ഭാഗം 18
ലണ്ടനിലെ ഒരു രാജകീയവസതിയും യു. കെയിലെ രാജാവിന്റെ ഭരണപരമായ ആസ്ഥാനവുമാണ് ബക്കിംഗ്ഹാം പാലസ് 1762 ൽ ജോർജ് മൂന്നാമൻ, തന്റെ ഭാര്യ, ഷാർലറ്റ് രാജ്ഞിക്ക് വേണ്ടി വാങ്ങിയ ഈ കൊട്ടാരം ക്വീൻസ് ഹൗസ് എന്നറിയപ്പെട്ടിരുന്നു.
ജോർജ് നാലാമന്റെ കാലത്ത് പല രൂപമാറ്റങ്ങളും വരുത്തി ബക്കിംഗ്ഹാം പാലസാക്കി വികസിപ്പിച്ചെടുത്തു. വിക്ടോറിയ രാജ്ഞിയാണ് അവിടെ ജീവിച്ച ആദ്യത്തെ പരമാധികാരി
വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം പലപ്പോഴും സംസ്ഥാന ചടങ്ങുകളുടേയും രാജകീയ ആതിഥ്യമര്യാദകളുടേയും കേന്ദ്രമാണ്. വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തോടെ ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജാവിന്റെ ലണ്ടൻ വസതിയായി മാറി.
വിധവയായതിന് ശേഷം, രാജ്ഞി ആഡംബര ജീവിതത്തിൽ നിന്ന് പിന്മാറുകയും കൊട്ടാരം വിട്ട് വിൻഡ്സർ കാസിൽ, ബാൽമോറൽ കാസിൽ എന്നിവിടങ്ങളിൽ താമസിക്കുകയും ചെയ്തു.
ലോക മഹായുദ്ധങ്ങളിൽ ഭാഗികമായി തകർന്ന കൊട്ടാരം, പിന്നീട് പുന:സ്ഥാപിച്ചിട്ടുള്ളതാണ് ഇന്ന് കാണുന്ന രാജകൊട്ടാരം.
കൊട്ടാരത്തിലെ പല ഉള്ളടക്കങ്ങളും ചാൾസ് മൂന്നാമൻ രാജാവിന്റെ അധീനതയിലും വിശ്വാസത്തിലുമാണ്. റോയൽ മ്യൂസിന് സമീപമുളള ക്വീൻസ് ഗാലറിയിൽ അവയൊക്കെ പലതവണ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബക്കിംഗ്ഹാം കൊട്ടാരം നിലവിൽ, ബ്രിട്ടീഷ് രാജവാഴ്ചയുടെ പ്രതീകവും ഭവനവും ഒരു ആർട്ട് ഗാലറിയും വിനോദ സഞ്ചാര കേന്ദ്രവുമാണ്.
കൊട്ടാരത്തിനുള്ളിൽ 775 മുറികളുണ്ടെന്നാണ് പറയപ്പെടുന്നത്. പാലസിന്റെ ഉള്ളിലേക്കുള്ള പ്രവേശനം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
കൊട്ടാരത്തിന്റെ പിൻഭാഗത്ത് വലുതും പാർക്ക് പോലെയുള്ളതുമായ ഒരു പൂന്തോട്ടമുണ്ട്. ഏക്കറുകളോളം വിസ്തൃതിയുള്ള ഇവിടെ ഒരു ഹെലികോപ്റ്റർ ലാൻഡിംഗ് ഏരിയ, ഒരു തടാകം, ഒരു ടെന്നീസ് കോർട്ട് എന്നിവ ഉൾക്കൊള്ളുന്നു.
ഇവിടുത്തെ ഏറ്റവും വലുതും ഔപചാരികവുമായ സ്വീകരണം, നവംബറിൽ രാജാവ്, നയതന്ത്ര സേനാംഗങ്ങളെ സൽക്കരിക്കുന്ന സമയത്താണ് നടക്കുന്നത്.
പാലസിനോട് ചേർന്നുള്ള റോയൽ മ്യൂസിൽ ഗോൾഡ് സ്റ്റേറ്റ് കോച്ച് ഉൾപ്പെടെയുള്ള രാജകീയ വണ്ടികൾ ഉണ്ട്. വില്യം നാലാമൻ മുതൽ ചാൾസ് മൂന്നാമന്റെ വരെ കിരീടധാരണത്തിന് ഉപയോഗിച്ചിട്ടുള്ളതാണ് ഈ വണ്ടികൾ.
രാജകീയ ആചാരപരമായ ഘോഷയാതകളിൽ ഉപയോഗിക്കുന്ന കോച്ച് കുതിരകളേയും മ്യൂസിൽ പാർപ്പിച്ചിരിക്കുന്നു. കൂടാതെ രാജകുടുംബം ഉപയോഗിച്ചിരുന്ന പല കാറുകളും അവിടെയുണ്ട്.
കൊട്ടാരത്തിലേക്കുള്ള ആചാരപരമായ സമീപന പാതയായ 'ദി മാൾ' വിക്ടോറിയ രാജ്ഞിയുടെ മഹത്തായ സ്മാരകത്തിന്റെ ഭാഗമായി നിർമിച്ചിട്ടുള്ളതാണ്. ഇത്, അഡ്മിറൽ ആർച്ച് മുതൽ സെന്റ് ജയിംസ് പാർക്കിന് കുറുകെ വിക്ടോറിയ മെമ്മോറിയൽ വരെ നീളുന്നു.
സന്ദർശകരായ രാഷ്ട്രത്തലവന്മാരുടെ കുതിരപ്പടയും മോട്ടോർ കേഡുകളും രാജകുടുംബവും ഈ റൂട്ട് ഉപയോഗിക്കുന്നു.
കൊട്ടാരവും പരിസരവും ഗാർഡ് മാറ്റച്ചടങ്ങുകളുമെല്ലാം നേരിട്ട് കാണാനുള്ള സൗഭാഗ്യം ലഭിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ അവിടെ നിന്നും ഏക്കറുകളോളം പരന്നു കിടക്കുന്ന സെന്റ് ജയിംസ് പാർക്കിൽ പോയിരുന്ന്, അല്പനേരം ഞങ്ങൾ വിശ്രമിച്ചു.
മനോഹരമായ സെന്റ് ജയിംസ് തടാകവും വെസ്റ്റ് ഐലൻഡ്, ഡക്ക് ഐലന്റ് എന്നീ രണ്ട് ദ്വിപുകളും ഇവിടെയുണ്ട്.
തടാകത്തിന് കുറുകേയുള്ള നീല നിറത്തിലുള്ള പാലത്തിൽ നിൽക്കുമ്പോൾ, പടിഞ്ഞാറ് ഭാഗത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കാഴ്ച ലഭിക്കുന്നു.
കിഴക്ക് വശത്തുള്ള ഡക്ക് ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഫൗണ്ടനും തടാകത്തിന് അപ്പുറത്ത് കുതിര ഗാർഡ്സ് പരേഡിന്റെ ഗ്രൗണ്ടും പിന്നിൽ വൈറ്റ്ഹാൾ കോർട്ടും ഉൾപ്പെടുന്നു.
ഡക്ക് ദ്വീപിന്റെ തെക്ക് ഭാഗത്ത് പെലിക്കൻ പാറയിലെ ടിഫാനി ജലധാരയുണ്ട്. ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്, ലണ്ടൻ ഐ, ഷെൽടവർ, ഷാർഡ് കെട്ടിടം എന്നിവയും തടാകത്തിന്റെ മറുവശത്താണ്. കുട്ടികളുടെ ഒരു കളിസ്ഥലവും ഇവിടെയുണ്ട്.
പടിഞ്ഞാറ് ബക്കിംഗ്ഹാം കൊട്ടാരം, വടക്ക് ദി മാൾ, കിഴക്ക് ഹോഴ്സ് ഗാർഡ്സ് തെക്ക് ബേർഡ്കേജ് വാക്ക് എന്നിവയാണ് പാർക്കിന്റെ അതിർത്തികൾ.
ലണ്ടനിലെ റോയൽ പാർക്കുകളിൽ ഏറ്റവും രാജകീയമായത് ഇതാണ്. തലമുറകളുടെ രാജാക്കന്മാർ രൂപകല്പന ചെയ്തതും മൂന്ന് രാജകൊട്ടാരങ്ങളാൽ അതിർത്തി പങ്കിടുന്നതുമായ ഈ പാർക്ക്, തലസ്ഥാനത്തെ ആചാരപരമായ പരിപാടികളുടെ ഭവനമാണ്.
രാജകീയ വിവാഹങ്ങളും ജൂബിലികളും മുതൽ സൈനിക പരേഡുകളും സംസ്ഥാന ആഘോഷങ്ങളും വരെ ചരിത്രം സൃഷ്ടിച്ച പാർക്കാണിത്. സ്കാർലറ്റ് ട്യൂണിക്കുകൾ ധരിച്ച പട്ടാളക്കാരുടെ മാർച്ച് മുതൽ മനോഹരമായ പൂന്തോട്ടങ്ങളും സന്ദർശകരെ അഭിവാദ്യം ചെയ്തുകൊണ്ട് തടാകത്തിലും കരയിലെ ബഞ്ചുകളിലും ഇരിക്കുന്ന പെലിക്കൻസ് വരെ ഇവിടെയുണ്ട്.
കൊട്ടാര പരിസരത്തെ ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട് മനോഹരമായ തണൽ മരങ്ങളും പുൽത്തകിടികളും പൂക്കളും ജലപക്ഷികളുടെ സമൃദ്ധിയും നിറഞ്ഞ വിശാലമായ പാർക്കിലെ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു.
ബക്കിംഗ് ഹാം പാലസും ഈ പാർക്കും തമ്മിൽ 1843 അടി ദൂരമുണ്ടെന്നാണ് പറയപ്പെടുന്നത്.
സെന്റ് ജയിംസ് പാർക്ക്, ഗ്രീൻ പാർക്ക്, വിക്ടോറിയ, വെസ്റ്റ്മിൻസ്റ്റർ എന്നിവയാണ് ഇതിന് ഏറ്റവും അടുത്തുള്ള ലണ്ടൻഭൂഗർഭ സ്റ്റേഷനുകൾ.
ഏകദേശം അര മണിക്കൂറോളം അവിടെ ചിലവഴിച്ചിട്ട്, ഞങ്ങൾ അടുത്ത സ്ഥലത്തേയ്ക്ക് നടന്നു.
(തുടരും)