ഭാഗം 6
പിറ്റേദിവസം ശനിയാഴ്ചയായിരുന്നതിനാൽ നേരത്തേ തീരുമാനിച്ച പ്രകാരം ലഞ്ച് കഴിഞ്ഞ് രണ്ട് മണിയോടുകൂടി ഞങ്ങൾ ചരിത്രങ്ങൾ ഉറങ്ങുന്ന സെന്റ് ആൻഡ്രൂസിന്റെ മണ്ണിലേക്ക് ബസ്സ് കയറി. പ്രകൃതിരമണീയമായ ദൃശ്യവിരുന്നിൽ ഇഴുകിച്ചേർന്ന് ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തി.
സ്കോട്ലൻഡിലെ 'ഫൈഫ്' എന്ന ജില്ലയുടെ കിഴക്കൻ തീരത്തുള്ള ഒരു പട്ടണമാണിത്. ഡൺഡീ യുടെ തെക്കുകിഴക്കും എഡിൻബറോയുടെ വടക്കുകിഴക്കുമായി ഇവിടം സ്ഥിതി ചെയ്യുന്നു. ഇത് ഫൈഫിന്റെ നാലാമത്തെ വലിയ സെറ്റിൽ മെന്റും സ്കോട്ട്ലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള 45-ാം മത്തെ പട്ടണവുമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും പഴയ മൂന്നാമത്തേയും സ്കോട്ട്ലൻഡിലെ ഏറ്റവും പഴയതും ആദ്യത്തേതുമായ, സെന്റ് ആൻഡ്രൂസ് സർവ്വകലാശാലയുടെ ആസ്ഥാനമാണ് ഈ പട്ടണം.
വിശുദ്ധ ആൻഡ്രൂസ് അപ്പോസ്തലന്റെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ കത്തീഡ്രലായ സെന്റ് ആൻഡ്രൂസ് കത്തീഡ്രൽ ഇവിടെയാണുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച കോഴ്സുകൾക്കും അതുപോലെ മണൽ നിറഞ്ഞ ബീച്ചുകൾക്കുമായി ധാരാളം സന്ദർശകർ ഈ നഗരത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. നവീകരണ കാലഘട്ടത്തിലെ രക്തസാക്ഷികളുടെ ബഹുമാനാർത്ഥം സ്ഥാപിച്ച രക്തസാക്ഷി സ്മാരകം കടലിന് അഭിമുഖമായുള്ള ഒരു പാറക്കെട്ടിൽ നിലകൊള്ളുന്നു.
സെന്റ് ആൻഡ്രൂസ് ആഗോളതലത്തിൽ 'ഗോൾഫിന്റെ ഹോം' എന്നും അറിയപ്പെടുന്നു.. ഗോൾഫിന്റെ നാല് പ്രധാന ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും പഴക്കമുള്ള ഓപ്പൺ ചാമ്പ്യൻഷിപ്പിന്റെ സാധാരണമായ വേദിയാണ് ഇവിടം. നിരവധി മ്യൂസിയങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, അക്വേറിയം എന്നിവയും ഈ പട്ടണത്തിലുണ്ട്.
താരതമ്യേന സൗമ്യമായ മിതശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. നഗരം ശക്തമായ കാറ്റിന് വിധേയമാണ്. രാത്രികാലങ്ങളിൽ സാധാരണ നിലയിൽ തണുപ്പനുഭവപ്പെടാറുണ്ട്.
ഒരു കാലത്ത് ഇവിടം നിരവധി തുറമുഖങ്ങൾ കൊണ്ട് ചുറ്റപ്പെട്ടിരുന്നു. രണ്ടെണ്ണം ഇപ്പോഴും നിലവിലുണ്ട്. സെന്റ് ആൻഡ്രൂസിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ദേവാലയമാണ് ഹോളി ട്രിനിറ്റി പാരിഷ് ചർച്ച്. ഇന്നിത് 'ടൗൺ കിർക്ക്' എന്നും അറിയപ്പെടുന്നു.
നഗരമധ്യത്തിന് കിഴക്ക്, സെന്റ് അൻഡ്രൂസ് കത്തീഡ്രലിന്റെ അവശിഷ്ടങ്ങൾ കാണാം. പള്ളിയുടെ ഭാഗമായ ഉയരമുള്ള ചതുരാകൃതിയിലുളള ഗോപുരം, സെന്റ് ആൻഡ്രൂസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുനതിനായി നിർമിച്ചിട്ടുള്ളതാണ്.
മനോഹരമായ കത്തീഡ്രലിന്റെ ശേഷിച്ച, ഉയരമുള്ള സ്തൂപങ്ങളും ഭിത്തികളും ഗോപുരങ്ങളുമെല്ലാം അത്ഭുതത്തോടെ ഞങ്ങൾ നോക്കിക്കണ്ടു. കത്തീഡ്രലിലെ സമീപത്തായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സെമിത്തേരിയിൽ കൂടി ഞങ്ങൾ നടന്നു. വൈകുന്നേരം അഞ്ച്മണി വരെ മാത്രമായിരുന്നു ഇവിടുത്തെ സന്ദർശന സമയം.
സെന്റ് ആൻഡ്രൂസ് കാസിലിന്റെ അവശിഷ്ടങ്ങൾ, പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു മലഞ്ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് കാണുന്ന കോട്ടയുടെ ഭൂരിഭാഗവും 1549 നും 1571 നും ഇടയിലുളളതാണ്. ഈ കോട്ട ഇപ്പോൾ ചരിത്രപരമായ പരിസ്ഥിതി സ്‌കോട്ട്ലൻഡിന്റെ നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾ ചെയ്ത സ്മാരകമാണ്.
ഫൈഫിലെ നോർത്ത് കാസിൽ സ്ട്രീറ്റിലാണ് ഓൾ സെയിന്റ്സ് ചർച്ച്, സ്ഥിതി ചെയ്യുന്നത്. ഇത് സജീവമായ ഒരു സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ചാണ്.
സെന്റ് ആൻഡ്രൂസ് മ്യൂസിയം, ഈ പട്ടണത്തിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു മുൻസിപ്പൽ മ്യൂസിയമാണ്. പുരാതന കാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ നഗരവുമായി ബന്ധപ്പെട്ട ചരിത്രപരമായ മൂല്യങ്ങളുള്ള വസ്തുക്കളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്.
സെന്റ് ആൻഡ്രൂസ് സർവകലാശാലയുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ മ്യൂസിയമാണ്, ഇതേ സർവ്വകലാശാലയിലുള്ള മ്യൂസിയം. ഇവിടെ പ്രവേശനം സൗജന്യമാണ്.
പട്ടണത്തിന്റെ തെക്ക് ഭാഗത്തുള്ള സെന്റ് ആൻഡ്ര്യൂസ് ബൊട്ടാണിക്കൽഗാർഡനിൽ 8000 ത്തിലധികം ഇനം നാടൻ, വിദേശ സസ്യങ്ങൾ ഉൾപ്പെടുന്നു. വനപ്രദേശം, പുൽമേട്, കുറ്റിച്ചെടികൾ, പുല്ലുകൊണ്ടുള്ള കിടക്കകൾ, വലിയ പാറക്കെട്ടുകൾ, കുളങ്ങൾ എന്നിവയാൽ ഇവിടം ചുറ്റപ്പെട്ടു കിടക്കുന്നു. പച്ചക്കറികളും പൂന്തോട്ടങ്ങളും ഹരിതഗൃഹങ്ങളും കൂടാതെ ഒരു ബട്ടർഫ്ലൈ ഹൗസും ഇവിടെയുണ്ട്.
സെന്റ് ആൻഡ്രൂസ് അക്വേറിയം, വെസ്റ്റ് സാൻഡ്സിന് അഭിമുഖമായി സ്കോറുകളുടെ മലഞ്ചെരിവിലാണ് സ്ഥിതിചെയ്യുന്നത്. നിരവധി മത്സ്യങ്ങളോടൊപ്പം പെർഗ്വിനുകളേയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ഡൺഡീയുടെ 13 മൈൽ തെക്ക്കിഴക്കായി കാണപ്പെടുന്ന വടക്കൻ കടലിന്റെ ഉൾഭാഗം, സെന്റ് ആൻഡ്രൂസിലൂടെയാണ് ഒഴുകുന്നത്. മധ്യകാലഘട്ടത്തിൽ മറ്റു രാജ്യങ്ങളുമായി വാണിജ്യ ബന്ധം പുലർത്തിയിരുന്നത് ഇവിടെയുളള തുറമുഖം വഴിയായിരുന്നു.
കപ്പലുകൾ അടുപ്പിക്കാനും മറ്റുമായി, കടലിന്റെ ഉള്ളിലൂടെ ഏകദേശം ഒരു മൈലോളം നീണ്ടുകിടക്കുന്ന വീതിയുള്ള പാതകൾ നിർമിച്ചിരിക്കുന്നു. ഇതിന്റെ വശങ്ങളിൽ പാറകൾ കൊണ്ട് ഉയരത്തിൽ നിർമിച്ചിട്ടുള്ള സംരക്ഷണമതിൽ കാൽനടക്കാരുടെ സുരക്ഷിതത്വത്തെ ഉറപ്പിക്കുന്നു.
അസ്തമിക്കാൻ മടികാണിക്കുന്ന സൂര്യന്റെ വെള്ളിവെളിച്ചത്തിൽ ആ പാതയുടെ മുനമ്പ് വരെ കുളിരുള്ള കടൽക്കാറ്റേറ്റ് ഞങ്ങൾ നടന്നു. ഇരുവശങ്ങളിലും അലയടിച്ചുയരുന്ന തിരമാലകളും മുകളിൽ കൂടി പറക്കുന്ന സീഗിൾ പക്ഷികളും താഴെ ബീച്ചിൽ കുളിക്കുന്നവരും അവരുടെ വളർത്തുനായകളും മണ്ണ് വാരിക്കളിക്കുന്ന കുട്ടികളും... അങ്ങനെ... മനസ്സ് നിറയ്ക്കുന്ന കാഴ്ചകളിൽ മുഴുകി ഞങ്ങളവിടെ സമയം ചിലവഴിച്ചു.
പാതയുടെ വശങ്ങളിൽ കൂടി ഒഴുക്ക് കുറഞ്ഞ ഭാഗത്തായി, വെള്ളത്തിലേക്ക് ചാടാനും ഇറങ്ങി നീന്താനുമൊക്കെയുള്ള സംവിധാനങ്ങളും
ഒരുക്കിയിട്ടുണ്ട്. ഒരു കൂട്ടം കുട്ടികളും മുതിർന്നവരും കോണിപ്പടികൾ വഴി ഇറങ്ങുകയും ചിലർ മുകളിൽ നിന്ന് തന്നെ വെളളത്തിലേക്ക് ചാടി നീന്തുകയും മറ്റും ചെയ്യുന്നുണ്ട്.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അബർഡീനിൽ നിന്നും മൂത്ത മകളും കുടുംബവും അവിടെയെത്തി ഞങ്ങളോടൊപ്പം ചേർന്നു. ഏതോ ആവശ്യത്തിനായി ഗ്ലാസ്ഗോയിൽ പോയിട്ട് തിരിച്ചുപോകുന്ന വഴിയിലാണ്, അവർ അവിടെയിറങ്ങിയത്.
ഐസ്ക്രീമൊക്കെ വാങ്ങിക്കഴിച്ച് എല്ലാവരും കൂടി കുറച്ചുനേരം അവിടെയുള്ള പുൽത്തകിടിയിലിരുന്ന് സമയം ചിലവഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി. അവിടെ നിന്നും അബർഡീനിലേക്ക് പോകുന്നത്, ഡൺഡീ വഴി ആയിരുന്നതിനാൽ, ഞങ്ങളെ മൂന്നുപേരേയും വീട്ടിലാക്കിയിട്ടാണ് അന്നവർ പോയത്.
(തുടരും)