mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2  

മേഘനാഥൻ  ഇപ്പോഴും  ചിന്തകളുടെ  കടലാഴങ്ങളിൽ  നീന്തിത്തുടിക്കുകയാണ്. അച്ഛനാരെന്നോ  അമ്മയാരെന്നോ  സ്വന്തം  പേരെന്തെന്നു  പോലും  അറിയാത്ത ശരീരം  മുഴുവൻ  ചളി  കട്ട  പിടിച്ചു   ഒരു  ചെറിയ  മുണ്ടും  ധരിച്ച  ഒരു  കുട്ടിയുടെ രൂപം  അവൻ്റെ  മുന്നിൽ  തെളിഞ്ഞുവന്നു. ആരും സഹായിക്കാനില്ല! ആരോടും  കൂട്ടില്ല! വീണേടം  വിഷ്‌ണുലോകമായ ഒരു  ജീവിതം! കുപ്പത്തൊട്ടിയിൽ  വന്നു വീഴുന്ന  പേരറിയാത്ത  ഭക്ഷണസാധനങ്ങളും  ഓടയിലൂടെ  ഒഴുകിവരുന്ന  കറുത്ത  വെള്ളവുമാണ് ജീവനെ  നിലനിർത്തിയിരുന്നത്. അന്ന്  അലഞ്ഞുതിരിഞ്ഞു  രാത്രിയായപ്പോൾ  എത്തിച്ചേർന്നത്  ഒരു  ബസ് സ്റ്റോപ്പിലാണ്. കൈകാലുകൾ  കുഴയുന്നു. കാത്തിരിപ്പുകേന്ദ്രത്തിലെ കോൺക്രീറ്റ്  ബെഞ്ചിൽ  അവൻ  കിടന്നു. പെട്ടെന്നാണ്  ഒരു  ജീപ്പിന്റെ  ശബ്ദം  അവൻ  കേട്ടത് . അവൻ  ഞെട്ടി  എഴുന്നേറ്റു . 

ജീപ്പ്  നിർത്തി  ഒരു  പോലീസുകാരൻ  ഇറങ്ങി . 

"എന്താടാ  ഇവിടെ ? ഇവിടെ  കിടന്നുറങ്ങാൻ  പാടില്ലെന്ന്  അറിയില്ലേ ? ഓടെടാ ! " 

അവൻ  എങ്ങോട്ടെന്നില്ലാതെ  ഓടി . ലക്ഷ്യമില്ലാത്ത  ഓട്ടം ! വയ്യ ! ഇനി  ഓടാൻ  വയ്യ ! അവൻ  തളർന്നു  റോഡിന്റെ  നടുവിൽത്തന്നെയിരുന്നു !  

പെട്ടെന്നാണ്  ഒരു  കാർ  സഡൻ  ബ്രേക്  ഇട്ടു  നിന്നത് . 

ഓരോ  ശവങ്ങള്  വരും  മനുഷ്യനെ  ബുദ്ധിമുട്ടിക്കാൻ ! ഡ്രൈവർ പിറുപിറുത്തുകൊണ്ട്  പുറത്തിറങ്ങി . 

"എന്താ  പ്രശ്‍നം ?" പിന്നിലിരുന്ന  ഒരു  ആജാനുബാഹുവായ  ആൾ  പുറത്തിറങ്ങി. 

അയാൾ  കുട്ടിയെ  ഒറ്റതവണയേ  നോക്കിയുള്ളൂ ! അയാൾ  അത്ഭുതപ്പെട്ടു  നിന്ന് പോയി. മരിച്ചു  പോയ  തൻ്റെ  മകന്റെ  ഏകദേശം  സാമ്യമുള്ള  മുഖം ! 

"അവനെ  ഒന്നും  ചെയ്യേണ്ട !" ആ പരുക്കൻ  സ്വരത്തെ  അനുസരിക്കാതിരിക്കാൻ ഡ്രൈവർക്കായില്ല . 

"എന്താ  കുട്ടീ  ഈ  രാത്രീല്  ഇറങ്ങി  നടക്കണത് ? വീട്ടിൽ  പോയ്ക്കൂടെ ?" 

"എനിക്ക്  വീടില്ല! " 

"എന്തിനാ  പേടിച്ചു  വിറക്കുന്നത് ?" 

"പോലീസ്  എന്നെ  ഓടിച്ചതാ !" 

"എന്തിന് ?" 

"ബസ് സ്റ്റോപ്പിൽ  ഉറങ്ങാൻ  നോക്കിയതിന് !" 

"പേടിക്കേണ്ട ! ആരും  ഒന്നും  ചെയ്യില്ല ! മോന്റെ  പേരെന്താ ?" 

"അറിയില്ല്യ ! ആരും  എന്നെ  ഒന്നും  വിളിച്ചു  കേട്ടിട്ടില്ല്യ . ആരുമായും എനിക്ക്  കൂട്ടില്യാ !" 

"മോന്  എന്താ  അറിയുന്നത്  ഉള്ളത് ?" 

"വിശപ്പ് ! വിശപ്പ്  മാത്രം ! സാർ  എന്താ  എന്നെ   ചീത്ത  പറഞ്ഞു  ഓടിക്കാത്തെ  ?" 

"എൻ്റെ  കൂടെ  വാ ! തിന്നാൻ  ബുദ്ധിമുട്ടില്ല ! ആരും  നിന്നെ  ഉപദ്രവിക്കില്ല !" 

"എനിക്ക്  എഴുന്നേൽക്കാൻ  വയ്യ !" 

അയാൾ  അവനെ  കൈകളിൽ  കോരിയെടുത്തു  പിൻസീറ്റിൽ  കൊണ്ടുവന്നിരുത്തി. കാറിൽ  കയറി . 

"സാറെ , വേണ്ടാത്ത  വയ്യാവേലി  ഏറ്റെടുക്കണോ ?" ഡ്രൈവർ  ചോദിച്ചു . 

"നീ  വണ്ടി  ഓടിക്കുന്നത്  മാത്രം  നോക്കിയാൽ  മതി !" 

കാർ  മുന്നോട്ടു  നീങ്ങി.  

നേരം  പുലർന്നു. കാർ  ഒരു  വലിയ  തറവാടിന്റെ  മുന്നിൽ  വന്നു  നിന്നു. കുട്ടിയോടൊപ്പം  അയാൾ  കാറിൽനിന്നിറങ്ങി. പൂമുഖത്തു  ഒരു  സ്ത്രീയും പെൺകുട്ടിയും  നിൽപ്പുണ്ടായിരുന്നു . 

"എവിടെനിന്നു  കിട്ടീ  നമ്മുടെ  മോനെപ്പോലെയൊരു  കുട്ടിയെ ?" 

"എല്ലാം  ഞാൻ  പിന്നീട്  പറയാം ! നീ  അവനെ  കുളിപ്പിച്ച്  വല്ലതും  തിന്നാൻ കൊടുക്ക് !" 

"വാ !" സ്നേഹത്തോടെ  ആ  സ്ത്രീ  ആ  കുട്ടിയുടെ  കൈ  പിടിച്ചു. കുളം. തെളിഞ്ഞ  വെള്ളം  കണ്ടു  അവൻ  അത്ഭുതപ്പെട്ടു  നിന്നു . 

"വാ , വെള്ളത്തിൽ  ഇറങ്ങിക്കോ !" 

" വേണ്ട ! വെള്ളം  ചീത്തയാവും !" 

ആ  സ്ത്രീ  അവനെ  പൊക്കിയെടുത്തു  പതുക്കെ  കുളത്തിൽ  മുക്കി  സോപ്പു  തേക്കാൻ  തുടങ്ങി . ചെളിയുടെ  കട്ടകൾ  ആ  ശരീരത്തിൽ  നിന്ന്  ഒഴുകാൻ  തുടങ്ങി. കുളിപ്പിക്കാനായി  അവൻ്റെ  നാറിയ  മുണ്ട്  ആ  സ്ത്രീ ഊരി. അവൻ  കുനിഞ്ഞിരുന്നു . 

"നാണിക്കേണ്ട ! മോന്റെ  അമ്മയാണെന്ന്  കരുതിയാൽ  മതി !" 

"അമ്മ .. അമ്മ .." അവൻ്റെ  കണ്ണുകൾ  നിറഞ്ഞത്  സന്തോഷം  കൊണ്ടോ  സങ്കടം കൊണ്ടോ  എന്ന്  അവനു  പോലും  അപ്പോൾ  അറിയില്ലായിരുന്നു ! 

കുളി  കഴിഞ്ഞു . അവനെ  ഒരു  തോർത്തുമുണ്ടുടുപ്പിച്ചു  അവർ  മുറിയിൽ കൊണ്ട്  വന്നു. അലമാര  തുറന്ന്  ഒരു  ട്രൗസറും  ഷർട്ടും  നൽകി. അവനു  അത് വളരേ  പാകം ! 

"മോന്റെ  കുപ്പായമായിരിക്കും . മോൻ  വന്നാൽ  എന്നെ  ചീത്ത  പറയില്യേ?" 

"ഇല്യ ! അവൻ  പോയി !" അവർ  ഒന്ന്  വിതുമ്പിയോ? 

"എങ്ങടാ  പോയെ?" 

"ഈശ്വരന്റെ  അടുത്തേക്ക്!" 

"ഒറ്റയ്ക്ക്  പോയിയോ?" 

"ഒറ്റക്കേ  പോകാൻ  പറ്റൂ  മോനെ . മോന്  അതൊന്നും  ഇപ്പൊ  മനസ്സിലാവില്യ. വാ! കഴിക്കാൻ  തരാം! മോളേ, കഴിക്കാൻ  വന്നോ!" 

അടുക്കള. ആ  പെൺകുട്ടിയും  അവനും  ദോശ  കഴിക്കുകയാണ്. 

"മോളേ , ദൈവം  അനിയൻകുട്ടന്  പകരം  നമുക്ക്  തന്നതാ  ഇവനെ! മോനെ, ഇനി  മുതൽ  ഇവള്  നിന്റെ  ചേച്ചിയാ!" 

അവൻ  തലയാട്ടി. 

"എങ്ങന്യാ  അനിയൻ  കുട്ടൻ  ദൈവത്തിന്റെ  അടുത്തേക്ക് പോയേ?" 

ആ  ചോദ്യം  കേട്ട്  അമ്മയും  മകളും  പരസ്പരം  നോക്കി. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ