ഭാഗം 4
പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഗോപിനാഥന്റെ വീട് . സോഫയിൽ ഡോക്ടർ ഇരിക്കുന്നു . അടുത്ത് രവിചന്ദർ ഇരിക്കുന്നു .
"ഗോപീ , ഒരു സുഹൃത്തെന്ന നിലയിൽ എൻ്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നിനക്കറിയാമല്ലോ ! മേഘനാഥന്റെ ഓർമ്മ തിരിച്ചു കിട്ടാൻ
ഞങ്ങളെന്ത് ചെയ്യണം ?"
"ഞാൻ പറയുന്നത് ഒരു പക്ഷേ ക്രൂരമായിരിക്കാം ! പക്ഷേ , അതേ പോലെയുള്ള ഒരു സാഹചര്യം ഉണ്ടായാൽ മാത്രമേ അവനു പഴയ പടി
ആകാൻ കഴിയൂ ! അത് കൊണ്ട് ഒരിക്കൽക്കൂടി നിങ്ങൾ കുടുംബസമേതം ആ അപകടം നടന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകണം . എന്നാൽ വീണ്ടും
അവൻ വീണു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം !"
"ശരി ! ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ ?"
"അതേ ! ദൈവം എല്ലാം ശുഭമായി വരുത്തട്ടെ !"
രവിചന്ദർ ഡോക്ടറുടെ വീട്ടിൽ നിന്നിറങ്ങി. പിറ്റേ ദിവസം ജോലി കഴിഞ്ഞു രവിചന്ദർ നേരത്തേ വീട്ടിലെത്തി.
"ചന്ദ്രികേ , നമുക്ക് ഇന്ന് കുട്ടികളെക്കൂട്ടി വെള്ളച്ചാട്ടം കാണാൻ പോകാം ."
"വേണ്ട ! പഴയ സംഭവങ്ങൾ മനസ്സിൽ നിന്നും ഇപ്പോഴും മാഞ്ഞു പോകുന്നില്ല !"
"ഒരു പക്ഷേ , ആ സ്ഥലം അവൻ്റെ ഓർമ്മകളിലേക്ക് അവനെ തിരികേ കൊണ്ടു വന്നാലോ ?"
"എങ്കിലും ഒരു പരീക്ഷണം വേണോ?"
"വേണം ! ഉറക്കം തൂങ്ങിയായ , ഒന്നിനും ഉത്സാഹമില്ലാത്ത ഇന്നത്തെ
മേഘനാഥനെ കാണുമ്പോൾ മനസ്സില് ദുഃഖം കൂടിക്കൂടി വരികയാണ്. നമുക്ക് ആ പഴയ തുള്ളിച്ചാടി നടക്കുന്ന അവനെ തിരികെ കിട്ടേണ്ടേ ?"
"ആരുടേയും ജീവന് കുഴപ്പമൊന്നും സംഭവിക്കില്ലെന്ന് ഉറപ്പു തരാൻ പറ്റുമോ?"
"പറ്റും !"
"അത്രയ്ക്ക് വിശ്വാസമാണെങ്കിൽ നമുക്ക് പോകാം!"
അങ്ങനെ അവർ വർഷങ്ങൾക്കു ശേഷം ആ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. അവരുടെ കണ്ണുകൾ മേഘനാഥനിലായിരുന്നു .
പക്ഷേ...
നിർവ്വികാരനായി അവൻ നിൽക്കുന്നത് കണ്ടു അവർ അത്ഭുതപ്പെട്ടു . ഒരുപാടു കുടുംബങ്ങൾ വെള്ളച്ചാട്ടം കാണാനായി എത്തിച്ചേർന്നിട്ടുണ്ട് .
അതിൽ ഒരു പെൺകുട്ടി പതുക്കെ പതുക്കെ കമ്പി പിടിച്ചിറങ്ങാൻ നോക്കുകയാണ് . വഴുക്കലുള്ള പാറയിലേക്കാണ് അവൾ ഇറങ്ങാൻ നോക്കുന്നത് . ആരും , പ്രത്യേകിച്ച് അവളുടെ കൂടെ വന്നവർ അവളെ ശ്രദ്ധിച്ചില്ല . അവിടെ നിന്ന് വഴുതിയാൽ രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് വീഴും !
പെട്ടെന്നാണ് മേഘനാഥൻ അത് ശ്രദ്ധിച്ചത് !
"വേണ്ടാ ! വേണ്ടാ ! ഇറങ്ങേണ്ട !" അവൻ ഈളിയിട്ടു കരയാൻ തുടങ്ങി . അധികം വൈകാതെ കരഞ്ഞു തളർന്നു ബോധം കെട്ടു വീണു .
അവൻ്റെ ഈ പ്രവർത്തികളിൽ രവിചന്ദറും കുടുംബവും ഇടപെട്ടില്ല . ഒരു പക്ഷേ അത് അവനിൽ മാറ്റം വരുത്തിയാലോ!
അവനു ബോധം പോയപ്പോൾ അവനെയെടുത്തു അവർ കാറിൽ കയറി ആശുപത്രിയിലേക്ക് പുറപ്പെട്ടു . ഇതിനകം പെൺകുട്ടി സുരക്ഷിതയായി മുകളിലേക്ക് കയറിക്കഴിഞ്ഞിരുന്നു !
മണിക്കൂറുകൾ കടന്നു പോയി. അവനു ബോധം വന്നു ചുറ്റും നോക്കി . കുറേ നേഴ്സുമാർ അവിടെ നിൽക്കുന്നുണ്ട്.
"ഞാനെവിടെയാ ? എനിക്കെന്താ പറ്റിയത് ? ആരാ എന്നെ ഇവിടെ കൊണ്ടുവന്നത്?"
ഒരു നേഴ്സ് ഐ . സി . യു വിന്റെ വാതിൽ തുറന്നു പുറത്തേക്കു വന്നു .
"ആരാ മേഘനാഥന്റെ കൂടെ വന്നത്?"
രവിചന്ദറും ചന്ദ്രികയും രൂപിണിയും അവിടേക്കു ഓടിച്ചെന്നു .
"മോന് ബോധം വന്നു ! അവൻ വിളിക്കുന്നുണ്ട് !"
അവർ അകത്തു കയറി.
"അച്ഛാ , അമ്മേ , ചേച്ചീ " അവരെക്കണ്ടു അവൻ വിളിച്ചു . "ഞാൻ വെള്ളച്ചാട്ടത്തിൽ വീണിട്ടു ദേഹത്ത് മുറിവൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു !"
"അതൊക്കെ നടന്നിട്ടു കുറേ കാലമായി മോനേ !"- ചന്ദ്രിക പറഞ്ഞു . പിന്നീട് എങ്ങനെ അവൻ തിരികെയെത്തിയെന്ന കഥ അവനോടു വിവരിച്ചു .
"രണ്ടു വർഷം അച്ഛനുമമ്മയുമില്ലാതെ ഞാനൊറ്റക്ക് തെരുവിൽ കഴിഞ്ഞെന്നോ! ഓടയിൽ നിന്ന് അഴുക്കു വെള്ളം കുടിച്ചു ജീവിച്ചിരുന്നെന്നോ !" അവൻ അത്ഭുതത്തോടെ ചോദിച്ചു.
"അതേ മോനേ ! ദൈവം നിന്നെ ഞങ്ങൾക്ക് തിരികെത്തന്നു.
അവർ ഓരോരുത്തരായി അവനെ ആലിംഗനം ചെയ്തു . ആ ഒത്തുചേരലിന്റെ ആമോദത്തിനു അല്പായുസ്സായിരുന്നുവോ ?