ഭാഗം 47
തിരക്കേറിയ സ്ട്രീറ്റിലൂടെ സഞ്ചരിച്ച്, ചരിത്ര പ്രാധാന്യമുള്ള 'ഓൾഡ് സിറ്റി ഹാളി'ന് സമീപം ഞങ്ങളെത്തി. റോമനെസ്ക് ശൈലിയിലുള്ള ഒരു കൂറ്റൻ മണൽക്കല്ല് കെട്ടിടമാണിത്. ടൊറന്റോ നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇതൊരു കോടതി മന്ദിരമാണ്. ടൊറന്റോ സിറ്റി കൗൺസലിന്റെ ഭവനമായിരുന്ന ഇത്, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടനയായി ഇന്നും തുടരുന്നു.
നഥാൻ ഫിലിപ്സ് സ്‌ക്വയറിൽ നിന്നും ബേ സ്ട്രീറ്റിന് കുറുകെ ക്വീൻ ആൻഡ് ബേ സ്ട്രീറ്റുകളുടെ കോണിലാണ് ഈ കെട്ടിടം. ഹെറിറ്റേജ് ലാൻഡ് മാർക്കിന്, ഉയരമുള്ള ഒരു വലിയ ക്ലോക്ക് ടവറുള്ള ഓൾഡ് സിറ്റി ഹാൾ, ഒരു ദേശീയ ചരിത്ര സൈറ്റാണ്.
മധ്യഭാഗത്ത് നടുമുറ്റമുള്ള ഒരു വലിയ ചതുരാകൃതിയിലുള്ള ഒരു ഘടനയാണ് ഇതിനുള്ളത്. കെട്ടിടത്തിന്റെ പുറംഭാഗത്തിലുടനീളം മൃഗങ്ങളുടേയും മനുഷ്യരുടേയും കൊത്തുപണികൾ കാണാം. ഒന്റാറിയോ കോർട്ട് ഓഫ് ജസ്റ്റിസ് കോർട്ട് ഹൗസായി ഇന്നിത് പ്രവർത്തിക്കുന്നു.
മനോഹരമായ ദൃശ്യാനുഭവങ്ങൾക്ക് ശേഷം പ്രവേശന പാതയിലുള്ള ചവിട്ടുപടികളിലിരുന്ന് ഞങ്ങൾ ഫോട്ടോകൾ എടുത്തു.
അവിടെ നിന്നുമിറങ്ങി നടന്ന് പ്രശസ്തമായ സി.എൻ ടവറിന്റെ മുന്നിലെത്തി. കാനഡയിലെ ഏറ്റവും തിരിച്ചറിയാവുന്നതും ആഘോഷിക്കപ്പെടുന്നതുമായ ഒരു ഐക്കണാണ് സി.എൻ ടവർ. 116 നിലകളുള്ള ഈ ടവറിന് 553.3 മീറ്റർ ഉയരമുണ്ട്.
കോൺക്രീറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഒബ്സർവേഷൻ ടവറാണിത്. CN എന്നത് ടവർ നിർമിച്ച റെയിൽവേ കമ്പനിയായ കനേഡിയൻ നാഷണലിനെ സൂചിപ്പിക്കുന്നു.
ഇത് ടൊറന്റോയുടെ ആകാശ രേഖയിലെ ഒരു സിഗ്നേച്ചർ ഐക്കണാണ്. നിരവധി നിരീക്ഷണ ഡെക്കുകൾ ഉള്ള ഇവിടം, പ്രതിവർഷം രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
സി.എൻ ടവർ നിർമിച്ചത്, കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയാണ്. 40 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിംഗ് ഘടനയായി കുറേക്കാലം ഇത് അറിയപ്പെട്ടിരുന്നു.
1995 ൽ അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേർസ്, ആധുനിക ലോകത്തിലെ എഴ് അത്ഭുതങ്ങളിൽ ഒന്നായി,
ഇതിനെ തരം തിരിച്ചിട്ടുണ്ട്.
മുകളിലത്തെ നിലയിലുള്ള കറങ്ങുന്ന 360 റെസ്റ്റോറന്റ്, 72 മിനിട്ട് കൊണ്ട് ഒരു പ്രാവശ്യം കറങ്ങിത്തിരിയുന്നു.
1820 അടി ഉയരമുള്ള സി എൻ ടവർ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര ഘടനയാണ്. 2007 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് ഘടനയായും ഇത് അറിയപ്പെട്ടിരുന്നു.
കാനഡയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇത് ടൊറൊന്റോയിലെ ടെലികമ്മ്യൂണിക്കേഷൻ സെന്റർ കൂടിയാണ്.
സമയം കഴിഞ്ഞിരുന്നതിനാൽ ടവറിനുള്ളിൽ പ്രവേശിക്കുവാനും അതിനുള്ളിലെ വിസ്മയങ്ങൾ ആസ്വദിക്കാനും ഞങ്ങൾക്കന്ന് സാധിച്ചില്ല. ടവറിനടിയിൽ നിന്നുകൊണ്ട് അത്ഭുതങ്ങളിലൊന്നായ കെട്ടിടത്തിനെ നിരീക്ഷിക്കുകയും അതിനടിയിൽ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
ടൊറൊന്റോയിൽ നിന്നും ഒരു മണിക്കൂർ ദൂരം യാത്ര ചെയ്ത്, അന്ന് സ്‌റ്റേ ചെയ്യാനായി മുറികൾ ബുക്ക് ചെയ്തിരുന്ന ഒഷാവ എന്ന സ്ഥലത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ എത്തി. ചെക്ക് ഇൻ ചെയ്ത്, സാധനങ്ങളെല്ലാം മുറിയിൽ കൊണ്ടു വച്ച ശേഷം ഭർത്താവും മകനും കൂടി പുറത്ത് പോയി ഡിന്നർ വാങ്ങി വന്നു.
ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള സ്വിമ്മിംഗ് പൂളിലേക്ക് പോയി. ചൂടുള്ളതും വൃത്തിയുള്ളതുമായ വെള്ളത്തിൽ ഇറങ്ങി നിന്നും നടന്നും നീന്തിയുമൊക്കെ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു.
മുറിയിൽ തിരിച്ചെത്തി, ഫ്രഷായി വന്നതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. യാത്രാക്ഷീണം കാരണം എല്ലാവരും പെട്ടെന്ന് തന്നെ കിടന്നുറങ്ങി.
(തുടരും)