ഭാഗം 2
അല്പനേരം വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന ശേഷം എല്ലാവരും കിടന്നുറങ്ങി. യാത്രാക്ഷീണം നന്നായി ഉണ്ടായിരുന്നത് കൊണ്ട് വളരെ വൈകിയാണ് ഉണർന്നത്.
പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടികൾ തുറന്ന് കൊണ്ടുവന്ന സാധനങ്ങളൊക്കെ എടുത്തുകൊടുത്തു. എല്ലാം ഒരുവിധം ഒതുക്കിവച്ചപ്പോഴേയ്ക്കും ഉച്ച കഴിഞ്ഞു.
ലഞ്ച് കഴിഞ്ഞ് പരസ്പരം വിശേഷങ്ങൾ പങ്ക് വച്ച് കുറച്ചുനേരം ചിലവഴിച്ചു. മകളും കുടുംബവും കൂടിനടക്കുന്ന മാർത്തോമ്മാ പള്ളിയിലെ സർവീസ് അന്നേ ദിവസമായിരുന്നതിനാൽ ഏകദേശം അഞ്ച് മണിയോടുകൂടി ആരാധനയിൽ പങ്കെടുക്കാൻ അവരോടൊപ്പം ഞങ്ങളും പോയി.
കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്നവരും ബെൽറ്റ് ഇടണമെന്നുള്ളത് ഇവിടുത്തെ കർശനനിയമങ്ങളിൽ ഒന്നാണ്. എട്ട് വയസ്സിന് താഴെയുള്ള കുഞ്ഞുക്കൾക്ക് പ്രത്യേക തരം കാർസീറ്റ് നിർബന്ധമാണ്. കുട്ടികളുൾപ്പെടെ പരമാവധി അഞ്ച് പേർക്ക് മാത്രമേ ഒരേ സമയം കാറിനുള്ളിൽ സഞ്ചരിക്കുവാൻ അനുവാദമുള്ളൂ.
ശുശ്രഷ കഴിഞ്ഞ് വികാരിയച്ചനും കുടുംബവും ഉൾപ്പെടെ വന്നവരെയെല്ലാം പരിചയപ്പെടുകയും സ്നേഹ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു. മകളും കുടുംബവും നൽകിയ ചായസൽക്കാരത്തിൽ പങ്കെടുത്ത് അന്നേദിവസം എല്ലാവരും പിരിഞ്ഞു.
തിരിച്ചുപോകുന്ന വഴിഅബർഡീൻ സിറ്റിയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി രാത്രിയിലേക്കുള്ള ഭക്ഷണവും വാങ്ങി ഞങ്ങൾ വീട്ടിലെത്തി. പുതുമയേറിയ വഴിക്കാഴ്ചകൾ മനസ്സിനെ കുളിരണിയിച്ചു.
പാതയ്ക്കിരുവശത്തും നിരനിരയായി കാണപ്പെട്ട ഒരേരീതിയിലുള്ള വീടുകളുടെ പ്രത്യേകത ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കല്ലും കട്ടയും ഗ്രനൈറ്റും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വളരെ പഴക്കമാർന്ന കെട്ടിടങ്ങൾ.
ഹരിതാഭ ചൂടി നിൽക്കുന്ന മരങ്ങളും വെറൈറ്റി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ വിവിധതരം ചെടികളും എല്ലായിടത്തും കാണാവുന്നതാണ്. തനതായ പ്രകൃതിഭംഗിയുടെ വിളനിലമാണ് ഈ പ്രദേശം. വീണ്ടു വീണ്ടും എന്നെ അതിശയിപ്പിച്ചു കൊണ്ടിരുന്നത് ഇവിടുത്തെ കാലാവസ്ഥ തന്നെയായിരുന്നു. രാത്രി പത്ത് മണിക്കും അസ്തമിക്കാത്ത സൂര്യനെ നോക്കി ഞാൻ അത്ഭുതപ്പെട്ടു. പകൽ പോലെ തെളിഞ്ഞ വെട്ടം. പാതിരാത്രി കഴിയുമ്പോൾ ഇരുൾ പരക്കുമെങ്കിലും അതിരാവിലെ മൂന്നുമണി മുതൽ വീണ്ടും പകൽ വെളിച്ചം പരക്കുകയായി.
സമ്മർ സീസണിൽ ദൈർഘ്യമേറിയ പകലുകളും അതീവഹ്രസ്വമായ രാത്രികളുമാണുള്ളത്. നാട്ടിലെ സമയത്തിൽ നിന്നും അഞ്ചുമണിക്കൂർ പിറകോട്ടാണ് ഇവിടുത്തെ സമയം. സമയവ്യത്യാസവുമായി ഇണങ്ങിച്ചേരാൻ ഞങ്ങൾക്ക് രണ്ട് ദിവസങ്ങൾ വേണ്ടിവന്നു.
ഞയറാഴ്ച വൈകുന്നേരം നാലുമണി മുതൽ വീട്ടിൽ എല്ലാവരും ഒരു തരം വൈറസിന്റെ പിടിയിലായി. രാവിലെ എഴുന്നേറ്റത് മുതൽ മൂക്ക് ചീറ്റലും തുമ്മലുമായി ജലദോഷത്തിന്റെ പിടിയിലമർന്ന ഭർത്താവിന്, വൈകുന്നേരമായപ്പോഴയ്ക്കും പനിയും വിറയലും മറ്റ് അസ്വസ്ഥതകളും കൂടിവന്നു.
വയറിന് അസ്വസ്ഥത തോന്നിയ കൊച്ചുമകന് പെട്ടെന്നാണ് ഛർദിൽ തുടങ്ങിയത്. ഒരു മണിക്കൂറിന്റെ ഇടവേളയിൽ പല പ്രാവശ്യം അവൻ വൊമിറ്റ് ചെയ്തു. അവന് പിറകേ മകളും അവൾക്ക് പിറകേ ഞാനും ഛർദിക്കുകയുണ്ടായി. അരമണിക്കൂർ ഇടവിട്ട് മരുമകനുൾപ്പെടെ എല്ലാവരും വൊമിറ്റ് ചെയ്തു കൊണ്ടിരുന്നു.
ഫുഡ് പോയിസണിംഗ് ആണെന്ന് അനുമാനിച്ച് ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തു. എല്ലാവരുടേയും വിവരങ്ങൾ പറഞ്ഞ് ഡോക്ടറെ കാണാനുള്ള അപ്പോയ്മെന്റിന് വേണ്ടി ശ്രമിച്ചു. വൊമിറ്റ് ചെയ്തു തളർന്ന കൊച്ചുമകനെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടായിരുന്നിട്ടും അപ്പോയിമെന്റ് കിട്ടാതെ ഞങ്ങൾ വിഷമിച്ചു.
വീണ്ടും വീണ്ടും വിളിച്ച് അവന്റെകണ്ടീഷൻ അറിയിച്ചു കൊണ്ടിരുന്നതിനാൽ രാത്രി പന്ത്രണ്ടര മണിയോടുകൂടി അവനെ കാഷ്വാലിറ്റിയിൽ കൊണ്ടു ചെല്ലാൻ അനുമതി കിട്ടി. ലൈഫ് ത്രെട്ടനിങ് കണ്ടീഷനിൽ മാത്രമേ എമർജൻസിയിലേക്ക് ചെല്ലാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. അസുഖം വന്നാൽ, ഡോക്ടറെ കാണാനുള്ള ബുദ്ധിമുട്ട് അന്ന് ഞങ്ങൾ ശരിക്കും മനസ്സിലാക്കി.
ഇതിനിടയിൽ ഭർത്താവിനും എനിക്കും വേറൊരു ഹെൽത്ത് സെന്ററിലേയ്ക്ക് പാതിരാത്രി ഒരു മണിക്കുള അപ്പോയ്മെന്റ് കിട്ടി. മോനേയും കൊണ്ട് അവർ പോയതിനാൽ ഞങ്ങൾക്ക് പോകാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ടാക്സി വിളിച്ചിട്ടും ആ നേരത്ത് ലഭ്യമായില്ല.
എന്നാൽ രാത്രി രണ്ട് മണിയാകാറായപ്പോൾ അവിടെ നിന്നും ഒരു ഡോക്ടർ വീട്ടിലെത്തി ഞങ്ങളെ പരിശോധിച്ച് മരുന്ന് നൽകി. ഫുഡ്പോയിസണിംഗ് അല്ലെന്നും വൈറലാണെന്നുമാണ് ഡോക്ടർ പറഞ്ഞത്.
അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിൽ വന്ന് ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്ന ഇവിടുത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വീട്ടിലെത്തി ഞങ്ങളെ ചികിത്സിച്ച ഡോക്ടറോടും മനസ്സുകൊണ്ട് ആയിരം നന്ദി പറഞ്ഞു.
രാവിലെ ആറ് മണി കഴിഞ്ഞപ്പോഴാണ് കൊച്ചുമകനേയും കൊണ്ട് മകളും മരുമകനും ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയത്. നാലുമണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് അവർക്ക് ഡോക്ടറെ കാണാൻ സാധിച്ചത്. ഇതൊക്കെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ആരോഗ്യമേഖലയിലെ സംവിധാനങ്ങളെക്കുറിച്ച് അഭിമാനം തോന്നി.
കഞ്ഞി മാത്രം കുടിച്ച് അന്നത്തെ ദിവസം കഴിച്ചുകൂട്ടി. ഒരുവിധം സുഖം പ്രാപിച്ചെങ്കിലും എല്ലാവരും അന്ന് ലീവെടുത്തു. രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് കുട്ടികളെ സ്കൂളിൽ വിട്ടത്. അങ്ങനെ ഒരുരാത്രിയും രണ്ട് പകലും ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ഞങ്ങൾ ഞെരുങ്ങിക്കഴിഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് മകളോടൊപ്പം പരിസരമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി കണ്ടു. കുളിർമയേറിയ നനുത്ത കാറ്റേറ്റ് പ്രകൃതിഭംഗികൾ ആസ്വദിച്ച് ഞങ്ങൾ നടന്നു.
പാതയുടെ ഇരുവശത്തും ഗ്രാനൈറ്റ് കല്ലുകളാൽ മനോഹരമായി നിർമിച്ചിരിക്കുന്ന ആകർഷണീയങ്ങളായ വീടുകളും കെട്ടിടങ്ങളും എത്ര നോക്കി നിന്നാലും മതിവരില്ല.
മത്സ്യബന്ധനമാണ് ഇവിടുത്തെ മുഖ്യതൊഴിൽ. രോമവസ്ത്രം നിർമിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് ഇവിടുത്ത പ്രധാന വ്യവസ്യായങ്ങൾ. അബർഡീനിന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാല സങ്കേതമെന്ന നിലയ്ക്കാണ്. ഡോൺ നദിക്ക് കുറുകേയുള്ള പാലം 14-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഇവിടുത്തെ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത് 1494-ൽ ആണ്.
(തുടരും)