ഭാഗം 31
അടുത്ത ദിവസം ശനിയാഴ്ച വൈകിട്ട് ആറ് മണിയോട് കൂടി മകളും കുടുംബവും കൂടിനടക്കുന്ന മാർത്തോമ്മാ പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്ക് ചേർന്നു. എട്ടരമണിക്ക് അവസാനിച്ച ശുശ്രൂഷകൾക്ക് ശേഷം എല്ലാവരോടുമൊപ്പം ചായയും സ്നാക്സും കഴിച്ചു. സ്കോട്ട്ലൻഡിനോട് വിട പറയുവാനുള്ള ദിവസങ്ങൾ അടുത്ത് വരുന്നതിനാൽ, വിശേഷം പറച്ചിലിനും കുശലാന്വേഷണങ്ങൾക്കുമൊടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
ആഗസ്റ്റ് പതിമൂന്നാം തിയതി ഞയറാഴ്ച, ലഞ്ച് കഴിഞ്ഞ്, അബർഡീൻ ഷെയറിലുള്ള ന്യൂബർഗ് സീൽ ബീച്ച് കാണുവാനായി ഞങ്ങൾ പോയി. സ്കോട്ട്ലന്റിന്റെ വടക്ക് കിഴക്കായി, അബർഡീൻ ഷെയറിലുള്ള ഒരു നദീതീര പ്രദേശമാണിത്. അബർഡീനിൽ നിന്നും ഏകദേശം 13 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്നതാണ്. ഇതിനോട് ചേർന്നുള്ള ഉയർന്ന പ്രദേശത്ത് വണ്ടി പാർക്ക് ചെയ്തിട്ട്, കുത്തനെയുള്ള മണൽ നിറഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ ഞങ്ങൾ താഴേക്കിറങ്ങി. 'യഥാൻ' നദീതീരത്തുള്ള മണൽപ്പരപ്പിലൂടെ സീലുകളെ കാണാനുള്ള ആഗ്രഹത്തോടെ, നദീമുഖത്തേക്ക് കണ്ണയച്ച് നിൽക്കുകയും, തീരത്തിലൂടെ കുറച്ച് ദൂരം നടക്കുകയും ചെയ്തു. നിർഭാഗ്യമെന്ന് പറയട്ടെ, സീലുകളെ ഒന്നിനേയും ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞില്ല. ഈഡർ താറാവുകളുടേയും മുത്തുച്ചിപ്പികളുടേയും വാസസ്ഥലമാണിത്. സീലുകളെ കാണാമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ, അധിക സമയം ഞങ്ങളവിടെ ചിലവഴിച്ചില്ല. ഏറ്റവും മികച്ച വ്യൂ പോയിന്റുകൾ ഉള്ളത്, എതിർ കരയിലാണ്. വളരെ വൃത്തിയുള്ളതും മനോഹരവുമായ ഈ ബീച്ചിനോട് ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശങ്ങളും അവിടെ നിന്നുകൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു. ന്യൂബർഗിലെ യഥാൻ ഗോൾഫ് ക്ലബ്ബും അടുത്തുള്ള റോയൽ അബർഡീൻ ഗോൾഫ് ക്ലബ്ബും ഇതിന് സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നദീതീരത്ത് നിന്നും തിരിച്ച് ഉയർന്ന പ്രദേശത്തേക്ക്, മണൽക്കൂനകളിലൂടെ നടന്നുകയറി. വയലറ്റ് നിറത്തിലുള്ള പൂക്കളും പുൽത്തകിടികളും നിറഞ്ഞ ഒരു ചെറിയ പാർക്കിൽ അൽപ്പനേരം ഇരുന്ന് വിശ്രമിച്ചതിന് ശേഷം, അബർഡീനിൽ നിന്ന് 26 മൈൽ വടക്ക്, സ്ഥിതി ചെയ്യുന്ന പീറ്റർ ഹെഡിലുള്ള 'സ്ലെയിൻസ് കാസിൽ' കാണുവാനായി പോയി.
അബർഡീൻ ഷെയറിലെ ക്രൂഡൻ ബേയിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്ക് തെക്ക്, അഭിമുഖമായുള്ള പാറക്കെട്ടുകൾക്ക് സമീപം, നിലകൊള്ളുന്ന പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച, നശിച്ച ഒരു കോട്ടയാണിത്. കാർപാർക്കിൽ നിന്നും വൃത്തിയുള്ളതും മെറ്റൽ പാകിയതുമായ മുക്കാൽ മൈൽ നീളമുള്ള പാതയിലൂടെ, തണുത്ത കാറ്റേറ്റുകൊണ്ട് നടക്കുമ്പോൾ, കോട്ടയുടെ ഭാഗങ്ങൾ ദൂരെ നിന്ന് കൊണ്ട് തന്നെ ഞങ്ങൾക്ക് കാണാമായിരുന്നു. പാതയ്ക്കിരുവശത്തും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ ചോളപ്പാടങ്ങളുടെ മനോഹരമായ കാഴ്ചകളും മനസ്സിനെ കുളിരണിയിച്ചു. സ്ലെയിൻസ് കാസിലിന് ചുറ്റും നടന്ന്, ഉള്ളിൽ പ്രവേശിച്ചു. മുകളിലും താഴെയുമായി ജീർണാവസ്ഥയിലുള്ള ഒരുപാട് മുറികളും ഇടനാഴികളും നടുമുറ്റവും മറ്റുമുള്ള തികച്ചും വ്യത്യസ്തമായ ഒരു കോട്ടയാണിത്. സ്റ്റേബിളുകൾ, ഔട്ട്ഹൗസുകൾ, ടവറുകൾ എന്നിവ ഉൾപ്പെടുന്ന പുറംമുറികൾ ഇപ്പോഴും ദൃശ്യമാണ്. ഭീതിജനകമായ ഒരന്തരീക്ഷമാണ് കോട്ടയ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത്. പാറക്കെട്ടുകൾക്ക് അരികിലുള്ള കോട്ടയുടെ മുൻഭാഗം, പിൻഭാഗവുമായി ആഴത്തിലുളള ഒരു പിളർപ്പ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. കോട്ടയുടെ ഹൃദയഭാഗത്താണ് നടുമുറ്റമുള്ളത്. വായുസഞ്ചാരം കടക്കാത്ത നിലവറകളും ഇതിനുള്ളിലുണ്ട്. കോട്ടയുടെ ആകർഷണീയമായ വാസ്തുവിദ്യ ഇന്നും വ്യക്തമായി കാണാവുന്നതാണ്. കോട്ടയ്ക്കുള്ളിലൂടെ നടക്കുമ്പോൾ, ആ മുറികളിൽ താമസിച്ചിരുന്നവരുടെ ജീവിതരീതികളും അന്നത്തെ രാജകീയ പ്രൗഢിയും പ്രഭാവവും പ്രതാപകാലങ്ങളിലെ സംഭവ ങ്ങളുമെല്ലാം, ഭാവനയിൽ വരച്ചെടുത്ത ചിത്രങ്ങളായി. സ്കോട്ട്ലന്റിലെ ഹിസ്റ്റോറിക് എൻവയോൺമെന്റ് പട്ടികയിൽ പെടുത്തിയിരിക്കുന്ന ഈ കോട്ടയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
ചരിത്ര പ്രധാനമായ ഈ കോട്ട, ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള' എന്ന നോവലുമായി ബന്ധപെട്ടിരിക്കുന്നു. കഥയുടെ പശ്ചാത്തലത്തിന് പ്രചോദനമായത് ഈ കോട്ടയാണെന്നാണ് പറയപ്പെടുന്നത്. നാട്ടുകാർ ഇതിനെ ഇപ്പോഴും 'ഡ്രാക്കുളയുടെ കൊട്ടാരം' എന്നാണ് വിളിക്കുന്നത്. 'ഹേ' കുടുംബത്തിലെ പാരമ്പര്യ പദവിയായ 'എർൾ ഓഫ് എറോളി'ന്റെ ഭവനമായിരുന്നു ന്യൂ സ്ലെയിൻസ് കാസിൽ. പതിനാലാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്തിലെ, ഒരു ശക്തമായ രാജവംശമായിരുന്നു 'ഹെയ്സ്.' 1453 ൽ ജെയിംസ് രണ്ടാമൻ രാജാവ്, സർ വില്യം ഹേയെ, എറോളിന്റെ ആദ്യത്തെ പ്രഭുവാക്കി. ജെയിംസ് ആറാമൻ രാജാവിന്റെ ഉത്തരവനുസരിച്ച് പഴയ കോട്ട നശിപ്പിക്കപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുതിയ കോട്ടയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കോട്ടയുടെ താഴെയുള്ള പാറക്കെട്ടുകളിലേക്ക്, വടക്കൻ കടലിൽ നിന്നും അതിശക്തമായി ആഞ്ഞടിക്കുന്ന തിരമാലകൾ, മുകളിൽ നിന്നുകൊണ്ട് ഞങ്ങൾ ആസ്വദിച്ചു. പാറക്കെട്ടുകൾക്ക് അരികിലെത്തി, വടക്കൻ കടലിന്റെ അഗാധതയിലേക്ക് കണ്ണയയച്ച് നിൽക്കുമ്പോൾ ആർത്തലച്ചിരമ്പുന്ന കടലിനും പോയ കാലത്തിന്റെ ആയിരം ചരിത്രങ്ങൾ പറയുവാനുണ്ടെന്ന് തോന്നി. അവിശ്വസനീയമായ കാഴ്ചകൾ ആസ്വദിച്ചതിന് ശേഷം പത്ത് മിനിറ്റോളം തിരികെ നടന്ന്, വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി. അസഹനീയമായ കാറ്റും തണുപ്പും ഉണ്ടായിരുന്നതിനാൽ, വേഗം തന്നെ അവിടെ നിന്നും ഞങ്ങൾ മടങ്ങി. വഴിമധ്യേ കണ്ട മക്ഡൊണാൾസിൽ കയറി ഫുഡ് കഴിച്ചിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. സ്കോട്ട്ലൻഡിലെ ഞങ്ങളുടെ അവസാനത്തെ ഔട്ടിംഗ് ആയിരുന്നു അത്. മുൻ നിശ്ചയിച്ച പ്രകാരം അവിടെ നിന്നും കാനഡയിലേക്ക് യാത്രതിരിക്കാൻ വെറും മൂന്ന് ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...
(തുടരും)