ഭാഗം 48
അടുത്ത ദിവസം രാവിലെ എട്ട് മണിയോടുകൂടി എല്ലാവരും റെഡിയായി, ഹോട്ടലിനുള്ളിലെ കാന്റീനിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോയി. കോണ്ടിനെന്റൽ രീതിയിൽ ഒരുക്കിയിരുന്ന പലതരം വിഭവങ്ങൾ സമയമെടുത്തുതന്നെ ഞങ്ങൾ കഴിച്ചു.
മുറിയിലെത്തി ഒന്നുകൂടി ഫ്രഷായതിന് ശേഷം, പത്ത് മണിയോടുകൂടി മുറികൾ ചെക്ക് ഔട്ട് ചെയ്ത് ഒട്ടാവയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.
ഒന്റാറിയോ പ്രോവിൻസിലെ മറ്റൊരു ഡിസ്ട്രിക്റ്റായ കിംങ്സ്‌റ്റൺ വഴി പോകാമെന്ന് തീരുമാനിച്ചതിനാൽ രണ്ടര മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തി.
കിംങ്സ്റ്റണിലെ പ്രശസ്തമായ സെന്റ് ലോറൻസ് കോളേജിന് സമീപമുള്ള ഒന്റാറിയോ ലേക്ക് പാർക്കിന്റെ പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ ഇറങ്ങി.
തിങ്കളാഴ്ച ആയതിനാൽ കോളേജ് കാമ്പസ്സിലും പരിസരത്തും വിദ്യാർത്ഥികൾ നടക്കുണ്ടായിരുന്നു. 1969ൽ സ്ഥാപിതമായ അപ്ലൈഡ് ആർട്സ് ആൻഡ് ടെക്നോളജി കോളേജാണിത്.
കിഴക്കൻ ഒന്റാറിയോയിലെ ബ്രോക്ക് വില്ലെ, കോൺവാൾ എന്നീ സ്ഥലങ്ങളിലും ഇതിന് വെവ്വേറെ കാമ്പസുകളുണ്ട്. ഇന്ത്യ ഉൾപ്പെടെ, മറ്റ് രാജ്യങ്ങളിൽ നിന്നും ധാരാളം കുട്ടികൾ വർഷംതോറും ഇവിടെ വന്ന് പഠിക്കുന്നുണ്ട്.
ശാന്തസുന്ദരമായ കോളേജും പരിസരവും നിരീക്ഷിച്ചതിന് ശേഷം ഞങ്ങൾ ലേക്ക് ഒന്റാറിയോ പാർക്കിലേക്ക് നടന്നു.
ഒന്റാറിയോ തടാകത്തിന്റെ തീരത്ത് 'കാറ്ററാക്വി ബേ'യുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മുൻസിപ്പൽ പാർക്കാണിത്.
കിംങ്സ്റ്റൺ നഗരത്തിലെ ഏറ്റവും വലിയ അർബൻ വാട്ടർ ഫ്രണ്ട് പാർക്കും ആണിത്. പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന പാർക്കിനുളളിലെ വൃത്തിയുളള നടപ്പാതയിലൂടെ ഞങ്ങൾ നദിയുടെ തീരത്തേക്ക് നടന്നു.
ശരിക്കും സുഖപ്രദമായ വിശാലമായ ഒരു തടാകമാണത്. ആഴം കുറഞ്ഞതും മണൽ നിറഞ്ഞതുമായ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന താറാവുകൾക്ക് ഞങ്ങൾതീറ്റ ഇട്ടുകൊടുത്തു. അതി മനോഹരമായ തടാകത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് പാർക്കിലൂടെ ഞങ്ങൾ ചുറ്റി നടന്നു.
മൈലുകളോളം നീണ്ടുകിടക്കുന്ന നടപ്പാതയുടെ വശങ്ങളിലുള്ള തണൽ മരങ്ങളുടെ അടിയിൽ ഇരിക്കാനും വിശ്രമിക്കാനും ബെഞ്ചുകൾ ക്രമീകരിച്ചിരിക്കുന്നു.
കുട്ടികൾക്കായുള്ള കളി സ്ഥലങ്ങളും പാർക്കിലുണ്ട്. രസകരവും ജനപ്രിയവുമായ പാർക്കിലൂടെ ഇളം കാറ്റേറ്റുകൊണ്ട് ഹാർബറിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
പ്രോവിഡൻസ് കെയർ ഹോസ്പിറ്റലിന്റെ സമീപത്ത് കൂടിയായിരുന്നു ഞങ്ങൾ നടന്നത്.
സ്പഷ്യലൈസ്ഡ് മാനസികാരോഗ്യ സംരക്ഷണം, ഫിസിക്കൽ മെഡിസിൻ, പുനരധിവാസം, പ്രത്യേക വയോജന സേവനങ്ങൾ, സങ്കീർണ്ണമായ തുടർ പരിചരണം, സാന്ത്വന പരിചരണം, ദീർഘകാല പരിചരണം എന്നിവയുടെ തെക്കുകിഴക്കൻ ഒന്റാറിയോയിലെ ഒരു സ്ഥാപനമാണ് പ്രോവിഡൻസ് കെയർ ഹോസ്പിറ്റൽ.
അവിടെ നിന്നും നടന്നെത്തിയത്, കിംഗ്സ്റ്റൻ പെനിറ്റൻഷ്യറിയുടെ സമീപമാണ്. കിംഗ്സ്റ്റണിലെ കിംഗ് സ്ട്രീറ്റ് വെസ്റ്റിനും ഒന്റാറിയോ തടാകത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു മുൻപരമാവധി സുരക്ഷാ ജയിലാണിത്.
2013 ൽ അടച്ചുപൂട്ടുന്ന സമയത്ത്, ലോകത്തിലെ ഏറ്റവും പഴക്കമുളള ജയിലുകളിൽ ഒന്നായിരുന്നു ഇത്.
ആകാശത്ത് നല്ല മഴക്കാറ് കണ്ടതിനാൽ നടത്തത്തിന് വേഗത കൂട്ടിയെങ്കിലും ഹാർബറിന് സമീപം എത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. സെന്റ് ലോറൻസ് കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ എടുത്തുകൊണ്ടുവരാൻ മകൻ പോയി.
ചരിത്രപ്രസിദ്ധമായ പോർട്സ് മൗത്ത് വില്ലേജിന്റെ ഡൗണ്ടൗൺ ഏരിയായുടെ സമീപമാണ് ഈ ഒളിമ്പിക് ഹാർബർ സ്ഥിതിചെയ്യുന്നത്.
വെള്ളത്തിനൊപ്പം നടപ്പാതകളും വിശ്രമിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്. പോർട്സ് മൗത്ത് ഒളിമ്പിക് ഹാർബറിൽ 250 സ്ലിപ്പ് ഫിംഗർ ഡോക്കുകൾ ഉണ്ട്. അതിൽ പരമാവധി, 100 അടി നീളമുള്ള പവർ ബോട്ടുകളും ഉൾപ്പെടുന്നു.
മഴ നനയാതിരിക്കാൻ ഒരു കടയുടെ സൈഡിൽ കയറി നിന്നു. അല്പസമയത്തിനുള്ളിൽ വണ്ടിയുമെടുത്തുകൊണ്ട് മകൻ എത്തിയതിനാൽ ഞങ്ങളാരും അധികം നനഞ്ഞില്ല.
രണ്ട് മണി കഴിഞ്ഞിരുന്നതിനാൽ എല്ലാവർക്കും നന്നായി വിശന്നു. കിംഗ്‌സ്‌റ്റൺ ടൗണിലൂടെ വണ്ടിയോടിച്ച്, 'മൊണ്ടാന' റെസ്റ്റോറന്റിലേക്ക് പോയി.
മനോഹരമായി അലങ്കരിച്ച മൊണ്ടാനയുടെ 'ബി ബി ക്യൂ ആൻഡ് ബാർ' ഒരു കനേഡിയൻ ഫുഡ് റെസ്റ്റോറന്റ് ആണ്.
രുചികരമായ വെറൈറ്റി ഭക്ഷണം ആസ്വദിച്ച് കഴിച്ചിട്ട് ഞങൾ പുറത്തിറങ്ങി. നാല് മണിയോട് കൂടി അവിടെ നിന്നും യാത്ര തുടർന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മരുമകൾ റ്റാനിയ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.
ഒട്ടാവടൗൺ ടച്ച് ചെയ്യാതെ, ബൈറൂട്ടിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. പാതയ്ക്കിരുവശത്തും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വിളഞ്ഞു പഴുത്ത ചോളപ്പാടങ്ങൾ, സുന്ദരമായ ഒരു കാഴ്ച തന്നെയായിരുന്നു.
അങ്ങനെ മൂന്ന് ദിവസത്തെ നയാഗ്രാ- ടൊറന്റോ യാത്രയ്ക്കിടയിൽ, പ്രശ്നങ്ങളൊന്നും കൂടാതെ സുരക്ഷിതരായി ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി.
(തുടരും)