ഭാഗം 32
സ്കോട്ട്ലന്റിലെ രണ്ടരമാസത്തെ താമസത്തിന് ശേഷം മകനും കുടുംബവും താമസിക്കുന്ന കാനഡയിലേക്കുള്ള യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ, തിങ്കളാഴ്ച്ച മുതൽ തുടങ്ങിയിരുന്നു. എഡിൻബർഗിൽ നിന്നും ഫ്രാങ്ക്ഫർട്ട് വഴി കാനഡയിലെ ടൊറന്റോയിൽ ഇറങ്ങി, കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ നിന്നും രണ്ട് മണിക്കൂർ അകലെയുള്ള മോൺട്രിയൽ എയർപോർട്ടിൽ എത്തുന്ന വിധത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ അഞ്ച്മണിക്കുള്ള ലുഫ്താൻസയുടെ വിമാനത്തിനാണ് ടിക്കറ്റ് എടുത്തിരുന്നത്. വെള്ളിയാഴ്ച ജോലിയുള്ള ദിവസം ആയിരുന്നതിനാൽ മകൾക്കും കുടുംബത്തിനും ഞങ്ങളെ യാത്ര അയയ്ക്കാൻ, എഡിൻബർഗ് എയർപോർട്ട് വരെ വരാൻ സാധിക്കുമായിരുന്നില്ല. തലേദിവസം ഞങ്ങളെ അവിടെ കൊണ്ടാക്കി, ഒരു മുറിയെടുത്ത് താമസിപ്പിച്ചിട്ട്, അന്ന് തന്നെ അവർ തിരിച്ചു വരാനായി പ്ലാൻ ചെയ്തെങ്കിലും ഞങ്ങളതിന് സമ്മതിച്ചില്ല. ഞങ്ങൾ പോകുന്നത് പ്രമാണിച്ച്, ബുധനാഴ്ച തന്നെ ഡൺഡീയിൽ നിന്ന് ഇളയ മകളും എത്തിയിരുന്നു. എഡിൻബർഗ് എയർപോർട്ടിലേക്ക് പോകാൻ, അബർഡീനിൽ നിന്നും വ്യാഴാഴ്ച രാത്രി ഏഴ് മണിക്കുള്ള ബസ്സിന്, ഭർത്താവിനും എനിക്കുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. അതേ ബസ്സിൽത്തന്നെ ഇളയ മകൾക്ക് ഡൺഡീയിലോട്ട് തിരിച്ചുപോകാനുള്ള ടിക്കറ്റും എടുത്തു. അങ്ങനെ യു.കെ യോട് വിട പറയാനുള്ള ദിവസവും വന്നെത്തി. വ്യാഴാഴ്ച രാവിലെ മുതൽ പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സാധനങ്ങളൊക്കെ പായക്ക് ചെയ്ത്, വൈകിട്ട് ആറര മണിയോടു കൂടി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. മെഗാബസ്സിന്റെ സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ബസ്സ് അവിടെ കിടക്കുന്നുണ്ടായിരുന്നു. മകളോടും മരുമകനോടും കൊച്ചുമക്കളോടും യാത്ര പറയുമ്പോൾ എല്ലാവരും വിങ്ങിപ്പൊട്ടി. ടിക്കറ്റുകൾ സ്കാൻ ചെയ്ത് ബസ്സിനുള്ളിൽ കയറി ഇരുന്നു. മക്കളെ പിരിഞ്ഞ സങ്കടം, കവിളുകളിൽ കണ്ണുനീർച്ചാലുകൾ തീർക്കുന്നത് ഞാനറിഞ്ഞു. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോഴും കൈവീശിക്കൊണ്ട് നിന്നിരുന്ന പ്രിയപ്പെട്ടവരെ പിരിഞ്ഞതിലുള്ള ദുഃഖം, സങ്കടമഴയായി പെയ്തിറങ്ങി.
കഴിഞ്ഞുപോയ ദിവസങ്ങളിലെ അനുഭവങ്ങൾ ഇളയമകളുമായി പങ്ക് വച്ചു കൊണ്ടിരുന്നതിനാൽ സമയം കടന്നുപോകുന്നത് അറിഞ്ഞിരുന്നില്ല. ഇടയിൽ മൂത്ത മകളെ വിളിച്ച് സംസാരിച്ചു. ദുഃഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല. ഒന്നര മണിക്കൂർ വളരെ വേഗം കടന്നുപോയി. ബസ്സ്, ഡൺഡീ സ്റ്റേഷനിലെത്തി. യാത്രചോദിച്ച് ഇളയമകളും ഞങ്ങളെ സങ്കടപ്പെടുത്തിക്കൊണ്ട് അവിടെ ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഡൺഡീ പാലം വഴി ബസ്സ് വീണ്ടും മുന്നോട്ട് നീങ്ങി. എല്ലാവരോടും ഒരുമിച്ച് യു. കെ യിൽ ചിലവഴിച്ച കഴിഞ്ഞ കുറേ ദിവസങ്ങളിലെ ഓർമകൾ താലോലിച്ചുകൊണ്ട് ഞങ്ങൾ ബസ്സിലിരുന്നു. രാത്രിയായതിനാൽ പുറംകാഴ്ചകളൊന്നും വ്യക്തമായിരുന്നില്ല.
എഡിൻബർഗ് എയർപോർട്ടിലെത്താൻ രണ്ട് മണിക്കൂർ എടുക്കുമെങ്കിലും എയർപോർട്ട് എത്തുന്നതിന് അര മണിക്കൂർ ദൂരം പിന്നിലുള്ള Halbeath Interchange സ്റ്റോപ്പിൽ ഇറങ്ങി, വേറൊരു ബസ്സിൽ കയറണമായിരുന്നു. ഇടയിൽ മൊബൈലെടുത്ത് നോക്കിയപ്പോൾ ഒരു മെയിൽ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടു. രാവിലെ അഞ്ച് മണിക്ക് ഞങ്ങൾ പോകാനിരുന്ന ലുഫ്താൻസയുടെ ഫ്ളൈറ്റ് ക്യാൻസൽ ചെയ്തെന്ന് കാണിച്ചുള്ള മെയിലായിരുന്നു അത്. അല്പം പരിഭ്രമിച്ചെങ്കിലും എയർപോർട്ടിൽ എത്തി കൗണ്ടറിൽ അന്വേഷിക്കാമെന്ന് കരുതി ഞങ്ങൾ യാത്രതുടർന്നു. ഫോർവേഡ് ചെയ്ത മെയിൽ വായിച്ച്, മക്കൾ മൂന്നുപേർക്കും ടെൻഷനായി. കാനഡയിൽ നിന്ന് മകനും സ്കോട്ട്ലൻഡിലെ അബർഡീനിൽ നിന്നും മൂത്തമകളും ഡൺഡീയിൽ നിന്നും ഇളയമകളും മാറിമാറി വിളിച്ചുകൊണ്ടിരുന്നു. വാട്ട്സ് ആപ് ഗ്രൂപ്പിൽ മക്കളും മരുമക്കളും കൂടി പല പോംവഴികളെപ്പറ്റി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ലൂഫ്താൻസയുടെ കസ്റ്റമർ സർവീസിൽ വിളിച്ച് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്യുന്നതിനായി അവർ ശ്രമിച്ചുകൊണ്ടിരുന്നു. പതിനൊന്ന് മണിയോടുകൂടി ഇന്റർചെയ്ഞ്ച് സ്റ്റോപ്പിൽ ബസ്സ് നിർത്തി, പെട്ടികളുമെടുത്ത് ഞങ്ങളിറങ്ങി. കുളിരുള്ള കാറ്റ് വിശിയിരുന്നതിനാൽ നന്നായി തണുത്തു വിറച്ചു. പത്ത് മിനിറ്റിനുള്ളിൽ എത്തിയ മറ്റൊരു ബസ്സിൽ കയറി അരമണിക്കൂർ കൊണ്ട് ഞങ്ങൾ എയർപോർട്ടിലെത്തി. മക്കളുടെ മെസ്സേജുകൾ അപ്പോഴും വന്നുകൊണ്ടിരുന്നു. രാത്രിമുഴുവൻ എയർപോർട്ടിൽ കുത്തിയിരിക്കാതെ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് രണ്ട് പെൺമക്കളും പറഞ്ഞെങ്കിലും ഞങ്ങളത് നിരസിച്ചു. കൂടെ വരാതിരുന്നതിൽ മൂത്ത മകൾക്ക് വളരെയധികം ദുഃഖവും കുറ്റബോധവും ഉണ്ടായി. മുകളിലത്തെ നിലയിലുള്ള ലുഫ്താൻസയുടെ കൗണ്ടറിൽ ചെന്ന് വിവരങ്ങൾ തിരക്കാനായി ഭർത്താവ് പോയപ്പോൾ ബാഗേജുകളുമായി ഒരു മൂലയിൽ ഞാനും ഇരുന്നു. വളരെ വലിയൊരു എയർപോർട്ട് ആയിരുന്നെങ്കിലും തിക്കും തിരക്കും ബഹളവും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ ശാന്തമായ ഒരന്തരീക്ഷം. കുറച്ച് യാത്രക്കാർ അവിടവിടെയായി ഇരിക്കുന്നുണ്ട്. രാത്രിയിൽ അവിടെ നിന്നും വിമാന ങ്ങളൊന്നും പുറപ്പെടുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. കൗണ്ടറുകളിലൊന്നും ഉദ്യോഗസ്ഥന്മാർ ആരും തന്നെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരും ക്ലീനിംഗ് സ്റ്റാഫുമല്ലാതെ മറ്റാരേയും തന്നെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇടവേളകളിൽ ലാൻഡ് ചെയ്യുന്ന ഡൊമസ്റ്റിക് ഫ്ളൈറ്റുകളിൽ വന്നിറങ്ങുന്ന യാതക്കാർ, നടന്നു പോകുന്നതും നോക്കി ഞാനിരുന്നു. ഉത്തരവാദപ്പെട്ട ഓഫീസേർസിനെ കാണാൻ കഴിയാതെ, നിരാശനായി ഭർത്താവും തിരിച്ചെത്തി. പുലർച്ചെ നാലുമണിക്ക് മാത്രമേ കൗണ്ടറുകൾ സജീവമാകുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
ക്യാൻസൽ ചെയ്ത ഫ്ളൈറ്റിന് പകരമായി, രാവിലെ ഒൻപത് മണിക്ക് ന്യൂയോർക്ക് വഴി ടൊറൊന്റോയിലേക്ക് പോകുന്ന ഫ്ളൈറ്റിന്, ഞങ്ങളുടെ ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള മെയിൽ, ഒരു മണിക്കൂറിനകം ലഭിക്കുകയുണ്ടായി. ന്യൂയോർക്കിൽ ഇറങ്ങാൻ, വിസ വേണമെന്നുള്ളതിനാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറായില്ല. വിസയില്ലാതെ അവിടെ ഇറങ്ങിയാൽ ഇമിഗ്രേഷൻ ഇഷ്യൂസ് ഉണ്ടാവുമെന്നുള്ളത്, കൺഫേം ചെയ്ത്, മകനും അറിയിച്ചു. നാട്ടിൽ നിന്നും ടിക്കറ്റ് എടുത്തു തന്ന എറണാകുളത്തുള്ള ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെ രാത്രിയായതിനാൽ നടന്നില്ല. മെസ്സേജയച്ച് വിവരം അറിയിച്ചതിനെ തുടർന്ന്, രണ്ട് ദിവസം കഴിഞ്ഞുള്ള ലുഫ്താൻസയുടെ തന്നെ വിമാനത്തിന്, ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു തരാമെന്ന് പിന്നീട് അവർ അറിയിച്ചു. കസ്റ്റമർസർവിസിൽ വിളിച്ച് സംസാരിച്ചതിന്റെ ഫലമായി, രാവിലെ പത്ത്മണിക്കുള്ള ഒരു ഫ്‌ളൈറ്റിൽ ടൊറന്റോയിൽ എത്തിച്ചേരാനുള്ള ക്രമീകരണം നടത്തിത്തരാമെന്ന് അവർ പറഞ്ഞെങ്കിലും, ഞങ്ങളുടെ ഫൈനൽ ഡെസ്റ്റിനേഷൻ മോൺട്രിയൽ ആയിരുന്നതിനാൽ അത് അംഗീകരിക്കാനും ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് മകനും കുടുംബവും താമസിക്കുന്നത്. ടൊറന്റോയിൽ നിന്നും അവിടെ യെത്താൻ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും വേണമെന്നുള്ളതിനാലാണ് അവർ നൽകിയ ഓഫർ ഞങ്ങൾ നിരസിച്ചത്. മോൺട്രിയൽ എയർപോർട്ടിൽ നിന്നും രണ്ട് മണിക്കൂർ ദൂരം അകലെ താമസിക്കുന്ന മകന് അവിടെയെത്തി ഞങ്ങളെ പിക് ചെയ്യാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. അല്പം പോലും ഉറങ്ങാൻ കഴിയാതെ മെസ്സേജുകളും ഫോൺകോളുകളും മറ്റുമായി സമയം കടന്നുപോയി. മൂന്ന് മണി കഴിഞ്ഞപ്പോൾ അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നും ഭർത്താവിന്റെ സഹോദരിയുടെ മകൻ, ബിനുവിന്റെ ആശ്വാസകരമായ കോൾ എത്തി. രാവിലെ ഒൻപതു മണിക്കുള്ള എയർ കാനഡയിൽ ടൊറൊന്റോയിലേക്കും അവിടെ നിന്നും അഞ്ച് മണിക്കൂർ കഴിഞ്ഞ്, എയർ കാനഡയുടെ മറ്റൊരു ഫ്ളൈറ്റിൽ മോൺട്രിയൽ എയർപോർട്ടിലേക്കുമുള്ള ടിക്കറ്റുകൾ ശരിയാക്കിയിട്ടുണ്ടെന്ന് ബിനു അറിയിച്ചപ്പോഴാണ് സമാധാനമായത്.
അബർഡീനിലേക്ക് തിരിച്ചു പോയിട്ട്, രണ്ട് ദിവസം കഴിഞ്ഞ് യാത്ര ചെയ്യാമെന്ന് മാനസികമായി തയ്യാറെടുക്കുമ്പോഴായിരുന്നു ഈ വിവരം അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഫ്‌ളൈറ്റ് ക്യാൻസലായ വിവരം, കാനഡയിൽ നിന്നും മകനായിരുന്നു, ബിനുവിനെ വിളിച്ച് പറഞ്ഞത്. വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, ധാരാളം യാത്രകൾ നടത്തിയതിന്റെ അനുഭവസമ്പത്തുകളും സ്വാധീനവും വച്ചുകൊണ്ട് കസ്റ്റമർ സർവീസിൽ വിളിക്കുകയും ലുഫ്താൻസ യുടെ മാനേജരോട് റിക്വസ്റ്റ് ചെയ്തതിന്റെയും ഒക്കെ ഫലമായിട്ടാണ് ഞങ്ങൾക്ക് അന്ന് തന്നെ, മൂന്ന് മണിക്കൂറിന് ശേഷമുള്ള ഫ്ളൈറ്റിൽ യാത്രചെയ്യാൻ സാധിച്ചത്. റീ ഷെഡ്യൂൾ ചെയ്തു കിട്ടിയ ടിക്കറ്റിന്റെ ഡീറ്റൈയിൽസെല്ലാം ബിനു, മെയിലിലേക്ക് അയച്ചുതന്നു. എല്ലാവരോടും വിവരം പറഞ്ഞിട്ട്, അല്പനേരം ഒന്ന് മയങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാല്മണിക്ക് ശേഷം സജീവമാകാൻ തുടങ്ങിയ എയർപോർട്ടിൽ, യാത്രക്കാർ തിങ്ങിനിറഞ്ഞ പല കൗണ്ടറുകളും പ്രവർത്തിക്കാൻ തുടങ്ങി. ആറ്മണിക്ക് തുറന്ന എയർ കാനഡയുടെ കൗണ്ടറിൽ ചെന്ന്, ടിക്കറ്റും പാസ്പോർട്ടും കൊടുത്ത് ഞങ്ങൾ കാത്തുനിന്നു. ഞങ്ങൾക്ക് പുതിയ ടിക്കറ്റ് ഇഷ്യൂ ചെയ്ത് കിട്ടിയെങ്കിലും അത് സിസ്റ്റത്തിൽ, കൺഫേം ചെയ്തതായി കാണിക്കാതിരുന്നതിനാൽ വീണ്ടും ടെൻഷനായി. മാനേജരോട് സംസാരിച്ചപ്പോൾ മറ്റൊരു കൗണ്ടറിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടു. അവിടിരുന്ന ഉദ്യോഗസ്ഥയുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ്, ഞങ്ങളുടെ ടിക്കറ്റുകൾ കൺഫേം ചെയ്തു കിട്ടിയത്. ബാഗേജുകൾ വിട്ട് മോൺട്രിയൽ വരെയുള്ള ബോർഡിംഗ് പാസുകളും കയ്യിൽ കിട്ടിയപ്പോഴാണ്, കഴിഞ്ഞ രാത്രി മുഴുവനും അനുഭവിച്ച ടെൻഷന് പൂർണമായ ഒരു പരിസമാപ്തി ഉണ്ടായത്.
(തുടരും)