവരുടെ ഹൃദയം പൊടിഞ്ഞു. നിറഞ്ഞ മിഴികളോടെ അവളുടെ നെറ്റിയിൽ വാത്സല്യപൂർവം തലോടി നിന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ ചെറിയാച്ചൻ പറഞ്ഞു:

"എന്റെ കർത്താവേ, പള്ളിക്കൊരു സ്വർണക്കുരിശു കൊടുത്തേക്കാമേ... ഞങ്ങളുടെ കൊച്ചിനെ ഞങ്ങൾക്ക് തിരിച്ചു തരണേ..."

"ഇനി നിങ്ങൾ പുറത്ത് പോയി ഇരുന്നോളൂ... വിവരങ്ങൾ അറിയിക്കാം. ഇവിടെ മുറി വല്ലതും ബുക്ക് ചെയ്തിട്ടുണ്ടോ?"

"ഇല്ല സിസ്റ്റർ."

"എങ്കിൽ രാവിലെ തന്നെ ഒരു മുറി ബുക്ക് ചെയ്തോളൂ.."

"ശരി സിസ്റ്റർ."

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറത്തിറങ്ങിയ അവരേയും കാത്ത് പൊന്നച്ചൻ

നിൽക്കുന്നുണ്ടായിരുന്നു. ആകാംക്ഷ നിറഞ്ഞ ഹൃദയത്തോടെ അയാൾ അടുത്തു വന്ന് ചോദിച്ചു:

"മോളെ കണ്ടോ അച്ചായാ, എങ്ങനെയുണ്ട് ഇപ്പോൾ?"

"കണ്ടിട്ട് സഹിക്കാനാവുന്നില്ലെടാ, ഇതുവരെയും ബോധം വീണിട്ടില്ല..."

"എന്തുപറ്റിയതാണ്, ഇങ്ങനെ സംഭവിക്കാൻ?"

"കുളിമുറിയിൽ തലയിടിച്ച് വീണതാണെന്ന്."

"ഇവിടെ ഇങ്ങനെ ഇരിക്കാനാണോ? ഒരു മുറിയെടുത്താലോ?"

"എടുക്കണം. എവിടെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് അന്വേഷിക്കണം."

"അച്ചായൻ ഇവിടെ ഇരിക്കൂ...ഞാൻ പോയി അന്വേഷിച്ചിട്ട് വരാം."

"നീ പോയി കിടന്നോടാ, നേരം വെളുത്തിട്ട് ഞാൻ അന്വേഷിച്ചോളാം."

"ഞാനൊന്ന് പോയിട്ട് വരാം."

എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇരുന്ന ചെറിയാച്ചന്റേയും ഭാര്യയുടേയും അരികിൽ നീതു വന്നിരുന്നു.

"അകത്ത് കയറിയിട്ട് അവളെ കാണാൻ പറ്റിയോ അങ്കിൾ?"

ഒരു നെടുവീർപ്പിട്ടു കൊണ്ട് ചെറിയാച്ചൻ പറഞ്ഞു:

"ചലിക്കാനാവാതെ കിടക്കുന്ന അവളെക്കണ്ട് ഞങ്ങൾ തകർന്നു പോയി കുഞ്ഞേ."

"വിഷമിക്കാതെ അങ്കിൾ, എല്ലാം ശരിയാവും."

കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന മോളിക്കുട്ടിയുടെ നെടുവീർപ്പുകളും തേങ്ങലുകളും ഇടയ്ക്കിടെ ഉയർന്നു കേട്ടു.

അവരുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയാതെ നീതു, അഞ്ജലിയുടെ അരികിൽ പോയിരുന്നു. 

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ